മെഡിക്കൽവിദ്യാഭ്യാസരംഗത്ത് നിന്ന് സാധാരണക്കാരെ പൂർണമായി ഒഴിവാക്കാൻ ഇടയാക്കുന്ന ഫീസ്ഘടന നിലവിൽവന്നിരിക്കുന്നു. സംസ്ഥാനസർക്കാറും വിവിധ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷനുകളും സംയുക്തമായി നടത്തിയ ചർച്ചകൾ കലാശിച്ചത് കോടികളുടെ ഫീസ്വർധനയിലാണ്. ഇത് അമിതലാഭം പ്രദാനം ചെയ്യുന്ന ഫീസ്ഘടനക്കാണ് ജന്മം നൽകിയിരിക്കുന്നത്. ഔപചാരികമായി, ആ കൃത്യത്തിന് തുല്യം ചാർത്താൻ മന്ത്രിയോ സർക്കാർ പ്രതിനിധിയോ ബുദ്ധിപൂർവം രംഗത്തുവന്നില്ല. ഫീസ്നിർണയകമ്മിറ്റിയുടെ ചുമലിൽ എല്ലാ ബാധ്യതകളും കെട്ടിെവച്ച് സർക്കാർ വിദഗ്ധമായി മാറിനിന്നു. എന്നാൽ, ഫീസ്വർധനക്കുപിന്നിൽ പ്രവർത്തിച്ച കരങ്ങൾ സർക്കാറിേൻറതുതന്നെ.
മെഡിക്കൽരംഗത്തെ ഏകീകൃത ദേശീയ പ്രവേശനപരീക്ഷയായ ‘നീറ്റ്’ നിലവിൽ വന്നതാണ് ഉയർന്ന ഫീസ്ഘടനക്കിടയാക്കിയതെന്ന അധികാരികളുടെ കൈകഴുകൽ തന്ത്രം അംഗീകരിക്കാവുന്നതല്ല. എന്തുകൊണ്ടെന്നാൽ, ദേശീയപരീക്ഷ മെറിറ്റ് നിശ്ചയിക്കാനായി കൊണ്ടുവന്നതാണെങ്കിൽ, അതൊരു സുവർണാവസരമായി സർക്കാർ കാണണമായിരുന്നു. എല്ലാ സീറ്റുകളും മെറിറ്റടിസ്ഥാനത്തിൽ വേണം എന്ന ആശയം നടപ്പാക്കാൻ ഒരവസരം ലഭിച്ചതോടെ അതുപയോഗിച്ച് മെറിറ്റ് ഫീസിലേക്ക് എല്ലാ ഫീസും ഏകീകരിക്കാൻ സർക്കാറിന് കഴിയുമായിരുന്നു. ഫീസിെൻറ ഏകീകരണം എന്നുപറഞ്ഞാൽ അതിനർഥം മാനേജ്മെൻറുകൾ വാങ്ങിക്കൊണ്ടിരിക്കുന്ന താങ്ങാനാവാത്ത ഫീസ്ഘടനയിലേക്ക് ഏകീകരിക്കുക എന്നതാണോ?
