പുത്തന്‍ വിദ്യാഭ്യാസ നയരേഖ ഒളിയജണ്ടകളുടെ സമാഹാരം

ആ ചൈനീസ് പഴമൊഴിയില്‍ പതിരുണ്ടെന്ന് ആരും പറയില്ല. ‘‘അഞ്ചു വര്‍ഷം അപ്പുറത്തേക്ക് നോക്കുന്നവര്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കും. 25 വര്‍ഷങ്ങള്‍ അപ്പുറത്തേക്ക് നോക്കുന്നവര്‍ നാണ്യവിളകള്‍ വെച്ചുപിടിപ്പിക്കും. തലമുറകള്‍ക്കപ്പുറത്തേക്ക് നോക്കുന്നവര്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കും.’’ നല്ല ലക്ഷ്യത്തോടുകൂടിയും ചീത്ത ലക്ഷ്യത്തോടുകൂടിയും ഇതിന്‍െറ സാരാംശം ഉള്‍ക്കൊണ്ടവരാണ് ലോകത്തെവിടെയുമുള്ള എല്ലാ കാലഘട്ടത്തിലെയും ഭരണാധികാരികള്‍. ‘ക്യാച്ച് ദം യങ്’ എന്നുപറഞ്ഞുകൊണ്ട് പാഠ്യപദ്ധതിയെ ചൊല്‍പ്പടിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഹിറ്റ്ലറുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ലോകം കണ്ടതാണ്. സാമൂഹികപുരോഗതിക്കുവേണ്ടിയുള്ള യത്നങ്ങളില്‍ പരിശീലനം ലഭിച്ച മനുഷ്യവിഭവം ലഭ്യമാക്കാന്‍ വേണ്ടിയാകണം വിദ്യാഭ്യാസം എന്നു പറഞ്ഞവര്‍ക്ക് ഹിറ്റ്ലറുടെ ലക്ഷ്യമായിരുന്നില്ല. അധികാരം കൈയാളുന്നവരുടെ വര്‍ഗസ്വഭാവവും സാമൂഹിക താല്‍പര്യങ്ങളും പ്രതിഫലിക്കാത്ത വിദ്യാഭ്യാസപദ്ധതി സങ്കല്‍പങ്ങളില്‍ മാത്രമേ സാധമാവൂ.

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചക്ക് വെച്ചിരിക്കുന്ന വിദ്യാഭ്യാസ നയരേഖയില്‍ പ്രതിഫലിക്കുന്നത് ഉന്നതാധികാരം കൈയാളുന്നവരുടെ താല്‍പര്യങ്ങള്‍ തന്നെയാണ്. Some Inputs for Draft National Educational Policy 2016 (2016ലെ കരട് ദേശീയ വിദ്യാഭ്യാസ നയത്തിനുവേണ്ടിയുള്ള ചില ആശയങ്ങള്‍) എന്ന പേരിലാണ് മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ അത് വെളിച്ചം കണ്ടത്. ആ രേഖ തയാറാക്കിയതാരെന്നോ അതിന്‍െറ ഉത്തരവാദിത്തം ആര്‍ക്കെന്നോ തീയതി എന്നെന്നോ വ്യക്തമാക്കാനുള്ള മര്യാദ കാണിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് എന്തുകൊണ്ടോ തോന്നിയില്ല. യു.പി.എ ഭരണകാലത്ത് വിദ്യാഭ്യാസ പുന$സംഘടനക്കുവേണ്ടി രൂപം കൊണ്ട ബിര്‍ള-അംബാനി റിപ്പോര്‍ട്ട് രാജ്യം മറന്നുപോയിട്ടില്ല. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍െറയും ഗാട്ടിന്‍െറയും  തത്ത്വശാസ്ത്രമായിരുന്നു അതിന്‍െറ മുഖമുദ്ര. വിദ്യാഭ്യാസത്തിന്‍െറ വാണിജ്യവത്കരണത്തിനുള്ള സമ്മതപത്രം ആയിരുന്നു അത്. ആ സമീപനത്തില്‍ തെല്ലും മാറ്റം വരുത്താതെ വിദ്യാഭ്യാസത്തില്‍ വര്‍ഗീയവത്കരണത്തിനുള്ള സാധ്യത തേടുകയാണ് 2016ലെ നയരേഖ. സംഘ്പരിവാറിന്‍െറ വിദ്യാഭ്യാസ കാര്യദര്‍ശികളായ സ്വയം സേവക പ്രമുഖരുടെ മറച്ചുവെക്കാനാവാത്ത സ്വാധീനം അതില്‍ പ്രതിഫലിക്കുന്നു. കമ്പോളത്തിന്‍െറ ലാഭതാല്‍പര്യത്തോടും വംശമേധാവിത്വത്തിന്‍െറ വര്‍ഗീയവാദ പ്രവണതകളും കൈകോര്‍ത്തുനിന്നുകൊണ്ട് വിദ്യാഭ്യാസമേഖലയെ കീഴ്പ്പെടുത്താന്‍ നടത്തുന്ന കരുനീക്കങ്ങളുടെ മാനിഫെസ്റ്റോ എന്ന് വേണമെങ്കില്‍ ആ രേഖയെ വിളിക്കാം.

