ഇന്ത്യൻ യുവതയെ പ്രചോദിപ്പിക്കേണ്ട ജീവിത കഥയാണ് ഫിറോസ് ഗാന്ധിയുടേത്. മുപ്പതുകൾ തൊട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണായക വ്യക്തിയായിരുന്ന, ഫിറോസ് ഗാന്ധിയുടെ സ്വാധീനം ഇന്ത്യാ ചരിത്രത്തിൽ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനുമപ്പുറം വ്യാപിച്ചിരുന്നു.
ഫിറോസ് ഗാന്ധി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ഫിറോസ് ഗാന്ധി മരിച്ച ശേഷം ഭാര്യ ഇന്ത്യാ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയും മകൻ പിന്നീട് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായി. ഇതൊക്കെ ആയിരുന്നെങ്കിലും ഫിറോസ് ഗാന്ധി ലോകത്തോട് വിട പറഞ്ഞ് 2024 സെപ്തംബർ എട്ടിനേക്ക് 64 വർഷം പിന്നിടുമ്പോഴും അദ്ദേഹത്തെ അധികമാരും അനുസ്മരിക്കാറില്ല. മുൻ പ്രധാനമന്ത്രിമാരുടെ പേരുകളുമായി ചേർത്തുവെച്ച് മാത്രം ഓർമ്മിക്കപ്പെടേണ്ട ഒരാളല്ല; 46ാം വയസ്സിൽ ഹൃദയസ്തംഭനം മൂലം അകാല മൃത്യുവരിച്ച ആ ചരിത്രപുരുഷന്റേത്.
രാജ്യത്തെ ആദ്യത്തെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ, ഇന്ന് നമുക്ക് പ്രിയപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങളെ രൂപപ്പെടുത്തുന്നതിൽ ഫിറോസ് ഗാന്ധിയുടെ പങ്ക് ഏറെ വലുതായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ, പ്രത്യേകിച്ച് നീതി, സുതാര്യത, മാധ്യമസ്വാതന്ത്ര്യം എന്നീ മേഖലകളിൽ ഭാവി തലമുറയ്ക്ക് ഒരു മാതൃകയാണ്.
ഫിറോസ് ഗാന്ധിയുടെ പാർലമെന്ററി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു 1955ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഏറെ കാലത്തെ മൗനം ഭഞ്ജിച്ച്കൊണ്ട് ഡിസംബർ 6ന് അദ്ദേഹം ചെയ്ത കന്നി പ്രസംഗം. സ്വാതന്ത്ര്യാനന്തരം സർക്കാർ നടപടികളെക്കുറിച്ചും നിയമ നിർമ്മാണങ്ങളിലും പുതിയ പാത വെട്ടിത്തുടങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫിറോസ് ഗാന്ധിയുടെ 1.50 മണിക്കൂർ നീണ്ടുനിന്ന ആ പാർലമെൻറ് പ്രസംഗം ഇന്ത്യാ ചരിത്രത്തിൽ എക്കാലത്തേയും അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. വസ്തുതകൾ പഠിച്ച് അപഗ്രഥിക്കാനുള്ള വൈദഗ്ധ്യവും വ്യക്തതയോടെയും ബോധ്യത്തോടെയും അവതരിപ്പിക്കാനുള്ള കഴിവും വെളിപ്പെടുത്തുക മാത്രമല്ല, സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ ദേശസാൽക്കരണത്തിലൂടെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് വഴിയൊരുക്കുകയും ചെയ്തു അദ്ദേഹത്തിന്റെ പ്രസംഗം. സ്വകാര്യമേഖലയെ ദേശസാത്കരിക്കണമെന്ന വാദത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. ധനകാര്യസ്ഥാപനങ്ങളുടെ ദേശാസാത്കരണത്തിനായി ഒരു കാമ്പയിൻ തന്നെ അക്കാലത്ത് അദ്ദേഹം തുടങ്ങിവെച്ചു.
