‘‘എെൻറ കുടിലു പൊളിക്കുന്നുവോ നിങ്ങൾ
എെൻറ വസതി കൈയേറുന്നുവോ നിങ്ങൾ
എെൻറ തൊഴില് കളയുന്നുവോ നിങ്ങൾ
എെൻറ സഞ്ചിത സ്വത്വം
തുടച്ചുനീക്കുന്നുവോ?’’
ദേശീയപാത വികസനത്തിെൻറ പേരിൽ പാതയോരത്തെ ജനതയുടെ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് ഇന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ 2010ൽ സഹകരണ മന്ത്രിയായിരിക്കെ എഴുതിയ ‘ആരാണ് നീ ഈ ഒബാമ?’ എന്ന കവിതാസമാഹാരത്തിലെ ‘കേഴുക പ്രിയ നാടേ’ എന്ന കവിതയിലെ വരികളാണ് ഇത്. കവിതയിലുടനീളം ദേശീയപാതയുടെ പേരിലുള്ള ‘നെറികെട്ട വികസന’പദ്ധതിയെപ്പറ്റി കവി രോഷംകൊള്ളുന്നുണ്ട്. എട്ടു വർഷത്തിനിപ്പുറം കവിതയിലൂടെ താൻ ചോദ്യംചെയ്ത ക്രൂരമായ മർത്യനിരാസ വികസനം അതേ ഉൗക്കോടും അന്നത്തേതിനേക്കാൾ ഏറെ ആഘാതത്തോടുംകൂടി നടപ്പാക്കാൻ കവിതന്നെ ഉത്സാഹിക്കുന്നത് വിരോധാഭാസമാണ്. ഇതിനിടയിൽ സംഭവിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ സ്ഥാനത്ത് പിണറായി വിജയൻ അവരോധിക്കപ്പെട്ടു. രണ്ട്, ആലപ്പുഴയിലെ ദേശീയപാതയോരത്തെ വീടിനു പകരം പിറകോട്ടുമാറി കുടിയൊഴിപ്പിക്കലിെൻറ ആഘാതമേൽക്കാത്ത പുതിയ വീടും വസ്തുവും വാങ്ങിയ മന്ത്രി അങ്ങോട്ട് താമസം മാറ്റി. പഴയ വീടും സ്ഥലവും ദേശീയപാത വികസനത്തിന് വിട്ടുകൊടുക്കയാണെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി.
കുടിയൊഴിപ്പിക്കപ്പെടുന്നതിനുമുമ്പേ വേറെ വീടും സ്ഥലവും വാങ്ങി തെൻറയും കുടുംബാംഗങ്ങളുടെയും ഭാവി മന്ത്രി സുഭദ്രമാക്കി. മന്ത്രിയുടെ നടപടി വികസനപക്ഷ പരിത്യാഗം എന്ന പേരിൽ കൈയടിയും നേടി. എന്നാൽ, പാത വികസനത്തിെൻറ പേരിൽ ആകെയുള്ള കിടപ്പാടവും വരുമാനമാർഗങ്ങളും നഷ്ടപ്പെടുമെന്ന ആധിയിൽ കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി വെന്തുരുകി ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. തങ്ങളുടെ പ്രായമായ മാതാപിതാക്കളെയും പ്രായപൂർത്തിയായ പെൺകുട്ടികളെയും കുഞ്ഞുങ്ങളെയുംകൊണ്ട് കുടിയൊഴിപ്പിക്കപ്പെടുന്ന അന്ന് രാത്രി മുതൽ എവിടെ ചേക്കേറുമെന്ന് ഒരെത്തുംപിടിയുമില്ലാതെ പലരും ആത്മഹത്യയുടെ വക്കിലാണ്.
