അമേരിക്കയും ഇറാനും തമ്മിലെ പോർവിളികൾ ലോകത്തിെൻറ സമാധാനപൂർണമായ ജീവിതത്തിന് വലിയ ഭംഗമാണ് വരുത്തിവെക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയും വൻശക്തികളും തലപുകഞ്ഞാലോചിച്ചിട്ടും ഇതിനൊരു പരിഹാരം തീർക്കാനും കഴിഞ്ഞില്ല. വിഷയസംബന്ധമായി ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അംഗങ്ങളായ റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുമായും ജർമനിയുമായും ഇറാൻ കഴിഞ്ഞമാസങ്ങളിൽ സംഭാഷണം നടത്തുകയുണ്ടായി. 2015ൽ ഒപ്പുവെച്ച ജെ.സി.പി.ഒ.എ കരാർ അതേപടി പുനഃസ്ഥാപിക്കുകയെന്നതാണ് യൂറോപ്യൻ യൂനിയനും റഷ്യയും ചൈനയുമെല്ലാം ആഗ്രഹിക്കുന്നത്. അതായിരിക്കും ലോകസമാധാനത്തിന്സഹായകമാവുക എന്നവർ വിശ്വസിക്കുന്നു. എന്നാൽ, 2018ൽ കരാറിൽനിന്ന് ഏകപക്ഷീയമായി പിൻവാങ്ങവെ ഡോണൾഡ് ട്രംപ് ഭരണകൂടം അടിച്ചേൽപിച്ച തീവ്രമായ ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് ഇറാെൻറ ഉപാധി. കരാർ പുനഃസ്ഥാപിക്കുന്നതിൽ അമേരിക്കക്കും താൽപര്യമുണ്ട്. പ്രസിഡൻറ് ജോ ബൈഡൻ ഇത് തുറന്നുപറയുകയും ചെയ്തു. പക്ഷേ, സന്ധിസംഭാഷണങ്ങൾക്ക് ആരു മുൻകൈയെടുക്കുമെന്നറിയാതെ കാര്യങ്ങൾ നീണ്ടുപോകുകയായിരുന്നു. എന്നാലിപ്പോൾ അമേരിക്കയുടെ ഇറാൻകാര്യങ്ങൾക്കായുള്ള പ്രത്യേക ദൂതൻ റോബ് മാലിയുടെ നേതൃത്വത്തിൽ ഒരു ദൗത്യസംഘംതന്നെ ഏപ്രിൽ ആറിനും 10നും വിയനയിൽ നടന്ന ആണവ സംഭാഷണത്തിൽ പങ്കെടുത്തത് പ്രത്യേകം പരാമര്‍ശമർഹിക്കുന്നു. ഏപ്രിൽ 15ന് പുനരാരംഭിച്ച ചര്‍ച്ച ഒരു തീരുമാനമാകുന്നതുവരെ തുടരുമെന്ന് പ്രതീക്ഷിക്കാം.
രണ്ടു ദശകങ്ങളിലേറെയായി അന്താരാഷ്ട്രതലത്തിൽ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട് ഇറാെൻറ ആണവ സാങ്കേതിക വിദ്യ. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗപ്പെടുത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ വാദിക്കുന്നു. പേക്ഷ, അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും സംശയിക്കുന്നത് ഇറാൻ ബോംബു നിര്‍മാണത്തിനൊരുങ്ങുകയാണെന്നാണ്. ഈയൊരു പശ്ചാത്തലത്തിലാണ് 2015ൽ ഇറാൻ-അമേരിക്ക ആണവ കരാർ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര ആണവ കർമപദ്ധതി (ജെ.സി.പി.ഒ.എ) നിലവിൽ വന്നത്. അഞ്ച് വൻശക്തി രാഷ്ട്രങ്ങളും ജർമനിയും ഇതിൽ ഒപ്പുവെച്ചു. തങ്ങളുടെ മേൽ ചുമത്തപ്പെട്ട സാമ്പത്തിക ഉപരോധം പിൻവലിക്കുന്നതിന് സഹായകമാകുമെന്ന് കരുതിയാണ് ഇറാൻ കരാറിന് വഴങ്ങിയത്. എന്നാൽ, 2018ൽ ഡോണൾഡ് ട്രംപ് ഭരണകൂടം കരാറിൽനിന്ന് പിൻവാങ്ങുകയും വീണ്ടും ഇറാെൻറ മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
