നമ്മുടെ വൈദ്യശാസ്ത്രരംഗത്ത് പല മാറ്റങ്ങളും ആവശ്യമാണ്. കൂടുതൽ മെച്ചപ്പെട്ട മെഡിക് കൽ കോളജുകളും പഠനകേന്ദ്രങ്ങളും വേണം. രോഗീബാഹുല്യം ചികിത്സക്കും പഠനത്തിനും തടസ്സം ന ിൽക്കുമെന്നതിനാൽ അതുകൂടി പരിഗണിച്ച വികാസമാണ് പദ്ധതികളായി ആവിഷ്കരിക്കേണ്ടത്. ചികിത്സരംഗത്ത് മുന്നേറണമെങ്കിൽ വൈദ്യശാസ്ത്ര ഗവേഷണമേഖലയെ കൂടി ഒപ്പംനിർത്തണം. ഗവേഷണം എളുപ്പമല്ല. ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ നമ്മുടെ മെഡിക്കൽകോളജുകൾ ഗവേഷണ കേന്ദ്രങ്ങളാണ് എന്നു പറയില്ല.
ഗവേഷണം ചെലവേറിയ വെറും വ്യായാമമായി തോന്നാമെങ്കില ും ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിച്ചാൽ ആരോഗ്യസ്ഥാപനങ്ങളിലെ ചെലവുചുരുക്കാനോ, മെച് ചപ്പെട്ട ചികിത്സ ഉറപ്പാക്കാനോ ഗവേഷണം സാധ്യമാക്കും. അതിനു തടസ്സം നിൽക്കുന്ന അനവധി ഘ ടകങ്ങളുണ്ട്. പ്രധാനമായും മെഡിക്കൽ കോളജുകളെ സൃഷ്ടിച്ചിരിക്കുന്നത് ചികിത്സകരെ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് ഡോക്ടർമാരെ സ മൂഹത്തിനാവശ്യമായിരുന്നു. അതിനാൽ, പാഠ്യപദ്ധതിയും ചിന്താരീതിയും രോഗങ്ങളെയും ചികി ത്സകളെയും കേന്ദ്രീകരിച്ചാവുന്നതിൽ തെറ്റില്ല. എന്നാൽ, ഇന്ന് കൂടുതൽ മെച്ചപ്പെട്ട ചികിത്സയും, ഫലപ്രദമായ ഇടപെടലുകളും പുതിയ കാഴ്ചപ്പാടുകളും നവീന ടെക്നോളജിയും ചികിത്സയിലേക്ക് കടന്നുവരേണ്ട കാലമായി. അതിനോട് പ്രതികരിക്കാനാവുന്നുണ്ടോ എന്നു പരിശോധിക്കണം. ഇന്നത്തെ മെഡിക്കൽ വിദ്യാർഥികളും അധ്യാപകരും ഗവേഷണമോ വൈദ്യശാസ്ത്ര അന്വേഷണങ്ങളോ അടിസ്ഥാനതാൽപര്യങ്ങളായി കരുതുന്നില്ല. അതിനാൽ അന്വേഷണകുതുകികളായ മെഡിക്കൽ ബിരുദധാരികൾ പുറത്തുവരുന്നില്ല; പിൽക്കാലത്ത് അവർ അധ്യാപകരാകുമ്പോൾ ഗവേഷണം അജണ്ടയാകാൻ സാധ്യതയുമില്ല.
അവയവം മാറ്റിവെക്കലിെൻറ സങ്കീർണതകളും കാൻസറിൽ തന്മാത്രതലത്തിലെ മാറ്റങ്ങളും മാത്രമല്ല ഗവേഷണവിഷയങ്ങൾ. സൗകര്യങ്ങൾ പോരാ എന്ന് കരുതുന്നവർ നമ്മുടെ നാട്ടിൽ പ്രാധാന്യമുള്ള പ്രയോഗാത്മകപഠനങ്ങളെ പരിഗണിക്കുന്നില്ല. ചില പ്രയോഗാത്മകപഠനങ്ങൾ ആസൂത്രണത്തിലും ചികിത്സ ഗുണപ്രാപ്തി അളവുകളിലും കാതലായ മാറ്റം കൊണ്ടുവരാനാകും. ചില ഉദാഹരണങ്ങൾ ഇത് വ്യക്തമാക്കും.