കഴിഞ്ഞമാസം കോഴിക്കോട് വടകരക്കടുത്ത് മുക്കാളിയിൽ കുടിയൊഴിപ്പിക്കൽ സർവേക്ക് പൊലീസിനെയും കൂട്ടി വന്ന ഉദ്യോഗസ്ഥർക്കു മുന്നിൽ ഗത്യന്തരമില്ലാതെ ഇരകൾക്ക് മണ്ണെണ്ണ കാൻ എടുക്കേണ്ടിവന്നു. പാതയോരത്തെ ജനതയുടെ നെഞ്ചിലെ തീയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇത്. കവി പാടിയ ‘‘മാറി വസിക്കാനിടമില്ല, മാറിപ്പഠിക്കാൻ വശവുമില്ലാത്ത’’ ഇക്കൂട്ടർ ഇനിയെന്തു ചെയ്യണം? 2013ലെ പുതിയ നിയമമനുസരിച്ചുള്ള പുനരധിവാസവും മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരവും കൊടുക്കാൻ തീരുമാനിച്ചു എന്ന് സർക്കാർ പറയുന്നു. എന്നാൽ, വസ്തുതകൾ നേരെ മറിച്ചാണ്. 2013ലെ നിയമത്തിലെ ആനുകൂല്യങ്ങൾ നൽകുമെങ്കിൽ എന്തുകൊണ്ടാണ് 1956ലെ ഹൈവേ ആക്ട് അനുസരിച്ച് നോട്ടിഫിക്കേഷൻ ഇറക്കുന്നത്? നാഷനൽ ഹൈവേ ആക്ടിൽ പുനരധിവാസമോ മെച്ചപ്പെട്ട ആനുകൂല്യങ്ങളോ നൽകാൻ വ്യവസ്ഥയില്ല എന്നുള്ളതുകൊണ്ടാണ് സർക്കാർ ഈ കുബുദ്ധി പ്രയോഗിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട പുനരധിവാസമടക്കമുള്ള ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻപോലും ശ്രമിക്കാതെ പാവപ്പെട്ട ഭൂവുടമകളെ വഞ്ചിക്കാൻ ദേശീയപാത അതോറിറ്റിക്ക് ഒത്താശചെയ്യുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ഹൈവേ നിയമമനുസരിച്ചാണ് ഭൂമിയെടുക്കുന്നതെങ്കിലും നഷ്ടപരിഹാരവിതരണം പുതിയനിയമത്തിലെ വ്യവസ്ഥപ്രകാരമായിരിക്കുമെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അതനുസരിച്ച് കമ്പോളവിലയുടെ 300 ശതമാനം (മൂന്നിരട്ടി) അധിക തുക നൽകുമെന്നും പത്രമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു.
എന്നാൽ, തലശ്ശേരി-മാഹി ബൈപാസിെൻറ ഭാഗമായ അഴിയൂർ വില്ലേജിലെ ഭൂമിയുടെ കമ്പോളവില പ്രഖ്യാപനം പുറത്തുവന്നിട്ടുണ്ട്. 10 ലക്ഷത്തിനടുത്ത് വിലയുള്ള ഭൂമിക്ക് സർക്കാർ കണ്ടെത്തിയ വില 56,000 മാത്രമാണെത്ര! ഇത് ചോദ്യംചെയ്ത ഭൂവുടമകളോട് ഈ തുകയോടൊപ്പം മറ്റ് ആശ്വാസത്തുകകൾ ചേർക്കുമ്പോൾ രണ്ടു ലക്ഷത്തിനടുത്താകുമല്ലോ എന്നാണ് ഉദ്യോഗസ്ഥർ പരിഹസിച്ചത്. യഥാർഥ കമ്പോളവിലയും അതിെൻറ രണ്ടിരട്ടി അധിക തുകയും ആശ്വാസത്തുകയും നൽകണമെന്ന നിയമവ്യവസ്ഥയെ പൊളിക്കാൻ സർക്കാർ കണ്ടെത്തിയ കുറുക്കുവഴിയാണ് അടിസ്ഥാന കമ്പോളവില തീരെ കുറച്ചുകാണിക്കുക എന്ന തന്ത്രം.
പാർലമെൻറ് പാസാക്കിയ നിയമത്തെ അട്ടിമറിക്കാൻ മറ്റൊരു ഉത്തരവുകൂടി ഇറക്കിയിട്ടുണ്ട്. നഗര-ഗ്രാമ വ്യത്യാസം നിശ്ചയിച്ചുകൊണ്ടുള്ളതാണത്. കോർപറേഷൻ, മുനിസിപ്പാലിറ്റി മേഖലകൾ നഗരമേഖലകളാണ്. അവിടെ ‘മൾട്ടിപ്പിൾ ഫാക്ടർ 1:1 ആയി പരിഗണിച്ചാൽ മതിയെത്ര! അതായത്, കമ്പോളവിലയോടൊപ്പം അധികതുക ഇല്ല എന്നർഥം! നഗരപരിധിയിൽനിന്ന് 10 കി.മീ. ദൂരം വരെ 20 ശതമാനം (1:1.2) അധികം ലഭിക്കും. ദൂരം 20, 30, 40 കി.മീ. എന്നിങ്ങനെ ആണെങ്കിൽ യഥാക്രമം 40, 60, 80 എന്നിങ്ങനെ ശതമാനം അധിക തുക ലഭിക്കും. കേരളത്തിൽ പത്തോ ഇരുപതോ കി.