കെ. മോഹൻദാസ് ചെയർമാനായ പതിനൊന്നാം ശമ്പള കമീഷെൻറ ഏഴാമത് റിപ്പോർട്ട് വിവാദങ്ങളുടെ കെട്ടഴിച്ചിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ബാധിക്കുന്നവയാണ് റിപ്പോർട്ടിലെ ശിപാർശകൾ എന്നതിനാൽ വിവാദം സ്വാഭാവികം. വേതനവും സേവനവും പരിഷ്കരിക്കുന്ന റിപ്പോർട്ടുകളാണ് മുമ്പും കമീഷനുകൾ സമർപ്പിച്ചിട്ടുള്ളത്. അതിൽ വേതന പരിഷ്കരണം മാത്രമേ നടക്കാറുള്ളൂ. ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരവും വേതന പരിഷ്കരണം നടന്നുകഴിഞ്ഞു. പെൻഷൻ പരിഷ്കരണവും നടന്നു. ഇനി സേവന പരിഷ്കരണം നടക്കുമോ? സാധ്യത കുറവാണ്.
പെൻഷൻ പ്രായം ഒരു വർഷം വർധിപ്പിക്കുക. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കുക, ആശ്രിത നിയമന വ്യവസ്ഥ ഉപേക്ഷിക്കുക. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന കീഴ്വഴക്കം അവസാനിപ്പിക്കുക, എയ്ഡഡ് സ്കൂൾ-കോളജ് അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിന് യോഗ്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കുക, ടൈപ്പിസ്റ്റ്, പ്യൂൺ മുതലായ തസ്തികകൾ ഇല്ലാതാക്കുക, പ്രമോഷനുകളിൽ നൽകുന്ന ഇളവ് ഉപേക്ഷിക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ജീവനക്കാർക്കുള്ള േക്വാട്ട എടുത്തുകളയുക, ഓഫിസിൽ ഇല്ലാതിരിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒരു മണിക്കൂറിന് ഒരു ശതമാനം വീതം പിടിക്കുക, സർക്കാർ ഒാഫിസുകൾ കടലാസ് രഹിതമാക്കുക, സ്ഥലംമാറ്റങ്ങൾ ഡിജിറ്റലാക്കുക തുടങ്ങിയ നിർദേശങ്ങളിൽ പലതും വിവാദം സൃഷ്ടിക്കാവുന്നവയാണ്.
ഇവിടെ വിലയിരുത്തേണ്ടത്, മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഓരോന്നും നടപ്പിലാക്കുന്നതുകൊണ്ട് കേരളത്തിലെ പൊതുസമൂഹത്തിന് എന്തു നേട്ടമുണ്ടാകും എന്നാണ്. പക്ഷേ, ഒരു കാര്യം നടപ്പിലാക്കുമ്പോൾ അതിലൂടെ നേട്ടം അനുവദിക്കുന്നവർ മാത്രമല്ല, കോട്ടം അനുഭവിക്കുന്നവരും ഉണ്ടാകും. നിർദേശങ്ങൾ കണ്ണടച്ച് നടപ്പാക്കാൻ ജനകീയ സർക്കാറുകൾ മടിക്കുന്നത് അതുകൊണ്ടാണ്. ഇവിടെ പരീക്ഷിക്കാവുന്ന ഒരു കാര്യം, ഏറ്റവും പ്രധാനപ്പെട്ടതും കടുത്ത വിവാദം സൃഷ്ടിക്കാവുന്നതുമായ ഏതാനും കാര്യങ്ങളിൽ, ജനങ്ങൾക്കിടയിൽ പരിശോധന നടത്തുകയാണ്. ഗ്രാമപഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കോർപറേഷനിലെയും ഒരു വാർഡ് വീതം നറുക്കിട്ടെടുത്ത്, അവിടെ ഹിതപരിശോധന നടത്താൻ സംവിധാനം ഒരുക്കണം. വികസിത രാജ്യങ്ങൾ വിവാദവിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് ഈ മാതൃക സ്വീകരിക്കാറുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനം കേരളമാണ് (76 വയസ്സ്). ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായം (56 വയസ്സ്) നിലവിലുള്ള സംസ്ഥാനവും ഇതു തന്നെ. കേന്ദ്ര സർവിസിലും തമിഴ്നാട് അടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെൻഷൻ പ്രായം 60 വയസ്സാണ്. കേരളത്തിൽ സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും 58 വയസ്സിലാണ് പെൻഷൻ. കേരളത്തിലെ സർവിസ് മേഖലയിൽപോലും ഇപ്പോൾ രണ്ടു വിധത്തിലാണ് പെൻഷൻ പ്രായം. നേരത്തേയുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 56 വയസ്സാണെങ്കിൽ, പങ്കാളിത്ത പെൻഷെൻറ പരിധിയിൽ വരുന്നവരുടേത് 60 വയസ്സാണ്.
