??.??. ?????????? ??????, ??????? ???

പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍

രാഷ്ട്രീയമായി വലിയൊരു പരീക്ഷണഘട്ടത്തില്‍ കൂടിയാണ് കേരളം കടന്നുപോവുന്നത്. പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുണ്ടായ ആശയപരമായ ധ്രുവീകരണങ്ങളില്‍ ഏറ്റവും പ്രധാനം ഈ സര്‍ക്കാറിനെ അധികാരത്തിലേറാന്‍ സഹായിച്ച വിശാല ജനാധിപത്യസമവായത്തില്‍ ഉണ്ടായ വലിയ വിള്ളലുകളാണ്. ശരിയോ തെറ്റോ ആയ നിരവധി ആരോപണങ്ങളില്‍പെട്ട് ആടിയുലഞ്ഞിരുന്ന യു.ഡി.എഫ് സര്‍ക്കാറിനെതിരെ ഉണ്ടായ ജനങ്ങളുടെ അകല്‍ച്ചയും ബി.ജെ.പി സഖ്യം യു.ഡി.എഫ് വോട്ടുകളില്‍ ഉണ്ടാക്കിയ ചോര്‍ച്ചയും ഇടതുപക്ഷവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതിനുമപ്പുറം സിവില്‍സമൂഹ രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം സി.പി.എം മനുഷ്യാവകാശം മുതല്‍ പരിസ്ഥിതി വരെയുള്ള പ്രശ്നങ്ങളില്‍ കാണിക്കുന്ന ഇരട്ടത്താപ്പുകള്‍ മറന്ന് യു.ഡി.എഫ് ഇതര, ബി.ജെ.പി ഇതര സര്‍ക്കാര്‍ ഉണ്ടാവണം എന്ന ആഗ്രഹത്തോടെ ശക്തമായി രംഗത്തുവന്നിരുന്നു.

കേരളത്തില്‍ സിവില്‍സമൂഹ രാഷ്ട്രീയം പ്രചരിച്ചതിന്‍െറ  പശ്ചാത്തലത്തില്‍ സി.പി.എമ്മിനുള്ളില്‍ രൂപംകൊണ്ട തിരുത്തല്‍ശക്തികള്‍ ഇത്തരമൊരു വിശാല സമവായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോഴുണ്ടായിരുന്ന പ്രതീക്ഷ ഈ മാറിയ സാമൂഹിക സാഹചര്യത്തെക്കൂടി പ്രതിനിധാനംചെയ്യാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നതായിരുന്നു. വിശേഷിച്ചും യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍, മനുഷ്യാവകാശ പ്രശ്നങ്ങളുടെ പേരില്‍, ദലിത് ആദിവാസി ഭൂമിപ്രശ്നത്തിന്‍െറ പേരില്‍ നടന്ന വലിയ സിവില്‍സമൂഹ പ്രക്ഷോഭങ്ങളോട് സി.പി.എം അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ സ്വീകരിച്ച അനുഭാവപൂര്‍ണമായ നിലപാടുകള്‍ അധികാരത്തിലേക്കുള്ള വഴിയിലെ തന്ത്രങ്ങള്‍ എന്നതില്‍ ഉപരി യഥാര്‍ഥമായ ഒരു പ്രതിബദ്ധതയായി കണ്ടു പിന്തുണച്ചവര്‍ ഏറെയാണ്.

മാറ്റം എന്നത് അവര്‍ക്ക് കേവലം സര്‍ക്കാറിനെ നയിക്കുന്ന വ്യക്തി മാറുക എന്നതായിരുന്നില്ല. മറിച്ച് പുതിയൊരു ഭരണസംസ്കാരം ഉണ്ടാവും എന്ന പ്രതീക്ഷകൂടിയായിരുന്നു. സി.പി.എം നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാറുകളും ഇത്തരം പ്രതീക്ഷകള്‍ നല്‍കുകയും അവ തല്ലിക്കെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ചരിത്രം പ്രായേണ വിസ്മൃതമായിരുന്നു. അതിനാല്‍തന്നെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്‍െറ യൂഫേറിയ ഇപ്രാവശ്യവും ശക്തമായി നിലനിന്നിരുന്നു. ഈ പുതിയ ഭരണസംസ്കാരം എന്നുപറയുന്നത് ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം മനസ്സില്‍ കാണുന്നതല്ല. പല മേഖലകളിലും ഉണ്ടാകാനിടയുണ്ടെന്ന് ജനം വിശ്വസിക്കുന്ന മാറ്റങ്ങളുടെ ആകത്തുകയാണ് അത്.

