കൊച്ചിയിൽ ഡി.ജെ പാർട്ടി കഴിഞ്ഞു മടങ്ങിയ മോഡലുകളുടെ മരണത്തിനിടയാക്കിയ

കാറപകടം

പാതിരാ ഡി.ജെ പാർട്ടി; ഒരച്ഛന്റെ നേരനുഭവം

കേരളത്തിലെ ഡി.ജെ പാർട്ടികളിൽ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവിയുടെ പ്രസ്താവന അക്ഷരാർഥത്തിൽ ശരിയാണ്. സംസ്ഥാനത്തെ റോഡുകളിൽ സ്ത്രീകൾ രാത്രികാലങ്ങളിൽ സുരക്ഷിതരല്ലെന്ന അവരുടെ നിരീക്ഷണത്തെ സന്ധ്യാനേരത്തുപോലും സുരക്ഷിതരല്ലെന്നു തിരുത്തുകയും ചെയ്യട്ടെ. ഇതുമായി ബന്ധപ്പെട്ട ഭയാനകമായ ഒരനുഭവം പങ്കുവെക്കുന്നു

പതിനെട്ട് തികഞ്ഞാൽ?

പതിനെട്ട് വയസ്സുകഴിഞ്ഞ മക്കളുടെ വ്യക്തിപരമായ കാര്യങ്ങളിൽ രക്ഷിതാക്കൾ ഇടപെടാൻ പാടില്ല എന്നൊരു നിയമമുണ്ട്. പുറമേക്ക് പുരോഗമനമെന്ന് തോന്നുമെങ്കിലും ഒട്ടേറെ പെൺകുട്ടികളെ ചതിക്കുഴികളിൽ വീഴ്ത്താനും ക്രൂരപീഡനങ്ങൾക്ക്‌ ഇരയാക്കാനും വ്യാജസമ്മതം നിർമിച്ചെടുത്ത് (manipulated consent) ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും ആക്രമികൾ ഈ നിയമത്തെ മറയാക്കിയിട്ടുണ്ട്.

രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന വോട്ടവകാശത്തിന് 18 വയസ്സ് മതി എന്നിരിക്കെ മക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് ശരിയോ എന്ന് ഒരു മറുചോദ്യം ഉയർന്നേക്കാം. ആളുകളെ കെണിയിൽവീഴ്‌ത്താൻ തക്കംപാർത്ത് നടക്കുന്ന ലൈംഗിക കുറ്റവാളികൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിൽ അല്പം നിയന്ത്രണങ്ങൾ അത്യാവശ്യമാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ നടക്കുന്ന കുറ്റവാളികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളായി കേരളത്തിലെ ഡി.ജെ പാർട്ടി വേദികൾ മാറിക്കൊണ്ടിരിക്കുന്നു. എത്രയധികം കോടിയുടെ മയക്കുമരുന്ന് ഇടപാടുകളാണ് ഈ പാർട്ടികൾക്കിടയിൽ പിടിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ നൂറ് മടങ്ങുവരും പിടിക്കപ്പെടാത്ത സംഭവങ്ങളെന്ന് ഉദ്യോഗസ്ഥർപോലും സമ്മതിക്കുന്നു.

അതിന് പുറമെ രണ്ട് മോഡലുകളുടെ മരണം (കൊലപാതകം എന്നല്ലേ പറയേണ്ടത്), ഈയിടെ നടന്ന കൂട്ടബലാത്സംഗം പോലുള്ള ഒട്ടനവധി ഭീകരകൃത്യങ്ങളും ഡി.ജെ പാർട്ടികളുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. പ്രശ്നം ഗുരുതരമാകുമ്പോഴോ ഇരയോ ബന്ധുക്കളോ പരാതിപ്പെടുമ്പോഴോ മാത്രമാണ് വിവരം പുറംലോകമറിയുന്നത്. മാധ്യമങ്ങളിൽ ഒന്നാം പേജ് തലക്കെട്ടായിരുന്ന മോഡലുകളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇന്ന് എവിടെയെത്തി എന്നുപോലും ആർക്കുമറിയില്ല.

