മലപ്പുറം: അടിയുറച്ച കോൺഗ്രസുകാരനായിരുന്നെങ്കിലും 1979 ലെ കോൺഗ്രസ് പിളർപ്പിൽ ഇന്ദിര വിരുദ്ധ പക്ഷത്തായിരുന്നു ആര്യാടൻ മുഹമ്മദ്. അഖിലേന്ത്യതലത്തിൽ കോൺഗ്രസിലുണ്ടായ ഭിന്നിപ്പിൽ ബ്രഹ്മാനന്ദ റെഡ്ഡിയുടെയും കർണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജിന്‍റെയും നേതൃത്വത്തിലെ കോൺഗ്രസ്-യുവിലായിരുന്നു ആര്യാടൻ. 1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ പക്ഷത്തിന് കേരളത്തിൽ നേതൃത്വം നൽകിയ ആന്റണി വിഭാഗം കോൺഗ്രസ് ഇടതുചേരിയിലായിരുന്നു.
ആര്യാടനനെ ഇടതുപക്ഷം ലോക്സഭയിലേക്ക് മത്സരത്തിനിറക്കിയതിനാൽ നിലമ്പൂർ മണ്ഡലത്തിൽ അദ്ദേഹത്തിന് പകരമായി കോൺഗ്രസ്-എസിലെ സി. ഹരിദാസായിരുന്നു സ്ഥാനാർഥി. എതിരാളി പിന്നീട് സി.പി.എമ്മിലേക്ക് മാറിയ അന്നത്തെ ഡി.സി.സി പ്രസിഡന്‍റ് ടി.കെ. ഹംസ.ആര്യാടൻ പ്രതിനിധാനംചെയ്തിരുന്ന മണ്ഡലം 6423 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് (യു) പാർട്ടിക്കായി ഹരിദാസ് നിലനിർത്തി. അന്ന് അധികാരത്തിൽ വന്ന ഇ.കെ. നായനാർ സർക്കാറിൽ ആര്യാടന് തൊഴിൽ, വനം മന്ത്രിസ്ഥാനം ലഭിച്ചു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സി. ഹരിദാസ് 10ാം നാൾ എം.എൽ.എ സ്ഥാനം ആര്യാടന് വേണ്ടി രാജിവെച്ചു.
തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടന് എതിർ സ്ഥാനാർഥിയായി രംഗത്തെത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. 17,841 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മുല്ലപ്പള്ളിയെ പരാജയപ്പെടുത്തി വീണ്ടും നിലമ്പൂരിന്‍റെ എം.എൽ.എ.അന്നത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി പൊന്നാനി ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച ആര്യാടൻ, കുഞ്ഞാലിയുടെ കൊലയാളിയെന്ന് വിളിച്ച സി.പി.എമ്മിനെകൊണ്ട് തനിക്ക് അനുകൂലമുദ്രാവാക‍്യം വിളിപ്പിക്കുകയും ചെയ്തു.
മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയായിരുന്ന പ്രഫ. ജി.എം. ബനാത്ത് വാലയോട് അരലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടതിൽ പിന്നെ ആര്യാടൻ ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. '81ലുണ്ടായ രാഷ്ട്രീയ മാറ്റത്തിൽ പി.സി. ചാക്കോ, വക്കം പുരുഷോത്തമൻ, എ.സി. ഷൺമുഖദാസ് എന്നിവർക്കൊപ്പം ആര്യാടനും മന്ത്രിസ്ഥാനം രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.