ഉദാഹരണത്തിന്, ഇടതുസര്‍ക്കാര്‍ വന്നാല്‍ ബന്ധുനിയമനങ്ങള്‍ ഉണ്ടാകില്ളെന്നും മികവിന്‍െറ അടിസ്ഥാനത്തിലായിരിക്കും നിയമനങ്ങള്‍ നടക്കുകയെന്നുമുള്ള ഒരു വിശ്വാസം, അതേക്കുറിച്ച് ഒരു ഉറപ്പും ഇടതുമുന്നണി നല്‍കാത്തപ്പോള്‍പോലും ജനങ്ങള്‍ക്കുണ്ടാവുന്നു. പൊതുവില്‍ അഴിമതിക്കെതിരെ നടത്തുന്ന ആക്രോശങ്ങള്‍ അധികാരത്തിലേക്കുള്ള വഴിയിലെ നാടകങ്ങളല്ല എന്ന് വിചാരിക്കാനാണ് ആളുകള്‍ക്ക്  ഇഷ്ടം. അത് ചില പ്രതീക്ഷകള്‍ വളര്‍ത്തുന്നു. അതുകൊണ്ടുതന്നെ മുന്‍ അനുഭവങ്ങള്‍ അങ്ങനെയല്ല എന്നും ബന്ധുനിയമനങ്ങളും വഴിവിട്ട നിയമനങ്ങളും മറ്റ് അഴിമതികളും ഒരു ഭരണത്തില്‍ നടക്കുന്നത് ചിലപ്പോള്‍ പൊതുസമൂഹം അറിയുകകൂടി ഇല്ല എന്നതുമാണ് യാഥാര്‍ഥ്യമെന്നും പലപ്പോഴും ആരും ഓര്‍ക്കാ റില്ല. മാത്രമല്ല, അഴിമതിയെന്നതുതന്നെ വളരെ വളരെ നേര്‍ത്ത ഒരു ധാരണയാണ്. വ്യവസായമന്ത്രിയുടെ ബന്ധുവിനെ ആ വകുപ്പിനു കീഴില്‍ നിയമിക്കുന്നതാണ് അഴിമതി. പക്ഷേ, അയാളെ നിയമിക്കുന്നത് വനംവകുപ്പിലാണെങ്കില്‍ അഴിമതിയാവില്ല. അതായത്  തീരെ ബുദ്ധിശൂന്യമായ അധികാര ദുര്‍വിനിയോഗങ്ങള്‍  മാത്രമേ നിയമപരമായിത്തന്നെ അനധികൃതമാവുകയുള്ളൂ എന്നര്‍ഥം.

കേന്ദ്രീകൃതമായ അധികാരംതന്നെ വലിയൊരു അഴിമതിയാണ് എന്നതാണ് അരാജകവാദത്തില്‍നിന്ന് ലഭിക്കുന്ന ഒരു ഉള്‍ക്കാഴ്ച. അരാജകവാദത്തിന്‍െറ അയല്‍ക്കൂട്ട പരീക്ഷണങ്ങള്‍ക്ക്  ചരിത്രപരമായ സാധുതയില്ളെന്നാണ് എന്‍െറ വിശ്വാസം. അത് മുന്‍കൂര്‍ ആവശ്യപ്പെടുന്ന സാമൂഹിക സാമ്പത്തിക സമത്വങ്ങള്‍ മുതലാളിത്തത്തിലോ ഇപ്പോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഏതെങ്കിലും ഭരണക്രമത്തിനുള്ളിലോ ലഭ്യമല്ല. ജാതിവ്യവസ്ഥയിലെ അയല്‍ക്കൂട്ടം ജാതിയെ പ്രതിരോധിക്കുമോ അതോ ജാതീയമാവുമോ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അതു നല്‍കുന്ന ഏറ്റവും വലിയ പാഠം, രാഷ്ട്രം എന്ന സങ്കല്‍പത്തെ ചെറിയ സ്വയംഭരണ പ്രാദേശികസംവിധാനങ്ങളുടെ സമുച്ചയമായി വിഭാവനംചെയ്യാം എന്നതാണ്. പക്ഷേ, അവയെ ഒരു വലിയ രാഷ്ട്രത്തിന്‍െറ ചെറിയ ഘടകങ്ങളായല്ല അപ്പോള്‍ മനസ്സിലാക്കേണ്ടത് എന്നുമാത്രം. അതിരുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒന്നാണത്.

