സിനിമയിലെത്തി രണ്ടാം വർഷമാണ് പാർവതി തിരുവോത്ത് എന്ന നടിയുടെ പേരിനൊപ്പം എവിടെനിന്നോ മേനോൻ പ്രത്യക്ഷപ്പെട്ടത്. മലയാളിയുടെ സാമ്പാറുപൊടിക്കും അച്ചാറിനും ചന്ദനത്തിരിക്കുമൊക്കെ ബ്രാഹ്മണ -നമ്പൂതിരി - നായർ വാൽ വന്നുചേരുന്നതുപോലത്തെ തികച്ചും ‘സ്വാഭാവിക’ പ്രതിഭാസം.
പാർവതിയുടെ എസ്.എസ്.എൽ.സി ബുക്കിലോ പാസ്പോർട്ടിലോ ജാതി വാലില്ല. ജാതിയുടെ പേരിൽ അറിയപ്പെടാൻ ആഗ്രഹവുമില്ല എന്നും അവർ പറഞ്ഞിട്ടുണ്ട്. നടിയെന്ന രീതിയിൽ ശ്രദ്ധിക്കപ്പെടാൻ ‘മേനോൻ’ ഉത്തമ ‘സർനെയി’മാണെന്ന് തീരുമാനിച്ച ഒരു പത്രക്കാരെൻറ ചെപ്പടിവിദ്യ മാത്രമായിരുന്നില്ല ഇത്. മലയാള സിനിമയെ ഭരിക്കുന്ന സവർണപൊതുബോധത്തിെൻറ കൊടിപ്പടമായിരുന്നു ആ ‘സർനെയിം’.
‘ഞാൻ പാർവതിയാണ്, പാർവതി മേനോനല്ല’ എന്ന പ്രഖ്യാപനത്തോടെയാണ് അവർ ഇൗ പൊതുബോധത്തെ തിരുത്തിയത്.
സിനിമയെന്ന വിനോദവ്യവസായവും അതിനെ നിയന്ത്രിക്കുന്ന ആണധികാരവും സ്ത്രീയെ ചരക്കുവത്കരിക്കുന്നതിനെ, സ്വന്തം അനുഭവങ്ങളിലൂടെ അവർ തുറന്നുകാട്ടി. ‘കരീബ് കരീബ് സിംഗ്ൾ’ എന്ന ബോളിവുഡ് ചിത്രത്തിെൻറ മാർക്കറ്റിങ്ങിന് നിന്നുകൊടുക്കേണ്ടിവന്നപ്പോൾ നഗ്നയാക്കപ്പെട്ടപോലെ േതാന്നി എന്ന് അവർ പറഞ്ഞു. ‘ഏത് ഖാനോടൊപ്പം അഭിനയിക്കാനാണ് ഇഷ്ടം’ എന്നായിരുന്നു മുംബൈയിലെ പ്രമോഷൻ പരിപാടിയിലെ ചോദ്യം. അവസരം കിട്ടാൻ ആണുങ്ങളുടെ കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്ന ‘കാസ്റ്റിങ് കൗച്ച്’ മലയാള സിനിമയിൽ അവകാശമായിത്തന്നെ കാണുന്ന നടന്മാരും സംവിധായകരും ഉണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ അവർ തുറന്നുപറഞ്ഞു.
പാരമ്പര്യനിഷ്ഠവും യാഥാസ്ഥിതികവുമായ മൂല്യങ്ങൾ ആധിപത്യം ചെലുത്തുന്ന സിനിമയിൽ സർഗശേഷിയുള്ള സ്ത്രീയുടെ അതിജീവനം എന്നും പ്രശ്നസങ്കീർണമാണ്. ‘തുലാഭാര’ത്തിലെയും ‘സ്വയംവര’ത്തിലെയും ശാരദ, ‘ഭൂമിക’യിലെയും ‘ചക്ര’യിലെയും സ്മിത പാട്ടീൽ, ‘ചാരുലത’യിലെ മാധബി മുഖർജി, ‘അർഥി’ലെ ശബാനാ ആസ്മി, ‘രുദാലി’യിലെ ഡിംപ്ൾ കപാഡിയ എന്നിവരെ കത്രീന കെയ്ഫിൽനിന്നും കരീന കപൂറിൽനിന്നും ദീപിക പദുക്കോണിൽനിന്നും പ്രിയങ്ക ചോപ്രയിൽനിന്നുമെല്ലാം വേറിട്ടുനിർത്തുന്നത് എന്താണ്? അത്, സ്ത്രീ സ്വത്വത്തോടും ശരീരത്തോടുമുള്ള സിനിമയുടെ പരിചരണങ്ങളെ തിരുത്താനുള്ള ശേഷിയാണ്.
