വർഗീയ, ജാതി രാഷ്ട്രീയം മുെമ്പന്നത്തേക്കാളേറെ പ്രകടമായ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ പിണറായി തരംഗത്തിനൊപ്പം നിന്നത് ചാഞ്ഞും ചരിഞ്ഞും. തെക്കൻ- മധ്യകേരളത്തിലെ മുസ്ലിം വോട്ടുകൾ ഇടതു ചായ്വ് പ്രകടമാക്കിയപ്പോൾ മുസ്ലിം വോട്ടുകൾ നിർണായകമായ വടക്കൻ കേരളത്തിൽ കാര്യമായ അട്ടിമറികൾ സൃഷ്ടിക്കാൻ ഇടതുമുന്നണിക്കായില്ല. അതേസമയം, കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ പി.സി. ജോർജിറക്കിയ വർഗീയ കാർഡിന് ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന് അവർ കനത്ത മറുപടി നൽകുകയും ചെയ്തു.
ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം പുലരണമെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുമിക്കണമെന്നും പരസ്യനിലപാടെടുത്ത ജോർജിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് പൂഞ്ഞാർ ഇടതു പ്രതിനിധിയെ നിയമസഭയിലേക്കയക്കുന്നത്. ഈരാട്ടുപേട്ടയിലെ മുസ്ലിംകളെ പരസ്യമായി വെല്ലുവിളിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ജോർജിെൻറ മണ്ഡലത്തിൽനിന്നുള്ള എട്ടാമൂഴ സ്വപ്നമാണ് വോട്ടർമാർ തകർത്തെറിഞ്ഞത്. ഇത്തരം വർഗീയ നിലപാടെടുക്കുന്നവർക്ക് കേരളം നൽകുന്ന സന്ദേശം കൂടിയാണ് പൂഞ്ഞാർ. ബി.െജ.പിയെ ഇക്കുറി നിയമസഭക്ക് പുറത്തുനിർത്താനുള്ള മലയാളി വോട്ടർമാരുടെ തീരുമാനവും ഇതോടു ചേർത്തുകാണണം.
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, നേമം, അരുവിക്കര മണ്ഡലങ്ങൾ ഇടതുമുന്നണി തിരിച്ചുപിടിച്ചത് മുസ്ലിം വോട്ടുകളുടെ കൂടി പിൻബലത്തിലാണ്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് വി. ശിവൻകുട്ടിയെ എസ്.ഡി.പി.ഐയും പി.ഡി.പിയും പിന്തുണച്ചിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലും മുസ്ലിം വോട്ടുകൾ ഇടതുസ്ഥാനാർഥികൾക്കനുകൂലമായാണ് വീണത്. എറണാകുളം ജില്ലയിലെ മുസ്ലിം ലീഗിെൻറ സിറ്റിങ് സീറ്റായ കളമശ്ശേരി ഇടതുമുന്നണിക്ക് തിരിച്ചുപിടിക്കാനായതും കൊച്ചിയിലും മറ്റും ഭൂരിപക്ഷം വർധിപ്പിക്കാനായതും മുസ്ലിം വോട്ടുകളുെട ആനുകൂല്യത്തിലാണ്. ഗുരുവായൂർ തിരിച്ചുപിടിക്കാൻ മുസ്ലിം ലീഗ് പ്രഗത്ഭനായ കെ.എൻ.എ. ഖാദറിനെ സ്ഥാനാർഥിയാക്കിയെങ്കിലും വിജയം കാണാനായില്ല.
എന്നാൽ, മലബാറിൽ മുസ്ലിം ലീഗിെൻറ ശക്തികേന്ദ്രങ്ങളിൽ കാര്യമായ വിള്ളലുണ്ടാക്കാൻ ഇടതു തരംഗത്തിനായില്ലെന്നത് ശ്രദ്ധേയമാണ്. പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ മുസ്ലിം ലീഗ് അവരുടെ സീറ്റുകൾ നിലനിർത്തി. എന്നാൽ, കളമശ്ശേരിക്കു പുറമെ കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴീക്കോട് സീറ്റുകൾ കൂടി ലീഗിന് നഷ്ടമായി. കൊടുവള്ളി അവർ തിരിച്ചുപിടിക്കുകയും ചെയ്തു. മറുവശത്ത് മലപ്പുറം ജില്ലയിൽ എൽ.ഡി.എഫ് നിലനിർത്തിയ നാലു സീറ്റുകളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞിട്ടുമുണ്ടെന്നതും കാണാതിരുന്നുകൂടാ.
ഫാഷിസത്തെ ചെറുക്കാൻ കെൽപുള്ളവർ ഇടതുകക്ഷികളാണെന്ന ധാരണയിൽ മുൻകാലങ്ങളിൽ നല്ലൊരു ശതമാനം മുസ്ലിംകൾ ഇടതുമുന്നണിക്കനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു മുതൽ മുസ്ലിംകൾക്കുമേൽ അതിതീവ്രവാദം, ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഇടതുമുന്നണിയിൽനിന്ന് അകലം പാലിക്കാനാണ് മുസ്ലിം സമൂഹം താൽപര്യം കാട്ടുന്നത്. മലബാറിൽ ഇടതുമുന്നണി പ്രതീക്ഷിച്ച മാറ്റം കാണാതിരുന്നതിന് കാരണവും അതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.