സാന്ത്വന പരിചരണം സാർവത്രികമായേ തീരൂ...

ലോകമെമ്പാടും ഒക്ടോബർ ഒമ്പത്​ പാലിയേറ്റിവ് പരിചരണ ദിനമായി ആചരിക്കുകയാണ്. വേൾഡ് വൈഡ് ഹോസ്​പീസ്​ പാലിയേറ്റിവ് കെയർ അലയൻസ്​ എന്ന സംഘടനയാണ് ലോക ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. 'ആരെയും പിന്തള്ളാതെ, സാന്ത്വന പരിചരണ ലഭ്യതയിൽ തുല്യത' (Leave no one behind: Equity in access to palliative care) എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. ലോകാരോഗ്യ സംഘടനയിൽ അംഗത്വമെടുത്ത 194 രാജ്യങ്ങളിൽ വെറും 30ൽ മാത്രമാണ് അർഹരായ മുഴുവൻ രോഗികൾക്കും സാന്ത്വന പരിചരണം ലഭ്യമാക്കിയിട്ടുള്ളത് എന്നറിയുമ്പോഴാണ് ലോകം ഈ മേഖലയിൽ കാണിക്കുന്ന അവഗണനയുടെ ആഴം മനസ്സിലാകുന്നത്. ഇത്തരത്തിൽ ഒരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്​ട്രസഭയും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.

സാന്ത്വന പരിചരണം ലഭിക്കേണ്ട മുഴുവൻ ജനങ്ങൾക്കും അർഹമായ അളവിൽ പരിചരണം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സമ്മർദം ചെലുത്തുകയെന്നത് ദിനാചരണത്തിെൻറ പ്രധാന ലക്ഷ്യമാണ്. രോഗപീഡ അനുഭവിക്കുന്നവർ എവിടെ ജീവിക്കുന്നു, അവരുടെ ലിംഗഭേദം, പ്രായം, പശ്ചാത്തലം എന്നിവയൊന്നും പരിഗണിക്കാതെതന്നെ സാന്ത്വന പരിചരണ ലഭ്യതയിൽ തുല്യത ഉറപ്പു വരുത്തുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. ലോകം ഇപ്പോഴും കോവിഡ് -19 എന്ന മഹാമാരിയുടെ പിടിയിലാണ്. സാന്ത്വന പരിചരണം കൂടുതൽ വ്യാപിപ്പിക്കേണ്ട സാഹചര്യമാണിത്. സാന്ത്വന പരിചരണം രാജ്യങ്ങളുടെ പദ്ധതികളിലും ബജറ്റുകളിലും ഉൾപ്പെടേണ്ടതുണ്ട്. ലോക​െത്ത ഭൂരിപക്ഷം രാജ്യങ്ങളിലും ഇപ്പോഴും സാർവത്രിക ആരോഗ്യ പരിരക്ഷയുടെ, അല്ലെങ്കിൽ ദേശീയ ആരോഗ്യ സംവിധാനങ്ങളുടെ ഭാഗമല്ല സാന്ത്വന പരിചരണം.

ലോകമെങ്ങുമുള്ള, പ്രത്യേകിച്ച് താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ നവജാതശിശുക്കൾ, കുട്ടികൾ, യുവാക്കൾ, ഭവനരഹിതർ, ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ളവർ, തടവിലാക്കപ്പെട്ടവർ, വിവിധ പ്രതിസന്ധികളിൽ ജീവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് തുല്യമായ അളവിലുള്ള സാന്ത്വന പരിചരണത്തി​െൻറ അഭാവം പ്രകടമാണ്.

ഈ രംഗത്ത് നിലനിൽക്കുന്ന അസമത്വത്തിലേക്ക് വെളിച്ചം വീശാൻ ദിനാചരണത്തോടനുബന്ധിച്ച ചർച്ചകൾ വഴിതുറന്നേക്കും.

