നികുതിവർധനക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ

പൊലീസ് നേരിടുന്നു

സര്‍ക്കാറല്ലിത്, കൊള്ളക്കാര്‍

അഴിമതി, കമീഷന്‍ പദ്ധതികൾ, സ്വജനപക്ഷപാതം, ഗുണ്ട- ലഹരി മാഫിയകളുമായുള്ള ബന്ധം, പൊലീസിനെയും ഗുണ്ടകളെയും തിരിച്ചറിയാനാകാത്ത ക്രമസമാധാനത്തകര്‍ച്ച, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വ്യാപകമാകുന്ന അക്രമങ്ങള്‍, സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതിക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച... അങ്ങനെ ഭരണകൂടഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും ചേര്‍ന്ന് ഭീതിദമായ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലെത്തിനില്‍ക്കുന്നത്.

രക്ഷകവേഷത്തില്‍ നിന്നവര്‍ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാറല്ല, കൊള്ളസംഘമാണ്.

ബന്ധുക്കള്‍ക്കുവേണ്ടി അഴിമതി കാമറ

റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ സാങ്കേതിക വിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളില്‍ കാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ പകല്‍ക്കൊള്ള തെളിവ് സഹിതം പ്രതിപക്ഷം തുറന്നുകാട്ടി. എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയതിലൂടെ സി.പി.എം ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉള്‍പ്പെടുന്ന കറക്കു കമ്പനികള്‍ക്ക് അഴിമതി നടത്താന്‍ സര്‍ക്കാറും കെല്‍ട്രോണും അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു.

സംസ്ഥാനത്ത് ഏതു പദ്ധതി നടപ്പാക്കിയാലും അതിന്റെ കമീഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതും രണ്ടാം സര്‍ക്കാര്‍ തുടരുന്നതും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട പ്രസാഡിയോ എന്ന സ്ഥാപനമാണ് അഴിമതി കാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയത്.

ഒരു രൂപപോലും മുടക്കില്ലാതെ വരുമാനത്തിന്റെ 60 ശതമാനമാണ് ഈ കറക്കു കമ്പനിയിലേക്കെത്തുന്നത്. പ്രതിപക്ഷം പുറത്തുവിട്ട തെളിവുകള്‍ വ്യാജമാണെന്ന് സര്‍ക്കാറുമായി ബന്ധപ്പെട്ട ആരും പറഞ്ഞിട്ടില്ല. ഏപ്രില്‍ 12ലെ മന്ത്രിസഭ യോഗത്തില്‍ ഗതാഗതമന്ത്രി സമര്‍പ്പിച്ച കുറിപ്പില്‍ കരാര്‍ നേടിയ കമ്പനികളുടെ വിവരങ്ങള്‍ മറച്ചുവെച്ചതും ദുരൂഹമാണ്.

പൊതുഖജനാവിന് ഒരു നഷ്ടവും ഇല്ലെന്ന് സി.പി.എം ന്യായീകരിക്കുമ്പോഴും ജനങ്ങളില്‍നിന്ന് 1000 കോടി രൂപ പിഴത്തുകയായി പിരിച്ചെടുക്കാന്‍ കറക്കു കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് അഴിമതി കാമറ പദ്ധതി. മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാതായപ്പോള്‍ കറക്കു കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്.

കെ-ഫോണ്‍ അഴിമതിയിലും പ്രസാഡിയോ

കാമറയെ വെല്ലുന്ന അഴിമതിയാണ് കെ-ഫോണില്‍ നടത്തിയത്. പദ്ധതി നടത്തിപ്പിന് ഭാരത് ഇലക്ട്രോണിക്‌സിനെയാണ് (ബെല്‍) ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ കരാര്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോർട്യത്തിനാണ് നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി കണ്‍സോർട്യത്തിന് നല്‍കിയപ്പോള്‍ 1531 കോടി രൂപയായി ഉയര്‍ന്നു.

ബെല്‍, അഴിമതി കാമറ ഇടപാടില്‍ ഉള്‍പ്പെട്ട എസ്.ആര്‍.ഐ.ടി, റെയില്‍ടെല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കണ്‍സോർട്യം. എസ്.ആര്‍.ഐ.ടിക്കു കിട്ടിയ കരാര്‍ പാലങ്ങളും റോഡുകളും മാത്രം നിർമിക്കുന്ന അശോക ബില്‍ഡ്‌കോണിന് നല്‍കി. അശോക ബില്‍ഡ്‌കോണ്‍ ഈ കരാര്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയായ പ്രസാഡിയോക്ക് നല്‍കി. അഴിമതി കാമറയിലെന്നപോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്.

ധൂര്‍ത്തിന് നികുതിക്കൊള്ള

ഭരണപരാജയവും ധൂര്‍ത്തും ഉണ്ടാക്കിയ കടക്കെണിയില്‍നിന്ന് കരകയറുന്നതിനും സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധന സെസും മദ്യത്തിന്റെ വിലവര്‍ധനയും ഉള്‍പ്പെടെ 4500 കോടിയുടെ അധിക നികുതിയാണ് അടിച്ചേൽപിച്ചത്. ഇതിനു പുറമെ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വര്‍ധിപ്പിച്ചു.

പ്രളയവും കോവിഡ് മഹാമാരിയും ഏൽപിച്ച ആഘാതത്തില്‍നിന്ന് ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. നിർമാണസാമഗ്രികളുടെ വിലക്കയറ്റത്തിനു പുറമെ കെട്ടിടനിർമാണ പെർമിറ്റ് ഫീസും വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിലാണ് കരിനിഴല്‍ വീഴ്ത്തിയത്. പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷഫീസ് 30 രൂപയില്‍നിന്ന് 1000 മുതല്‍ 5000 രൂപ വരെയും പെര്‍മിറ്റ് ഫീസ് പത്തിരട്ടിയുമായാണ് വര്‍ധിപ്പിച്ചത്.

ലഹരി മാഫിയക്ക് രക്ഷാകര്‍തൃത്വം

സംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. അത് തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനവുമില്ല. മാരകമായ രാസമരുന്നുകളാണ് കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുന്നത്. ചെറിയ കാരിയേഴ്സിനെ പിടികൂടുന്നതല്ലാതെ ലഹരി മാഫിയക്കെതിരെ ഒരു നിയന്ത്രണവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍തന്നെ ലഹരിക്കടത്തിന്റെ ഭാഗമാകുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.

വാചകക്കസര്‍ത്തിലൊതുങ്ങി സ്ത്രീസുരക്ഷ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന്റെതന്നെ കണക്കുകള്‍. 2020ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021ല്‍ 16,199ലേക്ക് ഉയരുകയും 2022ല്‍ 18,943 ആകുകയും ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2020ല്‍ 3941 ആയിരുന്നത് 2022ല്‍ 5315ലേക്ക് ഉയര്‍ന്നു. ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലൈഫ് മിഷന്‍ തട്ടിപ്പ്

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയില്‍ ഒമ്പതു കോടിയും കമീഷന്‍ ഇനത്തില്‍ തട്ടിയെടുക്കുകയായിരുന്നു.

കര്‍ണാടകയിൽ നിലനിന്നിരുന്നത് 40 ശതമാനം കമീഷന്‍ പറ്റുന്ന ബി.ജെ.പി സര്‍ക്കാറാണെങ്കില്‍ കേരളത്തിലെ സി.പി.എം ഭരണത്തില്‍ കമീഷന്‍ അതിനേക്കാള്‍ ഉയര്‍ന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ ആയ മുഖ്യമന്ത്രി എന്നേ ആ കേസില്‍ പ്രതിയാകുമായിരുന്നു.

തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല

നെല്ലുസംഭരണത്തില്‍ മാത്രം 1000 കോടി കുടിശ്ശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി വകയിരുത്തിയ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ചെലവഴിച്ചത് വെറും 32 കോടി രൂപ. കര്‍ഷകരെ സഹായിക്കേണ്ട റബര്‍ ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കുന്നു. അടക്ക കര്‍ഷകരെ സംബന്ധിച്ച് ഉല്‍പാദനക്കുറവാണ് പ്രശ്‌നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് പ്രതിസന്ധി.

സര്‍ക്കാറിന്റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയില്‍.

പെന്‍ഷനില്ല, മേനിപറച്ചില്‍ മാത്രം

മത്സ്യത്തൊഴിലാളികള്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ അവരെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തു. യു.ഡി.എഫിന്റെ അഭിമാന പദ്ധതിയായ ‘കാരുണ്യ’ ഇല്ലാതാക്കി. ആശ്വാസകിരണം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ മാസങ്ങളായി മുടങ്ങി. കെട്ടിടനിർമാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി.

ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പാചകത്തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ല. എയ്ഡ്‌സ് രോഗികളുടെ പെന്‍ഷനടക്കം മുടങ്ങിയിരിക്കുന്നു. എന്നിട്ടും സാമൂഹിക സുരക്ഷ പെന്‍ഷന്റെ പേരില്‍ ഊറ്റംകൊള്ളുന്ന പിണറായി സര്‍ക്കാര്‍ ഒരു ദുരന്തമാണ്.

കഴിഞ്ഞ രണ്ടു വര്‍ഷം നമുക്ക് അഭിമാനിക്കാന്‍ എന്തുണ്ട്? അഴിമതിരാജായി മാറിയ ജനദ്രോഹഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാറിന് യാതൊരു അര്‍ഹതയും അവകാശവുമില്ല.

Tags:    
News Summary - Not the government-its bandits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.