മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയായത് ഒരു കുറ്റമാണോ? മലപ്പുറത്തിെൻറ മണ്ണിൽ ജനിക്കുന്നതോ? മലപ്പുറത്തിെൻറ പ്രസന്നവും സൗമ്യവുമായ മുഖംവികൃതമാക്കാൻ, സമാധാനത്തിെൻറയും സാഹോദര്യത്തിെൻറയും സാന്ത്വനത്തിെൻറയും നനവുള്ള മണ്ണിൽ വിദ്വേഷത്തിെൻറ വിത്തുകൾ മുളപ്പിക്കാൻ സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങൾ നിരന്തരം നടക്കുേമ്പാൾ അങ്ങനെയൊക്കെ ചിന്തിക്കുക സ്വാഭാവികം. കുതന്ത്രങ്ങളിലൂടെ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിച്ച് ഉത്തരവാദിത്തം ഒരു നിഷ്കളങ്ക സമൂഹത്തിനുമേൽ തേച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പരസ്പരം സ്നേഹിച്ചും സഹകരിച്ചും പതിറ്റാണ്ടുകൾ ജീവിച്ച മലപ്പുറത്തെ മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും ആ നീക്കങ്ങളെയെല്ലാം പുറംകാലുകൊണ്ട് തൊഴിച്ചുമാറ്റിയതിെൻറ നേർസാക്ഷ്യങ്ങളാണ് ഇന്നാമണ്ണിൽ വിളഞ്ഞുനിൽക്കുന്നത്.
വീണ്ടും മലപ്പുറത്തെ ദൈവം രക്ഷിച്ചു
ഒരിക്കൽകൂടി ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’ എന്നുപറയുന്നതാവും ശരി. വാട്സ്ആപ് വഴി ആഹ്വാനം ചെയ്യപ്പെട്ട് അക്രമങ്ങളിലേക്ക് വഴിമാറിയ ഏപ്രിൽ 16ലെ ഹർത്താലിന് പിന്നിലെ ഗൂഢശക്തികൾ തീവ്ര ഹിന്ദുത്വവാദികളാണെന്ന വിവരം പുറത്തുവന്നില്ലായിരുന്നെങ്കിൽ ഒരു സമൂഹം എങ്ങനെ, എത്രകാലം ക്രൂശിക്കപ്പെടുമായിരുന്നെന്നും അത് എന്തെല്ലാം പ്രത്യാഘാതങ്ങൾക്കു വഴിവെക്കുമായിരുന്നെന്നും ഉൗഹിക്കാൻ ഭാവന മതിയാവില്ല. ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘ്പരിവാറിെൻറ സൈബർ ചാവേറുകളാണ് എന്നറിഞ്ഞതോടെ ഒരു സമുദായത്തിനെതിരായ ആക്രോശങ്ങളുടെ മുനയൊടിഞ്ഞു തൂങ്ങി.
മലപ്പുറത്ത് മുമ്പുണ്ടായ സംഭവങ്ങളും അത് സംബന്ധിച്ച് വിവിധ ഏജൻസികൾ നടത്തിയ അന്വേഷണങ്ങളുടെ ഗതിയും പരിശോധിച്ചാൽ വ്യക്തമായ ചില സൂചനകളിലേക്കെത്താൻ കഴിയും. 1993 സെപ്റ്റംബർ ആറിന് മലപ്പുറം ജില്ലയിലെ താനൂരിലും പരപ്പനങ്ങാടിയിലെ ചെട്ടിപ്പടിയിലും ബോംബ് സ്ഫോടനങ്ങളുണ്ടായി. ശ്രീകാന്ത് എന്ന യുവാവ് കൊല്ലപ്പെട്ടു. ബോംബ് നിർമാണത്തിനിടയിലായിരുന്നു സ്ഫോടനമെന്ന് പൊലീസ് കണ്ടെത്തി. സ്ഫോടനത്തിൽ പരിക്കേറ്റ താനൂർ പറയമ്പത്ത് സുകുവിെൻറ മകൻ ബാബു വെളിപ്പെടുത്തിയത്, സെപ്റ്റംബർ എട്ടിന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ശോഭായാത്രയിലേക്ക് എറിയാനാണ് ബോംബ് നിർമിച്ചതെന്നും കൃത്യം മുസ്ലിംകളുടെ തലയിലിട്ട് വർഗീയ കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ്. അന്ന് മലപ്പുറത്ത് പൊലീസ് സൂപ്രണ്ടായിരുന്ന ഉമ്മൻകോശി പറഞ്ഞു: ‘ദൈവം രക്ഷിച്ചു, ഇല്ലെങ്കിൽ മലപ്പുറം ജില്ല വർഗീയ കലാപത്തിൽ കത്തിയെരിയുമായിരുന്നു’.