സോവിയറ്റ് എന്നതുപോലും ആ അര്‍ഥത്തില്‍ വിപ്ളവത്തിനുമുമ്പുള്ള കാലഘട്ടത്തില്‍തന്നെ റഷ്യയില്‍ നിലനിന്നിരുന്ന ഒരു സംവിധാനമാണ്. അതിനുണ്ടായ പരിവര്‍ത്തനങ്ങള്‍ കൗട്സ്കിയും ട്രോട്സ്കിയും ലെനിനും തമ്മില്‍ നടന്ന കമ്യൂണിസ്റ്റ് ഭീകരതയെക്കുറിച്ചുള്ള ഒരു സംവാദത്തില്‍നിന്ന് ലഭ്യമാണ്. ആ സംവാദത്തില്‍ ലെനിനും ട്രോട്സ്കിയും ഒരേ ചേരിയിലായിരുന്നു. കൗട്സ്കിയുടെ വാദങ്ങള്‍ തകര്‍ക്കുന്നതിനുള്ള തത്രപ്പാടിലാണ് ലെനിന്‍ സ്വേച്ഛാധിപത്യം എന്നാല്‍ എല്ലാ നിയമങ്ങള്‍ക്കും  ഉപരിയായ പരമമായ അധീശത്വമാണെന്നും തൊഴിലാളിവര്‍ഗ  സ്വേച്ഛാധിപത്യം  എന്നാല്‍ ഹിംസയിലൂടെ നേടുന്നതും അതിലൂടെ നിലനിര്‍ത്തുന്നതും എല്ലാ നിയമങ്ങള്‍ക്കും  ഉപരിയായതുമായ ഒരു ഭരണമാണ് എന്നും പ്രഖ്യാപിച്ചത്. ഇതോടെ കര്‍ക്കശമായ ഒരു ജനാധിപത്യവിരുദ്ധ സംവിധാനമായി സോവിയറ്റുകളെ മാറ്റാനുള്ള സൈദ്ധാന്തിക സാഹചര്യം തെളിഞ്ഞുകിട്ടി. കൗട്സ്കി വാദിച്ചിരുന്നത് ജനാധിപത്യസംവിധാനങ്ങളെ പൂര്‍ണമായും നശിപ്പിക്കരുത് എന്നായിരുന്നു. വിശേഷിച്ച് രാഷ്ട്രീയമായി ഭിന്നാഭിപ്രായമുള്ളവരെ അടിച്ചമര്‍ത്താനും പീഡിപ്പിക്കാനും കായികമായി ഇല്ലായ്മചെയ്യാനും നടത്തുന്ന ശ്രമങ്ങള്‍ അധാര്‍മി കവും നിയമവിരുദ്ധവുമാണ് എന്നതായിരുന്നു.

എന്നാല്‍, അഭിപ്രായവ്യത്യാസമുള്ളവരെ കൊന്നൊടുക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്നത് തൊഴിലാളിവര്‍ഗ സ്വേച്ഛാധിപത്യത്തിന്‍െറ അവകാശമാണ് എന്ന ധാരണയാണ് ലെനിന്‍ നല്‍കുന്നത്. മാര്‍ക്സിനെ ഒരു ലിബറലായി വ്യാഖ്യാനിക്കാനാണ് കൗട്സ്കി ശ്രമിക്കുന്നതെന്നും ലെനിന്‍ പറഞ്ഞു. എന്നാല്‍, പഴയ സംവിധാനങ്ങള്‍തന്നെ അങ്ങേയറ്റം ഹിംസാത്മകമായി ഉപയോഗിച്ച് പാര്‍ട്ടിയുടെ മറവില്‍ ഒരു പുതിയ അധികാരവര്‍ഗത്തിന് അഴിമതിയുടെയും ഊഹക്കച്ചവടത്തിന്‍െറയും ഗൂഢലാഭത്തിന്‍െറയും നിന്ദ്യസംസ്കാരം ഉളുപ്പില്ലാതെ നടത്തിക്കൊണ്ടുപോവുന്നതിനുള്ള സാഹചര്യമാണ് വിപ്ളവാനന്തര റഷ്യയില്‍ സംജാതമായതെന്ന് ഇരുപതുകളില്‍ തന്നെ കൗട്സ്കി കണ്ടത്തെിയിരുന്നു. ഇതാവട്ടെ, മുതലാളിത്ത സംവിധാനത്തില്‍നിന്ന് വ്യത്യസ്തമാണ്. ഇതില്‍ പീഡനങ്ങളും അഴിമതിയും സ്വജനപക്ഷപാതിത്വവും മറ്റ് നീതിനിഷേധങ്ങളും ഒരു പ്രത്യയശാസ്ത്രത്തിന്‍െറയും ഒരു വര്‍ഗത്തിന്‍െറയും പേരിലാണ് നീതിമത്കരിക്കപ്പെടുന്നത്. അതിന്‍െറ കരുത്തും അശ്ളീലവും പ്രത്യയശാസ്ത്രത്തിന്‍െറ പേരില്‍ സ്വന്തം നീചതകള്‍ക്ക് നേടാന്‍ ശ്രമിക്കുന്ന  സൈദ്ധാന്തിക സാധുതയാണ്.      