അമേരിക്ക ഉപരോധം പിൻവലിച്ചാലേ ആണവ ചര്‍ച്ച പുനരാരംഭിക്കാവൂ എന്ന കാര്യത്തിൽ ഇറാനിലെ ഭരണ-പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടാണ്. അതേസമയം, യു.എസ് സെനറ്റംഗങ്ങൾക്കിടയിൽ ഇതിൽ അഭിപ്രായാന്തരങ്ങളുണ്ട്. ആൻറണി ബ്ലിങ്കെൻറ നേതൃത്വത്തിലെ വിദേശകാര്യ മന്ത്രാലയം പ്രശ്ന പരിഹാരത്തിനുള്ള എല്ലാ വഴികളും തേടുന്നു. കരാർ 2015ലേതുപോലെ പുനഃസ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ, ഇറാനെ കൂടുതൽ സമ്മർദത്തിലാക്കാൻ ഈ അവസരം എങ്ങനെ ഉപയോഗിക്കാമെന്നതിലാണ് സെനറ്റിലെ കഴുകന്മാരുടെ ശ്രദ്ധ. അവർ ആണവ കരാറിനോടൊപ്പം ഇറാെൻറ മിസൈൽ പദ്ധതികൂടി ചര്‍ച്ചചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ, വകവെച്ചുകൊടുക്കാൻ ഒരുക്കമല്ല അലി ഖാംനഈ. അമേരിക്കൻ ഉപരോധം ജൂണിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇറാനിലെ തീവ്രവാദ-യാഥാസ്ഥിക പക്ഷത്തിന് ഗുണംചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യഥാർഥത്തിൽ, ഖാംനഈയുടെ കൂടെ നില്‍ക്കുന്ന യാഥാസ്ഥിതിക തീവ്രവാദപക്ഷത്തിന് ഡോണൾഡ് ട്രംപ് നൽകിയ സമ്മാനമാണ് കരാറിൽനിന്നുള്ള പിന്മാറ്റം.
അമേരിക്ക ഉപരോധം പിൻവലിക്കാത്തതിനാൽ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവ ഏജന്‍സി (IAEA) നടത്തിവരുന്ന പരിശോധനകൾക്ക് ഇറാൻ അനുമതി നിഷേധിക്കാൻ ഒരുമ്പെട്ടു. 2021 ഫെബ്രുവരി 23 ആയിരുന്നു അതിെൻറ സമയപരിധി. എന്നാൽ, ഭാഗ്യവശാൽ, അവസാന നിമിഷം ഇറാൻ ശാഠ്യം മാറ്റിവെച്ചു. ആണവ ഏജന്‍സിയായ ഐ.എ.ഇ.എ അതിെൻറ ഉത്തരവാദിത്തം നിർവഹിച്ചു. ലോകരാഷ്ട്രങ്ങളുടെ ഉത്കണ്ഠ തൽക്കാലത്തേക്ക് വിട്ടുമാറിയെന്നാണ് ഇതിനെക്കുറിച്ച് ചെയർമാൻ റാഫേൽ ഗ്രോസി മാധ്യമങ്ങളോട് പ്രതികരിച്ചത്.
രക്ഷാസമിതി അംഗങ്ങളെയും ജർമനിയെയും ഇറാൻ വിശ്വാസത്തിലെടുത്തിരിക്കുന്നതും അമേരിക്കയെ സമ്മർദത്തിലാക്കാൻ വേണ്ടിയാണ്. അതുവഴി എണ്ണ കയറ്റുമതി, ബാങ്കിങ്, മറ്റു സാമ്പത്തിക മേഖലകളിലെ ഉപരോധം എന്നിവ മറികടക്കാൻ അവർ ആഗ്രഹിക്കുന്നു. അതേസമയം, ഇറാനെ ബോംബ് നിര്‍മാണത്തിന് സജ്ജമാക്കരുതെന്ന് അമേരിക്കയും ആഗ്രഹിക്കുന്നു. ഇത് സംബന്ധമായി ആൻറണി ബ്ലിങ്കൻ ഈയിടെ പറഞ്ഞത് ഇറാനുദ്ദേശിച്ചാൽ ഒരുമാസംകൊണ്ടോ, അല്ലെങ്കിൽ ഏതാനും ആഴ്ചകൾകൊണ്ടോ ബോംബ് നിര്‍മിക്കാൻ സാധിക്കുമെന്നാണ്. അതിനുള്ള പരിഹാരം ജെ.സി.പി.ഒ.എ പുനരാരംഭിക്കുക എന്നതുതന്നെയാണെന്ന് അവർ വിലയിരുത്തുന്നു.
