തമാശ രൂപേണയെങ്കിലും പല ഭാഗങ്ങളിൽ നിന്നും ഉയർന്ന ചോദ്യമാണ് സ്കൂളുകൾ ഇനി വേണോ എന്നത്. സ്കൂളുകൾ തുറന്നു പ്രവർത്തിച്ചിരുന്ന വർഷങ്ങളിൽ ലഭിച്ചതിനേക്കാൾ മുന്തിയ വിജയശതമാനം ഓൺലൈൻ ക്ലാസുകൾ വഴി കൈവരിക്കാനായല്ലോ എന്നതാണ് ഈ ചോദ്യത്തിനാധാരം. കുട്ടിയുടെ മിടുക്ക് ഇപ്പോഴും ഒരു വലിയ വിഭാഗം മാതാപിതാക്കൾ അളക്കുന്നത് പരീക്ഷയിൽ ലഭിക്കുന്ന മാർക്കിെൻറ അടിസ്ഥാനത്തിലാണ് എന്നത് ലജ്ജാകരമാണ്.
മരം കയറാൻ ഉള്ള കഴിവിൽ അണ്ണാനെയും മീനുകളെയും തമ്മിൽ തുലനംചെയ്യുന്ന അശാസ്ത്രീയ രീതി ഇന്നും നമ്മൾ തുടരുകയും അതിൽ ഊറ്റം കൊള്ളുകയും ചെയ്യുന്നു. പരീക്ഷ എഴുതുന്ന സമയത്തെ കുട്ടിയുടെ മാനസികാവസ്ഥ അനുസരിച്ചായിരിക്കും പഠിച്ച വിവരങ്ങളിൽ കിട്ടുന്ന മാർക്കിെൻറ തോത്. അതുവെച്ച് ജീവിതത്തിലെ മിടുക്കിനെ തുലനം ചെയ്യുന്നത് ക്രൂരത തന്നെയാണ്. ഒരു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്ന കുട്ടികൾ മിടുക്കനും മിടുക്കിയും തന്നെ; സംശയമില്ല. എന്നാൽ, എ പ്ലസ് നേടാത്തവർ മിടുക്കരല്ല എന്നും ഡി പ്ലസ് മാത്രം നേടിയാൽ മോശക്കാരെന്നും ഉരുത്തിരിച്ചെടുക്കുന്ന വികല വിചാരങ്ങളെയാണ് തെറ്റ് എന്നു വിളിക്കേണ്ടത്. അതുകൊണ്ടുതന്നെ പരീക്ഷയിൽ മാർക്ക് നേടുന്നതാണ് ജീവിതവിജയം എന്നും അത് മാത്രമാണ് ഒരു സ്കൂളിൽനിന്ന് ലഭിക്കേണ്ടത് എന്നും കരുതുന്ന വ്യക്തികളിൽ ന്യായമായി മനസ്സിൽ തോന്നുന്ന ചോദ്യമാണ് ഓൺലൈൻ ക്ലാസുകൾ ഇത്രയധികം മാർക്ക് നേടിത്തരുമ്പോൾ പിന്നെ സ്കൂളുകൾ എന്തിനെന്നത്.
സ്കൂളെന്നാൽ വെറുമൊരു കെട്ടിടമല്ല
കൂട്ടായ ജീവിതം നന്നാവാൻ പരസ്പര സ്നേഹവും ധാരണയും വേണം. അന്യോന്യം അറിഞ്ഞ് മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെക്കൂടി ഉൾപ്പെടുത്തി ഒന്നിച്ച് ഒരു കാര്യം ചെയ്യുമ്പോൾ മാത്രമാണ് സാമൂഹിക നിർമിതി ഉണ്ടാകുന്നത്. ഇതിന് സഹായിക്കുന്ന വലിയ വികാരമാണ് ടീം വർക്. ഇതു ലഭിക്കാൻ സ്കൂളിൽനിന്ന് സമപ്രായത്തിലുള്ളവരുമായി കുട്ടികൾ കളിച്ചു ചിരിച്ച് കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകണം.