18 വയസ്സായവർക്ക് സ്വന്തം ഇഷ്ടത്തിന് പോകാൻ നിയമം അനുവദിക്കുന്നതിനാൽ തടസ്സംപറയാനോ പൊലീസിൽ പരാതിപ്പെടാനോ മാതാപിതാക്കൾക്ക് മാർഗമില്ല. നമ്മുടെ കണ്മുന്നിലൂടെ അവർ ആക്രമികൾക്കരികിലേക്ക് പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്നു നമുക്ക്.

കൊച്ചിയിൽ സംഭവിച്ചതുപോലെ സുഹൃത്തുക്കളെന്നുനടിച്ച് അടുത്തുകൂടു ന്നവരാണ് പലപ്പോഴും പെൺകുട്ടികളെ അപകടത്തിൽപെടുത്തുന്നത്.

ഞാൻ കണ്ട ഡി.ജെ പാർട്ടി

രണ്ടു മാസം മുമ്പാണ് ഈ സംഭവം. പ്രായപൂർത്തിയായ മകൾ രാത്രി പത്തരയോടെയാണ് സുഹൃത്തുക്കൾ ക്ഷണിച്ചതിൻപ്രകാരം തലസ്ഥാനത്തെ ഒരു ഹോട്ടലിൽ പാർട്ടിക്ക് പോയത്. പന്ത്രണ്ട് മണിയായിട്ടും അവൾ തിരിച്ചുവന്നില്ല. അല്പനേരംകൂടി അവളെ കാത്തിരുന്നശേഷം ഒരുമണിയോടെ അവളെ കൂട്ടിക്കൊണ്ടുവരാനായി ഞാൻ ഹോട്ടലിലേക്ക് തിരിച്ചു. ഒരു ഡി.ജെ പാർട്ടി നടക്കുന്നിടത്ത് ഒറ്റക്ക് പോകുന്നതിനാൽ പൊലീസ് സ്റ്റേഷനിൽ കയറി വിവരമറിയിച്ചു. ശേഷം ഞാൻ ഹോട്ടലിലേക്ക് പോയി.

ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരോട് വിവരം പറഞ്ഞശേഷം ഞാൻ പാർട്ടി നടക്കുന്ന ഹാളിന്റെ വാതിൽക്കലെത്തി. കറുത്ത വസ്‌ത്രമണിഞ്ഞ രണ്ടു ദ്വാരപാലകർ എന്നെ വാതിലിൽ തടഞ്ഞു. അസി. കമീഷണർ പറഞ്ഞിട്ടാണെന്ന് അറിയിച്ചപ്പോൾ പ്രവേശനാനുമതി ലഭിച്ചു.

പുകക്കെട്ടുനിറഞ്ഞ ഹാളിനുള്ളിൽ ഒരുപറ്റം ചെറുക്കന്മാരും പെൺപിള്ളേരും അട്ടഹാസസമാനമായ പാട്ടിനൊപ്പം കിടന്നുതുള്ളുന്നു..! തലനരച്ച ചിലരെയും അവർക്കൊപ്പം കണ്ടു. വശത്തെ കൗണ്ടറിൽ മദ്യക്കുപ്പികൾ നിരത്തിവെച്ചിരിക്കുന്നു... ഉന്മാദ നൃത്തംചെയ്യുന്ന കോപ്രായക്കാർക്കിടയിലൂടെ ഞാൻ നൂഴ്ന്നുകടന്നു... മങ്ങിയ കാഴ്ചയിൽ ഞാൻ അവിടെയൊക്കെ മോളെ തിരഞ്ഞു. അവൾ ആ കൂട്ടത്തിൽ ഇല്ലായിരുന്നു...

ഞാൻ ഹോട്ടൽ മാനേജറെ കണ്ട് വിവരം അറിയിച്ചു. അയാൾ മൊബൈലിൽ വിളിച്ചപ്പോൾ അൽപവസ്ത്രധാരിയായ ഒരു പെൺകുട്ടിയെത്തി. മോളുടെ ചിത്രം മാനേജർ നിർദേശിച്ചതനുസരിച്ച് ഞാൻ അവൾക്ക് കാട്ടിക്കൊടുത്തു. ഡാൻസ് ഹാളിന് പുറത്തുനിൽക്കുകയായിരുന്ന ഒരു യുവ സംഘത്തിൽനിന്ന് അവൾ മോളെ കൂട്ടിക്കൊണ്ടുവന്നു.

