ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയ സ്ഥലനാമങ്ങളാണ് കടവരിയും കമ്പക്കല്ലും. ഒരു കാലത്ത് ആഗോള ലഹരി വിപണിയിൽ ഏറ്റവും മുന്തിയ വില കിട്ടിയിരുന്നത് ഇൗ മേഖലയിൽ വിളഞ്ഞിരുന്ന നീലചടയൻ കഞ്ചാവിനായിരുന്നു. ഇവിടെ ഉൽപാദിപ്പിച്ചിരുന്ന കഞ്ചാവ് ഒായിലും അതിർത്തികടന്ന് രാജ്യാന്തര വിപണിയിലെത്തി. ഇന്നിപ്പോൾ കടവരിയിലും കമ്പക്കല്ലിലും കഞ്ചാവ് കൃഷിയില്ല, പകരം ഒരു വ്യാഴവട്ടത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി മാത്രം. കഞ്ചാവ് കൃഷിക്കാരെ വിരട്ടിയോടിച്ചതോടെ മണ്ണിലുണ്ടായിരുന്ന കുറിഞ്ഞി വിത്തുകൾ മുളച്ചുവന്നു. 2006ലും 1994ലും പൂത്തതിനേക്കാൾ എത്രയോ അധികം കുറിഞ്ഞിച്ചെടികളാണ് ഇപ്പോൾ ഇവിടെ വളരുന്നത്.
2006ൽ ഇൗ പ്രദേശങ്ങൾ കുറിഞ്ഞിമല സേങ്കതമായി പ്രഖ്യാപിച്ചതോടെ അത് സസ്യങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ സംരക്ഷണകേന്ദ്രവുമായി മാറി. പക്ഷേ, അന്ന് ആരംഭിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങുന്നില്ല. മണവും വിൽപനമൂല്യവും ഇല്ലാത്ത കുറിഞ്ഞിച്ചെടികൾ ഇത്രയും നാൾ വിനോദ സഞ്ചാര വിഷയം മാത്രമായിരുന്നുവെങ്കിൽ, ഇപ്പോഴത് രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നതും ജനസംഖ്യയിലും വരുമാനത്തിലും പിന്നിൽ നിൽക്കുന്നതുമായ വട്ടവട പഞ്ചായത്തിലാണ് കുറിഞ്ഞിമല സേങ്കതം. മൂന്നാറിനും കൊടൈക്കനാലിനും ഇടക്കുള്ള തമിഴ് ഗ്രാമം. അടുത്തകാലംവരെ അയിത്തം നിലനിന്നിരുന്ന ഗ്രാമങ്ങൾ. പക്ഷേ, ഇത്രയേറെ വന്യജീവി സേങ്കതങ്ങൾ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് രാജ്യത്തുണ്ടാകിെല്ലന്നതാണ് വട്ടവടയുടെ പ്രത്യേകത. കുറിഞ്ഞിമല സേങ്കതത്തിന് പുറമെ, ആനമുടിചോല, പാമ്പാടുംചോല ദേശീയ ഉദ്യാനങ്ങളും ഇൗ പഞ്ചായത്തിലാണ്.
എന്നും വിവാദങ്ങൾക്കൊപ്പം
ആദ്യ കാലത്ത് കഞ്ചാവ് കൃഷിക്കാരുടെ ഇഷ്ടകേന്ദ്രമായിരുന്നു. ഗതാഗത സൗകര്യങ്ങളില്ലാത്ത ഇൗ പ്രദേശത്തേക്ക് കഞ്ചാവുവേട്ടക്ക് ഉദ്യോഗസ്ഥർ എത്തില്ലെന്നതായിരുന്നു ധൈര്യം. എന്നാൽ, 1986ൽ എത്തിയ എക്സൈസ്, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് കൃഷിക്കാരെ നേരിടാൻ തീരുമാനിച്ചു. വേട്ട പതിവായതോടെ കഞ്ചാവ് കൃഷി ഉൾവനത്തിലേക്ക് നീങ്ങി. പിന്നീട് ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കഞ്ചാവുവേട്ട ശക്തമാക്കിയതോടെയാണ്, റവന്യൂവകുപ്പിെൻറ കൈവശമുള്ള പ്രദേശങ്ങൾ സംരക്ഷണത്തിനായി വനംവകുപ്പിനെ ഏൽപിക്കണമെന്ന ആശയം ഉയർന്നത്. ഇതേസമയം, മറുഭാഗത്തെ പട്ടയഭൂമിയിൽ ശീതകാല പച്ചക്കറികൾ വിളഞ്ഞു. 19ാം നൂറ്റാണ്ടിെൻറ അവസാനം തുടങ്ങി ഏറ്റവുംകൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിച്ചിരുന്നത് വട്ടവട പഞ്ചായത്തിലാണ്. പ്ലം, ചെറി, പാഷൻഫ്രൂട്ട്, സ്ട്രോെബറി, ആപ്പിൾ, റംബൂട്ടാൻ, ഒാറഞ്ച്, പിച്ചിസ് തുടങ്ങിയവ ധാരാളമായി കൃഷി ചെയ്തിരുന്ന പ്രദേശം പേരിലും പഴത്തോട്ടമായി മാറി.
