അറസ്റ്റും 26 ദിവസം നീണ്ട ജയിൽവാസവും മാധ്യമ വിചാരണകളും നേരിട്ട് ആറു മാസങ്ങൾക്കുശേഷം ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി ) പ്രത്യേക അന്വേഷണസംഘം ക്ലീൻചിറ്റ് നൽകിയിരിക്കുന്നു. മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെയുടെ നേതൃത്വത്തിലെ എൻ.സി.ബി സംഘമാണ് ഒക്ടോബർ രണ്ടിന് രാത്രി ആര്യൻ ഖാൻ ഉൾപ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തത്. ഇവർക്ക് മയക്കുമരുന്ന് നൽകിയ, മാഫിയ കണ്ണികളെന്ന് ആരോപിച്ച് ഒരു മലയാളിയും രണ്ട് നൈജീരിയക്കാരും ഉൾപ്പെടെ 12 പേരെ കൂടി പിന്നീട് പിടികൂടിയിരുന്നു.
ആര്യൻ ഖാന്റെ കാര്യത്തിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിലെ സംഘത്തിന് വീഴ്ച പറ്റിയെന്നാണ് പ്രത്യേക അന്വേഷണ സംഘം തലവനും എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ സഞ്ജയ് കുമാർ സിങ് പറഞ്ഞത്. ചട്ടം പാലിച്ചായിരുന്നില്ല നടപടികൾ. ആര്യനെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയോ നടപടികൾ വിഡിയോയിൽ പകർത്തുകയോ ചെയ്തില്ല. ചട്ടം ലംഘിച്ചാണ് ഇയാളുടെ മൊബൈൽ അന്വേഷണസംഘം കൈവശപ്പെടുത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു.
അറസ്റ്റോടെ ഉയർന്ന വിവാദങ്ങളാണ് ആര്യന് രക്ഷയായത്. വിവാദങ്ങൾക്ക് തിരികൊളുത്തിയ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ആവട്ടെ ഇന്ന് ജയിലിലുമാണ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി ) മാലിക്കിനെ അറസ്റ്റ് ചെയ്തത്.
സമീർ വാങ്കഡെയുടെ മയക്കുമരുന്ന് വേട്ട വിവാദമാകുന്നത്, ആഡംബര കപ്പലിലെ റെയ്ഡിലും തുടർ നടപടികൾക്കിടയിലും ബി.ജെ.പി നേതാവിന്റെയും അദ്ദേഹവുമായി ബന്ധമുള്ള വിവാദ ഡിറ്റക്ടീവിന്റെയും മറ്റും സാന്നിധ്യം നവാബ് മാലിക് വിഡിയോ സഹിതം വെളിപ്പെടുത്തിയതോടെയാണ്. ആര്യന്റെ സുഹൃത്ത് അർബാസ് മർച്ചന്റിനെ ബി.ജെ.പി നേതാവ് മനീഷ് ഭാനുശാലിയും ആര്യനെ വിവാദ ഡിറ്റക്ടീവ് കിരൺ ഗോസാവിയും എൻ.സി.ബി കാര്യാലയത്തിലേക്ക് കൊണ്ടുപോകുന്നതും എൻ.സി.ബി കാര്യാലയത്തിനകത്തു വെച്ച് ആരെയോ ഫോണിൽ വിളിച്ച് ഗോസാവി ആര്യന് ഫോൺ കൈമാറുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.
ഒക്ടോബർ മൂന്നിന് കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ എൻ.സി.ബി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആര്യനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ കോടതി ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. എന്നാൽ, അടുത്ത ദിവസം കസ്റ്റഡി നീട്ടി ചോദിച്ച് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആര്യനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചെന്നും സുഹൃത്ത് അർബാസ് മർച്ചന്റിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് കപ്പലിൽ വെച്ച് തങ്ങൾക്ക് പുകക്കാനുള്ളതായിരുന്നു വെന്നും ആര്യൻ സമ്മതിച്ചതായും ഇയാൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളതിന് വാട്സ്ആപ് തെളിവുകളുണ്ടെന്നും എൻ.സി.ബി ആരോപിച്ചു. ഒറ്റരാത്രികൊണ്ടായിരുന്നു ഈ നിലപാട് മാറ്റം.