എല്ലാ എതിര്‍പ്പുകളെയും സ്വന്തം രാഷ്ട്രീയസ്വാധീനത്തെ തകര്‍ക്കുന്നതിനുള്ള എതിരാളികളുടെ തന്ത്രംമാത്രമായി വ്യാഖ്യാനിച്ച് അണികളെ കൂടെനിര്‍ത്തി അവരെക്കൊണ്ടുകൂടി ഭിന്നാഭിപ്രായമുള്ളവരെ ആക്രമിപ്പിക്കുക എന്നതാണ് ഈ സമീപനത്തിന്‍െറ കാതല്‍. എല്ലാ ഫാഷിസ്റ്റ് രാഷ്ട്രീയവും ഹിന്ദുത്വ ഫാഷിസമടക്കം ഈ സമീപനമാണ് കൈക്കൊള്ളുന്നത്. കേരളത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നത് ഒരുവശത്ത് ഹിന്ദുത്വപരിവാറും മറുവശത്ത് ഇടതുസര്‍ക്കാറും രാഷ്ട്രീയമായി അഭിപ്രായഭിന്നതകളുള്ളവരെ നേരിട്ടും അണികളെ അഴിച്ചുവിട്ടും പൊലീസിനെ ഉപയോഗിച്ചും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സോഷ്യല്‍ ഫാഷിസമാണ്. അനായാസം പരസ്പരം വെച്ചുമാറാന്‍ കഴിയുന്ന കൊടികളായിരിക്കുന്നു കാവിയും ചുവപ്പും കേരളത്തില്‍.

ബി.ജെ.പിയിലെ ഒരു സി.കെ.  പത്മനാഭനോ സി.പി.എമ്മിലെ കുറെ സി. കെ. പത്മനാഭന്മാരോ ഇതിനെ അനുകൂലിക്കുന്നില്ല എന്നത് ഇതിന്‍െറ തീവ്രത കുറക്കുന്നില്ല. കാരണം, ഇത് ഫാഷിസത്തിന്‍െറ അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ സമീപനമാണ്. ഞാനും മുതലയമ്മാച്ചനും എന്ന് പറഞ്ഞതുപോലെ എം.ടി. വാസുദേവന്‍ നായരുടെ തോളില്‍ കയറി ഹിന്ദുത്വ ഫാഷിസത്തെ വെല്ലുവിളിക്കുന്ന സി.പി.എം തന്നയാണ് കമല്‍സി ചവറയെയും നദീറിനെയും യു.എ.പി.എ വരെ ചുമത്തി പീഡിപ്പിക്കുന്നത്. അതിനെ എതിര്‍ക്കുന്നവരെ ആക്രമിക്കുന്നത്. ഈ രണ്ടു ശക്തികളില്‍ ആരെ അനുകൂലിച്ചു നിരപരാധികളെ പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ വേട്ടയാടുന്നതിനു കൂട്ടുനിന്ന് സ്വന്തം തടിരക്ഷിക്കാം എന്നതിലേക്ക് കേരളീയരുടെ രാഷ്ട്രീയമായ തെരഞ്ഞെടുപ്പുകള്‍ ചുരുങ്ങിവരുന്നു എന്നതാണ് ഇപ്പോള്‍ സിവില്‍സമൂഹം നേരിടുന്ന ധാര്‍മികസങ്കടം.
 

Tags:    
News Summary - In the name of ideology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.