സർക്കാറും മെഡിക്കൽ മാനേജ്മെൻറുകളും തമ്മിലുണ്ടാക്കിയ അലിഖിത ധാരണപ്രകാരമാണ് 2.5 ലക്ഷം രൂപയായിരുന്ന സ്വാശ്രയ മെറിറ്റ് ഫീസ്, ഒറ്റയടിക്ക് 5.5 ലക്ഷമായി ഉയർന്നത്. ദാരിദ്യ്രരേഖക്കുപിന്നിൽ നിൽക്കുന്ന മെറിറ്റ് വിദ്യാർഥികളിൽ 20 ശതമാനം പേർക്കെങ്കിലും 25,000 രൂപക്ക് പഠിക്കാൻ കഴിയുമായിരുന്ന സംവരണാനുകൂല്യങ്ങൾ പോലും നിഷ്കരുണം കാറ്റിൽപറത്തിയിട്ടാണ്, അവർക്ക് സ്കോളർഷിപ് കൊടുക്കാൻ സ്വാശ്രയ മാനേജ്മെൻറുകൾ കനിയണമെന്ന ദയാഹരജിയുമായി സർക്കാർവക്താക്കൾ നിൽക്കുന്നത്. ഫലത്തിൽ, ആ വിദ്യാർഥികൾ 5.5 ലക്ഷംരൂപ വീതം അഞ്ച് വർഷത്തേക്ക് 27.5 ലക്ഷം രൂപ ഫീസിനത്തിൽ മാത്രം കെട്ടിവെക്കണമെന്ന അവസ്ഥയിലാണ്. ദാരിദ്യ്രരേഖക്കുതാഴെയുള്ള ആ വിദ്യാർഥി കുടുംബങ്ങൾക്ക് എങ്ങനെയാണ് 27 ലക്ഷം രൂപ സമാഹരിക്കാനാവുക? ‘നീറ്റ്’ റാങ്ക് പട്ടികയിൽ എത്ര ഉയർന്ന മെറിറ്റ് നേടിയാലും പണം കെട്ടിവെക്കാനിെല്ലന്ന ഒറ്റക്കാരണത്താൽ മെഡിക്കൽ വിദ്യാഭ്യാസ സ്വപ്നങ്ങൾ ഉപേക്ഷിച്ച് പോവുകയേ മാർഗമുള്ളൂ. സാമൂഹികനീതിയൊക്കെ ഇനി പഴയ പ്രസംഗത്താളുകളിൽ സുഖനിദ്രയിൽ കഴിയും.
മെഡിക്കൽ പ്രവേശനത്തിൽ മെറിറ്റ് ഉറപ്പാക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ‘നീറ്റ്’ പരീക്ഷ, യഥാർഥത്തിൽ വൻകൊള്ളക്ക് മാനേജ്മെൻറിന് അവസരം ഒരുക്കിയിരിക്കുന്നു. കഴിഞ്ഞവർഷം, നീറ്റ് ഇല്ലാതിരുന്നപ്പോൾ അവർക്ക് ലഭിച്ചതിനെക്കാൾ ഒരു കോടി മുതൽ രണ്ടരക്കോടിവരെ ഓരോ മാനേജ്മെൻറിനും അധികമായി ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. അപ്പോൾ ‘മെറിറ്റ്’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെടുന്നത്? മെറിറ്റ് പട്ടികയിൽ സ്ഥാനം ലഭിക്കുക എന്നതിനർഥം ഉയർന്ന ഫീസ് കൊടുക്കുക എന്നതാണോ?
‘നീറ്റ്’ റാങ്ക്പട്ടികയിൽ മെറിറ്റ് അട്ടിമറിക്കപ്പെടാൻ പോകുന്നത് എങ്ങനെയെന്ന് കാണാൻ പോകുന്നതേയുള്ളൂ. താഴ്ന്ന റാങ്കുകാരൻ പണത്തിെൻറ അടിസ്ഥാനത്തിൽ അഡ്മിഷൻ ഉറപ്പാക്കുന്ന സാഹചര്യമാണ് യഥാർഥത്തിൽ നിലവിലുള്ളത്. അതല്ലെങ്കിലും റാങ്ക്പട്ടികയിൽ കൃത്രിമം കാട്ടാനും അഡ്മിഷൻ പിൻവാതിൽ വഴി നടത്താനും ‘വ്യാപം’ മോഡലിൽ ഒരു വലിയ മാഫിയസംഘം ഇതിനകം രാജ്യത്ത് പ്രവർത്തനമാരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അതിെൻറ വാർത്തകൾ നീറ്റ് പരീക്ഷഫലത്തോടൊപ്പംതന്നെ പുറത്തുവരുകയും ചെയ്തല്ലോ.
പക്ഷേ, കേരളത്തിൽ ഫീസ് നിശ്ചയിക്കുന്നത് സാമൂഹികനീതിക്കുവേണ്ടി വാദിക്കുന്ന ഒരു സർക്കാറിെൻറ വക്താക്കളാണ്. അവർ നിയന്ത്രിക്കുന്ന പരിയാരം ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രിത കോളജുകളിലെങ്കിലും മെറിറ്റ് ഫീസ് ഉറപ്പാക്കാനുള്ള നടപടികളെടുക്കാമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. മെഡിക്കൽ ക്ലിനിക്കൽ പി.ജി വിഭാഗത്തിലെ ഫീസ് 6.5 ലക്ഷത്തിൽ നിന്ന് 14 ലക്ഷമായി ഈ സർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾതന്നെ കാര്യങ്ങളുടെ പോക്ക് വ്യക്തമായിരുന്നു. എൻ.ആർ.ഐ സീറ്റിൽ പി.ജി ഫീസ് 35 ലക്ഷമാക്കിയാണ് വർധിപ്പിച്ചത്. എം.ബി.ബി.എസ് സീറ്റുകളിലാകട്ടെ, എൻ.ആർ.ഐ ഫീസ് 20 ലക്ഷമാക്കി ഉയർത്തിക്കൊടുത്തു.