ഈ കരട് രേഖ സ്വാഭാവികമായും സാമൂഹികനീതിയോടും മതനിരപേക്ഷ മൂല്യങ്ങളോടും ശാസ്ത്രാഭിമുഖ്യത്തോടും പുറംതിരിഞ്ഞുനില്‍ക്കുന്നതാണ്. ഫലപ്രദമായ ഒരു ചര്‍ച്ചക്ക് പോലുമുള്ള അടിസ്ഥാനമാകാന്‍ അതിന് കഴിയില്ളെന്ന വിമര്‍ശനമുണ്ടായപ്പോള്‍ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അത് വെബ്സൈറ്റില്‍നിന്ന് പിന്‍വലിക്കാമെന്ന് പാര്‍ലമെന്‍റില്‍ വാക്കുപറഞ്ഞു. എന്നാല്‍, പറഞ്ഞതിനെക്കാള്‍ വേഗത്തില്‍ അദ്ദേഹം അത് മറന്നുപോയി. ഇപ്പോഴും വെബ്സൈറ്റില്‍ ഉത്തരവാദി ആരെന്ന് വ്യക്തമാക്കാതെ കിടക്കുന്ന ഈ രേഖയെപ്പറ്റി തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ വിളിച്ചുകൂട്ടി ചര്‍ച്ചയെന്ന പേരില്‍ സര്‍ക്കാര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടത്രെ. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും അടക്കമുള്ള വിപുലമായ വിഭാഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാന്‍ അര്‍ഥവത്തായ ശ്രമങ്ങളൊന്നും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അത് യാദൃശ്ചികവുമല്ല. പുറമേക്ക് നോക്കിയാല്‍ നിരുപദ്രവകരം എന്നുതോന്നിപ്പിക്കുന്നതരത്തിലാണ് കരടുരേഖ തയാറാക്കപ്പെട്ടിരിക്കുന്നത്. അതിനകത്ത് ഹിന്ദുത്വ ശക്തികളുടെ വിദ്യാഭ്യാസ സംബന്ധിയായ ആശയങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന്‍െറ നാലാം നാളില്‍ തുടങ്ങിയതാണ് വിദ്യാഭ്യാസത്തെ ചൊല്‍പ്പടിയിലാക്കാനുള്ള ഈ കരുനീക്കം. ആര്‍.എസ്.എസിന്‍െറ വിദ്യാഭ്യാസ വിദഗ്ധനായി കരുതപ്പെടുന്ന ദീനാനാഥ് ബത്ര അന്നത്തെ മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്ക് നല്‍കിയ കുറിപ്പ് അതിനുള്ള ബ്ളൂപ്രിന്‍റ് ആയിരുന്നു.

