ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം: പുതുവഴികള്‍ തേടുന്ന അധ്യാപക വിദ്യാഭ്യാസം

രാജ്യം നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുമ്പോള്‍  സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയെ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍പോകുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്‍െറ സാധ്യതകളെയും വെല്ലുവിളികളെയും സമഗ്രമായി അവലോകനം ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം  വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണനിലവാരത്തെ നിര്‍ണയിക്കുന്ന വിവിധ ഘടകങ്ങളുടെ ഉടച്ചുവാര്‍ക്കലിനും പ്രസക്തിയേറുന്നു. ഈ പശ്ചാത്തലത്തില്‍ അധ്യാപക വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളുടെയും പരിഹാര മാര്‍ഗങ്ങളുടെയും  വിശകലനം ഉചിതമായിരിക്കും.

‘ഒരു രാഷ്ട്രത്തിനും അതിന്‍െറ അധ്യാപകരെക്കാള്‍ ഉയരത്തിലത്തൊനാവില്ളെ’ന്നതാണ് യാഥാര്‍ഥ്യം.  രാജ്യത്തിന്‍െറ സര്‍വതോമുഖമായ വികാസം അധ്യാപകനെയും അധ്യാപനത്തെയും അധ്യാപക വിദ്യാഭ്യാസത്തെയും എത്രമാത്രം ആശ്രയിച്ചാണിരിക്കുന്നത് എന്നത് മുകളില്‍ പറഞ്ഞ പ്രസ്താവനയില്‍നിന്ന് സുവ്യക്തമാണല്ളോ. അതുതന്നെയാണ് ഇന്നത്തെ ദേശീയ വിദ്യാഭ്യാസ ദിനത്തിലും ചര്‍ച്ചയാവേണ്ടത്. പൗരാണിക കാലഘട്ടം മുതല്‍  അധ്യാപകന് വലിയ ശ്രേഷ്ഠത നല്‍കിയിരുന്ന സംസ്കാരം ഇന്ത്യയിലുണ്ട്. ഈ ശ്രേഷ്ഠ ദര്‍ശനമാണ് മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്‍പത്തിനടിസ്ഥാനം.

കാലചക്രത്തിന്‍െറ കറക്കത്തിനിടയില്‍ സാമൂഹിക ജീവിതരീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. അധ്യാപനത്തിലും ഈ മാറ്റം ദൃശ്യമാണ്. അറിവിന്‍െറ  കുത്തക അധ്യാപകര്‍ അവകാശപ്പെട്ടിരുന്ന ഒരു വ്യവസ്ഥിതിയില്‍നിന്ന് സമൂലമായ മാറ്റം സംഭവിച്ചു. സാങ്കേതിക രംഗത്തെ വിപ്ളവം ഈ മാറ്റത്തിന് കരുത്തുപകര്‍ന്നു. വളരെ ചെറുപ്പത്തില്‍തന്നെ സ്മാര്‍ട്ട് ഫോണും ഐ പാഡും വെച്ച് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്ക് ഇന്‍റര്‍നെറ്റും ഫ്രീ ആയതോടെ ഏതു കാര്യത്തിന്‍െറയും ഉത്തരങ്ങള്‍ക്കായി ഗൂഗിളിനെ തേടിപ്പോകുന്നു. ഈ സാങ്കേതിക വിപ്ളവത്തിന്‍െറ പ്രതിഫലനം അധ്യാപന രംഗത്തും അധ്യാപക വിദ്യാഭ്യാസ രംഗത്തും മാറ്റൊലികള്‍ സൃഷ്ടിച്ചു. പുതിയ സാഹചര്യത്തില്‍ പാഠ്യപദ്ധതിയുടെ പരിഷ്കരണത്തില്‍ പറഞ്ഞ പ്രധാനപ്പെട്ട ഒന്ന്, കുട്ടി ഒഴിഞ്ഞ പാത്രമല്ളെന്നും, കുട്ടിക്ക് അറിവ് സൃഷ്ടിച്ചെടുക്കാന്‍ ക്ളാസില്‍ സാധിക്കണമെന്നും അതിനുള്ള അന്തരീക്ഷം  സ്കൂളുകളില്‍ അധ്യാപകര്‍ ഒരുക്കിക്കൊടുക്കണമെന്നുമാണ്. അധ്യാപകന്‍ ഒരു സഹരക്ഷിതാവായി ഉയരണം.

