വിദ്യാർഥികളായ അലൻ ശുഹൈബിനും താഹാ ഫസലിനും എതിരെ യു.എ .പി.എ വകുപ്പുകൾ ചേർത്ത് കേരളം എടുത്ത കേസ് എൻ.ഐ.എ സംസ്ഥാനത് തെ തിരിച്ചേൽപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ച മുഖ്യമന്ത്രി പ ിണറായി വിജയെൻറ നടപടി സ്വാഗതാർഹമായ ഒരു നിലപാടു മാറ്റത്തെ സൂചിപ്പിക്കുന്നു.കഴിഞ്ഞ നവംബർ ഒന്നിനാണു കേരള പൊലീ സ് സി.പി.എം അംഗങ്ങളായ ഈ യുവാക്കളെ അറസ്റ്റ് ചെയ്തതും മാവോവാദി ബന്ധം ആരോപിച്ച് അവർക്കെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയതും. കസ്‌റ്റഡിയിലെടുക്കുമ്പോൾ യു.എ.പി.എ നിയമം ആകർഷിക്കാൻ വേണ്ട ഒരു തെളിവും പൊലീസിെൻറ പക്കൽ ഉണ്ടായിരുന്നില്ല. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ മുതൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ വരെ നടത്തിയ പരസ്യ പ്രസ്താവനകൾ പരിശോധിച്ചാൽ ഇതു മനസ്സിലാക്കാനാകും.
സി.പി.എം ശക്തമായ അച്ചടക്ക സംവിധാനമുള്ള പാർട്ടിയാണ്. അതിെൻറ അംഗങ്ങൾ പാർട്ടി താൽപര്യങ്ങൾക്കുവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ പൊലീസ് കണ്ടെത്തുന്നതിനു മുമ്പേ മനസ്സിലാക്കാനും അച്ചടക്ക നടപടിയെടുക്കാനും അതിനാകും. അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായില്ല. അതേസമയം, അവരെ അറസ്റ്റ് ചെയ്തശേഷം ജില്ല നേതൃത്വത്തിെൻറ ഒരു വിഭാഗം പൊലീസ് ഭാഷ്യത്തിനൊപ്പം നിലകൊണ്ടു. മുഖ്യമന്ത്രി ഈ വിഷയത്തിൽ ആദ്യം നടത്തിയ പരാമർശങ്ങൾ അദ്ദേഹവും പൊലീസ് നടപടി ന്യായീകരിക്കുന്നെന്ന ധാരണ നൽകി.
ഡിസംബർ അവസാനമാണ് കേന്ദ്ര ഏജൻസി ഈ കേസിെൻറ അന്വേഷണം ഏറ്റെടുത്തത്. അതുവരെയുള്ള രണ്ടു മാസത്തെ അന്വേഷണത്തിൽ യു.എ.പി.എ ചുമത്തലിനെ എന്നല്ല അറസ്റ്റിനെതന്നെയും ന്യായീകരിക്കാൻ പോരുന്ന തെളിവൊന്നും കണ്ടെത്താൻ സംസ്ഥാന പൊലീസിന് കഴിഞ്ഞില്ല. ആറാഴ്ചത്തെ അന്വേഷണത്തിൽ എൻ.ഐ.എക്കും ഈ യുവാക്കളെ മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാനായിട്ടില്ല.
മാവോവാദി ബന്ധമുണ്ടെന്ന പൊലീസ് ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന നിരീക്ഷണത്തോടെയാണ് മജിസ്‌ട്രേറ്റു കോടതി മുതൽ ഹൈകോടതി വരെ അലനും താഹക്കും ജാമ്യം നിഷേധിച്ചിട്ടുള്ളത്. ‘‘ജാമ്യമാണ് ചട്ടം, ജയിൽ അപവാദമാണ്’’ (Bail is the rule, jail is exception) എന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പ്രശസ്തമായ പ്രസ്താവവും മാവോവാദി പ്രസിദ്ധീകരണങ്ങൾ കൈവശം വെക്കുന്നതും വായിക്കുന്നതും കുറ്റമല്ലെന്ന ഡോ. ബിനായക് സെൻ കേസിലെ സുപ്രീംകോടതി വിധിയുമെല്ലാം അപ്രസക്തമാക്കിക്കൊണ്ട് കാലം പിന്നോട്ട് പ്രവഹിക്കുമ്പോൾ മാവോവാദി പ്രവർത്തനവും മാവോവാദി ബന്ധവും മാവോവാദി വായനയും തമ്മിെല വ്യത്യാസം ലോപിക്കുകയാണെന്നു തോന്നുന്നു. വൻ സുരക്ഷാ സംവിധാനമുള്ള പ്രധാനമന്ത്രിയുടെ യാത്ര തുരങ്കത്തിലൂടെയാക്കുന്നതിനെ കുറിച്ച് സർക്കാർ പോലും ചിന്തിക്കുന്ന കാലമാണല്ലോ.
ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അലനും താഹക്കുമെതിരായ കേസിെൻറ അന്വേഷണം തിരിച്ചേൽപിക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ആവശ്യത്തിൽ ധീരമായ ഒരു ചുവടുമാറ്റമുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിെൻറ പ്രതികരണം അനുകൂലമാകുമെന്ന വിശ്വാസം ഈ ലേഖകനില്ല. ഭീകരന്മാരും വിഘടനവാദികളുമെല്ലാം ചേർന്ന് രാജ്യത്തിെൻറ സുരക്ഷ അപകടത്തിലാക്കുകയാണെന്നും അതിനു തടയിടാനാവശ്യമായ കടുത്ത നടപടികളെടുക്കാനുള്ള ഇച്ഛാശക്തി തങ്ങൾക്കേയുള്ളെന്നുമുള്ള ധാരണ നിലനിർത്തേണ്ടത് മോദി-ഷാ യുഗ്മത്തിെൻറ ആവശ്യമാണ്. അതിനായി ഉപയോഗിക്കാൻ പറ്റിയ ഒരു കേസായാകും അവർ ഇതിനെ കാണുന്നത്.
സംസ്ഥാന പൊലീസ് നല്ല രീതിയിൽ അന്വേഷണം നടത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തതെന്നു മുഖ്യമന്ത്രി കത്തിൽ പറയുന്നുണ്ട്. കേന്ദ്ര ഏജൻസി ഏറ്റെടുക്കാൻ മാത്രം ഗൗരവം കേസിനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈ വാദങ്ങൾ കേന്ദ്രം നിരാകരിക്കുകയും എൻ.ഐ.എ കേസ് തിരികെ ഏൽപിക്കാൻ വിസമ്മതിക്കുകയും ചെയ്യുകയാണെങ്കിൽ സംസ്ഥാനത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാറിന് സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച തർക്കം കേരളം ഇതിനകം അവിടെ ഉയർത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുക ഭരണഘടനപ്രകാരം സുപ്രീംകോടതിയുടെ ചുമതലയാണ്. അതുകൊണ്ട് ആവശ്യമെങ്കിൽ കൂടുതൽ പരാതികളുമായി അതിനെ സമീപിക്കാൻ മടിക്കേണ്ടതില്ല.ഭരണ മുന്നണിയും പ്രതിപക്ഷ മുന്നണിയും ഈ കേസിെൻറ കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് ഒരേ രീതിയിൽ ചിന്തിക്കുെന്നന്നത് ശുഭോദർക്കമാണ്. മനുഷ്യാവകാശ പ്രശ്നങ്ങളെ കക്ഷിരാഷ്ട്രീയത്തിനതീതമായി കാണാൻ ഒരു പരിഷ്കൃത സമൂഹത്തിനാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.