രാഷ്ട്രവും രാഷ്ട്രപിതാവും: ചില ചിന്തകൾ

ഈ വർഷവും റിപ്പബ്ലിക്​ ദിനവും ഗാന്ധിസമാധി ദിനവും കടന്നുപോയിരിക്കുന്നു. ആദ്യത്തെ ദിവസം നമ്മുടെ രാഷ്ട്രത്തിന്‍റെ പരമാധികാര സ്വഭാവത്തെക്കുറിച്ചുള്ള അഭിമാനത്തിന്‍റെ വിളംബരമാണ്​. രണ്ടാമത്തേതാകട്ടെ, രാഷ്ട്രപിതാവിന്‍റെ രക്​തസാക്ഷിത്വത്തെക്കുറിച്ച്​, അത്​ നൽകുന്ന നൈതികവും രാഷ്ട്രീയവുമായ സന്ദേശങ്ങളെക്കുറിച്ച്​ ഓർമിപ്പിക്കുന്നതാണ്​. ഈ ദിവസങ്ങൾ അടുത്തടുത്ത്​ വന്നു കടന്നുപോയപ്പോൾ രണ്ടു സങ്കൽപങ്ങൾ തമ്മിലുള്ള സാമീപ്യവും പാരസ്പര്യവും ഐക്യപ്പെടലും കൂടിയാണ്​ ഇന്ത്യക്കാരന്‍റെ മനസ്സിലൂടെ കടന്നുപോകേണ്ടത്​.

ഗാന്ധിജിയില്ലായിരുന്നുവെങ്കിൽ ഭരണഘടനയിലൂടെ ഒരു മഹത്തായ രാജ്യം സൃഷ്ടിക്കാൻ നമുക്കാകുമായിരുന്നില്ല. എന്നാൽ, ഗാന്ധിയൻ മൂല്യങ്ങളോട്,​ ഒപ്പം ഭരണഘടനാ മൂല്യങ്ങളോട്​ വലിയ പ്രതിപത്തിയില്ലാത്തതും പലപ്പോഴും തത്ത്വത്തിലും പ്രയോഗത്തിലും അവക്കെതിർ നിൽക്കുന്നതുമായ കേന്ദ്ര ഭരണകൂടം ഇപ്പറഞ്ഞ ദിവസങ്ങളിൽ കാണിച്ച കാപട്യം അപാരമായിരുന്നു. ഒരു വശത്ത്​ പ്രധാനമന്ത്രി ഗാന്ധിജിയുടെ സംഭാവനകളെ വാഴ്ത്തുന്നു; മഹാത്​മാവിനെ പ്രശംസിക്കുന്നു. മറുവശത്ത്​ ഇതേ പ്രധാനമന്ത്രിയുടെ അനുയായികളായ തീവ്ര ഹിന്ദുത്വവാദികൾ ഗോദ്​​സെയെ വാഴ്ത്തുന്നു; ഗാന്ധിജിയെ നിന്ദിക്കുന്നു.

ഒരുവശത്ത്​ ഭരണാധികാരികൾ ഭരണഘടനയെ വാഴ്ത്തുന്നു; മറുവശത്ത്​ അവർ തന്നെ നയങ്ങളിലൂടെയും നിയമങ്ങളിലൂടെയും ഭരണതന്ത്രങ്ങളിലൂടെയും പതുക്കപ്പതുക്കെ ഭരണഘടനാ തത്ത്വങ്ങളെ അട്ടിമറിക്കുകയോ നിർവീര്യമാക്കുകയോ ചെയ്യുന്നു. ഈ വൈരുധ്യമാണ്​ പുതിയ കാലത്തിന്‍റെ മുഖമുദ്ര. ധീരേന്ദ്ര കെ. ഝായുടെ 'ഗാന്ധിയുടെ ഘാതകൻ' (Gandhi's Assassin) എന്ന പുസ്തകം (2021) ഗോദ്​​സെ എന്ന വ്യക്​തിയെ കുറിച്ചുള്ള പുസ്തകം മാത്രമല്ല, അദ്ദേഹത്തിന്‍റെ മാനസികാവസ്ഥയെ കുറിച്ചും അദ്ദേഹം ഗാഢമായി വിശ്വസിച്ച പ്രത്യയശാസ്​ത്രത്തെ കുറിച്ചും അതിന്‍റെ പ്രയോഗത്തെ കുറിച്ചുമുള്ള പഠനമാണ്​.