ജീവിതം പരിമിതപ്പെടുത്തുന്ന ഗുരുതര രോഗങ്ങൾ, വിട്ടുമാറാത്ത ദുരിതങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സാന്ത്വന പരിചരണം വളരെ നിർണായക പങ്കാണ് വഹിക്കുന്നത്. സാന്ത്വന പരിചരണ സേവനങ്ങൾ പൊതുജനാരോഗ്യ സേവന വിതരണത്തിൽ അവിഭാജ്യ ഘടകമാണ്. ആഗോളതലത്തിൽ, സാന്ത്വന പരിചരണം ആവശ്യമുള്ള 56.8 ദശലക്ഷം ജനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽതന്നെ 25.7 ദശലക്ഷം പേർ ജീവന് ഭീഷണിയായ രോഗങ്ങൾ ബാധിച്ച് അന്ത്യം കാത്തിരിക്കുന്നവരാണെന്ന് ഡോ. സ്​റ്റീഫൻ കോണറുടെ നേതൃത്വത്തിൽ വേൾഡ് വൈഡ് ഹോസ്​പീസ്​ പാലിയേറ്റിവ് കെയർ അലയൻസ്​ പ്രസിദ്ധീകരിച്ച 'ആഗോള പാലിയേറ്റിവ് കെയർ അറ്റ്​ലസ്' ചൂണ്ടിക്കാട്ടുന്നു. ​േലാകത്തെ 30 രാജ്യങ്ങളിലാണ് രോഗ ചികിത്സ സംവിധാനത്തോടൊപ്പം സാന്ത്വന പരിചരണവും ചേർന്നുള്ള ആരോഗ്യ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ലോക ജനസംഖ്യയുടെ 14.2 ശതമാനം പേർ ഈ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ലോകത്തെ 47 രാജ്യങ്ങളിൽ അറിയപ്പെടുന്ന ഒരു സാന്ത്വന പരിചരണ സംവിധാനവും പ്രവർത്തിക്കുന്നില്ല.

ചുരുക്കത്തിൽ ആഗോള ജനസംഖ്യയുടെ 85.8 ശതമാനം വരുന്ന, പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്ക് സാന്ത്വന പരിചരണം ഇപ്പോഴും കിട്ടാക്കനിയാണ്.

ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്​തമല്ല. രാജ്യത്തെ 1.2 ബില്യൺ ജനങ്ങളിൽ രണ്ടിൽ താഴെ ആളുകൾക്ക് മാത്രമാണ് പാലിയേറ്റിവ് പരിചരണം കൃത്യമായ അളവിൽ ലഭിക്കുന്നത്. ഒറ്റപ്പെട്ട സാന്ത്വന പരിചരണ സംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് 'ആഗോള പാലിയേറ്റിവ് കെയർ അറ്റ്​ലസ്​' ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ അഞ്ചിലൊരാൾ മതിയായ പരിചരണം ലഭിക്കാതെ വിട്ടുമാറാത്ത അല്ലെങ്കിൽ ജീവിതം പരിമിതപ്പെടുത്തുന്ന രോഗാവസ്ഥയിൽ ജീവിക്കുന്നയാളാണെന്ന്് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കേരളത്തിൽ സാന്ത്വന പരിചരണ സാഹചര്യം സവിശേഷമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ളതുമായ പാലിയേറ്റിവ് സംവിധാനങ്ങൾ വഴി സൗജന്യമായി വീട്ടിലെത്തി പരിചരണം നൽകാൻ നമുക്ക് കഴിയുന്നുണ്ട്. ശാരീരിക പരിചരണം, മാനസിക, സാമൂഹിക, ആത്മീയ, സാമ്പത്തിക പിന്തുണ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്. ദീർഘകാലത്തേക്ക് രോഗികൾക്ക് നൽകുന്ന സുസ്ഥിര സേവനങ്ങൾ നമ്മുടെ മാത്രം പ്രത്യേകതയാണ്. കേരളത്തിൽ നാം നടപ്പാക്കിയ ഈ മാതൃക അതി​െൻറ ഫലപ്രാപ്തിയും കമ്യൂണിറ്റി അധിഷ്ഠിത സമീപനവും കാരണം ഇന്ത്യ പോലെ വിഭവദാരിദ്യ്രം നേരിടുന്ന രാജ്യങ്ങൾക്ക് അനുയോജ്യമാണ്.

സാന്ത്വന പരിചരണ ലഭ്യതക്കുറവിന് പ്രധാന കാരണങ്ങൾ പരിശോധിക്കാം.

1. സാന്ത്വന പരിചരണം ഉൾപ്പെടുത്തുന്നതിൽ നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിെൻറ പരാജയം:

സാന്ത്വന പരിചരണം മിക്ക രാജ്യങ്ങളിലും ആരോഗ്യ പരിപാലനത്തി​െൻറ ഭാഗമല്ല. വിട്ടുമാറാത്തതും ജീവിതം പരിമിതപ്പെടുത്തുന്നതുമായ രോഗങ്ങളുള്ള രോഗികൾക്ക് സാന്ത്വന പരിചരണത്തിന് പകരം രോഗചികിത്സ നൽകുന്നതിലൂടെ അവരെ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും പ്രയാസപ്പെടുത്തുന്നു.

2. നിയന്ത്രിത മരുന്നുകളുടെ ലഭ്യതക്കുറവ്:

വേദന ഒഴിവാക്കാൻ നൽകുന്ന നിയന്ത്രിത മരുന്നുകളുടെ ലഭ്യത തടയുന്ന നിരോധന നിയമങ്ങളും നയങ്ങളും.

3. വിദ്യാഭ്യാസ/അവബോധത്തിെൻറ അഭാവം:

ആരോഗ്യ പരിപാലന രംഗത്തെ പ്രഫഷനലുകൾക്കുള്ള പാഠ്യപദ്ധതിയിൽ പാലിയേറ്റിവ് കെയർ ഇപ്പോഴും പൂർണമായും ഉൾപ്പെടുത്തിയിട്ടില്ല. സാന്ത്വന പരിചരണത്തെക്കുറിച്ച് പൊതുജനങ്ങളുടെയും ഭരണാധികാരികളുടെയും അറിവില്ലായ്മ.

4. ദുർബലരായ ജനത:

സാന്ത്വന പരിചരണം ലഭ്യമാകുന്നിടത്തുപോലും വൈകല്യമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഭൂമിശാസ്​ത്രപരമായും സാമൂഹികമായും രാഷ്​ട്രീയമായും ഒറ്റപ്പെട്ടവർ, മറ്റു ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയവർ പിന്തള്ളപ്പെടുന്നു.

5. അപര്യാപ്തമായ പ്രാഥമിക/ദ്വിതീയ/തൃതീയ ആരോഗ്യ പരിരക്ഷ:

പ്രമേഹം, രകതസമ്മർദം തുടങ്ങിയ ജീവിതശൈലിരോഗങ്ങൾക്ക് ചികിത്സിക്കാൻ മതിയായ പ്രാഥമിക ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ്. ഭിന്നശേഷിക്കാർക്ക് മതിയായ പുനരധിവാസ സൗകര്യങ്ങളുടെ അഭാവം.

1980കളിൽതന്നെ അർബുദ രോഗികളിലെ പാലിയേറ്റിവ് പരിചരണം ലോക വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, എയ്​ഡ്സ്​, പകരുന്നതും പകരാത്തതുമായ മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയ വിഭാഗങ്ങൾക്കും സാന്ത്വന പരിചരണം അത്യന്താപേക്ഷിതമാണെന്ന ധാരണ പക്ഷേ, വ്യാപകമായില്ല. അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്നത് അടിസ്ഥാന മനുഷ്യാവകാശമെന്ന നിലയിൽ ഓരോ രാജ്യങ്ങളുടെയും ബാധ്യതയാണ്. സാന്ത്വന പരിചരണമില്ലാതെ ആഗോള ആരോഗ്യ പരിരക്ഷ സാധ്യമാകില്ല. അതു സാധ്യമാക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടു വരുന്ന, എല്ലാവർക്കും ആവശ്യമായ അളവിൽ പരിചരണം ലഭ്യമാകുന്ന നല്ല നാളേക്കായി നമുക്ക്​ പ്രയത്നം തുടരാം.

(തണൽ പാലിയേറ്റിവ് ആൻഡ്​​ പാരാപ്ലീജിക്

കെയർ സൊസൈറ്റി ജനറൽ

സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - Palliative care must be universal ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.