ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്കുശേഷം ലക്ഷണമൊത്ത ഒരു പുതിയ ‘സൗരയൂഥ’ത്തെ ഗവേഷകര്‍ കണ്ടത്തെിയിരിക്കുന്നു. കേവലം 40 പ്രകാശവര്‍ഷം അകലെ കുംഭം രാശിയില്‍ ട്രാപിസ്റ്റ് 1 എന്ന കുള്ളന്‍ നക്ഷത്രത്തെയും അതിനെ പരിക്രമണം ചെയ്യുന്ന ഏഴ് ഭൂസമാന ഗ്രഹങ്ങളെയുമാണ് കഴിഞ്ഞമാസം അവസാനം തിരിച്ചറിഞ്ഞത്. ബെല്‍ജിയത്തിലെ ലീജ് സര്‍വകലാശാലയിലെ പ്രഫസര്‍ മിഖായേല്‍ ഗിലന്‍െറ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ്, അന്യഗ്രഹ ജീവനെത്തേടിയുള്ള മനുഷ്യന്‍െറ പതിറ്റാണ്ടുകളായുള്ള അന്വേഷണത്തെ കൂടുതല്‍ സജീവമാക്കുന്ന ഈ കണ്ടത്തെല്‍ നടത്തിയത്. ഭൂമിയില്‍ സ്ഥാപിച്ച ദൂരദര്‍ശിനിയുടെ (ചിലിയിലെ ലാസില്ല) സഹായത്തോടെ പ്രാഥമിക നിരീക്ഷണം നടത്തുകയും, പിന്നീട് സ്പിറ്റ്സര്‍ എന്ന ബഹിരാകാശ ദൂരദര്‍ശിനി വഴി അത് സ്ഥിരീകരിക്കുകയുമായിരുന്നു അവര്‍.
യഥാര്‍ഥത്തില്‍ ട്രാപിസ്റ്റ് 1 എന്ന നക്ഷത്രത്തെ കഴിഞ്ഞവര്‍ഷം തന്നെ തിരിച്ചറിഞ്ഞതാണ്. എന്നാല്‍, അന്ന് നാല് ഗ്രഹങ്ങളെ മാത്രമാണ് കണ്ടത്തൊനായത്. പിന്നീട് സ്പിറ്റ്സര്‍ നടത്തിയ അന്വേഷണത്തിലാണ് ബാക്കി നാലല്ല, ഗ്രഹങ്ങളുടെ എണ്ണം ഏഴെന്ന് മനസ്സിലായത്. സൂര്യന്‍െറ പത്തിലൊന്ന് മാത്രം വലുപ്പവും ഭാരവുമാണ് ട്രാപിസ്റ്റിനുള്ളത്. കണ്ടത്തെിയ ഗ്രഹങ്ങള്‍ ഭൂസമാനമാണെന്ന് പറയാമെങ്കിലും വലുപ്പത്തിലും പരിക്രമണത്തിന്‍െറ കാര്യത്തിലും ഭൂമിയോളം വരില്ല.