ഇതിനിടയിലാണ് ആര്യനെ രക്ഷിക്കാൻ ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടതായും 50 ലക്ഷം മുൻകൂറായി വാങ്ങിയെങ്കിലും പിന്നീട് തിരിച്ചു നൽകിയതായും വെളിപ്പെടുത്തി ഗോസാവിയുടെ ഡ്രൈവറും കേസിലെ സാക്ഷിയുമായ പ്രഭാകർ സാഹിൽ രംഗത്തുവരുന്നത്. സാം ഡിസൂസ, ഗോസാവി എന്നിവരായിരുന്നു ഇതിനുപിന്നിൽ. ഷാറൂഖിൽ നിന്നു കിട്ടുന്ന പണത്തിൽ എട്ട് കോടി എൻ.സി.ബി മുംബൈ മേഖല മേധാവി സമീർ വാങ്കഡെക്കാണെന്നും വെളിപ്പെടുത്തലുണ്ടായി.
ഇതോടെ, വ്യാജ മയക്കുമരുന്ന് റെയ്ഡുകളിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടുന്നതായി ആരോപിച്ച് നവാബ് മാലിക് വീണ്ടും രംഗത്തെത്തി. സമീർ വാങ്കഡെയുടെ 'പണം തട്ടൽ റാക്കറ്റിന്റെ' അരുതായ്മകൾ നിരത്തിയ മുംബൈയിലെ എൻ.സി.ബി ഉദ്യോഗസ്ഥന്റെ പേരിലുള്ള ഊമക്കത്തും മാലിക് പുറത്തുവിട്ടു. പട്ടിക വിഭാഗക്കാർക്കുള്ള സംവരണത്തിലൂടെ ഐ.ആർ.എസ് നേടിയ സമീർ വാങ്കഡെയുടെ ജാതിയെ ചോദ്യം ചെയ്തതിനു പിറകെയായിരുന്നു ഇത്. സമീർ വാങ്കഡെ മുസ്ലിമാണെന്നതിന് ജനന സർട്ടിഫിക്കറ്റും ആദ്യ വിവാഹത്തിന്റെ രേഖകളും പുറത്തുവിട്ടാണ് മാലിക് ആരോപണങ്ങൾ ഉന്നയിച്ചത്.
ആഡംബര കപ്പലിലെ നിശാവിരുന്നിൽ ആര്യൻ ഉൾപ്പെടെ പ്രമുഖരെ ക്ഷണിച്ചു വരുത്തി മയക്കുമരുന്ന് കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും സമീർ വാങ്കഡെ, ബി.ജെ.പി നേതാവ് മോഹിത് കമ്പോജെ എന്നിവരാണ് അതിന് പിറകിലെന്നും മാലിക് ആരോപിച്ചിരുന്നു. ആര്യനെ കൂടാതെ കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അസ്ലം ശൈഖ് ഉൾപ്പെടെ ഭരണപക്ഷ നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായുള്ള സഖ്യം മതിയാക്കിയ ശിവസേന കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് ഭരണം തുടങ്ങിയതോടെ കേന്ദ്ര ഏജൻസികൾ ഭരണപക്ഷ നേതാക്കൾക്ക് പിറകെയാണ്. എം.എൽ.എമാരെ പാട്ടിലാക്കി ശിവസേന സഖ്യസർക്കാറിനെ മറിച്ചിടാൻ കഴിയാതെ വന്നതോടെ കേന്ദ്രവും ബി.ജെ.പിയും കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം. അതുതന്നെയാണ് ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടക്ക് പിറകിലെന്നും ശിവസേന ഉൾപ്പെടെ ഭരണകക്ഷികൾ ആരോപിക്കുന്നു.
വിവാദം കൊഴുത്തതോടെയാണ് കേസന്വേഷണത്തിൽ നിന്ന് സമീർ വാങ്കഡെയെ ഒഴിവാക്കി എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ സമീർ വാങ്കഡെക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണമടക്കം നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമീർ വാങ്കഡെയെ ബലിയാടാക്കി ബി.ജെ.പി കൈകഴുകുകയാണെന്ന ആക്ഷേപം ഭരണപക്ഷ നേതാക്കൾ ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.