അപ്പോൾ, ഇടതുസർക്കാറിെൻറ സ്വാശ്രയനയം യു.ഡി.എഫ് സർക്കാറിൽ നിന്ന് ഒരുവിധത്തിലും വ്യത്യസ്തമല്ലെന്ന് വ്യക്തം. അങ്ങനെ, ഏതുസർക്കാർ ഭരിച്ചാലും വർഷാവർഷം ലക്ഷങ്ങളുടെ ഫീസ്വർധനയാണ് ഉണ്ടാകുന്നതെങ്കിൽ ആരോഗ്യരംഗത്ത് അതു സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെ കേരളസമൂഹം എങ്ങനെ താങ്ങും?
വൈദ്യശാസ്ത്രത്തിെൻറ എല്ലാ നൈതികതയും കഴുത്തറപ്പൻ കമ്പോളശക്തികൾക്കു വേണ്ടി ബലികഴിച്ച അധികാരികളാണ് ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിെൻറയും മനുഷ്യത്വവിരുദ്ധപ്രവർത്തനത്തിെൻറയും ഉത്തരവാദികൾ. വൈദ്യപഠനത്തെ, സ്വാശ്രയ കച്ചവടശക്തികളിൽ നിന്ന് മോചിപ്പിക്കാനുള്ള ഏതെങ്കിലും നടപടികൾ ഈ സർക്കാറിൽനിന്ന് പ്രതീക്ഷിച്ചിരുന്നെങ്കിൽ അതുകൂടി അസ്തമിക്കുന്ന വിധത്തിലാണ് സർക്കാർ പെരുമാറുന്നത്. ഇതുകൂടാതെയാണ്, സ്വാശ്രയത്തിൽ ചേർന്നുപോയാൽ പിന്നെ കോഴ്സ് കാലയളവിലെ മുഴുവൻ ഫീസും കെട്ടിവെക്കാതെ രക്ഷപ്പെടാനാവില്ലെന്ന വ്യവസ്ഥകൾ. ‘ലിക്വിഡേഷൻ ഡാമേജസ്’ എന്ന പേരിൽ കോഴ്സ് നിർത്തി പോകുന്നവരിൽ നിന്നാണ് വൻതുക ഈടാക്കുന്നത്. സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്ന സ്വാശ്രയ മാഫിയസംഘങ്ങളും സംസ്ഥാനത്തുണ്ട്. എല്ലാം ചേർന്ന് വിദ്യാഭ്യാസരംഗത്ത് ഇതിനകം സംഭവിച്ച കുറ്റവത്കരണം ഭീകരമായ മറ്റ് ഘട്ടങ്ങളിലേക്ക് പടർന്നുകഴിഞ്ഞു. ആരോഗ്യ വിദ്യാഭ്യാസത്തിെൻറ വ്യാപാരവത്കരണം മനുഷ്യജീവിതത്തിെൻറ സർവതുറകളിലും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാൽ, മെഡിക്കൽ സ്വാശ്രയ രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. എന്നാൽ, ജനങ്ങളോടൊപ്പമല്ല ഈ സർക്കാറെന്ന് വീണ്ടും തെളിയിക്കുകയാണ് മെഡിക്കൽ ഫീസ് വർധന.
സ്വാശ്രയരംഗത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പട്ട ജസ്റ്റിസ് കെ.കെ. ദിനേശിെൻറ നേതൃത്വത്തിലുള്ള കമീഷെൻറ ശിപാർശകൾ സമഗ്രമായ നിയമനിർമാണത്തിനുള്ള വഴികൾ തുറക്കുമെന്ന വിദൂരപ്രതീക്ഷ മാത്രമാണ് അവശേഷിക്കുന്നത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.