പൂർണാധികാരം ദേവസ്വം ബോർഡിന്: അഡ്വ. എം. രാജഗോപാലൻ നായർ
ശബരിമല ക്ഷേത്രത്തിെൻറ പൂർണാധികാരം തിരുവിതാംകൂർ ദേവസ്വം ബോർഡിന് തന്നെയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതുമായി ബന്ധപ്പെട്ട രേഖകളും നിയമവും ഇത് വ്യക്തമാക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിെൻറ പൂർണാധികാരം ദേവസ്വം ബോർഡിനു തന്നെയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണുള്ളത്. അതില്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. തിരുവിതാംകൂർ രാജകുടുംബം തങ്ങൾക്ക് കീഴിലുള്ള 1200ലധികം ക്ഷേത്രങ്ങൾ 1949 ൽ ദേവസ്വംബോർഡിന് കൈമാറി. ദേവസ്വം ബോർഡ് ആക്ടിനൊപ്പമുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയ ഇൗ ക്ഷേത്രങ്ങളുടെ പട്ടികയിൽ ശബരിമലയുമുണ്ട്. ഇതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്.
പത്മനാഭസ്വാമിക്ഷേത്രം ഒഴിച്ച് രാജകുടുംബത്തിെൻറ ഉടമസ്ഥാവകാശത്തിലുണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളുടേയും അവകാശം ദേവസ്വം ബോർഡിന് കൈമാറിയിരുന്നു. അന്ന് കൈമാറാതിരുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിെൻറ കാര്യത്തിലും ഇൗ അടുത്തകാലത്ത് കോടതി ഉത്തരവുണ്ടായിട്ടുണ്ട്. പന്തളം രാജകുടുംബത്തിന് ഒരു കാലഘട്ടം വരെ അധികാരമുണ്ടായിരുന്നു. എന്നാൽ, കടംകയറിയതിനെ തുടർന്ന് അവരുടെ പ്രദേശങ്ങൾ തിരുവിതാംകൂറിലേക്ക് ലയിപ്പിക്കുകയും ചെയ്തു. അന്ന് പന്തളം രാജകുടുംബം 48 േക്ഷത്രങ്ങൾ തിരുവിതാംകൂർ രാജകുടുംബത്തിന് കൈമാറി. അതിൽ ശബരിമലയും ഉൾപ്പെടും. ആ ക്ഷേത്രങ്ങളാണ് പിന്നീട് ദേവസ്വം ബോർഡിന് കൈമാറിയത്. അതിൽ നിന്നു തന്നെ ശബരിമല ക്ഷേത്രത്തിെൻറ പൂർണാധികാരം ദേവസ്വം ബോർഡിനാണെന്ന് വ്യക്തമാണ്.
തന്ത്രിമാർക്ക് മേൽനടപടി സ്വീകരിക്കുന്നതിനുള്ള അധികാരവും ദേവസ്വംബോർഡിന് തന്നെയാണ്. ഒരു ക്ഷേത്രത്തിലെ പ്രധാന ആചാര്യനാണ് തന്ത്രി. എന്നാൽ, ഒരു തന്ത്രിക്ക് ക്ഷേത്രം പൂട്ടിപ്പോകാനുള്ള അധികാരമൊന്നുമില്ല. ദേവസ്വം ബോർഡിെൻറ നിയമപ്രകാരം പ്രവർത്തിക്കേണ്ട വ്യക്തിയാണ് തന്ത്രി. അല്ലാത്തപക്ഷം തന്ത്രിക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരവും ദേവസ്വം േബാർഡിനുണ്ട്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാർക്ക് 1400 രൂപ വീതം വേതനമായി നൽകുന്നുണ്ട്. ശബരിമലയിലെ തന്ത്രിക്ക് പൂജയെ അടിസ്ഥാനപ്പെടുത്തി ദേവസ്വം േബാർഡ് പ്രത്യേകമായി പണം നൽകുന്നുണ്ട്. അതിനാൽതന്നെ ബോർഡിെൻറ നിയന്ത്രണത്തിൽതന്നെയാകണം തന്ത്രി പ്രവർത്തിക്കേണ്ടതും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ഇപ്പോൾ ചിലർക്ക് വീണുകിട്ടിയ അവസരമാണ്. എന്നാൽ, ഇൗ വിഷയം കൂടുതൽ കാലം ഉയർത്തിക്കൊണ്ടുപോകാൻ അവർക്ക് സാധിക്കില്ല. ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദം കാലം തന്നെ പരിഹരിക്കും.
(ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് )
ഉടമസ്ഥത സാേങ്കതികത മാത്രം നോക്കിയല്ല: പി.എൻ. നരേന്ദ്രനാഥൻ നായർ(പ്രസിഡൻറ്, നായർ സർവീസ് െസാൈെസറ്റി)
ശബരിമലയിൽ ഉടമസ്ഥാവകാശം ആർക്ക് എന്നത് നിയമത്തിെൻറ സാങ്കേതികത മാത്രം നോക്കി തീരുമാനിക്കേണ്ട കാര്യമല്ല. ആചാരവും ചരിത്രവസ്തുതകളും കണക്കിലെടുക്കണം. പന്തളം രാജകുടുംബമാണ് ശബരിമല ക്ഷേത്രം പണികഴിപ്പിച്ചതെന്ന് എല്ലാവർക്കുമറിയാം. ക്ഷേത്രത്തിെൻറ ഉടമസ്ഥാവകാശം അവർക്കായിരുന്നു. അതനുസരിച്ചുള്ള ആചാരങ്ങളാണ് ശബരിമലയിലുള്ളത്. അത് മാനിക്കണം. നിയമപരമായി പന്തളം കൊട്ടാരത്തിന് ക്ഷേത്രത്തിൽ അവകാശമുണ്ടോ എന്ന് രേഖകൾ പരിശോധിച്ച് തീരുമാനിക്കേണ്ടതാണ്.