പാർവതി അടക്കമുള്ളവർ പ്രതിനിധാനം ചെയ്യുന്ന തലമുറ മലയാള സിനിമയിലെ ‘ന്യൂ ജനറേഷൻ’ ആകുന്നത് ഇത്തരം തിരുത്തുകളിലൂടെയാണ്. രണ്ടു പതിറ്റാണ്ടിനിടെ മലയാള സിനിമയിലുണ്ടായ പ്രധാന വഴിത്തിരിവുകളിലൊന്ന് സ്വത്വബോധമുള്ള ഇത്തരം നടിമാരുടെ പകർന്നാട്ടങ്ങളാണ്. അവർ സ്വന്തം അവകാശങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അവ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കുന്നു. ‘ഇങ്ങനെയുള്ള സിനിമകൾ ഞാൻ ചെയ്യില്ല’ എന്ന് ഉറപ്പിച്ചുപറയുന്നു. ഇത് മോഹന്‍ലാലിെൻറ കഥ, ഇത് മമ്മൂട്ടിയുടെ കഥ എന്നല്ലാതെ ഇതൊരുകൂട്ടം ആള്‍ക്കാരുടെ കഥ എന്ന് പറയാന്‍ കഴിയണമെന്ന്, സൂപ്പർതാരാധിപത്യത്തെ ചോദ്യം ചെയ്യുന്നു. നായകൻ വാങ്ങുന്ന പ്രതിഫലം നായികക്കും നൽകണം എന്നാവശ്യപ്പെടുന്നു. ‘കൂടുതൽ കളിച്ചാൽ ഞാൻ നിന്നെ പച്ചമാങ്ങ തീറ്റിക്കും’ എന്നുതുടങ്ങിയ താരപ്രയോഗങ്ങളെ പ്രശ്നവത്കരിക്കുന്നു... ഇവർ നടത്തുന്നത് ആത്മാഹുതിയുടെ വക്കിൽനിന്നുള്ള ‘എമർജൻസി ലാൻഡിങ്’തന്നെ.
പാർവതിയുടെ സിനിമജീവിതത്തിെൻറ ആദ്യപകുതി വിജയവും തോൽവിയും നിറഞ്ഞതാണ്. കന്നട ചിത്രം ‘മിലാനാ’ ബംഗളൂരുവിലെ മൾട്ടിപ്ലക്സുകളിൽ 500 ദിവസത്തിലേറെയാണ് ഒാടിയത്. ‘പൂ’, ‘മരിയൻ’ എന്നീ ചിത്രങ്ങൾ ഫിലിംഫെയർ അവാർഡ് അടക്കമുള്ള അംഗീകാരങ്ങൾ നേടി. പല വേഷങ്ങളും വിമർശകശ്രദ്ധക്കും അർഹമായി. അതേസമയം, പല വേഷങ്ങളും പരാജയങ്ങളായിരുന്നു. തുടക്കത്തിലെ, ജയപരാജയങ്ങൾ വലിയ പാഠങ്ങളായി. പിന്നീട്, പ്രമേയത്തെയും വേഷത്തെയും മേക്കിങ്ങിനെയുമെല്ലാം ഗൗരവത്തോടെ സമീപിക്കുന്ന നടിയായി വികസിപ്പിച്ചത് ഇൗ അനുഭവമാണ്.
കരിയറിലെ വിമതത്വവും പാർവതിയുടെ വ്യക്തിജീവിതവും കൊണ്ടും കൊടുത്തുമാണ് മുന്നേറിയത്. കരിയറിെൻറ രണ്ടാം പകുതിയിൽ, കലയുടെ രാഷ്ട്രീയത്തെക്കുറിച്ച പക്വമായ പ്രതികരണങ്ങൾ പാർവതിയിൽനിന്നുണ്ടാകുന്നുണ്ട്. നടി തിരക്കഥ വായിക്കാൻ ആവശ്യപ്പെടുന്നത്, അർഹമായ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുന്നത്, താരാധിപത്യത്തെ ധിക്കരിക്കുന്നത്, സ്വന്തം വേഷത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് എല്ലാം ധിക്കാരമായി കാണുന്നിടത്താണ് ഇവയെല്ലാം വേണമെന്നു ശഠിച്ച് പാർവതി നടിയും നായികയുമായത്.
12 വർഷം മുമ്പ് സിനിമയിലെത്തിയ കോഴിക്കോട് അത്തോളി തിരുവോത്ത് കോട്ടുവറ്റ പാർവതിയുടെ അഭിനയജീവിതവും ക്ലൈമാക്സുകളും ആൻറി ക്ലൈമാക്സുകളും നിറഞ്ഞതാണ്. 2006ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തില്‍ സഹനടിയായാണ് അരങ്ങേറ്റം. റോഷന് ആന്‍ഡ്രൂസിെൻറ ‘നോട്ട്ബുക്കി’നു േശഷം ഏറെക്കാലം മലയാളിയുടെ കാഴ്ചയിൽ പാർവതിയുണ്ടായിരുന്നില്ല.
