മൂന്നാറിനടുത്ത രാജമല പെട്ടിമുടിയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന് കഴിഞ്ഞവർഷം വയനാട്ടിലെ പുത്തുമലയിലുണ്ടായ ദുരന്തവുമായി ഏറെ സമാനതയുണ്ട്. തേയിലത്തോട്ടങ്ങൾക്ക് മുകളിൽ നിലകൊണ്ട കൂറ്റൻ കരിമ്പാറക്കൂട്ടങ്ങൾ തമിഴ്^ദലിത് തൊഴിലാളികൾ പാർക്കുന്ന ലയങ്ങളുടെമേൽ പതിച്ചാണ് അതിദാരുണ ദുരന്തമുണ്ടായത് എന്നാണ് മനസ്സിലാവുന്നത്.
ഏതു സമയത്തേക്കും കാത്തുവെച്ചിരുന്ന അത്യാഹിതമായിരുന്നു ഇതെന്ന് പറയേണ്ടി വരുന്നതിൽ പ്രയാസമുണ്ട്. 2011ൽ തന്നെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ഇൗ മേഖലകളെയൊന്നാകെ അതിപരിസ്ഥിതി ലോല പ്രദേശങ്ങൾ (ESZ1) ആയി നിർണയിച്ചിരുന്നു.
കേരളത്തിൽ ഉയർന്ന പ്രദേശങ്ങളിൽ മഴപ്പെയ്ത്ത് കൂടുതലാണ്. കനത്ത മഴ ലഭിക്കുന്ന ചെങ്കുത്തായ മലയോരങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതകളും വളരെയേറെ. അതായത് അതിപരിസ്ഥിതിലോല പ്രദേശങ്ങളിൽ സ്വാഭാവികമായിത്തന്നെ ഇൗ ഭീഷണി നിലനിൽക്കുന്നു.
സ്വാഭാവികവനങ്ങൾക്ക് കേടുപറ്റാതിരിക്കുകയെന്നതും അതിപരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കവെ പരിഗണിച്ചിരുന്നു. ഇടതിങ്ങിയ സ്വാഭാവിക വനങ്ങളുള്ള പ്രദേശങ്ങളിൽ മണ്ണും വേരും ഒന്നുചേർന്നു നിൽക്കുന്നതിനാൽ ഉരുൾപൊട്ടലിനെ ചെറുക്കാനാവും. എന്നാൽ, കനത്ത മഴയും ചെങ്കുത്തായ മലഞ്ചെരിവുകളുമുള്ള മേഖലകളിലെ വനങ്ങൾക്ക് എന്തെങ്കിലും നശീകരണം സംഭവിച്ചാൽ ആ പ്രദേശങ്ങളും ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളായി മാറും.
കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണം, മലയിടിക്കൽ, ഖനനം, സ്വാഭാവിക വനങ്ങളിലെ മരങ്ങൾ വെട്ടി പകരം േതാട്ടങ്ങളുണ്ടാക്കൽ, വലിയ യന്ത്രങ്ങളുപയോഗിച്ച് ഭൂമി നിരപ്പാക്കൽ എന്നിങ്ങനെ നശീകരണം സംഭവിക്കാൻ പല സാധ്യതകളുണ്ട്. ലോലമേഖലയിലെ മണ്ണിനും മരങ്ങൾക്കും നാശം സംഭവിക്കുന്നത് വൻ ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും വഴിവെക്കുമെന്നത് മുന്നിൽകണ്ട് ഇത്തരം പ്രവർത്തനങ്ങളെല്ലാം കർശനമായി ഒഴിവാക്കണമെന്ന് ഞങ്ങൾ ശക്തമായി ശിപാർശ ചെയ്തിരുന്നു. ആ വാക്ക് ചെവിക്കൊണ്ടിരുന്നുവെങ്കിൽ കഴിഞ്ഞ വർഷവും ഇക്കുറിയും സംഭവിച്ച ഉരുൾപൊട്ടലുകളുടെ ആഘാതം വലിയ അളവിൽ കുറക്കാനാകുമായിരുന്നു.