വട്ടവട പഞ്ചായത്തിലെ ഇടിവരചോല, പുല്ലരടിചോല എന്നിവ 20ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽതന്നെ റിസർവ് വനമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വിവാദമായി മാറിയിട്ടുള്ള കൊട്ടെകാമ്പൂർ വില്ലേജിലെ പ്രദേശങ്ങളിൽ സ്വകാര്യഭൂമി ഉണ്ടായിരുന്നു.1974ലാണ് കടവരിയിൽ കുടിയേറ്റം ആരംഭിക്കുന്നത്. തമിഴ്നാടിെൻറ ഭാഗമായ അക്കരക്കാടിൽ വനംവകുപ്പിെൻറ പ്ലാേൻറഷനിൽ ജോലി ചെയ്തിരുന്ന ശ്രീലങ്കൻ അഭയാർഥികളാണ് ആദ്യം കുടിയേറിയത്. പിന്നീടാണ് ഇവിടേക്ക് കഞ്ചാവ് കൃഷിക്കാർ എത്തുന്നത്. കഞ്ചാവ് കൃഷിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകിയും പച്ചക്കറികൃഷി ചെയ്ത് തമിഴ്നാടിലെ ക്ലാവരയിലും കൊടൈക്കനാലിനും വിൽപന നടത്തിയും അവർ ജീവിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഒരു രാഷ്ട്രീയപാർട്ടിയുടെ നേതൃത്വത്തിൽ അടുത്തഘട്ടം ൈകയേറ്റം. അവരും തമിഴ്നാട്ടുകാർ. പാർട്ടി ഗ്രാമമാണ് ഇവിടം. അപ്പോഴേക്കും കഞ്ചാവ് കൃഷിക്കാർ കൂടുതൽ അകത്തേക്ക് വലിഞ്ഞു. ഇതിനിടെയാണ്, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചക്ക് വരുന്നതും ബദൽ വനവത്കരണത്തിന് ഇരട്ടിസ്ഥലം നൽകണമെന്ന നിർദേശം വരുന്നതും. 2005 ജൂൺ എട്ടിലെ സർക്കാർ ഉത്തരവുപ്രകാരം കൊട്ടെകാമ്പൂർ 58ാം ബ്ലോക്കിലെ 305 ഏക്കർ വനംവകുപ്പിന് കൈമാറി. തുടർന്ന് ജൂലൈ ആറിലെ സർക്കാർ ഉത്തരവുപ്രകാരം 58ാം ബ്ലോക്കിലെ മുഴുവൻ റവന്യൂഭൂമിയും വനംവകുപ്പിന് സംരക്ഷണത്തിനായി കൈമാറി. 2006ലാണ് 58ാം ബ്ലോക്കും വട്ടവട വില്ലേജിലെ 62ാം ബ്ലോക്കും ഉൾപ്പെടുത്തി കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിച്ചത്.