പുതിയ ‘സൗരയൂഥ’ത്തിന്‍െറ കണ്ടത്തെല്‍ പ്രപഞ്ചവിജ്ഞാനീയത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുക? ഇതിനകം മൂവായിരത്തിലധികം സൗരേതരഗ്രഹങ്ങളെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ ഗാലക്സിയില്‍തന്നെ ഇനിയും കോടിക്കണക്കിന് ഇത്തരം ഗ്രഹങ്ങള്‍ ഉണ്ടെന്നതിന്‍െറ സൂചനയും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടുണ്ട്. പക്ഷേ, അതില്‍നിന്നെല്ലാം പലകാരണങ്ങള്‍കൊണ്ടും വ്യത്യസ്തമാകുന്നുണ്ട് ട്രാപിസ്റ്റും അതിനെ ചുറ്റുന്ന ‘സപ്ത സഹോദരി’കളും. 1996ല്‍ ആദ്യ സൗരേതരഗ്രഹത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും 2010ല്‍ മാത്രമാണ് ഭൂസമാനമായ ഒന്നിനെ കണ്ടുപിടിക്കാനായത്. അഥവാ, കണ്ടത്തെിയിട്ടുള്ള പലതും വ്യാഴത്തെ പോലുള്ള വാതകഗ്രഹങ്ങളാണ്. അവിടെ ജീവന്‍ അന്വേഷിക്കേണ്ടതില്ളെന്നര്‍ഥം. പക്ഷേ, ട്രാപിസ്റ്റിന്‍െറ കാര്യത്തില്‍ കഥ മാറിയിരിക്കുന്നു. ഇവിടെ കണ്ടത്തെിയിട്ടുള്ള ഏഴ് ഗ്രഹങ്ങളും ഭൂമിയോട് പലകാര്യത്തിലും സാദൃശ്യമുണ്ട്. ഇത്രയും കാലത്തിനിടെ ജീവന്‍ അന്വേഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം കണ്ടത്തെിയിരിക്കുകയാണ് നാം.
ട്രാപിസ്റ്റ് 1 എന്ന നക്ഷത്രം സാമാന്യം കുറഞ്ഞ ചൂട് മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. സൂര്യന്‍ ഒരു സെക്കന്‍ഡില്‍ പുറത്തുവിടുന്ന ഊര്‍ജത്തിന്‍െറ അഞ്ഞൂറിലൊന്ന് മാത്രമാണ് ട്രാപിസ്റ്റിന്‍െറ ശേഷി. ഈ നക്ഷത്രത്തിന് ഏറെ അടുത്തായാണ് ഏഴ് ഗ്രഹങ്ങളും ചുറ്റുന്നതെന്നതും ശ്രദ്ധേയമാണ്. ഏറ്റവും അടുത്തുള്ള ഗ്രഹത്തിന് നക്ഷത്രത്തെ ഒരുതവണ പരിക്രമണം ചെയ്യാന്‍ കേവലം ഒന്നരദിവസം മതി. ഏഴില്‍ മൂന്ന് ഗ്രഹങ്ങളുടെ സ്ഥാനം ശ്രദ്ധിക്കുക. നക്ഷത്രവും ഈ ഗ്രഹങ്ങളും തമ്മിലുള്ള ഈ അകലം ജലത്തിന് ദ്രവരൂപത്തില്‍ നിലനില്‍ക്കാന്‍ പര്യാപ്തമാണെന്ന് പ്രാഥമിക നിരീക്ഷണത്തില്‍തന്നെ വ്യക്തമായിട്ടുണ്ട്. ‘സപ്ത സഹോദരികള്‍’ ഏറ്റവും അടുത്തടുത്തായി സ്ഥിതിചെയ്യുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ഇതില്‍ ഏതെങ്കിലുമൊരു ഗ്രഹത്തില്‍നിന്ന് നോക്കിയാല്‍, ഭൂമിയില്‍നിന്ന് ചന്ദ്രന്‍ ദൃശ്യമാകുന്നതിനെക്കാള്‍ പതിന്മടങ്ങ് വലുപ്പത്തില്‍ അയല്‍ ഗ്രഹങ്ങളെ കാണാനാകും.