അന്വേഷണങ്ങൾ വഴിമുട്ടുന്നു
പിന്നീടും അതുപോലെയെന്ന് സംശയിക്കാവുന്ന നിരവധി സംഭവങ്ങൾ ജില്ലയിലുണ്ടായി. പേക്ഷ, അന്വേഷണം ഒരു പരിധിക്കപ്പുറത്തേക്ക് പോയില്ല. ജില്ലയിൽ 14 സിനിമ തിയറ്ററുകൾ അഗ്നിക്കിരയായി. ഏതാനും ചാരായക്കടകൾക്ക് തീവെച്ചു. മുസ്ലിം സംഘടനകൾക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നു. കുറ്റിപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം നടക്കുന്ന സ്ഥലത്തിനടുത്ത ചാരായക്കട കത്തിനശിച്ചു. സ്വാഭാവികമായും യൂത്ത് ലീഗുകാർക്കെതിരെ ആരോപണമുയർന്നു. പിടിയിലായത് ബി.ജെ.പിക്കാരനായിരുന്നു. തിയറ്റർ കത്തിക്കൽ കേസിന് ഇന്നും തുമ്പായിട്ടില്ലെന്നാണറിവ്.
2007 ആഗസ്റ്റ് 31ന് പുലർച്ചക്ക് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിെൻറ ഗോപുരവാതിലിന് അജ്ഞാതർ തീവെച്ചു. ഹിന്ദു െഎക്യവേദി പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒട്ടും താമസിയാതെ അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ മുസ്ലിം നേതാക്കൾ ക്ഷേത്രം സന്ദർശിച്ചു, സമാധാനത്തിന് ആഹ്വാനം ചെയ്തു. ക്ഷേത്രവാതിൽ കത്തിച്ചവരാരെന്നത് ഇന്നും സമസ്യ. 2016 നവംബർ ഒന്നിന് മലപ്പുറം കലക്ടറേറ്റിൽ നിർത്തിയിട്ട ജില്ല ഹോമിയോ മെഡിക്കൽ ഒാഫിസറുടെ കാറിൽ സ്ഫോടനം നടന്നു. കൊല്ലം, കൊച്ചി കലക്ടറേറ്റുകളിലും ആന്ധ്ര, കർണാടക എന്നിവിടങ്ങളിലും നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും ‘ദി ബേസ് മൂവ്മെൻറ്’ എന്ന അതുവരെ കേട്ടുകേൾവിയില്ലാത്ത സംഘടനയുടെ പേരും പുറത്തുവന്നു. ചെന്നൈയിൽനിന്ന് നാലുപേരെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി അബ്ബാസ് അലി വിയ്യൂർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ടായി. എന്തിനാണ് സ്ഫോടനം നടത്തിയത്, പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്ത്, മുഖ്യപ്രതി എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു എന്നതൊന്നും വെളിച്ചം കണ്ടിട്ടില്ല.
ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ കുറ്റിപ്പുറം പാലത്തിനടിയിൽ, സൈന്യം യുദ്ധഭൂമിയിൽ ഉപയോഗിക്കുന്ന കുഴിബോംബിെൻറ അവശിഷ്ടങ്ങളും 500ഒാളം വെടിയുണ്ടകളും മറ്റു ചില ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. അതോടൊപ്പം പതിവ് ആരോപണങ്ങളും ഉയർന്നു. എൻ.െഎ.എ, എൻ.എസ്.ജി ഉദ്യോഗസ്ഥരൊക്കെ അന്വേഷണത്തിനെത്തി. പഴക്കം ചെന്ന യുദ്ധസാമഗ്രികൾ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സൈനിക ഫാക്ടറിയിൽ നിർമിച്ചതാണെന്ന് കണ്ടെത്തി. പിന്നീട് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. സൈന്യത്തിെൻറ സൂക്ഷിപ്പിലുള്ള സാധനങ്ങൾ എങ്ങനെ പുറത്തെത്തി, എന്തിന് പുഴയിലെറിഞ്ഞു, ഉപേക്ഷിക്കാൻ മലപ്പുറത്തെ പുഴ മാത്രം തെരഞ്ഞെടുത്തതെന്തിന്, കോഴിയവശിഷ്ടങ്ങൾ തള്ളുന്നതുപോലെ പഴകിയ സാധനങ്ങൾ പുഴയിലും തോട്ടിലും കുറ്റിക്കാടുകളിലും ഉപേക്ഷിക്കുന്ന രീതി സൈന്യത്തിനുണ്ടോ എന്നീ ചോദ്യങ്ങളൊക്കെ ഉത്തരം തേടുന്നവയാണ്.
കശ്മീരി പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മലപ്പുറം മാത്രമല്ല, ഇന്ത്യയൊട്ടുക്കും അതിനു പുറത്തും വൈകാരികമായ പ്രകടനങ്ങൾ തന്നെയാണുണ്ടായത്. കേരളത്തിെൻറ മുസ്ലിം മനസ്സ് അതിൽ കൂടുതൽ വൈകാരികമായി പെറുമാറാനിടയുണ്ടെന്ന് മനസ്സിലാക്കിയവർ ആ വികാരത്തെ തൊട്ടുണർത്തി വാട്സ്ആപ് വഴി ഹർത്താലിന് ആഹ്വാനം ചെയ്തു. ഹർത്താൽ ആഹ്വാനത്തിെൻറ ഉറവിടം ചികയാതെ, അതിൽ പിടിച്ച് ചിലർ തെരുവിലിറങ്ങിയതാണ് മലപ്പുറത്തും മറ്റു ചില ജില്ലകളിലും കണ്ടത്. കേരളത്തിലെ എട്ടു ജില്ലകളിൽ വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യം വെച്ചായിരുന്നു ഹർത്താൽ ആഹ്വാനമെന്ന് ഒരു പത്രത്തോട് പറഞ്ഞത് ഉത്തരമേഖല ഡി.ജി.പിയായിരുന്ന രാജേഷ് ദിവാനാണ്. പതിവുപോലെ തൊട്ടുപുറകെ ഹർത്താലിനും അക്രമങ്ങൾക്കും പിന്നിൽ വിദേശ ശക്തികളാണെന്നും മലപ്പുറത്ത് പട്ടാള ക്യാമ്പ് സ്ഥാപിക്കണമെന്നും കേസുകൾ എൻ.െഎ.എ കൈകാര്യം ചെയ്യണമെന്നും അതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും പി.കെ. കൃഷ്ണദാസ് അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ആവശ്യവും പുറത്തുവന്നു. ഹർത്താലിെൻറ ഭാഗമായി നടന്ന അക്രമസംഭവങ്ങൾ അപലപിക്കപ്പെടേണ്ടതും അവസരം മുതലെടുത്ത കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുമാണ്. അക്രമം നടത്തിയത് മുസ്ലിം തീവ്രവാദി സംഘടനകളാണെന്നും അക്രമിക്കപ്പെട്ടത് ഹിന്ദു സമുദായക്കാരുടെ സ്ഥാപനങ്ങളാണെന്നുമുള്ള വാദങ്ങൾ ഇതിനകം പൊളിഞ്ഞുകഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയടക്കം വായടപ്പിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
വാട്സ്ആപ് ഹർത്താലിന് പിന്നിൽ