ബ്ലോക്ക് നമ്പർ 58 എന്ന തർക്കഭൂമി
കുറിഞ്ഞിമല സേങ്കതത്തിലെ 58ാം ബ്ലോക്കിലാണ് സ്വകാര്യഭൂമിയുള്ളത്. ജോയ്സ് ജോർജ് എം.പിയുടെ പട്ടയം റദ്ദാക്കിയതും ഇൗ ബ്ലോക്കിൽ. കഞ്ചാവ് കൃഷിയുടെ പിന്മാറ്റത്തെതുടർന്ന് വട്ടവടയിൽ ഭൂമിക്ക് വില വർധിച്ചുതുടങ്ങി. 1990ന് മുമ്പുവരെ പട്ടയഭൂമിക്ക് ഏക്കറിന് 5000-10,000 രൂപയായിരുന്നു വില. പട്ടയമില്ലാത്ത കൈവശഭൂമിക്ക് ഇതിെൻറ പകുതിയായിരുന്നു വില. 19ാം നൂറ്റാണ്ടിൽതന്നെ ജനവാസമുണ്ടായിരുന്നതായും ഒാരോ കുടുംബത്തിനും ഏക്കർകണക്കിന് ഭൂമി സ്വന്തമായുണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1993ൽ കഞ്ചാവ് മാഫിയതലവൻ തോമയുടെ വധത്തെതുടർന്ന് കഞ്ചാവ് കൃഷിക്കാർക്കിടയിൽ രൂപപ്പെട്ട വംശീയകലാപമാണ് കഞ്ചാവിൽനിന്ന് യൂക്കാലിയിലേക്ക് നീങ്ങാൻ മലയാളികളെ പ്രേരിപ്പിച്ചത്. ഭൂമിക്ക് വിലയില്ലാത്തതിനാൽ, വലിയ അളവിൽ ഭൂമി വാങ്ങി യൂക്കാലി നട്ടു. കാര്യമായി പരിചരണം വേണ്ടതില്ലെന്നും വർഷങ്ങൾ കഴിയുന്നതോടെ നല്ല വില ലഭിക്കുമെന്നും അറിഞ്ഞതോടെ കൂടുതൽ പേർ ഭൂമിതേടി എത്തി. ആവശ്യക്കാർ വന്നതോടെ ഭൂമിക്ക് വില വർധിച്ചു. ഇതോടെ ആദ്യം ഭൂമി വാങ്ങിയവർ കിട്ടിയവിലക്ക് വിൽപന നടത്തി മടങ്ങി. എന്നാൽ, തദ്ദേശീയർ പച്ചക്കറികൃഷിയുമായി തുടർന്നു. പക്ഷേ, ബാങ്കിെൻറ കടക്കെണിയിൽപെട്ട ഇവർക്ക് അധികകാലം പിടിച്ചുനിൽക്കാനായില്ല. ജപ്തി നോട്ടീസുകൾ വന്നുതുടങ്ങിയതോടെ ഭൂമി വിൽക്കാൻ നിർബന്ധിതരായി.
ഭൂമി വാങ്ങാൻ വന്നവരുടെ സ്വാധീനവും ബാങ്ക് നോട്ടീസിന് പിന്നിലുണ്ടായിരുന്നു. പട്ടയഭൂമിക്ക് ഒപ്പം കൈവശഭൂമിയും കിട്ടിയ വിലക്ക് വിറ്റു. ജോയ്സ് ജോർജിെൻറ പിതാവും മൂവാറ്റുപുഴയിലെ സാമുദായിക പ്രവർത്തകനും വിവിധ രാഷ്ട്രീയ നേതാക്കളുമൊക്കെ ഇങ്ങനെ ഭൂമി വാങ്ങിയവരാണ്. കൈവശക്കാരുടെ പേരിൽ പട്ടയം വാങ്ങി മുക്ത്യാറും ഒപ്പിട്ടുവാങ്ങിയാണ് പട്ടയഭൂമി എഴുതിവാങ്ങിയത്. 