കേരളത്തിലെ ജീവനക്കാർക്ക് ശരാശരി 27 വർഷ സർവിസാണ് നിലവിൽ ലഭിക്കുന്നത്. ഇവർക്ക് ശരാശരി 25 വർഷം പെൻഷനും നൽകേണ്ടിവരുന്നു. അതിനുശേഷം കുടുംബ പെൻഷൻ നൽകേണ്ടി വരുന്നവരുടെ എണ്ണവും ചെറുതല്ല. 87,956 കോടി രൂപ തനതു വരുമാനമുള്ള കേരളം 23,106 കോടി രൂപയാണ് ഒരു വർഷം പെൻഷനുവേണ്ടി ചെലവഴിക്കുന്നത്. ബജറ്റിൽ പ്രതീക്ഷിക്കുന്ന തനതു വരുമാനം കോവിഡ് സാഹചര്യത്തിൽ ഇക്കുറി പകുതിക്ക് താഴെയാകാനാണ് സാധ്യത. അപ്പോഴും പെൻഷൻ ചെലവിൽ ഒരു കുറവും ഉണ്ടാകില്ല.
ശരാശരി ഒരു വർഷം 21,000 ജീവനക്കാരാണ് (അധ്യാപകർ ഉൾപ്പെടെ) സർവിസിൽനിന്നു വിരമിക്കുന്നത്. 4,500 ജീവനക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും വിരമിക്കുന്നു. വർഷം 24,000ത്തിൽ അധികം പേർക്ക് പി.എസ്.സി വഴി നിയമനം ലഭിക്കുന്നുണ്ട് (ഇന്ത്യയിൽ കേരളം ഒഴികെ ഒരു സംസ്ഥാനത്തും സർവിസിൽനിന്ന് വിരമിക്കുന്നവരുടെ പകുതി തസ്തികയിൽപോലും സ്ഥിരം നിയമനം നടക്കുന്നില്ല. കേന്ദ്ര സർവിസിലെ സ്ഥിതിയും ഇതുതന്നെ. പെൻഷൻ പ്രായം വർധിപ്പിച്ചാൽ സ്വാഭാവികമായും അത്രകാലം പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും. അപ്പോൾ റാങ്ക് ലിസ്റ്റിലുള്ള 24,000 പേരുടെ നിയമനം ഒരു വർഷം നീണ്ടുപോകും. ഒരു വർഷം പെൻഷൻ പ്രായം വർധിപ്പിച്ചാൽ 4,600 കോടി രൂപ സർക്കാറിന് നേട്ടമാകും. പെൻഷൻ പ്രായം രണ്ടു വർഷം വർധിപ്പിച്ച് 58 വയസ്സായി നിശ്ചയിച്ചാൽ 9,200 കോടി രൂപ ഖജനാവിൽ മിച്ചമാകും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തൊഴിൽ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു എന്നാണ് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രംഗത്ത് 9,200 കോടി രൂപ നിക്ഷേപിക്കാൻ കഴിഞ്ഞാൽ, മൂന്നു നാലു വർഷങ്ങൾക്കുള്ളിൽ ലക്ഷത്തിലധികം പേർക്കു പുതുതായി തൊഴിൽ നൽകാനാകും. അതിനുള്ള വിശ്വാസ യോഗ്യമായ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട്, പെൻഷൻ പ്രായം 58 ആയി വർധിപ്പിക്കുന്ന കാര്യം പരിശോധിക്കണം. തീരുമാനമെടുക്കും മുമ്പ് നിർദേശങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കച്ച് ഹിതപരിശോധന നടത്തണം. 50 ശതമാനത്തിലധികം പേരുടെ അംഗീകാരമുണ്ടെങ്കിൽ മാത്രം അത് നടപ്പിലാക്കണം. ഇതിന് അംഗീകാരം കിട്ടുകയാണെങ്കിൽ കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളും സാമ്പത്തിക കെടുതിയിൽനിന്നും രക്ഷനേടും.
പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചാക്കുകയും ഒരു മണിക്കൂർ പ്രവൃത്തി സമയം വർധിപ്പിക്കുകയും ചെയ്യുക, കേന്ദ്രശമ്പളവും അലവൻസുകളും ഉൾപ്പെടെ ഉറപ്പുവരുത്തി സംസ്ഥാന ശമ്പള പരിഷ്കരണം കേന്ദ്ര പരിഷ്കരണത്തോടൊപ്പമാക്കുക, സ്ഥലംമാറ്റ മാനദണ്ഡം ഉറപ്പുവരുത്താൻ നിയമനിർമാണം നടത്തുക, സർക്കാർ ഓഫിസുകൾ കടലാസ് രഹിതമാക്കുക, ഭരണതലത്തിലെ തട്ടുകൾ മൂന്നായി കുറക്കുക, ഭരണഭാഷ മലയാളമാക്കുക, സെക്രേട്ടറിയറ്റിൽ ഉൾപ്പെടെ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ താഴെ തലങ്ങളിലേക്ക് കൈമാറുക, ജോലിയിൽ വീഴ്ചവരുത്തുന്നവരുടെ ശമ്പളത്തിൽ കുറവുവരുത്തുകയും അവരുടെ പ്രമോഷൻ തടയുകയും ചെയ്യുന്നവിധം സേവനാവകാശ നിയമം നടപ്പിലാക്കുക, സേവനം വീട്ടുപടിക്കൽ എത്തിക്കുക, അഴിമതിക്കാരെ സർവിസിൽനിന്ന് പുറത്താക്കുക, രാഷ്ട്രീയ അഴിമതിക്കുള്ള അവസരം ഇല്ലാതാക്കുക, ജോലിഭാരം കുറവുള്ള ഓഫിസുകളിലെ ജീവനക്കാരെ ജോലിഭാരം കൂടുതലുള്ള ഓഫിസുകളിലേക്ക് പുനർവിന്യസിക്കുക, വർക്ക് ഫ്രം ഹോം സാധ്യതകൾ പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങൾ സർവിസ് സംഘടനകൾ തന്നെ പലപ്പോഴും ശമ്പള കമീഷനുകൾക്കും ഭരണപരിഷ്കാര കമീഷനുകൾക്കും രേഖാമൂലം സമർപ്പിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങളിൽ പൊതുവേ ജനങ്ങൾക്കും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ, ആവശ്യമായ കൂടിയാലോചനകൾ നടത്തി ഇവ നടപ്പാക്കാൻ സർക്കാർ മനസ്സുവെക്കണം.
എയ്ഡഡ് സ്കൂളിലെയും കോളജുകളിലെയും നിയമനങ്ങൾക്ക് റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കൽ, ആശ്രിത നിയമനം ഉപേക്ഷിക്കൽ, ടൈപ്പിസ്റ്റ്, പ്യൂൺ തസ്തികകൾ ഇല്ലാതാക്കൽ, പ്രമോഷൻ യോഗ്യതകളിൽ നൽകുന്ന ഇളവ് അവസാനിപ്പിക്കൽ മുതലായവയൊന്നും ഏകപക്ഷീയമായി നടപ്പിലാക്കാൻ സർക്കാറിന് ആവില്ല. ഇക്കാര്യങ്ങളിലും ഹിതപരിശോധന ആവശ്യമാണ്. എല്ലാ പ്രശ്നങ്ങളുടെയും ഒറ്റമൂലി എന്ന അർഥത്തിലല്ല ഹിതപരിശോധനയെക്കുറിച്ചു പറയുന്നത്. എന്നാൽ, കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ, പ്രധാനപ്പെട്ട ചില സംഗതികളിൽ വ്യക്തത ഉണ്ടാകണമെങ്കിലും അവ നടപ്പിലാക്കണമെങ്കിലും മറ്റൊരു വഴി മുന്നിലില്ല. ഈ വഴിയിലുള്ള ഒരു പ്രശ്ന പരിഹാരത്തിലേക്ക് മാറാൻ കഴിഞ്ഞാൽ, ഗുണപരമായ ഒട്ടേറെ കുതിപ്പുകൾക്ക് അത് കാരണമായി മാറുകയും ചെയ്യും.
(ജോയിൻറ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.