വാടസ്ആപ്പിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ആറു പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ മുൻ ആർ.എസ്.എസ്/ബി.ജെ.പി/എ.ബി.വി.പിക്കാരാണ്. ഇപ്പോൾ അവരെല്ലാം ആ സംഘടനകൾക്കെതിരെ പ്രവർത്തിക്കുന്നവരാണ് എന്നൊക്കെയാണ് പൊലീസിെൻറ ഒൗദ്യോഗികഭാഷ്യം. അതേസമയം, എല്ലാവരും തീവ്രഹിന്ദുത്വവാദികളാണെന്ന് പൊലീസ് രഹസ്യമായി സമ്മതിക്കും. ഹർത്താൽ ഗൂഢാലോചനക്കു പിന്നിൽ കേവലം 20നും 25നും ഇടയിൽ പ്രായമുള്ള ആറു പേരാണെന്ന് വിശ്വസിക്കുക പ്രയാസം. ഇവർക്കു പിന്നിൽ ആരാണെന്നാണ് തെളിയിക്കപ്പെടേണ്ടത്. പിടിയിലായവർ സംഘ്പരിവാറിെൻറ സൈബർ ചാവേറുകളാണെന്ന് കരുതാനേ തരമുള്ളൂ. മുസ്ലിം നാമങ്ങളിലുള്ള വ്യാജ പ്രൊഫൈലുകൾ നിർമിച്ച് വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ വിഷവും വിദ്വേഷവും പരത്താൻ സംഘ്പരിവാറുകൾ സൈബർ പോരാളികളെ ഇറക്കിയിട്ടുള്ള വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഗൂഢാലോചനക്കേസ് ഇപ്പോഴുള്ള പ്രതികൾക്കപ്പുറം പോയില്ലെങ്കിൽ അത് ഗൂഢശക്തികൾക്ക് പ്രചോദനമാവുകയേ ഉള്ളൂ.
മലപ്പുറത്ത് ആവർത്തിക്കപ്പെടുന്ന സംഭവങ്ങൾ ആസൂത്രിത തിരക്കഥകളുടെ ഭാഗമാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട. മലപ്പുറത്തൊരു പട്ടി കുരച്ചാൽ അതി
െൻറ പിന്നിൽ വിദേശ ബന്ധങ്ങളുള്ള മുസ്ലിം തീവ്രവാദി സംഘടനകളാണെന്ന് ആരോപിച്ച് സംഘ്പരിവാർ സംഘടനകൾ രംഗത്തുവരുമെന്നത് അനുഭവമാണ്. മുമ്പ് ജില്ലയിൽ ഏതാനും പട്ടികളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയപ്പോൾ വെേട്ടറ്റതാണെന്നും ദുരൂഹതയുണ്ടെന്നും പ്രചാരണങ്ങളുണ്ടായി. പിന്നീട് അത് പ്രജനനകാലത്ത് പട്ടി കുലത്തിൽ സംഭവിക്കുന്നതാണെന്ന ശാസ്ത്രീയ വിശദീകരണമുണ്ടായതോടെ എല്ലാം തണുത്തു. വീണ്ടും മലപ്പുറത്തെ പടച്ചോൻ കാത്തു.
ജില്ല രൂപവത്കരിക്കപ്പെട്ടതു മുതൽ മലപ്പുറത്തെ മിനി പാകിസ്താനും കശ്മീരുമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അഞ്ചു പതിറ്റാണ്ടാവാറായിട്ടും തോണി ആ കരയടുപ്പിക്കാൻ സംഘ്പരിവാർ ശക്തികൾക്കായിട്ടില്ല. മലപ്പുറത്തെ വർഗീയ കലാപഭൂമിയാക്കുകയും അതിനെ നേരിടാൻ പട്ടാളത്തെ കൊണ്ടുവരുകയും ചെയ്ത് പട്ടാള നടപടിയിലൂടെ ഒരു സമുദായത്തെതന്നെ നശിപ്പിക്കുകയോ പലായനത്തിന് നിർബന്ധിതമാക്കുകയോ ചെയ്യണമെന്ന ഉള്ളിലിരിപ്പുമായാണ് ചില നിഗൂഢ ശക്തികളുടെ പ്രവർത്തനമെന്ന് സംശയിക്കാതിരിക്കാൻ കാരണമില്ല. പക്ഷേ, അത്തരം നീക്കങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. എന്നാൽ, അത്തരക്കാർ അവരുടെ ശ്രമം ഉപേക്ഷിച്ചിട്ടുമില്ല. ദൈവത്തിെൻറ തുണയും ജാതിമതഭേദമന്യേയുള്ള മലപ്പുറത്തുകാരുടെ ജാഗ്രതയും മാത്രമേ പ്രതിരോധിക്കാനുള്ള ആയുധമായിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.