ദേവസ്വം ബോർഡിന് ക്ഷേത്രങ്ങളുടെ ഉടമാവകാശമില്ല: പി.ജി. ശശികുമാര വർമ(പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ്)
ക്ഷേ ത്രം ആരുടെത് എന്ന ചർച്ചപോലും ഉണ്ടായിക്കൂടാത്തതാണ്. ക്ഷേത്രം എന്നും ഭക്തെൻറതാണ്. തിരുവിതാംകൂറും കൊച്ചിയും ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കുന്നതിനുള്ള 1949 ലെ കരാറിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഒഴികെയുള്ള ക്ഷേത്രങ്ങളുടെ ഇപ്പോൾ നിലവിലുള്ള ‘യൂസേജസ്’ അതായത് ആചാരങ്ങൾ ഒരു ദോഷവുംകൂടാതെ നടപ്പാക്കും എന്നാണ്. ക്ഷേത്രങ്ങൾ വിട്ടുകൊടുക്കുമ്പോൾ ഭരണാധികാരിയായ തിരുവിതാംകൂർ രാജാക്കന്മാർക്ക് അവയുടെ മേൽ ഉണ്ടായിരുന്ന മേൽക്കോയ്മ അവകാശമാണ് ദേവസ്വം ബോർഡിന് വിട്ടുകൊടുത്തത്. രാജാവ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ചെയ്യുന്നതിനുള്ള അവകാശമാണ് ദേവസ്വം ബോർഡിന് ലഭിച്ചത്.
അതനുസരിച്ച് നിലവിലുള്ള ആചാരങ്ങൾ തുടരാൻ ബോർഡ് ബാധ്യസ്ഥമാണ്. കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നാണ് കൊട്ടാരത്തിെൻറ ആവശ്യം. ടിപ്പു സുൽത്താെൻറ ആക്രമണകാലത്ത് യുദ്ധസന്നാഹങ്ങൾ ഒരുക്കുന്നതിനായി 1794ൽ പന്തളം കൊട്ടാരം 22,000 രൂപ കടം വാങ്ങി തിരുവിതാംകൂർ രാജാവിന് കൊടുത്തിരുന്നു.
രാജ്യ സുരക്ഷക്കായാണ് ഇത്രയും തുക കടം വാങ്ങി നൽകിയത്. 1820ലെ ‘നിനവ്’ അനുസരിച്ചാണ് പന്തളം രാജ്യത്തെ ക്ഷേത്രങ്ങൾ തിരുവിതാംകൂർ രാജാവ് ഏറ്റെടുത്തത്. അപ്പേഴും ശബരിമല ക്ഷേത്രത്തിൽ പന്തളത്തിനുള്ള ക്ഷേത്രേശൻ അഥവാ ഊരാളൻ എന്ന സ്ഥാനം നിലനിർത്തിയിരുന്നു. ആചാരപരമായി പന്തളം രാജാവിനുള്ള ഈ അവകാശം നിലനിർത്തിക്കൊണ്ടാണ് തിരുവിതാംകൂർ സർക്കാർ ക്ഷേത്രഭരണം നടത്തിയിരുന്നത്. ഇതെല്ലാം പാലിച്ചാണ് 1949വരെ തിരുവിതാംകൂർ ദേവസ്വം വകുപ്പ് ഭരണം നടത്തിയിരുന്നത്. ഒരു ട്രസ്റ്റിയുടെ അധികാരം മാത്രം നിലനിർത്തിയാണ് ദേവസ്വം ഡിപ്പാർട്മെൻറ് ഭരണം നടത്തിയിരുന്നത്.
ക്ഷേത്രത്തിെൻറ ഉടമസ്ഥത അവിടത്തെ പ്രതിഷ്ഠക്കാണ് കൽപിച്ച് നൽകിയിരുന്നത്. ഇപ്പോൾ ക്ഷേത്ര ഉടമ ദേവസ്വം ബോർഡാണ് എന്നാണ് പറയുന്നത്. കരാറിൽ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നിലനിർത്തിത്തന്നെയാണ് ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾ കൈമാറിയിട്ടുള്ളത്. ദേവസ്വം ബോർഡിെൻറയും അടിസ്ഥാന നിയമം കരാറാണ്. ദേവസ്വം ആക്ട് സെക്ഷൻ മൂന്നു പ്രകാരം ശബരിമലയുടെ ഭരണച്ചുമതല ദേവസ്വം ബോർഡിനാണ്. ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്ക് തന്ത്രിയാണെന്നത് സുപ്രീംകോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. ഇതിെൻറ അടിസ്ഥാനത്തിലാണ് ക്ഷേത്രംതന്ത്രിയുടെ നിർദേശപ്രകാരം ക്ഷേത്രം ഊരാളനായ പന്തളം കൊട്ടാരം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ ഭംഗം സംഭവിച്ചാൽ ക്ഷേത്ര നട അടച്ച് പരിഹാരാദിക്രിയകൾ താന്ത്രിക വിധിപ്രകാരം നടത്തിയ ശേഷമേ നട തുറക്കാവൂ എന്ന് കൊട്ടാരത്തിൽ നിന്ന് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.