വിദ്യാർഥി സ്കോളർഷിപ് സംബന്ധിച്ച മേയ് 28ലെ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുകയാണ്. മുസ്ലിം വിദ്യാർഥികൾക്കു മാത്രമായി 2008ൽ ആരംഭിച്ച് 2011 ഫെബ്രുവരി 22 വരെ 100 ശതമാനവും അവർക്കു മാത്രം ലഭിച്ചുകൊണ്ടിരുന്ന സ്കോളർഷിപ്പുകളാണ് പിന്നീട് 80 ശതമാനമായി കുറഞ്ഞത്. വിധിക്കു പിന്നാലെ ഗുണഭോക്തൃ സമൂഹവുമായി വേണ്ടത്ര കൂടിയാലോചനകളില്ലാതെ, സ്കോളർഷിപ് അനുപാതം പുനഃക്രമീകരിച്ചിരിക്കുകയാണ് സർക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം മുസ്ലിം വിദ്യാർഥികൾക്കു കിട്ടിയ സ്കോളർഷിപ്പുകളുടെ എണ്ണം നടപ്പുവർഷവും ഉറപ്പാക്കുമെന്ന് പറഞ്ഞും അനീതി ചൂണ്ടിക്കാട്ടിയവരെ കുഴപ്പക്കാരായി ചിത്രീകരിച്ചും തന്ത്രപരമായി തലയൂരുകയാണ് സർക്കാർ.
അടുത്ത അക്കാദമിക വർഷം മുതൽ മുസ്ലിം സ്കോളർഷിപ്പുകളുടെ അനുപാതം എന്നേക്കുമായി 59 ശതമാനമായി പുനർനിശ്ചയിക്കപ്പെട്ടില്ലേ, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി അട്ടിമറിക്കപ്പെടുകയല്ലേ എന്നെല്ലാം ചോദിക്കുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കാൻ സംഘടിത ശ്രമം നടക്കുന്നു. സച്ചാർ ശിപാർശകളനുസരിച്ച് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി മാത്രം വകയിരുത്തിയ, ഇപ്പോഴും അങ്ങനെതന്നെ അറിയപ്പെടുന്ന, ബജറ്റ് ശീർഷകത്തിൽനിന്ന് അവിഹിതമായി മുന്നാക്ക വിഭാഗത്തിൽപെടുന്ന ക്രൈസ്തവ വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് 40.87 ശതമാനം (ഏകദേശം പകുതി) എടുത്തുനൽകുന്നത് സാമൂഹികനീതിക്ക് നിരക്കാത്തതല്ലേ എന്നു ചോദിക്കുന്നവരെ സമൂഹത്തിൽ തീ കോരി ഇടുന്നവരെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി ആക്ഷേപിക്കുന്നു.
കഴിഞ്ഞവർഷം മുസ്ലിം വിദ്യാർഥികൾക്കു കിട്ടിയ അത്രയും സ്കോളർഷിപ്പുകൾ ഈ വർഷവും ലഭ്യമാക്കാൻ നടപ്പുവർഷം വകയിരുത്തിയ തുകയോടൊപ്പം 6.5 കോടി രൂപകൂടി നീക്കിെവക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യക്ക് ആനുപാതികമായി ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ നടപ്പാക്കുന്ന സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നായിരുന്നല്ലോ കോടതിവിധി. പ്രസ്തുത വിധി ഒന്നരമാസക്കാലം സർക്കാർ ശീതീകരണ സംഭരണിയിൽവെച്ച് ഈ വിഷയത്തിന്മേലുള്ള മുസ്ലിം സംഘടനകളുടെയും നേതാക്കളുടെയും പ്രതികരണശേഷി സർക്കാർ മാപിനിയിലൂടെ അളന്നുനോക്കുകയായിരുന്നു ഇതുവരെ. ഇതിനായി നാലു സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയെന്നാണ് സർക്കാർ ഭാഷ്യം. കോടതി വിധി അങ്ങനെതന്നെ നടപ്പാക്കാൻ വെറും 24 മണിക്കൂർപോലും അധികമാണെന്നിരിക്കെയാണ് നിർഭാഗ്യകരമായ ആ കോടതി വിധി നടപ്പാക്കാൻ ഒന്നര മാസത്തിലേറെ സമയമെടുത്തത്.
