നിതീഷ് കുമാർ; അധികാരത്തിന്റെ എൻജിനീയർ

അധികാരത്തോടുള്ള ഇഷ്ടം ബി.ജെ.പി ചേരിയിലെത്തിച്ചെങ്കിലും സോഷ്യലിസ്റ്റ് മൂശയിൽ വാർത്ത പാരമ്പര്യമുണ്ട് നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തിന്. അടിസ്ഥാന തൊഴിൽ എൻജിനീയറിങ് ആണ്. 1972ൽ ബിഹാർ കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് (ഇപ്പോൾ പട്ന എൻ.ഐ.ടി) ബിരുദം നേടിയപ്പോഴും നോട്ടം രാഷ്ട്രീയത്തിലായിരുന്നു. അതിനാൽ, അന്ന് ബിഹാർ വൈദ്യുതി ബോർഡിൽ കിട്ടിയ ജോലി മനസ്സില്ലാ മനസ്സോടെയാണ് സ്വീകരിച്ചത്.

റാംമനോഹർ ലോഹ്യയെന്ന സോഷ്യലിസ്റ്റ് നേതാവിന്റെ സൂര്യതേജസ്സിൽപെടാത്ത ചെറുപ്പക്കാർ അന്നുണ്ടാകില്ല. നിതീഷും അങ്ങനെയായിരുന്നു. ലോഹ്യമുതൽ വി.പി. സിങ് വരെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ആദ്യമേയുണ്ടായി. വടക്കെ ഇന്ത്യയെ ഇളക്കി മറിച്ച ജയപ്രകാശ് നാരായണൻ മുന്നേറ്റത്തിൽ 1974 മുതൽ 1977വരെ സജീവമായി. തുടർന്ന് സത്യേന്ദ്ര നരെയ്ൻ ജെയ്നിന്റെ നേതൃത്വത്തിലുള്ള ജനത പാർട്ടിയിൽ ചേർന്നു. ബിഹാറിലെ ഹർനോട് മണ്ഡലത്തിൽ നിന്ന് 1985ലാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. ബിഹാറിന്റെ തലതൊട്ടപ്പനായ ലാലു പ്രസാദ് യാദവിനെ ആദ്യം പിന്തുണച്ചെങ്കിലും ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ 1996ൽ പതിയെ ബി.ജെ.പിയിലേക്ക് ചായ്‍വ് തുടങ്ങി.

1994ൽ ജനതാദളിൽ ജാതിക്കോയ്മ ആരോപിച്ച് ജോർജ് ഫെർണാണ്ടസിനൊപ്പം ചേർന്ന് സമത പാർട്ടിക്ക് രൂപം നൽകി. 1997ൽ ലാലു രാഷ്ട്രീയ ജനതാദളിന് രൂപം നൽകിയതോടെ പഴയ ദളിന് ശരദ് യാദവും രാംവിലാസ് പസ്വാനും മാത്രമായി പ്രധാന നേതാക്കൾ. ആർ.ജെ.ഡി രൂപവത്കരണത്തോടെ ക്ഷീണം പറ്റിയ സമത പാർട്ടിയും ജനതാദളും പരസ്പരം വോട്ടു തിന്നുകയാണ് എന്ന തിരിച്ചറിവിലാണ് ഈ പാർട്ടികൾ ലയിപ്പിച്ച് ജനതാൾ (യു) രൂപവത്കരിക്കാൻ നിതീഷിനെ പ്രേരിപ്പിച്ചത്. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ജെ.ഡി.യു സഖ്യം ആർ.ജെ.ഡിക്ക് തിരിച്ചടിയായി. 99ൽ അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയും കൃഷിമന്ത്രിയുമായി പ്രവർത്തിച്ചു. ഗെയ്സൽ ട്രെയ്ൻ അപകടത്തിന്റെ ഉത്തരവാദിത്തമേറ്റ് 99 ആഗസ്റ്റിൽ റെയിൽവേ മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും 2001-2004ൽ വീണ്ടും റെയിൽവേ മന്ത്രിയായി.