ഇറാെൻറ അറ്റോമിക് എനർജി ഏജന്‍സി ഡയറക്ടർ അലി അക്ബർ സാലിഹ് ആണവ ചര്‍ച്ചകൾ സ്വാഗതാർഹമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പേക്ഷ, ചര്‍ച്ചകൾ അമേരിക്കയുടെയോ യൂറോപ്യൻ രാഷ്ട്രങ്ങളുടെയോ ഇസ്രായേലിെൻറയോ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊണ്ടായിരിക്കരുതെന്ന് ഇറാന് നിർബന്ധമുണ്ട്. മൂന്നുമാസങ്ങൾക്കകം ആണവ കരാറിൽ തീരുമാനമായില്ലെങ്കിൽ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവ ഏജന്‍സി സ്ഥാപിച്ച നിരീക്ഷണ കാമറകൾ നീക്കംചെയ്യുമെന്ന് ഇറാൻ താക്കീത് നല്‍കുന്നു. അനുരഞ്ജനത്തിലേർപ്പെട്ടിരിക്കുന്ന വൻശക്തികൾ ആശങ്കപ്പെടുന്നത് ഇറാൻ അതിവേഗം ബോംബുമായി രംഗത്തുവന്നേക്കുമെന്നാണ്. അങ്ങനെവന്നാൽ അത് മിഡിലീസ്റ്റിൽ പുതിയ സംഘർഷങ്ങൾക്ക് വഴിവെക്കും.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ അഭിപ്രായത്തിൽ അമേരിക്ക ചെയ്ത ഏറ്റവും വലിയ അപരാധമാണ് ഈ കരാർ. അതെങ്ങനെയെങ്കിലും കുഴിച്ചുമൂടണമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇതിനുവേണ്ട കരുക്കൾ നീക്കുകയാണവർ. എന്നാൽ, രസകരമായ വസ്തുത ഇസ്രായേൽ ഇന്നുവരെയും ആണവായുധ വ്യാപനത്തിനെതിരെയുള്ള കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നതാണ്. ജറൂസലമിൽനിന്ന് 90 കിലോമീറ്റർ അകലെ ഡിമോണ പട്ടണത്തിൽ നിന്നകലെയല്ലാതെ സ്ഥിതിചെയ്യുന്ന മരുഭൂമിയിൽ 1950ൽ തുടങ്ങിയതാണ് ഇസ്രായേലിെൻറ ബോംബ് നിര്‍മാണം. ഇപ്പോൾ ഇസ്രായേലിെൻറ കൈവശം 80 ബോംബുകൾക്കുള്ള സാമഗ്രികളുണ്ടെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
മധ്യപൂർവ ദേശത്ത് ആണവായുധങ്ങളും ബോംബും രംഗത്തുകൊണ്ടുവന്നത് ഇസ്രായേലാണെന്ന വസ്തുത സൗകര്യപൂർവം വിസ്മരിക്കുകയാണ് പാശ്ചാത്യശക്തികൾ. ഇക്കാര്യം അംഗീകരിക്കുകയും നടപടികൾ സ്വീകരിക്കുകയുമാണ് മിഡിലീസ്റ്റിനെ ആണവമുക്തമാക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത്. എന്തുതന്നെയായാലും അനുരഞ്ജന ശ്രമങ്ങൾ തുടരുമെന്നും ജൂൺ 18ന് ഇറാൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനുമുമ്പ് രമ്യമായ തീരുമാനം മുന്നോട്ടുവെക്കാൻ ലോക നേതൃത്വത്തിനു സാധ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ലോകമൊട്ടുക്കുമുള്ള സമാധാനകാംക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.