ഇന്ത്യയിലെ ഭൂരിപക്ഷ വർഗീയത എങ്ങനെ ഒരു രാഷ്ട്രത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെയും സമാധാനപരമായ സഹവർത്തിത്വത്തെയും വെല്ലുവിളിക്കുന്ന നിലയിലേക്ക്​ വളർന്നുവെന്ന്​ അന്വേഷിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്​ ധീരേന്ദ്ര ഝായുടേത്​.

ഹിന്ദുത്വത്തിന്റെ ചരിത്രത്തിൽനിന്നും വർത്തമാനകാലത്തേക്ക് വരുമ്പോൾ ശ്രദ്ധേയമായ മറ്റൊരു പുസ്തകം കാണാതെ പോകരുത്. ​ക്രിസ്റ്റോഫ് ജഫ്റെലോട്ട് എഴുതിയ ഈ ഗ്രന്ഥത്തിന്റെ പ്രമേയം സമകാലിക ഇന്ത്യയിലെ ഹിന്ദു ദേശീയതയാണ്. 'മോദിയുടെ ഇന്ത്യ: ഹിന്ദു ദേശീയതയും വംശീയ ജനാധിപത്യത്തിന്റെ വളർച്ചയും' (Modi's India: Hindu Nationalism and the rise of ethnic democracy) എന്ന പേരിലുള്ള ഈ ഗ്രന്ഥം ഇന്ത്യ ഇപ്പോൾതന്നെ ഒരു മതരാഷ്ട്രത്തിന്റെ രൂപഭാവങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നുവെന്ന യാഥാർഥ്യത്തിന് അടിവരയിടുന്നു.

ഇപ്പറഞ്ഞ രണ്ടു പുസ്തകങ്ങളും വായിച്ചുകഴിഞ്ഞാൽ ഗാന്ധിജിയുടെ ഇന്ത്യയിൽ നിന്നും ഹരിദ്വാർ വംശഹത്യാഹ്വാനം ഉണ്ടായ ഇന്ത്യയിലേക്കുള്ള ദൂരമെന്തെന്ന് മനസ്സിലാകും. ഇനി, ഭരണഘടനയിൽ നിന്നും അകന്നുപോയ ഒരു രാജ്യത്തെക്കുറിച്ചറിയാൻ മറ്റൊരു പുസ്തകത്തിന്റെ വായന കൂടി ശിപാർശ ചെയ്യട്ടെ. ദേബാശിഷ് റോയ് ചൗധരിയും ജോൺ കീയനെയും ചേർന്നെഴുതിയ ഇന്ത്യയിലെ ജനാധിപത്യഹത്യയെക്കുറിച്ചുള്ള പുസ്തകം- To Kill a Democracy- ഭരണഘടന ഇന്ത്യയിൽ ഒരു സാമൂഹിക യാഥാർഥ്യമെന്ന നിലയിൽ അനുഭവവേദ്യമായിട്ടില്ലെന്ന് വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു.

ദാരിദ്ര്യവും ചൂഷണവും നിരക്ഷരതയും പാരിസ്ഥിതിക തകർച്ചയുമെല്ലാം ഭരണഘടനാ സ്ഥാപനങ്ങളുടെയും മൂല്യങ്ങളുടെയും തകർച്ചക്കൊപ്പം സംഭവിച്ച കാര്യങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണകർത്താക്കളുടെയും ഭരണീയരുടെയും അവസ്ഥ എന്താണെന്ന് ഈ ഗ്രന്ഥം വിശദീകരിക്കുന്നു. ഈ മൂന്ന് ഗ്രന്ഥങ്ങളുടെ വായനക്കു ശേഷമാണ് ഗാന്ധിജിയെക്കുറിച്ചും ഇന്ത്യൻ റിപ്പബ്ലിക്കിനെക്കുറിച്ചുമുള്ള വാഗ്ധോരണികൾ രാജ്യതലസ്ഥാനത്തുനിന്നും കേട്ടത്. ഈ പുസ്തകങ്ങൾക്കും അവയുടെ രചയിതാക്കൾക്കും നന്ദി- ബീഭത്സമായ ഒരു കാലഘട്ടത്തെ ഇത്ര കണിശ​തയോടെ തുറന്നുകാട്ടിയതിന്; ഭരണകൂട കാപട്യങ്ങളെപ്പറ്റി ഇത്രയും വിശദമായി പറഞ്ഞുതന്നതിന്.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)

Tags:    
News Summary - Nation and Father of the Nation: Some Thoughts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.