ജ്ഞാനവിജ്ഞാന മണ്ഡലങ്ങളിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലെല്ലാം തങ്ങളുടെ ദാര്‍ശനിക ബന്ധുക്കളെ മാത്രമേ നിയോഗിക്കാവൂ എന്നത് സര്‍ക്കാറിന്‍െറ അപ്രഖ്യാപിത നയമായി. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷനായി കാകതീയ സര്‍വകലാശാലയില്‍ ഒരു സാധാരണ പ്രഫസര്‍ മാത്രമായ സുദര്‍ശനറാവു നിയമിക്കപ്പെട്ടു. അയോധ്യയില്‍ തകര്‍ത്തെറിയപ്പെട്ട ബാബരി മസ്ജിദിനടിയില്‍ ഒരമ്പലം ഉണ്ടായിരുന്നുവെന്ന് വാദിച്ചുകൊണ്ട് ലേഖനം എഴുതിയതായിരുന്നു അദ്ദേഹത്തിന്‍െറ യോഗ്യത. ആ നിയമനത്തിന്‍െറ യുക്തിഭദ്രതയെ ചോദ്യം ചെയ്ത റൊമിലാ ഥാപ്പര്‍ക്കുനേരെ ആക്രോശങ്ങളുമായി ആര്‍.എസ്.എസുകാര്‍ ചാടിവീണു. അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തലവനായി ഗജേന്ദ്ര ചൗഹാന്‍ എന്ന സീരിയല്‍ നടന്‍ അവരോധിതനായി. അതിനെ ചോദ്യം ചെയ്തുയര്‍ന്നുവന്ന വിദ്യാര്‍ഥികളുടെയും കലാകാരന്മാരുടെയും പ്രതിഷേധത്തെ കൈയൂക്ക് കൊണ്ടാണ് സര്‍ക്കാറിന്‍െറ അനുകൂലികള്‍ നേരിട്ടത്.  അവര്‍ക്ക് സംവാദത്തിന്‍െറ ഭാഷ അറിയില്ല. വിയോജിപ്പുകളെ കര്‍ക്കശമായിതന്നെ അടിച്ചമര്‍ത്താന്‍ പഠിപ്പിക്കുന്ന ഹിറ്റ്ലറൈറ്റ് പാഠശാലയില്‍നിന്നാണ് അവര്‍ പഠിച്ചിറങ്ങിയത്. ചെന്നൈ ഐ.ഐ.ടി.യിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലും ജെ.എന്‍.യുവിലും അലഹബാദ്-ജാദവ്പൂര്‍ യൂനിവേഴ്സിറ്റികളിലുമെല്ലാം അടിച്ചമര്‍ത്തലിന്‍െറ തത്ത്വശാസ്ത്രം ആശയസംവാദത്തിന്‍െറ ശൈലിയോട് യുദ്ധം പ്രഖ്യാപിച്ചത് രാജ്യം കണ്ടതാണ്. അത്തരം സമീപനങ്ങള്‍ക്ക് ഒൗദ്യോഗിക അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമെന്ന് പുതിയ കരടുനയത്തെ വിശേഷിപ്പിക്കാം.

ചാതുര്‍വര്‍ണ്യത്തിന്‍െറ തടവറയില്‍നിന്നാണ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മുന്നേറ്റം തുറന്നുവെക്കുന്ന സാധ്യതകളെ സമത്വത്തിന്‍െറയും പുരോഗതിയുടെയും പാതയിലൂടെ നയിക്കാനല്ല മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുദക്ഷിണയായി പെരുവിരല്‍ നല്‍കേണ്ടിവന്ന ഏകലവ്യന്‍െറ പിന്‍മുറക്കാരോട് വാക്കുകളിലൂടെ മാത്രം സ്നേഹം കാണിക്കാനേ അവര്‍ക്കറിയൂ. ‘പണിയെടുക്കുന്ന കുട്ടികള്‍’ എന്ന പ്രയോഗത്തിന്‍െറ മറവില്‍ പാവങ്ങളുടെ മക്കളെ ഒൗപചാരിക വിദ്യാഭ്യാസത്തിന്‍െറ പൊതുധാരയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമമാണ് പുതിയ നയത്തിലെ ആപത്കരമായ ഘടകങ്ങളിലൊന്ന്. അവര്‍ക്ക് പഠിക്കാനായി ബദല്‍ വിദ്യാഭ്യാസധാര ഉണ്ടായിവരുമത്രെ! ആ കുട്ടികളെ ‘കുടുംബസംരംഭങ്ങ’ളെന്ന് ഓമനപ്പേരിട്ട പണിയിടങ്ങളിലേക്ക് അയക്കാനാണ് ഗവണ്‍മെന്‍റിന് തിടുക്കം. അഞ്ചാം ക്ളാസ് മുതല്‍ അതിനായി അവരെ സജ്ജമാകാന്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. കേള്‍ക്കുമ്പോള്‍ എത്ര മനോഹരമായ ആശയം! കുറഞ്ഞ കൂലിക്ക് ബാലവേലക്ക് ആളെ കൊടുക്കുന്ന കങ്കാണി പണിയാണ് ഗവണ്‍മെന്‍റ് ചെയ്യാന്‍ ശ്രമിക്കുന്നത്. ബാലവേല നിരോധന നിയമത്തെ വളഞ്ഞവഴിയിലൂടെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. ആറു വയസ്സിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം ആക്കാനായി 2002ല്‍ ഭരണഘടന ഭേദഗതി ചെയ്ത രാജ്യമാണ് നമ്മുടേത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് 2009ലെ വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍വന്നത്. ഏട്ടിലെ പശുക്കള്‍ പുല്ല് തിന്നാത്തതുപോലെ ഈ നിയമങ്ങളൊന്നും ലക്ഷ്യം നേടിയില്ല. എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികളോടും പിന്നാക്ക പ്രദേശങ്ങളോടും ദലിതരോടും ആദിവാസികളോടും മുസ്ലിംകളോടും കാട്ടുന്ന വിവേചനം അഭംഗുരം തുടരുകയാണ്.

അഞ്ചാം ക്ളാസിനുശേഷം പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് പോകേണ്ടിവന്നാല്‍ എട്ടാം ക്ളാസ് വരെയുള്ള സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമെന്ന ‘മൗലികാവകാശം’ അവര്‍ക്ക് നിഷേധിക്കപ്പെടുകയല്ളേ? ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കരടുരേഖയിലില്ല. നൈപുണ്യ വികസനത്തെപ്പറ്റി രേഖയില്‍ പരാമര്‍ശങ്ങളുണ്ട്. 15 വയസ്സിന് മുകളിലുള്ളവരെ പ്രായപൂര്‍ത്തിവന്നവരെന്ന് വിവക്ഷിക്കുന്നതിലൂടെ അവര്‍ക്ക് അവകാശപ്പെട്ട ബാല്യത്തിന്‍െറ പരിഗണനകള്‍ നിഷേധിക്കപ്പെടുകയാണ്. അവരെല്ലാം അനൗപചാരിക സംരംഭങ്ങളില്‍ പണിക്ക് പോകണമെന്ന കാഴ്ചപ്പാടും രേഖയിലുണ്ട്. സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ‘സ്കില്‍ ഇന്ത്യ’ പദ്ധതികളിലേക്ക് കുറഞ്ഞ കൂലിക്ക് അധ്വാനശേഷി പ്രദാനം ചെയ്യുകയാണോ ഇതിന്‍െറ ലക്ഷ്യമെന്ന ചോദ്യം ഉയര്‍ന്നുവരുന്നു. സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്ത പദ്ധതിയുടെ (പി.പി.പി) മറവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനത്തിന്‍െറ തേര്‍വാഴ്ച ആയിരിക്കും സംഭവിക്കാന്‍ പോകുന്നത്. വിദേശ പ്രത്യക്ഷ നിക്ഷേപത്തിന് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍െറ വാതിലുകള്‍ തുറന്നിടുമെന്ന് നയരേഖ പറയുന്നു.

പാശ്ചാത്യമൂല്യബോധങ്ങളുടെ കുതിരപ്പുറത്ത് കയറി വിദേശ താല്‍പര്യങ്ങള്‍  ഇവിടെ കൊടികുത്താന്‍ വരുമെന്നാണ് അതിനര്‍ഥം. ഭാരതീയ മൂല്യങ്ങളെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും നയരേഖയുടെ ആദ്യഭാഗങ്ങളില്‍ പറയുന്നതെല്ലാം ഭംഗിവാക്കുകളാവുകയാണ്. യോഗയെപറ്റിയും സംസ്കൃതത്തെപ്പറ്റിയും ഉള്ള പരാമര്‍ശങ്ങളെ ശുദ്ധാത്മാക്കളുടെ കണ്ണില്‍കൂടി കാണാന്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ കഴിയുകയില്ല. ലോകത്തെ സമസ്ത അറിവുകളുടെയും ഉറവിടം ഇന്ത്യയിലാണെന്ന വാദം കേള്‍ക്കാന്‍ ഇമ്പമുള്ളതായിരിക്കും. എന്നാല്‍, ചരിത്രത്തിന്‍െറയും ശാസ്ത്രത്തിന്‍െറയും നോട്ടപ്പാടില്‍ അത്തരം വാദങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കുമ്പോഴാണ് വിദ്യാഭ്യാസം അതിന്‍െറ അന്വേഷണാത്മകതയോട് നീതി പുലര്‍ത്തുന്നത്. എല്ലാം വേദങ്ങളിലുണ്ടെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെതന്നെ മഹത്തായ പാരമ്പര്യങ്ങളെ നിഷേധിക്കലാണ്. മോദി ഗവണ്‍മെന്‍റിന്‍െറ വിദ്യാഭ്യാസ നയരേഖ തുടങ്ങുന്നതുതന്നെ ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്‍െറ ആരംഭം വേദങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സമര്‍ഥിച്ചുകൊണ്ടാണ്. വേദപൂര്‍വകാലത്തെ ജീവിതത്തെയോ വിദ്യാഭ്യാസത്തെയോ അംഗീകരിക്കാന്‍ അതിന്‍െറ ശില്‍പികള്‍ക്ക് മനസ്സില്ല. അവരോട് ഇന്ത്യയുടെതന്നെ പാരമ്പര്യം പറയുന്നത് ‘‘നേതി, നേതി’’ എന്നതാണ്.

Tags:    
News Summary - new education policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT