രണ്ടാം യു.പി.എയുടെ അവസാനവർഷമാണ്. രാജ്യസഭ ഉപാധ്യക്ഷപദവി സോണിയ ഗാന്ധി പി.ജെ. കുര്യന് നൽകിയപ്പോൾ സൽമാൻ ഖുർശിദിൽ നിന്ന് ന്യൂനപക്ഷ മന്ത്രാലയത്തിെൻറ ചുമതല കെ.എ. റഹ്മാൻ ഖാനിൽ വന്നുചേർന്ന സമയം. അക്ബർ റോഡിൽ അദ്ദേഹത്തിെൻറ വസതിയിൽ ന്യൂനപക്ഷമന്ത്രിയെന്ന നിലയിലുള്ള അഭിമുഖത്തിനായി ചെന്നതായിരുന്നു. സി.ബി.െഎ കസ്റ്റഡിയിൽ കിടക്കുന്ന സ്വന്തം മകനെയൊന്ന് പുറത്തെത്തിക്കാൻ ഇന്ത്യാഗേറ്റിലെ പട്യാല ഹൗസ് കോടതിക്കും ഭഗവാൻ ദാസ് റോഡിലെ സുപ്രീംകോടതിക്കുമിടയിൽ ഉൗണും ഉറക്കവുമില്ലാതെ ഇപ്പോൾ കിടന്നോടുന്ന പളനിസ്വാമി ചിദംബരം എന്ന തമിഴ്നാട്ടുകാരൻ കേന്ദ്ര ധനമന്ത്രിയാണ്. പ്രണബ് മുഖർജി രാഷ്ട്രപതിയായതിനെതുടർന്ന് ആഭ്യന്തരമന്ത്രിസ്ഥാനമൊഴിഞ്ഞ് ധനമന്ത്രാലയത്തിലാണ് ചിദംബരമെങ്കിലും യു.പി.എ സർക്കാറിെൻറ കാര്യങ്ങളൊക്കെയും അദ്ദേഹത്തിെൻറ നിയന്ത്രണത്തിലായിരുന്നു. അഭിമുഖത്തിനിടയിൽ ഭീകരക്കേസുകളിൽെപട്ട് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ മുസ്ലിംചെറുപ്പക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് മുസ്ലിംസംഘടനകളുടെ പ്രതിനിധിസംഘം കാര്യങ്ങൾ ധരിപ്പിക്കാനായി ചിദംബരത്തെ കാണാൻ പോയതിനെക്കുറിച്ച് റഹ്മാൻ ഖാനോട് ചോദിച്ചു. ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് ചിദംബരം കൈമലർത്തിയ കാര്യം നിരാശയോടെ റഹ്മാൻ ഖാൻ പങ്കുവെച്ചു.
ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടലിനെ തുടർന്ന് മുസ്ലിം സമുദായത്തിനകത്ത് ഉയർന്ന അസ്വസ്ഥത മാറ്റാൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനപ്രതിനിധികൾ ചിദംബരത്തെ സന്ദർശിക്കുന്നത് അതിനും മൂന്ന് വർഷം മുമ്പാണ്. അന്ന് ചിദംബരമാണ് ആഭ്യന്തരമന്ത്രി. ഇപ്പോൾ ബി.ജെ.പി അധ്യക്ഷനായ അമിത് ഷാക്കെതിരെ ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാർ അന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയ കാര്യം നേതാക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുന്ന പ്രശ്നമേയില്ലെന്ന് ചിദംബരം മുസ്ലിംനേതാക്കളോട് അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഭീകരതയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ചാക്കി വേഗത്തിലാക്കാൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും പ്രതികൾ നിരപരാധികളാണെങ്കിൽ നീതി ലഭിക്കുമെന്നുമായിരുന്നു ചിദംബരത്തിെൻറ മറുപടി. സ്ഫോടനക്കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തിയ ഹിന്ദുത്വ ഭീകരരുടെ കേസിൽ കുറ്റവിചാരണ നടത്തി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാത്തതെന്താണെന്ന മുസ്ലിംനേതാക്കളുടെ ചോദ്യത്തിനും ചിദംബരത്തിന് അന്ന് മറുപടിയുണ്ടായിരുന്നില്ല. ഇതുപോലെ നിരവധി തവണയാണ് മുസ്ലിംചെറുപ്പക്കാരെ ഭീകരമുദ്ര ചാർത്തി ജയിലിലടക്കുന്ന ഭരണകൂട ഏജൻസികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ മുസ്ലിംനേതാക്കൾ ചിദംബരത്തെ കണ്ടിരുന്നത്. അപ്പോെഴാക്കെയും നിഷേധമായിരുന്നു ചിദംബരത്തിെൻറ മറുപടി.
അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസുകളെ ഇരകൾക്ക് നീതി ലഭിക്കുക എന്നതിലുപരി തനിക്കും പാർട്ടിക്കുമുള്ള കോർപേററ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ബി.ജെ.പിയുമായി രാഷ്ട്രീയമായി വിലപേശുന്നതിനുള്ള ആയുധമാക്കി ഉപയോഗിക്കുകയാണ് ചിദംബരവും ചെയ്തത്. അത്തരം വിലപേശലുകൾക്കിടയിലാണ് അമിത് ഷാക്കെതിരായ കേസും വിചാരണയും അറസ്റ്റിന് ശേഷവും ദുർബലമായിപ്പോയത്. വർഷങ്ങളോളം ആ കേസ് വെച്ചുതാമസിപ്പിച്ചതുകൊണ്ടാണ് എൻ.ഡി.എ കാലത്തേക്ക് വിചാരണ നീണ്ടതും അമിത് ഷാ അടക്കം പ്രധാന പ്രതികൾക്കെല്ലാം കേസിൽ രക്ഷപ്പെടാവുന്ന സാഹചര്യം സംജാതമായതും. മുസ്ലിം ന്യൂനപക്ഷം മാത്രമായിരുന്നില്ല യു.പി.എ കാലത്ത് ഭരണകൂടഭീകരതയുടെ ഇരകൾ. കാടും ഭൂമിയും വെള്ളവും നഷ്ടപ്പെട്ട് അസ്തിത്വത്തിനായി പോരാടുന്ന ആദിവാസിസമൂഹമായിരുന്നു ചിദംബരം ആഭ്യന്തരമന്ത്രിയായ കാലത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ടവർ. കോർപറേറ്റുകളുടെ ഖനനതാൽപര്യങ്ങൾ സംരക്ഷിക്കാൻ നക്സൽവേട്ടയുടെ മറവിൽ ഭീകരമായ ആദിവാസി ഉന്മൂലനമാണ് ചിദംബരം ആഭ്യന്തരമന്ത്രിയായിരിെക്ക നടത്തിയത്. ഛത്തിസ്ഗഢിലെ ബി.ജെ.പിസർക്കാറുമായി പോലും ചിദംബരം ഇതിനായി കൈകോർത്തു. ആദിവാസിമേഖലയിലെ ഒാപറേഷൻ ഗ്രീൻ ഹണ്ടിെൻറ ശക്തനായ വക്താവായിരുന്നു ചിദംബരം. ആദിവാസികളെ കൊണ്ട് ആദിവാസികളെ കൊല്ലിക്കാനുണ്ടാക്കിയ സൽവാ ജുദൂം എന്ന ഭീകരസംഘത്തെ സുപ്രീംകോടതി അപലപിച്ചിട്ടും അവയെല്ലാം ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടത്തിെൻറ അനിവാര്യതകളായി ന്യായീകരിച്ചു ചിദംബരം. സ്പെഷൽ പൊലീസ് ഒാഫിസർമാരാക്കി വേഷം കെട്ടിച്ച സൽവാ ജുദൂമുകാർ വ്യാപകമായി ആദിവാസികളെ കൊല്ലുകയും ആദിവാസി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തതെല്ലാം ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ ‘കോലാറ്ററൽ ഡാേമജസ്’ ആയിരുന്നു ചിദംബരത്തിന്.
കോർപറേറ്റ് താൽപര്യങ്ങൾക്കായി മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ ഒരു മടിയുമില്ലെന്ന് പ്ലാച്ചിമടയിലെ ആയിരത്തോളം ആദിവാസികുടുംബങ്ങളുടെ കാര്യത്തിലും ചിദംബരം തെളിയിച്ചു. പ്ലാച്ചിമടയിൽ ജലമൂറ്റിയ കൊക്കക്കോള കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കാൻ കേരള നിയമസഭ പാസാക്കിയ ബില്ലിന് പ്രസിഡൻറിെൻറ വിയോജനക്കുറിപ്പ് ഉണ്ടാക്കി തടയിട്ടത് ചിദംബരമാണെന്ന് പറഞ്ഞത് ട്രൈബ്യൂണൽ അംഗമായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എസ്. ഫൈസിയാണ്. ഇൗ അമേരിക്കൻ കോർപറേറ്റ് ഭീമെൻറ മുൻ നിയമോപദേശക അദ്ദേഹത്തിെൻറ ഭാര്യയായിരുന്നു എന്നതായിരുന്നു കാരണം. അഞ്ചുവർഷമാണ് ചിദംബരം ഇൗ ബിൽ വെച്ചുതാമസിപ്പിച്ചത്.
ആശ്വസിപ്പിക്കാൻ ആരുമില്ല
താൻ ആഭ്യന്തരമന്ത്രിയായിരിെക്ക നടത്തിയ ഭീകരവേട്ടകളെല്ലാം ദേശത്തിന് വേണ്ടിയുള്ളതും ദേശദ്രോഹികൾക്കെതിരായതുമായിരുന്നു ചിദംബരത്തിന്. ആദിവാസികൾക്കുനേരെയുള്ള വേട്ടെക്കതിരെ സംസാരിച്ച അരുന്ധതി റോയിയെ പോലുള്ളവർ ദേശദ്രോഹികളായി തീർന്നത് യു.പി.എ കാലഘട്ടത്തിലാണ്. ഇന്നിപ്പോൾ ഇതേ ചിദംബരം രാജ്യത്തെ കബളിപ്പിച്ച് ദേശദ്രോഹം നടത്തിയെന്ന് സ്ഥാപിക്കാനാണ് സംഘ്പരിവാറിെൻറ ഭഗീരഥപ്രയത്നം. സി.ബി.െഎ കസ്റ്റഡിയിലുള്ള കാർത്തിയെ മോചിപ്പിക്കാൻ ചിദംബരം ഇന്ത്യാഗേറ്റിനും ഭഗവാൻ ദാസ് റോഡിനുമിടയിൽ കിടന്ന് നെേട്ടാട്ടമോടുേമ്പാൾ ഇപ്പുറത്ത് റഫി മാർഗിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ദാവൂദിെൻറ ഡി കമ്പനി എന്ന പോലെ ചിദംബരത്തിെൻറ സി കമ്പനി ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഒറ്റുകൊടുത്ത് ദേശദ്രോഹം പ്രവർത്തിച്ചതെങ്ങനെയെന്ന പുസ്തകത്തിെൻറ പ്രകാശനം നടത്തുകയായിരുന്നു സംഘ്പരിവാറും ചിദംബരത്തിെൻറ ബദ്ധവൈരിയായ സുബ്രഹ്മണ്യൻ സ്വാമിയും. ഒരു മാസത്തിനകം ചിദംബരവും ഭാര്യ നളിനിയും ജയിലിലാകുമെന്നാണ് സ്വാമി പ്രഖ്യാപിച്ചത്. സ്വാമിയോടൊപ്പം പ്രകാശനത്തിന് വന്ന എം.ഡി. നാലപ്പാട്ട് ചിദംബരംകുടുംബത്തിന് മേൽ കൈവെച്ച പ്രധാനമന്ത്രിയെ പ്രശംസിച്ചു.
രാജ്യത്തിെൻറ കറൻസി തകർക്കാൻ യു.പി.എ മന്ത്രിസഭയിലെ ‘പ്രമുഖൻ’ അന്തർദേശീയ ഗൂഢാലോചന നടത്തിയെന്നും ഹിന്ദുസ്ഥാൻ വിരാട് സമിതി എന്ന സ്വാമിയുടെ സംഘടന ഒരുക്കിയ വേദിയിൽ നാലപ്പാട്ട് പറഞ്ഞു. കോർപറേറ്റുകളുടെ തോഴനെന്ന നിലയിൽ ബി.ജെ.പിക്കകത്ത് പോലും സ്വീകാര്യനായ ചിദംബരത്തെയും മകൻ കാർത്തിയെയും നരേന്ദ്ര മോദിയും അമിത് ഷായും വേട്ടയാടുന്നത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയെ ഭരണത്തിലെത്തിച്ച കോർപറേറ്റുകളുടെ സുപ്രീംകോടതിയിലെ പല കേസുകളും നടത്തുന്നത് പോലും ചിദംബരമാണ്.
മോദിയുടെയും അമിത് ഷായുടെയും കോപത്തിനിരയായാൽ കോർപറേറ്റ് ചങ്ങാത്തത്തിനും വക്കാലത്തിനും പോലും ഇന്ത്യയിൽ ഒരു നേതാവിനെയും രക്ഷിക്കാൻ കഴിയില്ലെന്നതിെൻറ ഒന്നാന്തരം ഉദാഹരണമാണ് മുൻ ആഭ്യന്തരമന്ത്രിയായ പി. ചിദംബരം. കോർപറേറ്റ് താൽപര്യങ്ങളില്ലെങ്കിലും ചിദംബരത്തിെൻറ തോഴനായ അരുൺ ജെയ്റ്റ്ലിയെങ്കിലും അദ്ദേഹത്തിെൻറ രക്ഷക്കുണ്ടാകുമെന്ന് കരുതിയവർക്ക് പോലും കാർത്തിയുടെ അറസ്റ്റോടെ തെറ്റി. നാലുവർഷത്തെ ഭരണത്തളർച്ചക്കൊടുവിൽ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കണമെങ്കിൽ മോദിസർക്കാറിെൻറ ഉള്ളുകള്ളികൾ പുറത്തിടുന്നവരെ നിശ്ശബ്ദരാക്കിയേ മതിയാകൂ. നാവടക്കാൻ തയാറായില്ലെങ്കിൽ ചിദംബരം അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് നിങ്ങളെയെല്ലാം കാത്തിരിക്കുന്നതെന്ന പ്രതിപക്ഷത്തിനുമുള്ള സന്ദേശമാണത്. അവിടെ എഫ്.െഎ.ആറുണ്ടോ, കേസുണ്ടോ എന്നീ ന്യായാന്യായതകൾക്കൊന്നും പ്രസക്തിയില്ല.
കാർത്തിക്ക് തെളിവായി അമിത് ഷായുടെ കേസ്
ഇക്കഴിഞ്ഞ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഒന്നാം നമ്പർ കോടതിയിൽ മകൻ കാർത്തി ചിദംബരത്തിനെ കസ്റ്റഡിയിൽ നിന്നിറക്കാൻ ഒാടിയെത്തിയ ചിദംബരത്തെ കണ്ടു. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ കേസുകളിൽ നിന്നെല്ലാം മോദിയെയും അമിത് ഷായെയും രക്ഷിച്ചെടുത്ത തുഷാർ മേത്തയാണ് അഡീഷനൽ സോളിസിറ്റർ ജനറലെന്ന നിലയിൽ ചിദംബരത്തിനെതിരെ വാദിക്കാൻ കോടതിയിലുള്ളത്. കോൺഗ്രസ് നേതാക്കളും മുതിർന്ന സുപ്രീംകോടതി അഭിഭാഷകരുമായ കപിൽ സിബലും അഭിഷേക് മനു സിങ്വിയും സൽമാൻ ഖുർശിദും ചിദംബരത്തിെൻറ ഇടത്തും വലത്തുമായി അണിനിരന്നിരിക്കുന്നു. കാർത്തിയെ സി.ബി.െഎ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല, രണ്ടും ഒരേ കേസാണ് എന്നാണ് കപിൽ സിബലിെൻറ വാദം. അല്ലെന്ന് തുഷാർ മേത്തയും. ഒന്ന് തന്നെയാണെന്ന് സ്ഥാപിക്കാൻ കപിൽ സിബൽ ഉദ്ധരിച്ച സുപ്രീംകോടതിവിധിയാണ് ശ്രദ്ധേയമായത്. സൊഹ്റാബുദ്ദീൻ ശൈഖിനെയും ഭാര്യ കൗസർബിയെയും തുളസീറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തിയ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് എഫ്.െഎ.ആറുകളിട്ടത് തള്ളിക്കളഞ്ഞ് ഒരു കേസാക്കി പരിഗണിച്ചാൽ മതിയെന്ന മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തിെൻറ വിധിയായിരുന്നു അത്. മോദിസർക്കാർ കേരള ഗവർണറാക്കിയ ജസ്റ്റിസ് സദാശിവത്തിെൻറ ആ വിധി ഉപയോഗിച്ചാണ് ഒരു കേസിൽ നേടിയ ജാമ്യം കൊണ്ട് അന്ന് അമിത് ഷാക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനായത്. അമിത് ഷായുടെ കേസിലെ വിധി പറഞ്ഞതോടെ തുഷാർ മേത്ത തിരിച്ചടിക്കാൻ കഴിയാതെ നിസ്സഹായനായി. ആ വിധി വരുന്ന സമയത്ത് യു.പി.എ സർക്കാറാണ് കേന്ദ്രത്തിൽ അധികാരത്തിലുള്ളത് എന്ന് കൂടി ഒാർക്കുക. പല കേസുകളിലും കേന്ദ്രസർക്കാർ അഭിഭാഷകർ ബോധപൂർവമോ അല്ലാതെയോ നിശ്ശബ്ദരാകുന്നത് പ്രതികൾക്ക് മാത്രമല്ല, ഭാവിയിൽ സർക്കാറിനെ കൊണ്ടുനടത്തുന്നവർ വല്ല കേസിലും കുടുങ്ങുേമ്പാൾ ഉദ്ധരിക്കാവുന്ന തെളിവായി മാറുമെന്നതിെൻറ ഉദാഹരണം കൂടിയാണ് അമിത് ഷാക്കെതിരായ ഏറ്റുമുട്ടൽ കേസും കാർത്തിക്കെതിരായ പണമിടപാട് കേസും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.