2000ത്തിലാണ് ആദ്യമായി ബിഹാറിൽ മുഖ്യമന്ത്രിയായത്. എൻ.ഡി.എ കക്ഷികൾക്ക് 151ഉം ലാലുവിനൊപ്പം 159 എം.എൽ.എമാരുമാണുണ്ടായിരുന്നത്. 324 അംഗസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട 163 അംഗങ്ങളുടെ പിന്തുണ ആർക്കും തികഞ്ഞില്ല. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുമ്പ് അന്ന് രാജിവെക്കേണ്ടിവന്നു നിതീഷിന്. 2005-2010ലും 2010-2014ലും നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി. സ്കൂളുകളിൽ സൈക്കിൾ വിതരണം ചെയ്തതും ഉച്ചഭക്ഷണം നൽകിയതും വൻ സംഭവമായി. സ്കൂളുകളിൽനിന്ന് പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് വലിയ തോതിൽ കുറഞ്ഞു.

2010ൽ നിതീഷ്-ബി.ജെ.പി സഖ്യത്തിന് 206 സീറ്റ് സംസ്ഥാനത്ത് കിട്ടിയപ്പോൾ ആർ.ജെ.ഡി 22 സീറ്റിലേക്ക് തകർന്നു. ജാതിരാഷ്ട്രീയത്തിനൊപ്പം വികസനവും മുറുകെപ്പിടിക്കാൻ നിതീഷ് ശ്രദ്ധിച്ചു. 2014 ലോക്സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റ് മേയ് 17ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. 2015 ഫെബ്രുവരിയിൽ അതേ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വീണ്ടും മുഖ്യമന്ത്രിയായി.

2015ൽ ആർ.ജെ.ഡിയും കോൺഗ്രസുമായി ചേർന്ന് നിതീഷ് മഹാസഖ്യമുണ്ടാക്കി ബി.ജെ.പിക്കെതിരെ പോരാടി. മഹാസഖ്യം തെരഞ്ഞെടുപ്പിൽ 178 സീറ്റുനേടി. ആർ.ജെ.ഡിക്ക് 80ഉം ജെ.ഡി.യുവിന് 71 ഉം വീതം സീറ്റ് കിട്ടി. 2015 നവംബർ 20ന് നിതീഷ് നാലം തവണ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. തേജസ്വി യാദവ് ആയിരുന്നു ഉപമുഖ്യമന്ത്രി. പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. അഴിമതി ആരോപണം ഉയർന്നതോടെ തേജസ്വി യാദവിനോട് രാജിവെക്കാൻ നിതീഷ് ആവശ്യപ്പെട്ടു. ആർ.ജെ.ഡി ഈ ആവശ്യം തള്ളി. തുടർന്ന് 2017 ജൂലൈ 26ന് നിതീഷ് രാജിവെച്ചു. മഹാസഖ്യവും തകർന്നു. പ്രതിപക്ഷത്തെ എൻ.ഡി.എയിലേക്ക് മാറിയ നിതീഷ് മണിക്കൂറുകൾക്കുശേഷം വീണ്ടും മുഖ്യമന്ത്രിയായി.

17ാം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 2020ൽ എൻ.ഡി.എ 125 ഉം മഹാസഖ്യം 110ഉം സീറ്റ് നേടി. മറ്റു പാർട്ടികൾ ഏഴു സീറ്റുകൾ സ്വന്തമാക്കി. ഒരു സ്വതന്ത്രനും ജയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് എൻ.ഡി.എ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. തേജസ്വി യാദവ് പ്രതിപക്ഷ നേതാവും മഹാസഖ്യത്തിന്റെ നേതാവുമായി. 20 വർഷത്തിനിടെ, ഏഴ് തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്.

1951ൽ ബിഹാറിലെ ഭക്ത്യാർപുരിലാണ് ജനനം. പിതാവ് കവിരാജ് രാം ലക്ഷ്മൺ സിങ് വൈദ്യനായിരുന്നു. മാതാവ് പരമേശ്വരി ദേവി. ബിഹാറിലെ പ്രമുഖ കർഷക സമുദായമായ കുർമി വിഭാഗത്തിൽ പെട്ടയാളാണ്. ഭാര്യ പരേതയായ മഞ്ജു സിൻഹ. മകൻ നിശാന്ത് കുമാർ.

Tags:    
News Summary - Nitish Kumar; Engineer of power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.