ദൗർഭാഗ്യവശാൽ, നശീകരണ പ്രവർത്തനങ്ങൾക്ക് തടയിടണമെന്ന ശിപാർശക്ക് വിലകൽപിച്ചില്ല എന്നു മാത്രമല്ല കഴിഞ്ഞ ഒമ്പതു വർഷമായി ഇത്തരം അപകടകരമായ പ്രവർത്തനങ്ങൾ വർധിക്കുകയും ചെയ്തിരിക്കുന്നു. വേറെയും അനുബന്ധ കാരണങ്ങളുണ്ട്. കേരളത്തിലെ മലമ്പ്രദേശങ്ങളെ കാർന്നുതിന്നുകയാണ് ക്വാറികൾ. അവയിൽ ചിലത് പെട്ടിമുടിയുടെ സമീപമേഖലകളിലാവാനും സാധ്യതയുണ്ട്.
ഉരുൾപൊട്ടിയ സ്ഥലത്തോട് തൊട്ടുചേർന്നല്ലെങ്കിൽപോലും പാറപൊട്ടിക്കുേമ്പാഴുണ്ടാവുന്ന പ്രകമ്പനങ്ങൾ ക്രമേണ സമീപപ്രദേശങ്ങളിലെ മലകളെയും കുന്നുകളെയും ദുർബലമാക്കുകയും ഉരുൾെപാട്ടൽ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഖേദകരമെന്നു പറയെട്ട, അതുകൊണ്ടുതന്നെ പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ഒരു അപ്രതീക്ഷിത ദുരന്തമായിരുന്നില്ല.
ഒാരോ ദിവസവും ചൂടുപിടിച്ച് ചൂടുപിടിച്ച് പൊള്ളിപ്പൊളിയുന്ന ഭൂമിയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരിയേക്കാൾ കൂടുതലായിരുന്നു കഴിഞ്ഞ 40 വർഷത്തെ ചൂട്. ഏറ്റവും ചൂടുപിടിച്ച 12 വർഷങ്ങൾ 1998ന് ശേഷമാണ്. ഇൗ കാലാവസ്ഥവ്യതിയാനം, ഉഷ്ണ^ശീത തരംഗങ്ങൾ, കനത്ത മഴപ്പെയ്ത്ത് എന്നിങ്ങനെയുള്ള തീവ്ര പരിതസ്ഥിതികൾക്ക് വഴിവെക്കുമെന്ന കാര്യം ശാസ്ത്രലോകം പൊതുവേ സമ്മതിക്കുന്നുമുണ്ട്.
ചൂടുകൂടുന്നതനുസരിച്ച് കൂടുതൽ നീരാവി വായുവിൽ തങ്ങിനിൽക്കുന്നത് തുടർച്ചയായ കനത്ത മഴക്കും വഴിയൊരുക്കുന്നുണ്ട്. ഇതൊരു ആഗോള പ്രതിഭാസമാണ്. പ്രാദേശിക പ്രതിഭാസങ്ങൾ അതിലേറെയാണ്. മഴയുടെ വരവിലുണ്ടായ വ്യത്യാസം ശ്രദ്ധിക്കുക. സ്വാഭാവിക വനമേഖല നഗരങ്ങളുടെ കോൺക്രീറ്റ് കാടുകളായി മാറിയതോടെ സംഭവിച്ചതാണിത്.
ഒപ്പം വാഹനങ്ങളിൽനിന്ന് പുറംതള്ളുന്ന വാതകങ്ങളുടെയും നിർമാണ, ഖനന മേഖലകളിൽനിന്നുള്ള പൊടിയുടെയും സൂക്ഷ്മകണികകൾ (എയറോസോളുകൾ) ഏറ്റവുമധികമുള്ള നാടായി മാറിയിരിക്കുന്നു ഇന്ത്യ. ഫലമോ? ഇവ കലർന്ന വായു ഘനീഭവിക്കുേമ്പാൾ വെള്ളത്തുള്ളികളുടെ പെരുക്കമുണ്ടാവുന്നു.
ഇൗ പ്രതിഭാസം കുറഞ്ഞ നേരം കൊണ്ട് കനത്ത മഴയാണ് വരുത്തിവെക്കുന്നത്. പണ്ട് ആറു മണിക്കൂർ നേരം നീണ്ടുനിന്ന ചെറുചാറ്റൽ മഴ മൂന്നു മണിക്കൂറിൽ സംഭവിക്കുന്നു, പിന്നീട് അര മണിക്കൂറിൽ കനത്ത മഴയും. ഇത്തരം മഴലബ്ധി പ്രളയത്തിനും മണ്ണിടിച്ചിലിനും ബണ്ടുകൾ പൊട്ടാനും കെട്ടിടങ്ങളുടെ തകർച്ചക്കും കാരണമാവുന്നു.
വായുവിനേക്കാൾ സാവകാശമാണ് ജലത്തിനു ചൂടുപിടിക്കുക. ഭൂമിയുടെ ഉപരിതലത്തിെൻറ 70 ശതമാനംവരെ മൂടാൻ തക്ക ജലശേഖരമുണ്ട് സമുദ്രങ്ങളിൽ. ആ സമുദ്രജലം ഇപ്പോൾ ചൂടുപിടിച്ച് കടുത്ത മാറ്റങ്ങൾക്ക് വഴിവെക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. അറബിക്കടലിനു മീതെയുള്ള ചുഴലിക്കൊടുങ്കാറ്റിെൻറ വരവിന് അൽപവർഷങ്ങളായി ആക്കം കൂടിയിരിക്കുന്നു.
അവ ഏറെയും ഒമാൻ തീരത്തേക്കാണ് നീങ്ങിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമാം വിധത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഇതാദ്യമായി ചുഴലിക്കൊടുങ്കാറ്റിെൻറ ഫലമായി കരയെടുത്തുപോയിരിക്കുന്നു. മഹാരാഷ്ട്രയുടെ കൊങ്കൺതീരത്ത് വീശിയടിച്ച 'നിസർഗ്' ചുഴലിക്കാറ്റാണ് ഇതിനു നിമിത്തമായത്.
'നിസർഗ്' പോലൊരു പ്രതിഭാസം ആദ്യത്തേതാണ്, എന്നാൽ, അവസാനത്തേതാവാൻ സാധ്യതയേതുമില്ല, അറബിക്കടലിന് ചൂടേറിത്തുടങ്ങിയതോടെ വിശേഷിച്ചും. ഒരുപാട് ചുഴലിക്കൊടുങ്കാറ്റുകൾ വരാനിരിക്കുന്നു. ഒരു പക്ഷേ, ഗോവ, കർണാടക, കേരളം ഇവിടങ്ങളിലെല്ലാം ഇത് കനത്ത സാമ്പത്തിക^പാരിസ്ഥിതിക നാശത്തിന് കാരണമായേക്കും.
ലോകത്ത് എല്ലായിടത്തും തന്നെ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഉഷ്ണമേഖലകളിൽ അത് കൂടുതൽ പ്രകടമാണ്. അതിനൊപ്പം തന്നെ എറണാകുളം പോലെയുള്ള നഗരങ്ങളിൽ നിർമാണപ്രവർത്തനങ്ങളുടെ ആധിക്യവും അമിത ഉപഭോഗം മൂലം ഭൂഗർഭ ജലനിരപ്പിൽ സംഭവിച്ച കുറവും കാരണം ഭൂവിസ്തൃതി ചുരുങ്ങിവരുന്നുമുണ്ട്.