എന്നെ കണ്ട മോൾ രോഷാകുലയായി ഒരിക്കൽപോലും ഉണ്ടായിട്ടില്ലാത്തരീതിയിൽ പാഞ്ഞടുക്കുകയും ചെയ്തു. അവിടെ ഒരുപാടുപേരുണ്ടായിരുന്നു. പക്ഷേ, ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരോ പാർട്ടിക്കെത്തിയവരോ ആരും അവളെ തടയാൻശ്രമിച്ചില്ല. ഞാൻ പൊലീസിൽ വിവരമറിയിച്ചു.

ഇതിനകം, മകൾ ഹോട്ടലിൽനിന്നിറങ്ങി ജങ്‌ഷനിലേക്ക് നടന്നു.

ഞാൻ പിന്നാലെ പോയി. ഒരുസംഘം ബൈക്കിലെത്തി പെൺകുട്ടിയെ പിറകേ നടന്ന് ശല്യംചെയ്യുന്നോ എന്ന് എന്നെ ചോദ്യംചെയ്തു. ആ കുട്ടിയുടെ അച്ഛനാണെന്നുപറഞ്ഞിട്ടും കലി യടങ്ങാത്ത അവരിലൊരാൾ ബൈക്കിൽനിന്നിറങ്ങി ഹെൽമറ്റുകൊണ്ട് എന്റെ തലക്കടിക്കാൻ ആഞ്ഞു.

ഞാൻ ഒഴിഞ്ഞുമാറി. ബഹളംകേട്ട് സമീപത്തെ സ്ഥാപനത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരെത്തിയതോടെ ആക്രമിസംഘം പിൻവാങ്ങി. അപ്പോഴേക്കും പൊലീസെത്തി. അവർ മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും രാത്രി രണ്ടരയോടെ ഞങ്ങൾ വീട്ടിൽ എത്തിച്ചേരുകയും ചെയ്തു.

മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിക്കാത്ത വ്യക്തിയാണ് എന്റെ മകൾ. 18 തികഞ്ഞ അവൾക്ക് ഡി.ജെ പാർട്ടിക്ക്‌ പോകാൻ നിയമപ്രകാരം അനുമതി ഉള്ളതിനാലും വൻ വിപത്തുകളിൽ കുടുങ്ങാതെ അവൾ തിരിച്ചെത്തിയതിനാലും ഇതുസംബന്ധിച്ച് ഞാൻ പൊലീസിൽ പരാതിപറയാൻ പോയില്ല.

ഡി.ജെ പാർട്ടിക്ക് ക്ഷണിച്ചവർ വെൽക്കം ഡ്രിങ്ക് എന്നപേരിൽ നൽകിയ പാനീയത്തിൽ മദ്യമോ മറ്റു മയക്കുവസ്തുക്കളോ കലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്..!

ഇത് എന്റെ മാത്രം അനുഭവമല്ല. ഇത് തുറന്നുപറഞ്ഞതിന്റെ പേരിൽ ജ്യൂസിൽ മയക്കുവസ്തുക്കൾ കലർത്തി പെൺകുട്ടികളെ ബോധരഹിതരാക്കി അതിക്രമം നടത്തുന്നവർ എന്നെ തിരക്കിവന്നേക്കാം, പിന്തിരിപ്പൻ മൂരാച്ചി തന്ത എന്ന് റാഡിക്കലുകൾ വിളിച്ചേക്കാം. എന്തുതന്നെ ചെയ്താലും വിളിച്ചാലും എനിക്ക് മുഖ്യം എന്റെ മകളുടെയും അവളെപോലുള്ള പതിനായിരക്കണക്കിന് പെൺകുട്ടികളുടെയും സുരക്ഷയാണ്. അവരുടെ ജീവൻ സംരക്ഷിക്കാൻ ഈ ആഭാസത്തിന് അറുതിവരുത്തിയേ പറ്റൂ.

Tags:    
News Summary - night dj parties-experience of a father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.