കേരളത്തിലും മുസ്ലിം മതന്യൂനപക്ഷം മാത്രമാണ് വിദ്യാഭ്യാസ-ഉദ്യോഗരംഗങ്ങളിൽ ദയനീയമാംവിധം പിന്നാക്കംപോയതെന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ മാത്രമാണ് അച്യുതാനന്ദൻ സർക്കാർ ഡിഗ്രി-പി.ജി-പ്രഫഷനൽ കോഴ്സുകൾക്ക് മുസ്ലിം പെൺകുട്ടികൾക്കായി ഒരു സ്കോളർഷിപ്പും മുസ്ലിം മതവിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് മത്സരപ്പരീക്ഷകൾക്ക് സൗജന്യമായി പരിശീലനം നൽകുന്നതിനായി പയ്യന്നൂർ, പുതിയറ, ആലുവ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നാലു പരിശീലനകേന്ദ്രങ്ങളും ആരംഭിച്ചത്.
തുടർന്നു വന്ന യു.ഡി.എഫ് സർക്കാർ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം ഉപകേന്ദ്രങ്ങളുൾപ്പെടെ മുപ്പത്താറും സ്കോളർഷിപ്പുകളുടെ എണ്ണം ആറും ആയി ഉയർത്തി. ഈ സ്കോളർഷിപ്പുകളുടെ എണ്ണത്തിൽനിന്നു മുസ്ലികൾക്ക് ലഭിക്കേണ്ട അനുപാതത്തിന്മേലാണ് ഇപ്പോൾ അനീതിപൂർവമായ മറിമായങ്ങൾ സംഭവിച്ചിരിക്കുന്നത്.സ്കോളർഷിപ്പുകളുടെ അനുപാതത്തിൽ ഇനിയൊരു വിവാദത്തിന് അവസരം കൊടുക്കാതെ കോടതിവിധി നടപ്പാക്കി പരമാവധി ആക്ഷേപരഹിതമായി നടപ്പാക്കാനുള്ള ഒരു സമവാക്യം മുന്നോട്ടുവെക്കട്ടെ:
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ സ്കോളർഷിപ്പുകൾ എട്ടാണ്. 1) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്, 2) സിവിൽ സർവിസ് റീഇംബേഴ്സ്മെൻറ് സ്കീം, 3) സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്കോളർ എപ്പ്, 4) ഐ.ടി.സി റീഇംബേഴ്സ്മെൻറ് സ്കീം, 5) ഉർദു സ്കോളർഷിപ്, 6) എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്, 7) മദർ തെരേസ സ്കോളർഷിപ്, 8) പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് എന്നിവ. ഈ സ്കോളർഷിപ്പുകൾക്കായി 2020-21 സാമ്പത്തികവർഷം 15,82,96,000 രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇതിൽ 14,12,90,835 രൂപ 18,122 വിദ്യാർഥികൾക്ക് നൽകി.
ഇതിൽ മൊത്തം സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവരുടെ എണ്ണം 34,863 ആണ്. അപേക്ഷകരിൽ, നിരസിക്കപ്പെട്ടവർ 16,741. അപേക്ഷ നിരസിക്കപ്പെട്ടവർ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളായ നോൺ ക്രീമിലെയർ വാർഷിക വരുമാനപരിധിയായ എട്ടു ലക്ഷം രൂപയിൽ കവിഞ്ഞവരോ തൊട്ടുമുമ്പത്തെ യോഗ്യതപരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിക്കാത്തവരോ സർക്കാറിനു കീഴിെല മറ്റേതെങ്കിലും സ്കോളർഷിപ് നിലവിൽ ലഭിക്കുന്നവരോ ആകാം. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായിരുന്നത് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് യഥാക്രമം പതിനായിരം, പതിനയ്യായിരം രൂപ നൽകുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിനാണ്. 2016-2017 ബജറ്റിൽ ആദ്യമായി മെറിറ്റ് സ്കോളർഷിപ് എന്ന പേരിൽ വകയിരുത്തിയതും തുടർന്നുവന്ന സർക്കാർ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് എന്ന് പുനർനാമകരണം ചെയ്തതുമായ പദ്ധതിയാണിത്. യഥാർഥത്തിൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകിവരുന്ന എട്ടു സ്കോളർഷിപ്പുകളിൽ അഞ്ചു സ്കോളർഷിപ്പുകളും അപേക്ഷിക്കുന്ന മുഴുവൻ പേർക്കും ലഭ്യമാക്കിവരുന്നു.