ഖനനവും കുന്നിടിച്ചിലും വനനശീകരണവും മൂലം ഹരിതമേഖലകൾക്കും നദികൾക്കും സംഭവിച്ച ശോഷണവും ഇൗ ആഘാതങ്ങൾക്ക് ആക്കം കൂട്ടുന്നു. സത്യത്തിൽ അവശേഷിക്കുന്ന മരങ്ങളുടെകൂടി വേരറുക്കുന്ന ഹൈവേ നിർമാണങ്ങളും പരിസ്ഥിതിയെ അട്ടിമറിക്കുന്ന വിഴിഞ്ഞം, ഗോവയിലെ വാസ്കോ ഡ ഗാമ, കർണാടകത്തിലെ തടാടി തുറമുഖ പദ്ധതികളുമെല്ലാം ചേർന്ന് പശ്ചിമഘട്ടമേഖല അപ്പാടെ പരിസ്ഥിതി, തീരസംരക്ഷണ നിയമങ്ങൾക്കുമേലുള്ള കടുത്ത ലംഘനങ്ങളുടെ വേദിയായി മാറിയിരിക്കുന്നു.
ഇൗ കൊട്ടിഘോഷിക്കപ്പെടുന്ന വികസന പദ്ധതികളെല്ലാം വരുംവർഷങ്ങളിൽ പടിഞ്ഞാറൻ തീരത്ത് വരാനിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിെൻറ ആഘാതങ്ങൾ നേരിടേണ്ടി വരുന്നവയാണ്. ഇപ്പോൾതന്നെ അതിസമ്പന്നരായ ഒരു ചെറിയ കൂട്ടം ആളുകളുടെ കീശക്ക് കൂടുതൽ കനം വെപ്പിക്കാൻമാത്രമാണ് ഇൗ പദ്ധതികളെല്ലാം സഹായകമാവുക.
അങ്ങനെയല്ലായിരുന്നുെവങ്കിൽ, എല്ലാവരുടെയും സാമൂഹിക^സാമ്പത്തിക അഭിവൃദ്ധികൂടി ലക്ഷ്യമിടുന്നുണ്ട് എന്നാണെങ്കിൽ എന്തുകൊണ്ടാണ് തുച്ഛകൂലിക്ക് വേലചെയ്യുന്ന തേയിലത്തോട്ടം തൊഴിലാളികൾ എന്നും എപ്പോഴും മലയിടുക്കുകളിലുള്ള പാടികളിൽ പാർക്കേണ്ടി വരുന്നത്? ആണ്ടോടാണ്ട് ആവർത്തിക്കപ്പെടുന്ന ഉരുൾപ്പൊട്ടലിൽ കരിമ്പാറക്കൂട്ടങ്ങൾക്കടിയിൽ ചതഞ്ഞരഞ്ഞ് മണ്ണോട് ചേർക്കപ്പെടുന്നത്?
സ്വിറ്റ്സർലൻഡിൽ ജനീവ തടാകതീരത്ത് തങ്ങളുടെ കണക്കിൽപ്പെടാത്ത പണം സ്വിസ്ബാങ്കിൽ പൂഴ്ത്തി സംരക്ഷിക്കുന്ന ലോകമൊട്ടുക്കുമുള്ള അതിസമ്പന്നരുടെയും ശൈഖുമാരുടെയും കൊട്ടാരങ്ങൾ കാണാം. ഇൗ രാജ്യങ്ങളിലെ സാധാരണക്കാരായ മനുഷ്യർ ദരിദ്രരായി തുടരവെയാണ് സാമ്പത്തിക അന്തരത്തിന് ആക്കം കൂട്ടുന്ന ഇൗ അഭ്യാസങ്ങൾ. ഇത്തരം വികസന സങ്കൽപങ്ങൾ വിചിത്രമാണെന്ന് പറയാതെ വയ്യ.