ബ്രിട്ടനിലെ ചില ഗവേഷകർ ഡോക്ടറോടൊപ്പം രോഗിക്ക് എത്രസമയം കൂടിക്കാഴ്ചക്ക് ലഭിക്കുന്നു എന്ന് പരിശോധിച്ചു. ഇന്ത്യയിൽ ഡോക്ടർമാർ രോഗികളെ കാണുന്നതിന് ശരാശരി രണ്ടു മിനിറ്റ് സമയമെടുക്കുമത്രേ. ഈ സമയംകൊണ്ട്, രോഗിയെ സ്വീകരിക്കൽ, രോഗവിവരം ശ്രദ്ധാപൂർവം കേൾക്കൽ എന്നിവ കഴിഞ്ഞു പരിശോധനയും രോഗനിർണയവും നടത്തി മരുന്നുകൾ അഥവാ ചികിത്സ നിശ്ചയിച്ച്, രോഗിയെ വിടണം. രോഗിയുടെ സംശയങ്ങൾ കേൾക്കുകയും മറുപടി രോഗിക്ക് മനസ്സിലാകുംവിധം പറഞ്ഞുകൊടുക്കുകയും വേണം. കമ്പ്യൂട്ടറിനുപോലും സാധ്യമാകാത്തതാണിത്. ഇങ്ങനെയൊക്കെ ഇന്ത്യയിൽ നടക്കുന്നുവെന്നത് ആരെയും അതിശയപ്പെടുത്തുന്നില്ല.
കേരളത്തിലും ഇതൊക്കെ ശരിയാണോ എന്ന് നാമെങ്ങനെയറിയും? ഒരു അന്താരാഷ്ട്രപഠനം നിസ്സാരമായി തള്ളിക്കളയാനാവില്ല. ശരിയെന്നുറപ്പിക്കാൻ പ്രാദേശിക പഠനം ഉപകാരപ്പെടും; കൂടുതൽ ശ്രദ്ധാപൂർവം ചികിത്സരംഗത്തെ ശാക്തീകരിക്കാൻ അത് കാരണമാകും. ഇത്തരം പഠനങ്ങൾ ആവിഷ്കരിക്കാനും നടത്താനും സങ്കീർണ ഉപകരണങ്ങളോ ലാബുകളോ ആവശ്യമില്ല. നിയന്ത്രിതമായ ചെലവിൽ നടത്താവുന്ന ഇത്തരം അനേകം പഠനങ്ങൾ നടത്താനും പ്രസിദ്ധീകരിക്കാനുമുള്ള ആവേശം എന്തുകൊണ്ട് കാണുന്നില്ല?