1977ന് ശേഷം ജനിച്ചവർ, 1977 മുതൽ ഭൂമി കൈവശം വെച്ചതായി അവകാശപ്പെട്ട് പട്ടയം വാങ്ങി. നൂറുകണക്കിന് ഏക്കർ ഭൂമിയാണ് മലകയറി വന്നവരിൽ ചിലർ കൈവശംവെച്ച് യൂക്കാലി വളർത്തുന്നത്. എന്നാൽ, കടവരിയിൽ മറ്റൊരു ചിത്രമായിരുന്നു. എ.െഎ.എ.ഡി.എം.കെ നേതാവ് ശശികലക്കും മന്നാർഗുഡി സംഘത്തിനും ബന്ധമുണ്ടെന്ന് കരുതുന്ന മൈജോ ഗ്രൂപ്പിെൻറ പക്കൽ ഇവിെടയുള്ളത് 344.5 ഏക്കർ ഭൂമിയാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിലാണ് ഭൂമി സ്വന്തമാക്കിയതും 99 പേരുടെ പേരിൽ പട്ടയം വാങ്ങിയതും. ഇത് പിന്നീട് മുക്ത്യാർ ഉപയോഗിച്ച് ചെന്നൈയിലെ ഒരു സബ്രജിസ്ട്രാർ ഒാഫിസിൽവെച്ച് ആധാരം നടത്തി. പിന്നീടാണ് കടവരിപാർക്ക് എന്നപേരിൽ വില്ല പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ, ഭൂമി പോക്കുവരവ് ചെയ്ത് കിട്ടാതിരുന്നതും ഫെറകേസും തിരിച്ചടിയായി. ഇതോടെ ഭൂമി വാങ്ങിക്കൊടുക്കാൻ ഇടനിലക്കാരായിനിന്ന പ്രാദേശിക നേതാക്കളുടെയും ഇവർക്ക് പിന്തുണനൽകുന്ന പുറമെ നിന്നുള്ള നേതാക്കളുടെയും കൈവശമായി ഭൂമി.
കുറിഞ്ഞിമല സേങ്കതം
കുറിഞ്ഞി സ്നേഹികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിക്കപ്പെട്ടത്. കുറിഞ്ഞിക്ക് പുറമെ പത്തിനം സസ്തനികൾ, 100ഇനം ചിത്രശലഭങ്ങൾ, 119ഇനം ഒൗഷധസസ്യങ്ങൾ, 14ഇനം പക്ഷികൾ, 50ഇനം പുല്ലുകൾ എന്നിവയും ഇവിടെയുണ്ട്. സേങ്കതം പ്രഖ്യാപിക്കുേമ്പാൾ അതിർത്തി നിശ്ചയിക്കപ്പെട്ടുവെങ്കിലും അത് അന്തിമമായിരുന്നില്ല. 1972ലെ വന്യജീവി നിയമപ്രകാരം സെറ്റിൽമെൻറ് ഒാഫിസറായി നിയമിക്കപ്പെട്ട ദേവികുളം ആർ.ഡി.ഒ, സേങ്കതത്തിനകത്തെ സ്വകാര്യഭൂമിയിലെ അവകാശങ്ങളിൽ തീർപ്പുകൽപിച്ചാൽ മാത്രമേ അവസാന വിജ്ഞാപനം പുറപ്പെടുവിക്കാനും അതിർത്തികൾ നിശ്ചയിക്കാനും കഴിയുകയുള്ളൂ. ഇക്കാര്യം ആദ്യ വിജ്ഞാപനത്തിൽ പറയുന്നുമുണ്ട്. ഏകദേശം 3200 ഹെക്ടർ ഭൂമിയാണ് കുറിഞ്ഞിസേങ്കതമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, 1964 മുതൽ 1999 വരെ വിവിധ കാലഘട്ടങ്ങളിൽ പട്ടയം നൽകിയത് സർക്കാർഭൂമിയിൽനിന്ന് കുറവ് ചെയ്തിട്ടില്ലെന്നാണ് വാദം.