അനീതിക്കും അഴിമതിക്കുമെതിരെയുള്ള ഫിറോസ് ഗാന്ധിയുടെ അചഞ്ചലമായ നിലപാട് കാരണം പാർലമെന്റിലെ "അപ്രഖ്യാപിത പ്രതിപക്ഷ നേതാവ്" എന്ന പദവി ഭരണകക്ഷിയിൽപെട്ട ഫിറോസ് ഗാന്ധിക്ക് നേടിക്കൊടുത്തു. ഒരു പത്രപ്രവർത്തകൻ കൂടിയായിരുന്ന ഫിറോസ് ഗാന്ധി എന്നും പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ പാർലമെന്ററി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കുന്ന സുപ്രധാന മാറ്റത്തിലേക്ക് ഇന്ത്യയെ നയിച്ചു. അദേഹത്തിന്റെ ഇടപെടൽ മൂലമാണ് ഇന്ന് പൊതുജനങ്ങൾക്ക് പാർലമെന്റിനകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാനും മാധ്യമങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാനുമുള്ള അവസരം ഒരുങ്ങിയത്.
ഫിറോസ് ഗാന്ധിയിലൂടെ കൈവരിച്ച ഈ നേട്ടം ജനാധിപത്യ പ്രക്രിയകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭരണകൂടത്തിന്റെ കാവൽ നായ എന്ന നിലയിൽ മാധ്യമങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്തു. രാഷ്ട്ര നിർമാണത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും ഫിറോസ് ഗാന്ധിയുടെ പൈതൃകം പലപ്പോഴും കിംവദന്തികളുടെയും അസത്യ പ്രചരണങ്ങളുടെയും നിഴലിലായിരുന്നു. ഫിറോസ് ഗാന്ധിയുടെ പാരമ്പര്യത്തെയും പേരിനെയും കുറിച്ച് നിറംപിടിപ്പിച്ച കിംവദന്തികളും കഥകളുമാണ് ഇന്നും പ്രചരിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പാഴ്സി അഥവാ സൊരാഷ്ട്ര മത വിശ്വാസികളായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സൊരാഷ്ട്ര മതക്കാര്‍ വസിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ ഇവർ പാഴ്സികൾ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അതുല്യമായ സ്ഥാനം വഹിച്ച ദാദാബായ് നവ്‌റോജിയും ഫിറോസ് ഷാ മേത്തയും പാഴ്സികളായിരുന്നു. വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്ന ആര്‍.ഡി ടാറ്റയും അദ്ദേഹത്തിന്റെ മകന്‍ രത്തന്‍ ടാറ്റയും പാഴ്സികളാണ്. ശാസ്ത്ര പ്രതിഭയായിരുന്ന ഹോമി ജഹാംഗീര്‍ ബാബ, ഇന്ത്യയിലെ ആദ്യ കരസേനാ മാര്‍ഷല്‍ ജനറല്‍ മനേക് ഷാ എന്നിവർ ഇന്ത്യാ ചരിത്രത്തില്‍ അടയാളപ്പെട്ട പാഴ്സികളാണ്.
ഫിറോസ് ഗാന്ധിയുടെ പാഴ്സി കുടുംബം ഗുജറാത്തിൽ നിന്നും പിന്നീട് ബോംബെയിലേക്ക് താമസം മാറ്റുകയായിരുന്നു. ഗുജറാത്തിൽ കച്ചവടക്കാരായ പല പാഴ്സി കുടുംബങ്ങളുടെയും പേരിനോട് ചേർത്ത് ഗാന്ധി എന്ന നാമം അക്കാലത്ത് സാധാരണമായിരുന്നു. വിദ്യാർഥിയായിരുന്ന കാലത്ത് 18 വയസ്സ് വരെ ഫിറോസ് ഗാന്ധിയുടെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ feroze Gandy എന്നായിരുന്നു എഴുതിയിരുന്നത്. 1930ൽ വിദ്യാർഥി ജീവിതത്തിൽനിന്നും സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്ത് ചാടിയ ഫിറോസ് ഗാന്ധി എന്ന കൗമാരക്കാരൻ പിന്നീടങ്ങോട്ടാണ് തന്റെ പേരെഴുതുമ്പോൾ ഗാന്ധിജിയോടുള്ള ആരാധന കൊണ്ട് തന്റെ ഗാന്ധി “Gandy” പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങൾ “Gandhi” എന്നാക്കി മാറ്റിയത്. 1933ൽ ഫിറോസ് ഗാന്ധി അറസ്റ്റ് വരിച്ചപ്പോൾ feroze gandhi എന്നായിരുന്നു ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പലരും ഈ ചരിത്രം അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ കാല ശേഷം മറ്റ് പല കഥകളും പ്രചരിപ്പിച്ചു. ഗാന്ധിജി മുൻകൈയെടുത്ത് ഫിറോസിന്റെ കല്യാണം ഇന്ദിരയുമായി നടത്തുമ്പോൾ( 1942) ഫിറോസിനെ ദത്തെടുത്തതിലൂടെയാണ് ഫിറോസ് ഗാന്ധി ആയത് എന്നാണ് പ്രചരിപ്പിക്കപ്പെട്ട അസത്യങ്ങളിൽ ഒന്ന്. ഫിറോസ് ഗാന്ധിയുടെ പിതാവ് മുസ്‍ലിമായ ഒരു ഖാനാണ് എന്ന രീതിയിലും കഥകൾ പ്രചരിപ്പിക്കുകയുണ്ടായി.
ധീരത, സത്യസന്ധത, നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയായിരുന്നു ഫിറോസ് ഗാന്ധിയുടെ ജീവിത യാത്രയുടെ മുഖമുദ്രകൾ. സാമ്രാജ്യത്വ - കൊളോണിയലിസ്റ്റ് വിരുദ്ധനും തികഞ്ഞ ജനാധിപത്യ മതേതര മൂല്യങ്ങളുടെ പ്രതീകവുമായിരുന്നു ഫിറോസ് ഗാന്ധി.
നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ പുനർനിർമിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി രാജ്യം ചരിത്രത്തിലെ ഒരു വഴിത്തിരിവിൽ നിൽക്കുമ്പോൾ, ഫിറോസ് ഗാന്ധിയുടെ ജീവിതവും മൂല്യങ്ങളും ഓർമ്മിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടത് എന്നത്തേക്കാളും പ്രധാനമാണ്. ഫിറോസ് ഗാന്ധിയുടെ ഇടപെടൽകൊണ്ട് ദേശസാത്കരിച്ച എൽ.ഐ.സിയെ മോദി സർക്കാർ സ്വകാര്യവത്കരിക്കുകയാണ്. ഇതിനോടകം 3.5 ശതമാനം ഷെയർ സ്വകാര്യ മേഖലക്ക് കൈമാറിക്കഴിഞ്ഞു. ഭൂരിഭാഗം ഷെയർ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. കള്ളപ്പണക്കാരും കച്ചവടത്തിൽ മായം ചേർക്കുന്നവരും കുത്തക മുതലാളിമാരും പാർലമെന്റിന്റെ പിൻവാതിലുകളെ നിയന്ത്രിച്ചാൽ രാജ്യത്ത് യഥാർഥ ജനാധിപത്യം ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയവരിൽ ഒന്നാമനായിരുന്നു ഫിറോസ് ഗാന്ധി. ഇവർക്കെതിരെ അന്ന് ശക്തമായി ശബ്ദമുയർത്തിയ വ്യക്തി ഫിറോസ് ഗാന്ധിയായിരുന്നു.
സമഗ്രതയോടെ നയിക്കുകയും ലക്ഷ്യത്തോടെ സേവിക്കുകയും ചെയ്യുക എന്നതിന്റെ അർഥം എന്താണെന്ന് ഫിറോസ് ഗാന്ധിയുടെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ കാലത്ത് ഫിറോസ് ഗാന്ധിയെ ചരിത്രത്തിൽനിന്നും ഓർത്തെടുക്കേണ്ടത് ഭൂതകാലത്തിലെ ഒരു അധ്യായം എന്ന നിലക്ക് മാത്രമല്ല. ഫിറോസ് ഗാന്ധിയെക്കുറിച്ചുള്ള ഓർമകൾ വർത്തമാന കാലത്ത് പ്രസക്തമാണെന്നപോലെ അത് ഭാവിയിലേക്കുള്ള ഒരു കർമ്മ രേഖ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.