പതിവുപോലെ ഇക്കുറിയും സാഹിത്യ നൊബേൽ ജേതാവ് ആരായിരിക്കുമെന്നതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. കൊറിയൻ കവി കോ ഉന്നിനാണ് കൂടുതൽ സാധ്യത എന്ന നിലയിൽ വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ജേതാവായത് ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് നോവൽ എഴുത്തുകാരൻ കസുവോ ഇഷിഗുറോവ്.
നൊബേൽ വാർത്ത പുറത്തുവന്നപ്പോൾ സൽമാൻ റുഷ്ദി ഇങ്ങനെ പ്രതികരിച്ചു: ‘‘Many congratulations to my old friend Ish, whose work I’ve loved and admired ever since I first read A Pale View of Hills. And he plays the guitar and writes songs too! Roll over Bob Dylan.” ഇഷിഗുറോവിനെ അഭിനന്ദിക്കുകയും ബോബ് ഡിലന് കഴിഞ്ഞ വർഷം അവാർഡ് നൽകിയതിനെ ചെറുതായൊന്ന് പരിഹസിക്കുകയുമാണ് റുഷ്ദി. സാഹിത്യ നൊബേൽ സാഹിത്യത്തിലേക്ക് തിരിച്ചെത്തിയല്ലോ എന്ന ആശ്വാസവും റുഷ്ദിയുടെ പ്രതികരണത്തിലുണ്ട്. ഈ വർഷവും സാഹിത്യ നൊബേലിന് അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഏത് പുരസ്കാര പ്രഖ്യാപനത്തിലും ഇത് സ്വാഭാവികം. ജപ്പാൻ വംശജന് നൊബേൽ കിട്ടിയെങ്കിലും പ്രശസ്ത ജാപ്പനീസ് എഴുത്തുകാരൻ മുറകാമിക്ക് ഈ വർഷവും പുരസ്കാരം കിട്ടാത്തതിലെ നിരാശ നിരവധി ജാപ്പനീസ് വായനക്കാരും പ്രസാധകരും മറച്ചുവെക്കുന്നില്ല!
ഇഷിഗുറോവിെൻറ സാഹിത്യലോകത്തിൽ ജപ്പാനും ഇംഗ്ലീഷ് ലോകവും കടന്നുവരുന്നുണ്ട്. നാഗസാക്കിയിൽ ജനിച്ച ഇഷിഗുറോവിന് അഞ്ചു വയസ്സായപ്പോൾ പിതാവിന് ലണ്ടനിൽ ജോലി കിട്ടി. പിന്നീട് കുടുംബം അങ്ങോട്ട് കുടിയേറുകയായിരുന്നു. വീട്ടിലെ ജാപ്പനീസ് മൂല്യങ്ങളും കുടിയേറിയ നാട്ടിൽനിന്ന് ലഭിച്ച അറിവുകളും ആഘാതങ്ങളും തന്നെ എഴുത്തുകാരനാക്കാൻ സഹായിച്ചുവെന്ന് ഇഷിഗുറോവ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്തെ പരിസരങ്ങളിൽനിന്നാണ് അദ്ദേഹത്തിെൻറ രചനകൾ ഉൗർജം സ്വീകരിക്കുന്നതെന്ന് ഇഷിഗുറോവിെൻറ രണ്ടാം നോവലായ ‘ആർട്ടിസ്റ്റ് ഓഫ് ദ േഫ്ലാട്ടിങ്ങി’നെക്കുറിച്ച് എഴുതിയിട്ടുള്ള നിരൂപകർ പറഞ്ഞിട്ടുണ്ട്. മസൂജി ഒനോ എന്ന ചിത്രകാരനാണ് ഈ നോവലിലെ നായകൻ. മുപ്പതുകളിൽ വൻതോതിൽ ജനപ്രിയനായിരുന്നു ഇയാൾ. എന്നാൽ, പിൽക്കാലത്ത് ഇയാളെ ആരും ശ്രദ്ധിക്കുന്നില്ല. മുപ്പതുകളിൽ ചൈന പ്രതിസന്ധിയുടെ കാലത്ത് കലയെ ജനകീയമാക്കാനാണെന്ന് ധരിച്ച് ഈ ചിത്രകാരൻ കൈക്കൊണ്ട ശൈലീമാറ്റം വർഷങ്ങൾക്കുശേഷം അയാളെ ഒറ്റപ്പെടുത്തുന്നു. കലയുടെ ‘പ്രചാരണ പരത’ കുറച്ചു നാൾ കഴിയുമ്പോൾ വിസ്മരിക്കെപ്പടുന്നു. അങ്ങനെയാണ് മസൂജി ഒനോ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നത്. വിവിധ തലമുറകൾ എങ്ങനെയാണ് ജീവിതത്തെ കാണുന്നത്, ഓരോ തലമുറയും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു, തലമുറകൾ തമ്മിലുള്ള അകലങ്ങളും പാലങ്ങളും എങ്ങനെ നിർമിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങളും അതിനായുള്ള കഥാമുഹൂർത്തങ്ങളും ഈ രചനയിൽ കാണാം. ഈ രണ്ടാം നോവലാണ് ഇഷിഗുറോവിനെ ശ്രദ്ധിക്കാൻ വായനക്കാരെ പ്രേരിപ്പിച്ചത്. ഈ രചന ബുക്കർ സമ്മാനത്തിന് പരിഗണിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വൈകാതെ അദ്ദേഹത്തിന് ‘ദ റിമൈൻസ് ഓഫ് ദ ഡേ’ എന്ന രചനക്ക് ബുക്കർ സമ്മാനം ലഭിച്ചു. ഈ നോവലിൽ ഇംഗ്ലീഷുകാരനായ സ്റ്റീവൻസ് എന്ന ബട്ട്ലറാണ് കേന്ദ്ര കഥാപാത്രം. 35 വർഷം ഒരു പ്രഭുകുടുംബത്തിൽ ജോലി ചെയ്ത സ്റ്റീവൻസ് പ്രായമാകുമ്പോൾ ഇംഗ്ലണ്ടിൽ തനിക്ക് വേരുകളുള്ള ഒരു നാട്ടിൻപുറത്ത് കുറച്ചുദിവസം കഴിയുകയും ആ സമയത്ത് അയാളിലൂടെ ഓർമകളുടെ പ്രവാഹമുണ്ടാവുകയുമാണ്. ഇവിടെയും പല തലമുറകളുടെ ഓർമകളും അതിനാവശ്യമായ ആഖ്യാനങ്ങളും കടന്നുവരുന്നു. യുദ്ധാനന്തര ഇംഗ്ലണ്ടിൽ നാട്ടിൻപുറത്ത് കഴിഞ്ഞ് താൻ വെച്ചുവിളമ്പിയ പ്രഭുകുടുംബത്തിലെ ഓരോ കഥാപാത്രത്തെയും സ്റ്റീവൻസ് ഓർക്കുന്നു– അതിലൂടെ പല മനുഷ്യരും പല കാലങ്ങളും തലമുറകളും ജീവിത രുചികളും വെറുപ്പുകളും മടുപ്പുകളും പുറത്തുചാടുകയും ചെയ്യുന്നു. യജമാനൻ നൽകിയ കാറുമായി നാട്ടിൻപുറ യാത്രനടത്താൻ തുടങ്ങുമ്പോൾതന്നെ തന്നിലെ യാഥാർഥ്യവും ഭാവനയും ഒന്നിച്ച് പുറത്തുവരുമെന്ന് അയാൾ ആശിക്കുന്നു.
ആ ആശയുടെ പ്രകടനമായാണ് നോവൽ പൂർത്തിയാക്കപ്പെടുന്നത്. ഈ നോവലിനെ ഉപജീവിച്ചെടുത്ത സിനിമക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. യജമാനൻ കുറച്ചു ദിവസം പുറത്തുപോകുമ്പോൾ വേലക്കാരനും പുറത്തുപോകാൻ അനുമതിയും കാറും നൽകുകയാണ്. തനിക്ക് തീൻഹാളിെൻറ വിടവിലൂടെ കാണുന്ന പുറം ലോകം മതിയെന്ന് സ്റ്റീവൻസ് ആദ്യം കരുതുന്നുവെങ്കിലും അയാൾ യാത്രചെയ്ത് തന്നെത്തന്നെ കണ്ടെത്തുന്നു. ചരിത്രത്തിെൻറ വംശവൃക്ഷത്തെത്തേടിയുള്ള യാത്രയായി അത് മാറുന്നു.
പൊതുവിൽ ഇഷിഗുറോവിെൻറ എഴുത്ത് ലോകം ഇങ്ങനെയാണ്. എന്നാൽ, ഒരിക്കലും ഒരു രചനയിലും എഴുത്തിെൻറ ക്രാഫ്റ്റ് ആവർത്തിക്കപ്പെടുന്നില്ല. ഓരോ രചനയും തീർത്തും പുതുതായിരിക്കണമെന്ന് അദ്ദേഹം കരുതുന്നു. 2015ൽ പുറത്തുവന്ന അദ്ദേഹത്തിെൻറ പുതിയ പുസ്തകം ‘ദ ബറീഡ് ജയൻറി’നെക്കുറിച്ച് നൊബേൽ സമ്മാന സമിതി അഭിപ്രായപ്പെട്ടത്–ഓർമ എങ്ങനെ മറവിയുമായി ബന്ധപ്പെട്ടുനിൽക്കുന്നു, ചരിത്രം എങ്ങനെ വർത്തമാനകാലവുമായി അടുത്തുനിൽക്കുന്നു, ഭ്രമാത്മകത എങ്ങനെ യാഥാർഥ്യവുമായി കണ്ണിചേരാൻ ശ്രമിക്കുന്നു എന്നതിനെ അടയാളപ്പെടുത്തുന്ന പുസ്തകം– എന്നാണ്. ഈ നിരീക്ഷണം ഇഷിഗുറോവിെൻറ രചനാലോകത്തെ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും. അതേസമയം, അദ്ദേഹത്തിെൻറ എഴുത്ത് ശൈലി ജയിൻ ഓസ്റ്റിൻ രീതിയും കാഫ്ക ശൈലിയും ലയിച്ചതുപോലെയാണെന്ന സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി സാറാ ഡാനിയസിെൻറ അഭിപ്രായം വായനക്കാർ അംഗീകരിച്ചുകൊള്ളണമെന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.