ഇപ്പോൾ സർക്കാർ അധികമായി അനുവദിച്ച ആറരക്കോടി രൂപക്കു പുറമെ 10 കോടി രൂപകൂടി അധികം വകയിരുത്തിയാൽ മാത്രം തീരുന്ന നിസ്സാരമായൊരു പ്രശ്നം മാത്രമാണിത്. ഇതോടെ, അപേക്ഷിക്കുന്നവരിൽ അർഹരായ മുഴുവൻ പേർക്കും സ്കോളർഷിപ് ലഭ്യമാക്കാൻ കഴിഞ്ഞേക്കും. ഒപ്പം, ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങൾക്കിടയിൽ അനുപാതം നിശ്ചയിക്കണമെന്ന കോടതിവിധിയും മറികടക്കാനാവും.
മുസ്ലിം മതവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ചു മാത്രം നടപ്പാക്കിയ സ്കോളർഷിപ് പദ്ധതികളിൽ മുന്നാക്ക വിഭാഗത്തിലെ ക്രൈസ്തവർക്കുകൂടി നൽകി സ്കോളർഷിപ് ലഭ്യത സാർവത്രികമാക്കുന്നതിനെതിരെ നേരിയ ആക്ഷേപങ്ങളെങ്കിലും ഉണ്ടായേക്കാം. എന്നാൽ, രാജ്യത്തൊരിടത്തും ഇല്ലാത്തതും തികച്ചും ഭരണഘടനവിരുദ്ധവുമായ 2013 മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന മുന്നാക്ക വികസന കോർപറേഷനിൽനിന്ന് ഇതിനകംതന്നെ മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കുംകൂടി സ്കോളർഷിപ്പുകൾ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുവരുന്നത് വിസ്മരിച്ചുകൂടാ.
1,50,000 കോടിയിലധികം വരുന്ന സംസ്ഥാന വാർഷിക ബജറ്റിൽനിന്നു വെറും 10 കോടി രൂപയുംകൂടി സ്കോളർഷിപ് പദ്ധതികൾക്കായി നീക്കിവെച്ച് സംസ്ഥാന ജനസംഖ്യയിലെ ഒന്നരക്കോടിയിലേറെ വരുന്ന ജനവിഭാഗങ്ങൾക്കിടയിലുണ്ടായിരിക്കുന്ന സാമുദായിക സ്പർധ ശാശ്വതമായി പരിഹരിക്കപ്പെടണം. അവസാനത്തെ കാബിനറ്റ് തീരുമാനത്തോടൊപ്പം അടുത്ത സാമ്പത്തികവർഷം മുതൽ സ്കോളർഷിപ് പദ്ധതികൾ നടപ്പാക്കുന്നത് ഡിമാൻഡ് ഡ്രിവൻ അഥവാ അപേക്ഷിക്കുന്നവരിൽ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും നൽകുമെന്ന് സർക്കാർ ഉത്തരവിറക്കാൻ തയാറാകണം. ഓരോ സാമ്പത്തികവർഷവും ഇതിനാവശ്യമായി വരുന്ന തുക അഡീഷനൽ ഓതറൈസേഷൻ വഴിയോ റീ അപ്രോപ്രിയേഷൻ വഴിയോ കണ്ടെത്താൻ വകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങുകയും വേണം.
(സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ
ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.