എന്നാൽ, തന്നെ പാർവതി ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കുകയായിരുന്നു; തമിഴിലും കന്നടയിലും. 2008ൽ പുറത്തുവന്ന ശശിയുടെ ‘പൂ’വിൽ തമിഴ് ഗ്രാമീണസ്ത്രീയായ മാരിയായി പാർവതി തിളങ്ങി. പടക്കഫാക്ടറികൾ സന്ദർശിച്ചും മറ്റും മാരിയാകാൻ പാർവതി കഠിനപ്രയത്നം നടത്തി. കന്നടയിലെ ആദ്യ ശ്രദ്ധേയവേഷം ‘മിലാന’യിലേതാണ്. തുടർന്ന് കന്നടയിലും മലയാളത്തിലും ഏതാനും സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞപ്പോൾ, നടിയെന്ന നിലക്കുള്ള അസംതൃപ്തികൾ സ്വയം തെരഞ്ഞെടുപ്പിന് പാർവതിയെ നിർബന്ധിതയാക്കി. അങ്ങനെ 2011ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘സിറ്റി ഒാഫ് ഗോഡി’നു ശേഷം അർധവിരാമത്തിലേക്ക്.
2013ൽ കരിയറിലെ ഏറ്റവും ശ്രദ്ധേയ വേഷങ്ങളിലൊന്നായ പനിമലരായി തിരിച്ചെത്തി; ഭരത്ബാല- ധനുഷ് ടീമിെൻറ കന്നട ചിത്രം ‘മരിയാനി’ലൂടെ. അസാധാരണ ഭാവപ്പകർച്ചയായിരുന്നു പനിമലർ. ഇൗ വേഷമാണ് മലയാളത്തിലേക്ക് പാർവതിയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്; 2014ൽ അഞ്ജലി മേനോെൻറ ‘ബാംഗ്ലൂർ ഡെയ്സി’ലൂടെ. സൈറയെ മലയാളിക്കിഷ്ടമായി. അടുത്തവർഷം കാഞ്ചനമാലയും ടെസയുമായി വിസ്മയകരമായ പകർന്നാട്ടം. പാർവതി എന്ന നടി പാകപ്പെടുന്നത് തന്നെത്തന്നെ ലംഘിക്കുന്ന ഇത്തരം വേഷങ്ങളിലൂടെയാണ്.
1988 ഏപ്രിൽ ഏഴിന് അഭിഭാഷകരായ പി. വിനോദ് കുമാറിെൻറയും ടി.കെ. ഉഷാകുമാരിയുടെയും മകളായി ജനനം. തിരുവനന്തപുരത്തായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ഒാൾ സെയിൻറ്സ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. 22ാം വയസ്സിൽ സ്വന്തം ഇഷ്ടങ്ങളുമായി കൊച്ചിയിലേക്ക് താമസം മാറ്റി...സൗഹൃദം, സ്വകാര്യത, പുസ്തകങ്ങൾ, യാത്രകൾ... സ്മിത പാട്ടീലും ശബാന ആസ്മിയും നസ്റുദ്ദീൻ ഷായും ഭരത് ഗോപിയുമൊക്കെ ഇഷ്ടതാരങ്ങൾ. ഓരോ സിനിമ കഴിയുമ്പോഴും അപ്രത്യക്ഷയാകും, ഇഷ്ടമുള്ളിടത്തേക്ക്. പാചകം ചെയ്തും പാട്ടുകേട്ടും എഴുതിയും കഴിയും. പ്രിയകൃതികളിൽ ‘ഖസാക്കിെൻറ ഇതിഹാസ’വുമുണ്ട്. ലേഡി മാക്ബത്ത് സ്വപ്നവേഷം. 12 വർഷത്തിനിടെ 21 സിനിമകൾ മാത്രം. ഒാരോന്നിലും ഒാരോ പാർവതിയെയാണ് പ്രേക്ഷകർ കണ്ടത്. േഗാവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള രജതമയൂരത്തിന് അർഹയാക്കിയ ‘ടെയ്ക് ഒാഫ്’ പാർവതിയുടെ യാത്രയുടെ അപൂർവ ട്വിസ്റ്റായിരുന്നു. സമീറയിൽനിന്നും ടെസയിൽനിന്നും കാഞ്ചനമാലയിൽനിന്നും ഇനി എന്ത്് വ്യത്യസ്തതയാണ് അടുത്ത സിനിമയിൽ കാത്തുെവച്ചിരിക്കുന്നത്? ‘‘ഒരു ബ്രേക്ക് ആള്‍ക്കാര്‍ക്ക് കൊടുത്തില്ലെങ്കില്‍ എന്നിലെ നടിയെന്നു പറഞ്ഞയാള്‍ കുറവും ഞാന്‍ കൂടുതലുമാവും’’; അപ്രതീക്ഷിതത്വം നിറഞ്ഞ ഇൗയൊരു പ്രതീക്ഷയാണ് പാർവതിയെ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട നടിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.