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 450 ഡോക്ടർമാർ മുഴുവൻസമയ പ്രവർത്തകരായുണ്ട്. ഇതിൽ കുറേപ്പേർ നേരിട്ട് ചികിത്സയുമായി ബന്ധമില്ലാത്ത ചില സ്പെഷാലിറ്റികളിൽ പ്രവർത്തിക്കുന്നു. ഇവിടെ പ്രതിവർഷം 11 ലക്ഷം ഒ.പി സന്ദർശനങ്ങൾ ഉണ്ടാകുന്നു. മാതൃശിശുകേന്ദ്രത്തിൽ അഞ്ചു ലക്ഷം സന്ദർശകരുണ്ട്. ദിവസേന എട്ടുമണിക്കൂർ എന്ന കണക്കിൽ വർഷംതോറും എല്ലാ ദിവസവും രോഗികളെ ശരാശരി പത്തു മിനിറ്റ് വീതം പരിശോധിച്ചാൽപോലും അനേകമാസങ്ങൾ വേണം പരിശോധന പൂർത്തിയാക്കാൻ. ഇതിനു പുറമെയാണ് വാർഡുകളിൽ പ്രവേശിക്കപ്പെട്ട രോഗികളുടെ സങ്കീർണമായ ചികിത്സകൾ, ഓപറേഷനുകൾ, റഫറലുകൾ എന്നിവ നടത്തേണ്ടത്. പ്രതിവർഷം മെഡിക്കൽകോളജിൽ മാത്രം 85,000 കിടപ്പുരോഗികൾ ചികിത്സിക്കപ്പെടുന്നുണ്ട്. ഇത്രയും ചികിത്സഭാരം പങ്കിടുന്നത്, പോസ്റ്റ് ഗ്രാജ്വേറ്റ് പഠനവിദ്യാർഥികൾ കൂടി ഉള്ളതിനാൽ മാത്രം. അത്തരം സാഹചര്യത്തിൽ ഗവേഷണത്തിനുള്ള മാനസികാവസ്ഥ ഉണ്ടാകില്ല. എന്നാൽ, ഈ സാഹചര്യം തന്നെ പഠനവിഷയമാക്കേണ്ടത് മെഡിക്കൽ കോളജ് നടത്തിപ്പ് കാര്യക്ഷമമാക്കാൻ അനിവാര്യവുമാണ്.
എല്ലാ മെഡിക്കൽ കോളജിലും കമ്യൂണിറ്റി മെഡിസിൻ വകുപ്പുകൾ ഉള്ളതിനാൽ, പഠനത്തിന് ബുദ്ധിമുട്ടുണ്ടെന്നു കരുതാൻ വയ്യ. ഒരു വർഷം മെഡിക്കൽ കോളജിൽ വന്നുപോകുന്നവർ ശരാശരി പാർലമെൻറ് നിയോജകമണ്ഡലത്തിലെ ജനസംഖ്യയിൽ കൂടുതലാണ് എന്നോർമിക്കുക. അങ്ങനെയെങ്കിൽ നമ്മുടെ നിയമസഭ, പാർലമെൻറ് അംഗങ്ങൾ വികസനഫണ്ട് ഉപയോഗത്തിൽ ജനസംഖ്യാനുപാതത്തിലാണോ മെഡിക്കൽകോളജുകളിൽ നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്.
ബ്രിട്ടീഷ് ഗവേഷകർക്ക് കണ്ടെത്താൻ പറ്റാത്ത മറ്റൊരു ഗവേഷണമേഖലയുണ്ട് നമ്മുടെ ചികിത്സാരംഗത്ത്. അത് രോഗീപരിചരണവുമായി ബന്ധപ്പെട്ട മാനവശേഷിയാണ്. ഇന്ത്യൻ നിയമമനുസരിച്ച് പ്രായപൂർത്തിയായ ഒരാൾക്ക് സ്വയം തീരുമാനങ്ങളെടുക്കാൻ കഴിവുണ്ടെങ്കിൽ ചികിത്സതേടാനോ ഓപറേഷൻ മുതലായ കാര്യങ്ങൾ നടത്തിക്കാനോ അനുവദിക്കാം. പലപ്പോഴും, സമ്മതപത്രം ഒപ്പിടുന്നത് മുതൽ രോഗി ഡിസ്ചാർജ് ആയി വീട്ടിൽ പോകുന്നതുവരെ രോഗിയോടൊപ്പം പരിചാരകർ ആവശ്യമാണ്. സമ്മതപത്രത്തിലെ സാക്ഷിനിൽപ്പ് മുതൽ ആരംഭിക്കുന്നു. ഇത്തരം കൂട്ടിരിപ്പുകാരുടെ പരിചരണം അദൃശ്യമെങ്കിലും വിപുലമായ മാനവശേഷിയുടെ ഉപയോഗമാണ്. രോഗിക്കു വേണ്ടിവരുന്ന അനവധി സഹായങ്ങൾ ഈ കൂട്ടിരിപ്പുകാർ ചെയ്യുന്നു. പണ്ടുകാലത്ത് ഇതൊരു ബാധ്യതയല്ലായിരുന്നുവെങ്കിൽ ഇന്നങ്ങിനെയല്ല. അവർക്ക് മറ്റു പ്രവൃത്തികൾ നഷ്ടപ്പെടുത്തി ആശുപത്രിയിൽ കഴിയുമ്പോൾ ഉണ്ടാവുന്ന സാന്ദർഭികാനുസാര വ്യയം (opportunity cost) കണക്കാക്കേണ്ടതുണ്ട്. സ്റ്റേറ്റിന് അനേകം പരിചാരകരെ നിയമിക്കാതെ കഴിയുമെങ്കിലും കൂട്ടിരിപ്പുകാരുടെ വ്യയം പരിഗണിച്ചാൽ അതിെൻറ സാമൂഹികബാധ്യതയേറുമെന്നു കരുതണം.
ഇതോടൊപ്പം ആശുപത്രിയിലെ സമാധാനാന്തരീക്ഷം, രോഗിക്ക് ലഭിക്കേണ്ട സ്വച്ഛത, അണുബാധ പ്രസരണം, അന്തരീക്ഷ വായുവിെൻറ ഗുണനിലവാരം, അധികമായുണ്ടാകുന്ന മാലിന്യ ശുചീകരണം എന്നിവയെല്ലാം സമ്മർദത്തിലാകും. വൈറൽ പനികൾ അടിക്കടിയുണ്ടാകുന്ന ഇക്കാലത്ത് കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടെയും ആധിക്യം പുതുതായി ഉണ്ടാകുന്ന പൊതുജനാരോഗ്യപ്രശ്നമാണ്.
ചെറുതെന്നു തോന്നുമെങ്കിലും വിശദമായ ഗവേഷണം നമ്മുടെ നാട്ടിൽ ആവശ്യമുള്ള വിഷയമാണ് കൈകഴുകൽ. കൈകഴുകൽ പോലെ നിസ്സാരമെന്നു നമുക്ക് തോന്നുന്ന കാര്യത്തിൽപോലും ശ്രദ്ധാപൂർവമായ ഗവേഷണവും ശക്തമായ തെളിവ് ശേഖരണവും നടന്നിട്ടുണ്ട്. 15ലക്ഷം പേര് വർഷംതോറും വരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ കാണാൻ കയറുമ്പോഴും കണ്ടിറങ്ങുമ്പോഴും കൈകഴുകലിന് എത്ര സാധ്യതയുണ്ടെന്ന് അവിടെയെത്തുന്ന ഏതു നിരീക്ഷകനും കാണാനാകും. ആൻറിബയോട്ടിക്കുകളെ ചെറുക്കാൻ കഴിവുള്ള രോഗാണുക്കൾ അരങ്ങുവാഴുന്ന ഇക്കാലത്ത് ഇതിെൻറ പ്രാധാന്യം ലഘൂകരിച്ചുകാണാനാവില്ല.
വലിയ ഗവേഷണങ്ങൾ ആയിക്കൊള്ളട്ടെ. കരുത്തുള്ള ഇത്തരം ചെറിയ ഗവേഷണങ്ങൾ പ്രയോഗാത്മകത വർധിപ്പിക്കും. പൊതുജനാരോഗ്യം ശക്തിപ്പെടുത്താനുള്ള വിവിധ ഇടപെടലുകൾ കാട്ടിത്തരുകയും അതിന്മേൽ വ്യക്തമായ തെളിവുകളും കണക്കുകളും മുന്നിൽവെക്കുകയും ചെയ്യും എന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.