മീ. കൂടുമ്പോൾ കോർപറേഷൻ അല്ലെങ്കിൽ മുനിസിപ്പാലിറ്റി ഉള്ള സ്ഥിതിക്ക് 20 ശതമാനത്തിൽ അധികം തുക ഇരകൾക്ക് ലഭിക്കരുതെന്ന ‘കാർക്കശ്യം’ പിണറായി വിജയൻ സർക്കാർ 09/08/17ലെ B1/321/2017REV എന്ന ഉത്തരവിലൂടെ ഉറപ്പാക്കിയിരിക്കുന്നു. സംസ്ഥാന സർക്കാറിന് ഒരു സാമ്പത്തികബാധ്യതയുമില്ലാതിരുന്നിട്ടും, നഷ്ടപരിഹാര-പുനരധിവാസകാര്യങ്ങൾ കേരള സർക്കാർ തീരുമാനിച്ചാൽ അതെത്രയായാലും നൽകുമെന്ന് കേന്ദ്ര ഹൈവേ മന്ത്രി കേരളത്തിൽ എത്തി അറിയിച്ചിട്ടും ഈ കൊടുംചതി ഇരകളോട് ചെയ്യുന്നത് എന്തുകൊണ്ടാണെന്നത് ദുരൂഹമാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ടുവർഷമാകാറായിട്ടും ദേശീയപാത വികസനത്തിെൻറ പ്രശ്നങ്ങൾ സമരസംഘടനകളെ വിളിച്ച് ചർച്ചചെയ്യാൻ തയാറായിട്ടില്ല. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിെൻറ സൗന്ദര്യം. വിയോജിപ്പുകൾ ചർച്ചകളിലൂടെ പരിഹരിക്കുക എന്നത് ജനാധിപത്യ സർക്കാറുകളുടെ മുഖമുദ്രയാവേണ്ടതുമാണ്. എന്നാൽ, അധികാരത്തിൽ വന്ന അന്നു മുതൽ മുഖ്യമന്ത്രി പറയുന്നത് ഒരു ചർച്ചയുമിനിയില്ല എന്നാണ്. ‘‘ചർച്ചയില്ലല്ലോ പഠനവുമില്ലല്ലോ, ഒരു ഹൃദ്യം തലോടലും വാക്കുമില്ലല്ലോ’’ എന്ന് ഈ മുഖ്യമന്ത്രിയെക്കുറിച്ചാണ് ജി. സുധാകരൻ തെൻറ കവിതയിൽ എഴുതിെവച്ചതെന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ല.
നവലിബറൽ നയങ്ങളെ ചെറുക്കും എന്ന് സി.പി.എം സംസ്ഥാന സമ്മേളനം ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സി.പി.എം നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ നവലിബറൽ നയങ്ങളുടെ ഭാഗമായ ചുങ്കപ്പാത പദ്ധതിക്കുവേണ്ടി പാവപ്പെട്ട ലക്ഷക്കണക്കിന് പാതയോര നിവാസികളെ ബലികൊടുക്കാനുള്ള പുറപ്പാടിലാണ്. ഇടുക്കി അണക്കെട്ടിനുവേണ്ടി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനുവേണ്ടി വടക്കേ ഇന്ത്യയിൽനിന്ന് അമരാവതിയിൽ പാഞ്ഞെത്തി അവരോടൊപ്പം ഒരാഴ്ചയിലധികം നിരാഹാര സമരപോരാട്ടം നടത്തി ഇരകൾക്ക് പുനരധിവാസം നേടിക്കൊടുത്ത മഹാനായ നേതാവാണ് എ.കെ. ഗോപാലൻ. ആ എ.കെ.ജി പടുത്തുയർത്തിയ പാർട്ടിയുടെ ഇന്നത്തെ നേതാക്കൾ പതിനായിരക്കണക്കിന് കുടുംബങ്ങളെ ഒരു പുനരധിവാസവും നൽകാതെ കുടിയൊഴിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് ഇരട്ടത്താപ്പല്ലെങ്കിൽ മറ്റെന്താണ്?
45 മീറ്റർ ഒരു കെണിയാണ്, ചുങ്കക്കെണി! ഈ പദ്ധതിയെപ്പറ്റി പറയുമ്പോഴൊക്കെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ബി.ഒ.ടി, ടോൾ എന്നീ വാക്കുകൾ ഒഴിവാക്കുന്നു. അതല്ല 45 മീറ്റർ പദ്ധതിയിൽ ടോൾ പിരിക്കില്ലെങ്കിൽ അക്കാര്യം കേരളത്തോട് തുറന്നുപറയണം. ഈ വീതിയിൽ ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറിയ ഇടത്തെല്ലാം അവർ പാലിയേക്കര മോഡൽ ടോൾപ്ലാസകൾ സ്ഥാപിക്കുകയും ടോൾ പിരിക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ ഇത് കാണാത്തതോ കണ്ടില്ലെന്നു നടിക്കുന്നതോ? ഈ പദ്ധതിമൂലം കേരളത്തിൽ പൊളിക്കേണ്ട വീടുകൾ, കെട്ടിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയുടെ എണ്ണം, ആകെ ഏറ്റെടുക്കേണ്ട ഭൂമി, അതിനുവേണ്ടി നീക്കിെവച്ചിട്ടുള്ള നഷ്ടപരിഹാരത്തുക എത്ര, ഓരോ കിലോമീറ്ററിനും വിവിധ വാഹനങ്ങൾ നൽകേണ്ടിവരുന്ന ടോൾ തുക എത്ര എന്നീ കാര്യങ്ങളൊക്കെ നിയമസഭയിലെങ്കിലും പറയേണ്ട ജനാധിപത്യ മര്യാദയെങ്കിലും സർക്കാർ കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.