ഇനിയെന്താണൊരു മാർഗം? ഗ്രാമ, നഗര ഭേദമില്ലാതെ ജനാധിപത്യ വികേന്ദ്രീകരണവും പ്രാദേശികസമൂഹങ്ങളുടെ ശാക്തീകരണവും മാത്രമാണത്. അതായിരുന്നു രാജ്യത്തെ സ്വാശ്രയത്വം നിറഞ്ഞ ഗ്രാമങ്ങളുടെ റിപ്പബ്ലിക് ആക്കി മാറ്റുന്ന മഹാത്മ ഗാന്ധി വിഭാവനം ചെയ്ത ഹിന്ദ് സ്വരാജ് എന്ന ദർശനം. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് അതിെൻറ ജനാധിപത്യശക്തിയും പത്രങ്ങളും ടി.വി ചാനലുകളും ഉൾപ്പെടെയുള്ള സ്വതന്ത്ര മാധ്യമങ്ങളുമാണ്.
പക്ഷേ, അവക്ക് പരിമിതികളുണ്ട്. പുതു ജ്ഞാനകാലത്തിെൻറ മൂർച്ചയേറിയ ആയുധമായ സമൂഹ മാധ്യമങ്ങൾ ജനാധിപത്യവത്കരണത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട്. വികേന്ദ്രീകരണ ജനാധിപത്യം സാധ്യമാക്കാനായാൽ ഒരുനാൾ ഇന്ത്യ സ്വിറ്റ്സർലൻഡിന് സമാനമാംവിധം സസ്യശ്യാമളമായി മാറും. ആ രാജ്യത്തെ കനത്ത വനസമ്പത്ത് കഴിഞ്ഞ 160 വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതാണ്. അതിനുമുമ്പ് നാലുശതമാനം മാത്രമായിരുന്നു അവിടെ അവശേഷിച്ചിരുന്ന വനമേഖല.
ഭീകരമായ ഉരുൾപൊട്ടലുകൾ നിത്യസംഭവമായിരുന്നു ഒരു കാലത്ത് അവിടെ. ഇൗ ദുരവസ്ഥയാണ് ജനതയുടെ ഉയിർത്തെഴുന്നേൽപിനും പച്ചപ്പു നിറഞ്ഞ നാടിനായുള്ള ഒന്നിപ്പിനും വഴിയൊരുക്കിയത്. ഇൗ വീണ്ടെടുപ്പ് നടത്തിയതും മേൽനോട്ടം വഹിച്ചതും സർക്കാറുകളല്ല, പ്രാദേശിക സമൂഹങ്ങളായിരുന്നു. ഒന്നിച്ച് ഒരുമിച്ച് പങ്കാളിത്ത ജനാധിപത്യത്തിലൂടെ സ്വിസ് ജനത നാടിെൻറ ഹരിതാഭയും ആവാസവ്യവസ്ഥയും വീണ്ടെടുത്തു.
അത്തരം ഒരു പങ്കാളിത്ത ജനാധിപത്യം മാത്രമേ മുേമ്പാട്ടുള്ള പ്രയാണത്തിന് വഴി തുറക്കുകയുള്ളൂ. 2014ലെ പൊതുതെരഞ്ഞെടുപ്പിലെ വൻവിജയശേഷം നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആവേശോജ്വല പ്രസംഗത്തിൽ രണ്ടു മന്ത്രങ്ങൾ മുന്നോട്ടുവെച്ചിരുന്നു^ 'സബ്കാ സാഥ്, സബ് കാ വികാസ്'- നമ്മുടെ വികസന പ്രക്രിയയിൽ എല്ലാവരെയും ഉൾചേർക്കുമെന്നും വികസനത്തെ ജനകീയ പദ്ധതിയാക്കി മാറ്റുമെന്നും. മറ്റൊരു മാർഗവും മുന്നിലില്ല, ഇൗ പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുകയല്ലാതെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.