ജീവന്‍ നിലനില്‍ക്കാനുള്ള പ്രാഥമികമായ അനുകൂല സാഹചര്യങ്ങളുടെ സൂചനകള്‍ മാത്രമാണ് ട്രാപിസ്റ്റിനെ ചുറ്റുന്ന ഗ്രഹങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ളത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നമുക്ക് അവയുടെ പരിക്രമണ സമയവും വലുപ്പവുമെല്ലാം ഇതിനകം ഏറക്കുറെ കൃത്യമായിതന്നെ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പലകാര്യങ്ങളും ബാക്കി കിടക്കുന്നു. അതില്‍ ഏറ്റവും പ്രധാനം ഈ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള അറിവാണ്. ഈ ഗ്രഹത്തിന് കൃത്യമായ അന്തരീക്ഷമുണ്ടോ? മാതൃനക്ഷത്രത്തില്‍നിന്നുള്ള ഊര്‍ജത്തെ എപ്രകാരമാണ് അവ സ്വീകരിക്കുന്നത്? ഉന്നതോര്‍ജമുള്ള വികിരണങ്ങളെ പ്രതിരോധിക്കുന്നതെങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനുശേഷം മാത്രമേ, ആ അന്തരീക്ഷത്തില്‍ ജീവന്‍െറ വല്ല അടയാളങ്ങളുമുണ്ടോ എന്ന ചോദ്യം ഉന്നയിക്കാനാവൂ. ഭൂമിയുടെ കാര്യം തന്നെ എടുക്കുക. ഇവിടെ ജീവയോഗ്യമായ അന്തരീക്ഷം രൂപപ്പെട്ടത് പലവിധ ഭൗമ പ്രവര്‍ത്തനങ്ങളുടെയും പരിണാമങ്ങളുടെയും ഫലമായിട്ടാണ്. 300 കോടി വര്‍ഷങ്ങള്‍ക്കു മുന്നില്‍ ഭൂമിയില്‍ ഓക്സിജന്‍ ഇല്ലായിരുന്നു. പിന്നീട്, പ്രകാശ സംശ്ളേഷണത്തിലൂടെ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന സയനോ ബാക്ടീരിയകളാണ് ഭൂമിയില്‍ ഓക്സിജന്‍െറ വിത്തുപാകിയതെന്നാണ് കരുതപ്പെടുന്നത്. വോള്‍ക്കാനിക് ആക്ടിവിറ്റി പോലുള്ള പ്രതിഭാസങ്ങളും ജീവയോഗ്യ അന്തരീക്ഷത്തിന്‍െറ ആവിര്‍ഭാവത്തിന് കാരണമായി.
അന്തരീക്ഷ രൂപവത്കരണത്തിന്‍െറ ഈ ഘട്ടങ്ങളിലേതെങ്കിലും ട്രാപിസ്റ്റ് ഗ്രഹങ്ങളില്‍ സംഭവിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് ഇനി നടക്കേണ്ടത്. അതിന് ഇപ്പോഴുള്ള സാങ്കേതികവിദ്യകള്‍ മതിയാകില്ല. പുതിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ മാത്രമേ ഇനിയുള്ള ഗവേഷണങ്ങള്‍ മുന്നോട്ടുപോവുകയുള്ളൂ. അടുത്തവര്‍ഷം നാസ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് എന്ന പുതിയ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിക്കുന്നുണ്ട്. ഹബ്ള്‍, സ്പിറ്റ്സര്‍ തുടങ്ങിയ ആകാശ ദൂരദര്‍ശിനികളെക്കാള്‍ പലമടങ്ങ് വലുപ്പമുള്ളതും വിവിധ തരംഗ ദൈര്‍ഘ്യത്തില്‍ പ്രപഞ്ചനിരീക്ഷണം സാധ്യമാകുന്നതുമായ ടെലിസ്കോപ്പാണിത്. ജെയിംസ് വെബിന്‍െറ ശക്തി കാണിക്കാന്‍ ഒരു ഉദാഹരണം ഇവിടെ കുറിക്കാം. ട്രാപിസ്റ്റിനെ ചുറ്റുന്ന ഗ്രഹം ഭൂമിക്ക് അഭിമുഖമായി വരുന്ന നിമിഷം മനസ്സില്‍ കരുതുക. ഗ്രഹത്തിന്‍െറ നിഴല്‍ അപ്പോള്‍ ഭൂമിയില്‍ പതിക്കും. പക്ഷേ, ഗ്രഹത്തിന് അന്തരീക്ഷമുണ്ടെങ്കില്‍ നക്ഷത്രത്തില്‍നിന്നുള്ള പ്രകാശത്തെ ഈ അന്തരീക്ഷം കുറെയൊക്കെ തടയും. അഥവാ, ഭൂമിയില്‍നിന്നുള്ള നിരീക്ഷകന് ഗ്രഹത്തിന്‍െറ നിഴല്‍ പൂര്‍ണമായി ലഭിക്കില്ല. ഗ്രഹത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കുന്ന ഈ ‘തടസ്സ’ങ്ങളെ കൃത്യമായി അളക്കാന്‍ ജെയിംസ് വെബ് ടെലിസ്കോപ്പിലെ ഉപകരണങ്ങള്‍ക്ക് സാധിക്കും. അന്തരീക്ഷത്തിലെ ഏത് ഘടകമാണ് നക്ഷത്രത്തിന്‍െറ പ്രകാശത്തെ കെടുത്തിയതെന്നും അതിന്‍െറ രാസഘടനയെന്തെന്നും ഈ ടെലിസ്കോപ് നമുക്ക് പറഞ്ഞുതരും. അതുവഴി ഈ ഗ്രഹത്തിലെ ജീവന്‍െറ സാന്നിധ്യം പരിശോധിക്കാനും നമുക്ക് സാധിക്കും.
ലാസ്റ്റ് നോട്ട്: ട്രാപിസ്റ്റ് 1 എന്ന നക്ഷത്രത്തെ ചുറ്റുന്ന ഏതെങ്കിലുമൊരു ഗ്രഹത്തിലേക്ക് മനുഷ്യന് യാത്രചെയ്യുക സാധ്യമാണോ? ഭൂമിയില്‍നിന്ന് 39 പ്രകാശവര്‍ഷം അകലമുണ്ട് ഈ ഗ്രഹങ്ങളിലേക്ക്. 39 പ്രകാശ വര്‍ഷമെന്നാല്‍ 369 ട്രില്യന്‍ കിലോമീറ്ററാണ് (ഒരു ട്രില്യന്‍ എന്നാല്‍ ലക്ഷം കോടി). പ്രകാശവേഗത്തില്‍ (സെക്കന്‍ഡില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍) സഞ്ചരിച്ചാല്‍തന്നെ അവിടെയത്തൊന്‍ 39 വര്‍ഷമെടുക്കും. പക്ഷേ, ഈ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനവും നമുക്കില്ല. മനുഷ്യന്‍ നിര്‍മിച്ചതില്‍വെച്ച് ഏറ്റവും വേഗമുള്ള വാഹനം പ്ളൂട്ടോ ലക്ഷ്യമാക്കി അയച്ച ന്യൂ ഹൊറൈസണ്‍ ആണ്. 2015ല്‍ അത് പ്ളൂട്ടോക്കരികിലത്തെുമ്പോള്‍ അതിന്‍െറ വേഗത സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ ആയിരുന്നു. ഈ വാഹനത്തില്‍ നാം ട്രാപിസ്റ്റ് ഗ്രഹത്തിലേക്ക് കുതിച്ചാല്‍ അവിടെയത്തൊന്‍ 8,17,000 വര്‍ഷമെടുക്കും. കഴിഞ്ഞവര്‍ഷം നാസ വിക്ഷേപിച്ച ജുനോ ഇപ്പോള്‍ ന്യൂ ഹൊറൈസണിനെക്കാളും വേഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. ഈ വേഗം തുടര്‍ന്നാല്‍ ഒന്നരലക്ഷം വര്‍ഷത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തത്തൊം.
(ഷികാഗോയിലെ അഡ്ലര്‍ നക്ഷത്രനിരീക്ഷണാലയത്തിലെ ഗവേഷകയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.