2007ൽ സെറ്റിൽമെൻറ് ഒാഫിസറെ നിയമിച്ചുവെങ്കിലും അനധികൃതമായി ഭൂമി കൈവശംവെച്ചിട്ടുള്ളവരുടെ രാഷ്ട്രീയ സ്വാധീനം, സ്ഥലപരിശോധനക്ക് തടസ്സമായി. കോവിലൂർ റോഡിനോട് ചേർന്നുള്ള 62ാം ബ്ലോക്കിലെ ഭാഗങ്ങൾ കോവിലൂർ ഗ്രാമത്തിലെ കർഷകരുടെ ഭൂമിയാണ് എന്നതും തർക്കത്തിന് കാരണമായി. പരാതിയുയർന്നതോടെ, ഭൂമി സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു. ജനപ്രതിനിധികൾ, റവന്യൂ, വനം, സർവേ ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സംഘം ആദ്യ ദിവസം 62ാം ബ്ലോക്കിൽ പരിശോധന നടത്തി. പട്ടയഭൂമി സേങ്കതത്തിൽ ഉൾപ്പെട്ടതായി കണ്ടു. തുടർന്ന് അടുത്തദിവസം 58ാം ബ്ലോക്കിൽ പരിശോധന നിശ്ചയിച്ചു. കടവരിയിലേക്ക് പുറപ്പെട്ടുവെങ്കിലും ഭൂമിയിൽ അവകാശം സ്ഥാപിച്ചിട്ടുള്ള പ്രാദേശിക രാഷ്ട്രീയ നേതൃത്വവും അവിടെനിന്നുള്ള ജനപ്രതിനിധികളും സഹകരിച്ചില്ല. പിന്നീട് പലതവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്നാണ് വില്ലേജ് ഒാഫിസറെ സ്പെഷൽ ഒാഫിസറായി നിയമിച്ച് ഭൂമിയിൽ അവകാശമുള്ളവരുടെ അപേക്ഷകൾ നേരിട്ട് വാങ്ങാനും പരിശോധന നടത്താനും തീരുമാനിച്ചത്.
ഇത്തരത്തിൽ 110 അപേക്ഷകൾ ലഭിച്ചു. അപ്പോഴും കടവരിയിൽനിന്നും അപേക്ഷ നൽകിയില്ല. അവിടേക്ക് പുറപ്പെട്ട റവന്യൂസംഘത്തെ വില്ലേജ് ഒാഫിസിലിട്ട് മർദിക്കുകയും ചെയ്തതോടെ ആ ദൗത്യം അവസാനിച്ചു. തുടർന്ന് സബ്കലക്ടറുടെ നേതൃത്വത്തിൽ സിറ്റിങ് നടത്തി അപേക്ഷ വാങ്ങി. 79 കുടുംബങ്ങൾ താമസിക്കുന്ന കടവരിയിൽനിന്നും എത്തിയത് 180 അപേക്ഷകൾ. ഇതിനിടെ കുറിഞ്ഞിമലയിൽ കാട്ടുതീ കയറി. അതേതുടർന്നാണ് 2014ൽ അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷൺ സ്ഥലം സന്ദർശിക്കുന്നതും അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരെൻറ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുന്നതും. ജോയ്സ് ജോർജ് ഇടതുമുന്നണി പിന്തുണയോടെ ലോക്സഭാംഗമായതോടെ കുറിഞ്ഞിമല രാഷ്ട്രീയവിഷയമായി മാറി. 2015 ഫെബ്രുവരി 16ന് നിവേദിത പി. ഹരൻ റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. സേങ്കതത്തിലുൾപ്പെടുന്ന ഭൂമിയുടെ തണ്ടപ്പേർ പരിശോധന നടത്തണമെന്നും ഇത് മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്നുമായിരുന്നു നിർദേശം.
ലാൻഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തിൽ ഭൂമിയുടെ സർവേ നാലുമാസത്തിനകം പൂർത്തിയാക്കണം, മുക്ത്യാർ ഉപയോഗിച്ചുള്ള ഭൂമിവിൽപന നിരോധിക്കണം തുടങ്ങിയ നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഇതനുസരിച്ച് സബ്കലക്ടർ നടപടി തുടങ്ങിയപ്പോഴേക്കും സമരം വന്നു. ഇതേസമയം, പലപ്പോഴായി പട്ടയം ലഭിച്ചവർ സ്വന്തം ഭൂമി പോക്കുവരവ് ചെയ്ത് കിട്ടാനായി കാത്തിരിക്കുന്നു. സേങ്കതത്തിലെ സ്വകാര്യഭൂമിയിൽ അവകാശം ഉന്നയിക്കുന്നവരുടെ രേഖകൾ കൃത്യമെങ്കിൽ സെറ്റിൽമെൻറ് ഒാഫിസർ അത് പരിശോധിച്ച് തീർപ്പ് കൽപിക്കുകയെന്നതാണ് പരിഹാരം. തലമുറകളായി കഴിയുന്ന ഭൂവുടമകൾക്ക് കരമടക്കാനും കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.