സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ 2011-12 മുതൽ 2020-21 വരെ ബജറ്റിൽ വകയിരുത്തിയ കോടിക്കണക്കിന് രൂപ പാഴാക്കിയതായി വാർത്തകൾ കാണാനിടയായി. 15ാം കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ ഞാൻ ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത 102ാമത് ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയെ ആധാരമാക്കിയാണ് ഈ വാർത്ത എന്നാണ് മനസ്സിലാക്കപ്പെടുന്നത്. 2012-13 മുതൽ 2014-15 വരെയുള്ള മൂന്നു വർഷങ്ങളിൽ ബജറ്റിൽ വകയിരുത്തിയ 317.49 കോടി രൂപയില്‍ 241.75 കോടി രൂപ ചെലവഴിക്കാതെ പോയി എന്ന ആക്ഷേപമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇത് അടിസ്ഥാനരഹിതമാണ്.
2011-12 വര്‍ഷത്തില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പ്ലാൻ ശീര്‍ഷകംപോലും ഉണ്ടായിരുന്നില്ല. എങ്കിലും, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായി കേരളത്തിൽനിന്ന് തിരഞ്ഞെടുത്ത വയനാട് ജില്ലയിലെ നാലു ബ്ലോക്കുകളിൽ ബഹുതല വികസനപദ്ധതിയുടെ (MSDP) നിർവഹണത്തിനായി എെൻറ പരിശ്രമഫലമായി 19.40 കോടി രൂപ ലഭ്യമാക്കുകയും കുടിവെള്ളത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ അഡീഷനൽ ക്ലാസ് റൂമുകൾക്കും ലാബുകൾക്കുമായി അത് ചെലവഴിക്കുകയുമുണ്ടായി. സുൽത്താൻ ബത്തേരി, പനമരം, കൽപറ്റ, മാനന്തവാടി എന്നീ ബ്ലോക്കുകളിലാണ് പദ്ധതിനിര്‍വഹണം നടത്തിയത്. 11ാം പഞ്ചവത്സര പദ്ധതിക്കാലത്ത് ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലെ ഫണ്ട് വിനിയോഗം സമയബന്ധിതമായി നടത്തിയതിന് കേന്ദ്രസർക്കാറിെൻറ പ്രത്യേക പ്രശംസയും ഇക്കാലത്ത് നേടിയിരുന്നു.
തുടർവര്‍ഷങ്ങളിലും ഈ പദ്ധതിക്കായി തുക ലഭിക്കുമെന്ന പ്രതീക്ഷയോടെ വിശദമായ ഡി.പി.ആർ തയാറാക്കി 2012-13 മുതലുള്ള മൂന്നു വർഷങ്ങളിൽ കേന്ദ്രത്തിന് സമര്‍പ്പിച്ചെങ്കിലും കേന്ദ്രത്തിൽനിന്ന് തുക അനുവദിച്ചുകിട്ടിയില്ല. ഇക്കാലത്ത് ആകെ 53.37 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഇതാകട്ടെ 100 ശതമാനവും ചെലവഴിച്ചിട്ടുമുണ്ട്.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാതിരുന്നത് കേന്ദ്രസര്‍ക്കാറിെൻറ കൈയിലുണ്ടായിരുന്ന ഒരു ബേസ് ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു. രാജ്യത്തെ പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട ഈ സര്‍വേപ്രകാരം കേരളത്തിലെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍ ഇതരസംസ്ഥാനങ്ങളിലെ പ്രദേശങ്ങളേക്കാള്‍ മുന്നിലാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. അതുകൊണ്ടാണ് നിരന്തരം പ്രോജക്ടുകള്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടും അതിന് ആനുപാതികമായി സംസ്ഥാന വിഹിതംകൂടി ചേര്‍ത്ത് തുടര്‍ച്ചയായ മൂന്നു ബജറ്റില്‍ തുക വകയിരുത്തിയിട്ടും കേന്ദ്ര ഫണ്ട് ലഭിക്കാത്തതുകാരണം പദ്ധതിനിര്‍വഹണം നടക്കാതെ പോയത്.
2011-12 മുതലാണ് സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ദിശാബോധത്തോടെ പ്രവർത്തിച്ചുതുടങ്ങിയത്. 2011വരെ കടലാസില്‍ മാത്രമുണ്ടായിരുന്ന ഒരു വകുപ്പിന് സ്വന്തമായി പ്ലാന്‍ ഹെഡും സര്‍ക്കാര്‍ സമുച്ചയത്തില്‍ ഒരു ഓഫിസും മതിയായ തസ്തികകളും അനുവദിച്ച് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതരത്തില് വിപുലമാക്കി എന്നത് ഒരു വലിയ നേട്ടമായി തന്നെ കരുതുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് 14 ജില്ലകളിലായി 16 സൗജന്യ മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങളും 30 ഉപകേന്ദ്രങ്ങളും ആരംഭിച്ചത് ഇക്കാലത്താണ്. ന്യൂനപക്ഷ വിഭാഗത്തിലെ നിര്‍ധനരായ വിധവകള്‍ക്ക് ഭവനപദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കി.
1960 മുതൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ കമീഷനുകൾ ആരംഭിച്ചിട്ടുണ്ടായിരുന്നെങ്കിലും കേരളത്തിൽ ഒരു ന്യൂനപക്ഷ കമീഷൻ ഉണ്ടാക്കാനും പ്രവർത്തനം ആരംഭിക്കാനും കഴിഞ്ഞത് ഞാന്‍ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ആരംഭിക്കാൻ കഴിഞ്ഞത് അക്കാലത്താണ്. സച്ചാര്‍ ശിപാർശകളെ തുടർന്നുണ്ടായ പാലോളി കമ്മിറ്റി നിർദേശങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട് മുസ്ലിം മതന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ബഹുമുഖ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടതും ഇക്കാലത്തായിരുന്നു.
രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾക്ക് മാതൃകയായി 2011-12 മുതൽ 2015-16 വരെ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ ഉണ്ടായിരിക്കുന്ന ആക്ഷേപം വാസ്തവവിരുദ്ധവും വകുപ്പിെൻറ കാര്യക്ഷമതയെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.