ജ്ഞാനസൃഷ്ടി നടത്താന്‍ ശേഷിയുള്ള വിദ്യാര്‍ഥികളെ രൂപപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്നു. ഈ പശ്ചാത്തലത്തെ വിശകലനം ചെയ്താണ് അധ്യാപക വിദ്യാഭ്യാസത്തിലെ പഠനരീതിയെ പൂര്‍ണമായും നവീകരിച്ച് ബി.എഡ്, എം.എഡ് എന്നീ കോഴ്സുകളുടെ കാലാവധി രണ്ടു വര്‍ഷമാക്കി പുതിയ പാഠ്യപദ്ധതി ആവിഷ്കരിച്ചത്.  രണ്ടു വര്‍ഷമാക്കിയ കോഴ്സിന്‍െറ ഗുണദോഷങ്ങള്‍ അളക്കാന്‍ സമയമാവുന്നതേ ഉള്ളൂ. പക്ഷേ, കേരളത്തിലെ പല കോളജുകളിലും ഒരുപാട്  സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നത് സത്യാവസ്ഥയാണ്.  അതോടൊപ്പം ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാറിതര മേഖലയിലുള്ള സ്ഥാപനങ്ങളില്‍ മാര്‍ക്ക് മാത്രം ഉണ്ടായാല്‍ പോരാ, നല്ല അധ്യാപന നടത്തിപ്പും വിദ്യാര്‍ഥികള്‍ക്ക് അറിവ് നിര്‍മിക്കാന്‍ ഈ അധ്യാപകര്‍ സഹായകമാണോ എന്നും  തെളിയിക്കേണ്ടിവരുന്നു എന്നതും ചര്‍ച്ചയാകണം. 

ഭരണഘടനയുടെ മൗലിക കര്‍ത്തവ്യത്തില്‍ ‘വിദ്യാഭ്യാസം’ വന്നുചേര്‍ന്നപ്പോള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും നിര്‍ബന്ധമായിരിക്കുന്നു.  ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസമാണ് നല്‍കുന്നതെങ്കില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരായി ഓരോ അധികാരിയും നില്‍ക്കേണ്ടിവരും.  രാജ്യത്തെ അധ്യാപക വിദ്യാഭ്യാസത്തെ ഏകോപിപ്പിക്കുന്ന നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ (NCTE) വിവിധ സന്ദര്‍ഭങ്ങളില്‍ തയാറാക്കിയ കരടുരേഖകള്‍ പ്രാഥമിക അധ്യാപക വിദ്യാഭ്യാസത്തില്‍ ശക്തമായ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്ന് ഉണര്‍ത്തുന്നുണ്ട്.

രാജ്യത്തെ പ്രാഥമിക അധ്യാപക വിദ്യാഭ്യാസത്തിന്‍െറ സ്ഥിതിയും തൃപ്തികരമല്ല.  പ്രാഥമിക അധ്യാപക വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത വിപുലീകരിക്കണം.  മറ്റു തലങ്ങളിലെ കോഴ്സുകളിലേക്ക് നല്‍കുന്ന ഒരു പരിഗണന ഭരണതലത്തിലും മേല്‍നോട്ടത്തിലും ഈ വിദ്യാഭ്യാസത്തിന് ലഭിക്കുന്നില്ല. അതിനാല്‍, ഇന്നും അത്ര പ്രാധാന്യമര്‍ഹിക്കാത്ത കോഴ്സായിട്ടാണ് പ്രാഥമിക അധ്യാപക വിദ്യാഭ്യാസം വീക്ഷിക്കപ്പെടുന്നത്. മറ്റൊരു പ്രധാന അപാകത ഡി.എഡ് തലത്തിലെ അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതയുടെ കാര്യത്തിലാണ്. സെക്കന്‍ഡറി തലത്തിലുള്ള അധ്യാപകരെ പരിശീലിപ്പിക്കാനാവശ്യമായ യോഗ്യതയാണ് പ്രൈമറിതലത്തിലൂം പരിഗണിക്കപ്പെടുന്നത്.  ഇവിടെ മാറ്റം  അനിവാര്യമാണ്.