നമ്മുടെ സമയവും ലഭ്യമായ വിഭവങ്ങളും ഉപയോഗിച്ച് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും? എങ്ങനെ ഒരു കാര്യം കൃത്യസമയത്ത് ചെയ്തു തീർക്കും? ഉള്ള അറിവുെവച്ച് ലഭ്യമായ സമയപരിധിക്കുള്ളിൽ നിന്ന് ഒരു പ്രോജക്ട് എങ്ങനെ മുഴുമിപ്പിക്കും എന്നൊക്കെ ജീവിതത്തിൽ സമയത്തിെൻറ വില കൃത്യമായി പഠിപ്പിച്ചുതരുന്ന ജീവിത പഠനകേന്ദ്രം തന്നെയാണ് സ്കൂളുകൾ. ഒരു വ്യക്തിയുടെ ശക്തി എന്താണ്, തോൽവിക്ക് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെ, പ്രചോദനമാകുന്നത് എന്തൊക്കെ, സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം, പ്രതിസന്ധിയിൽനിന്ന് കരകയറാൻ എങ്ങനെ സാധിക്കും എന്നൊക്കെ ചെറുപ്പത്തിൽ തന്നെ പഠിച്ചെടുക്കാൻ സ്കൂൾ എന്ന കളരി വേണം.
എങ്ങനെ പുതിയ ഒരു വ്യക്തിയോട് സംസാരിക്കാം, എങ്ങനെ കൂട്ടുകാരാവാം, എങ്ങനെ വേറിട്ട ചിന്താരീതി വികസിപ്പിക്കാം, വ്യത്യസ്ത ആശയങ്ങളിലേക്ക് വിമർശനാത്മക ചിന്ത എങ്ങനെ വികസിപ്പിക്കാം, എങ്ങനെ ഒരാളോട് നോ എന്നു പറയാം എന്നൊക്കെ പല തരത്തിലുള്ള കുട്ടികളുമായി ഇടപഴകുേമ്പാൾ ആണ് പഠിച്ചെടുക്കാൻ കഴിയുക. നമ്മളറിയാതെ നമ്മുടെ വ്യക്തി രൂപവത്കരണത്തെ സഹായിക്കുന്ന ഘടകങ്ങളാണിതൊക്കെ. ഒരു പ്രശ്നത്തിൽ സഹായിക്കുന്നവരാണല്ലോ യഥാർഥ സുഹൃത്തുക്കൾ. അങ്ങനെയുള്ളവരെ എങ്ങനെ കണ്ടെത്താം, സ്വന്തം മൂല്യം തിരിച്ചറിയുന്നതിെൻറ പ്രാധാന്യമെന്ത്, തോറ്റാലും എങ്ങനെ ജയിക്കാം, സ്വയം പ്രചോദനം എങ്ങനെ കണ്ടെത്താം തുടങ്ങി അനവധി അറിവുകളാണ് സ്കൂളിൽനിന്ന് അറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുതാനും വായിക്കാനും കണക്കുകൾ ചെയ്യാനും ആവശ്യമുള്ള അറിവുകൾ സ്വയം കണ്ടെത്തി പഠിക്കാനും ജോലി നേടാനും മാത്രമല്ല സ്കൂളുകൾ. മറ്റുള്ള വ്യക്തികളുമായി കൂട്ടുകൂടി അവരുടെ വിവരങ്ങളും അനുഭവങ്ങളും പങ്കിട്ട് മനസ്സിലാക്കുമ്പോൾ വ്യക്തിവികസനത്തിനും സാമൂഹിക വികസനത്തിനും അടിത്തറകൾ പാകുകയാണ് ഓരോ വിദ്യാലയങ്ങളും ചെയ്യുന്നത്.
വലിയ ക്ലാസുകളിൽ പലപ്പോഴും ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ നല്ലത് എന്ന് നമുക്ക് തോന്നിപ്പിക്കുമെങ്കിലും ചെറിയ ചെറിയ ക്ലാസുകളിൽ തീർച്ചയായും മറ്റുള്ള കുട്ടികളുമായി ഇടപഴകിയുള്ള ഒരു വിദ്യാഭ്യാസ രീതി തന്നെയാണ് അഭികാമ്യം. അതുകൊണ്ട് സ്കൂളുകൾ എന്നും നിലനിൽക്കേണ്ടതും കാലത്തിനനുസരിച്ച പഠന ഭേദഗതിയും നമ്മുടെ സിലബസുകൾക്ക് അത്യാവശ്യം തന്നെയാണ്.
ഇല്ല, ഒാൺലൈൻ പഠനം മതിയാവില്ല
ഡോ. അശ്വതി സോമൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.