സര്‍വകലാശാലതലങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ ഗവേഷണങ്ങള്‍  ഊന്നല്‍നല്‍കുന്നത് സെക്കന്‍ഡറി തലത്തിനാണ്. പ്രാഥമിക അധ്യാപക വിദ്യാഭ്യാസ നവീകരണത്തിനാവശ്യമായ ഗവേഷണങ്ങള്‍ സാധാരണ കുറവാണ്.  അതുകൊണ്ടുതന്നെ പ്രൈമറി തലത്തിലെ അധ്യാപക വിദ്യാഭ്യാസവും അനുബന്ധ വിഷയങ്ങളും മെച്ചപ്പെടുത്തുന്നതിലേക്കായുള്ള ആസൂത്രണത്തിന്‍െറയും അടിസ്ഥാന വിവരങ്ങളുടെയും ലഭ്യതയില്ലായ്മ പ്രശ്നമായി ശേഷിക്കുന്നു. സെക്കന്‍ഡറി അധ്യാപക വിദ്യാഭ്യാസവും ആശാവഹമാണെന്ന് പറയാന്‍ സാധിക്കില്ല.  സെക്കന്‍ഡറി അധ്യാപക വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധന ഇതിന്  ഒരു കാരണമാകുന്നു.  ഈ രംഗത്തെ കച്ചവട താല്‍പര്യങ്ങള്‍ ഗുണമേന്മക്ക് ഭംഗംവരുത്തിയിരിക്കുന്നു.  ഗുണനിലവാരത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങളും അധ്യാപകരും ഉണ്ടെങ്കിലും ഭാരിച്ച കരിക്കുലം രണ്ടു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാമെന്നല്ലാതെ ഒട്ടുമിക്ക കോളജിലും രണ്ടു വര്‍ഷം പഠിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്ല.

പ്രീപ്രൈമറി, പ്രൈമറി, സെക്കന്‍ഡറി തുടങ്ങിയ എല്ലാതലത്തിലെയും അധ്യാപക വിദ്യാഭ്യാസത്തിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തുകയും അവ പ്രായോഗികതലത്തില്‍ ഉപകരിക്കപ്പെടുന്ന തരത്തില്‍ രൂപപ്പെടുത്തിയെടുക്കുകയും വേണം. പക്ഷേ, വിദ്യാഭ്യാസ ഗവേഷണങ്ങള്‍ തികച്ചും അക്കാദമികമായിത്തന്നെ നിലനില്‍ക്കുന്ന ഖേദകരമായ യാഥാര്‍ഥ്യമാണ് നമുക്കു മുന്നിലുള്ളത്.  അക്കാദമിക ഗവേഷണങ്ങള്‍ സമൂഹത്തിന്‍െറ ഗുണ നിലവാരം മെച്ചപ്പെടുത്താന്‍വേണ്ട രീതിയില്‍ വിനിയോഗിക്കുമ്പോഴാണ് സാര്‍ഥകമാകുന്നത്. 

സാങ്കേതിക വിദ്യയുടെ വികാസം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാവണം. സാങ്കേതിക വിദ്യ അധ്യാപകന് പകരം നല്‍കുകയില്ല. മറിച്ച്, പഠനരീതികള്‍ വൈവിധ്യമാക്കാനും അതുവഴി പഠനം ഫലപ്രദമാക്കാനും സാങ്കേതികത ഉപയോഗപ്പെടുത്തണം. അധ്യാപക വിദ്യാഭ്യാസ പരിശീലനത്തില്‍ അനന്ത സാധ്യതകള്‍ വിവര വിനിമയ സാങ്കേതികത നല്‍കുന്നുണ്ട്. ഇത്തരം സാധ്യതകള്‍ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം ശരിയല്ല. സമൂഹത്തിന്‍െറ ചലനഗതിയെ ത്വരിതപ്പെടുത്തുന്നതിനുള്ള നേതൃത്വ പരമായ കഴിവ് അധ്യാപകരില്‍ രൂപപ്പെടുത്തുക എന്ന കടമയായിരിക്കണം അധ്യാപക വിദ്യാഭ്യാസത്തിലൂടെ നിറവേറ്റപ്പെടേണ്ടതെന്ന് ഈ ദേശീയ വിദ്യാഭ്യാസ ദിനത്തില്‍ ഓര്‍മിപ്പിക്കട്ടെ.

(കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസവിഭാഗം അസോ. പ്രഫസറാണ് ലേഖകന്‍)

Tags:    
News Summary - national education day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT