പ്രധാനമന്ത്രി അനുകരിക്കുന്നത് ആരെ?

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന് പല വിശേഷണങ്ങളാണ് പലരും നല്‍കിക്കണ്ടത്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി ചേരിതിരിഞ്ഞ് വിദഗ്ധരുടെയും അവിദഗ്ധരുടെയും അഭിപ്രായങ്ങള്‍കൊണ്ട് മുഖരിതമായ അന്തരീക്ഷം. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് ഈ സര്‍ജിക്കല്‍ സ്റ്റൈല്‍ തീരുമാനമെടുത്തതെന്നാണ് ഏറെപ്പേരും പറഞ്ഞുകേട്ടത്. എന്നാല്‍, മോദി അങ്ങനെ മുന്നും പിന്നും നോക്കാതെ തീരുമാനമെടുക്കുന്ന ഒരാളായി ഗൗരവമായി രാഷ്ട്രീയ നിരീക്ഷണം നടത്തുന്നവര്‍ ചിന്തിക്കുമെന്ന് തോന്നുന്നില്ല. ഈ തീരുമാനം മോദി ഒറ്റയ്ക്കൊരു സുപ്രഭാതത്തില്‍ എടുത്തതുമല്ല. ഇത് വ്യക്തമാകണമെങ്കില്‍ അദ്ദേഹത്തിന്‍െറതന്നെ പ്രഖ്യാപനത്തിന്‍െറ അന്തസ്സാരം വരികള്‍ക്കിടയിലൂടെ വായിച്ചെടുത്താല്‍ മതിയാകും. അപ്പോള്‍ മോദിയുടെ നിഴലില്‍ മുസോളിനിയെ നമുക്ക് കാണാന്‍ കഴിയും.

ഇരുവരും തമ്മില്‍ ശരീരഭാഷയിലും പൂര്‍വകാലജീവിതത്തിലും സമാനതകളേറെ. ഇരുമ്പുപണിക്കാരന്‍െറ മകനായി ജനിച്ച മുസോളിനിക്ക് കാരിരുമ്പിന്‍െറ കരുത്തുള്ള മനസ്സാണ് ഉണ്ടായിരുന്നത്. ഇതേ ജീവിതസാഹചര്യത്തിലൂടെ കടന്നുവന്ന മോദിക്കും ശൂലത്തില്‍ കുത്തിയെടുത്ത ഗര്‍ഭസ്ഥ ശിശുവിനെ കാണുന്നത് അറപ്പുണ്ടാക്കുന്ന കാഴ്ചയല്ല. വ്യക്തിഗതമായ താരതമ്യം ഇവിടെ പ്രസക്തമാക്കാനുദ്ദേശിക്കുന്നില്ല. മറിച്ച് അവരുടെ ചെയ്തികള്‍ തമ്മിലുള്ള തുലനമാണ് ഉദ്ദേശ്യം.

ധനകാര്യമേഖലയില്‍ ശക്തമായി ഇടപെട്ടില്ളെങ്കില്‍, രാഷ്ട്രീയവിജയം നേടിയ ഫാഷിസത്തിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മുസോളിനി ഒരു കടുത്ത തീരുമാനമെടുത്തു. 1926 ആഗസ്റ്റിലായിരുന്നു അത്. മധ്യ ഇറ്റലിയിലെ പെസാറോ നഗരത്തിലെ ഒരു ചത്വരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു:  ‘‘സുവ്യക്തമായ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു പ്രഖ്യാപനം ഞാന്‍ നടത്തുന്നപക്ഷം നിങ്ങള്‍ ആശ്ചര്യപ്പെടരുത്. ഏതെങ്കിലും ഒരു ഒൗദ്യോഗിക ഘടനയുടെ അകമ്പടിയില്ലാതെ എന്‍െറ തീരുമാനങ്ങളും ബോധ്യങ്ങളും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതും ഇതാദ്യമല്ല. ജനത്തിന്‍െറ കണ്ണിലേക്ക് നോക്കിക്കൊണ്ട്, അവരുടെ ഹൃദയസ്പന്ദനം ശ്രവിച്ചുകൊണ്ട്, അവരോട് ഞാന്‍ സംസാരിക്കുമ്പോള്‍ എന്നെ ഏതു സമയത്തും വിശ്വസിക്കാവുന്നതേയുള്ളൂ. ഞാന്‍ നിങ്ങളോടാണ് സംസാരിക്കുന്നത്. എന്നാല്‍, ഈ നിമിഷം എല്ലാ ഇറ്റലിക്കാരോടുമാണ് ഞാന്‍ സംസാരിക്കുന്നത്. വ്യക്തമായ കാരണങ്ങളാല്‍ എന്‍െറ ശബ്ദം ആല്‍പ്സ് പര്‍വതനിരകള്‍ ഭേദിച്ച് വിദേശങ്ങളിലും പ്രതിധ്വനിക്കും. അവസാനശ്വാസം വരെ ഇറ്റാലിയന്‍ ലിറയെ സംരക്ഷിക്കുമെന്ന് ഞാന്‍ പറയട്ടെ. ലിറ നാണ്യത്തിന്‍െറ തകര്‍ച്ചക്കും ധാര്‍മികമായ നാണക്കേടിനും സാമ്പത്തികമായ വിപത്തിനും ഇറ്റാലിയന്‍ ജനതയെ ഞാന്‍ കുറ്റം പറയില്ല.  

പണക്കൈമാറ്റം നടത്തിവന്ന എല്ലാ ഊഹക്കച്ചവടക്കാര്‍ക്കും ഇതൊരു ചാട്ടവാറടിയായിരുന്നു. ഗവണ്‍മെന്‍റിനെ കണക്കിലെടുക്കാതെ സ്വതന്ത്ര ഇടപാടുകള്‍ നടത്തുന്നത് അസാധ്യമാണെന്ന് വന്‍കിട ധനകാര്യസ്ഥാപനങ്ങള്‍ മനസ്സിലാക്കി. വെറും വാക്കുകളില്‍ ഒതുങ്ങിക്കൂടാന്‍ മുസ്സോളിനി ആഗ്രഹിച്ചില്ല. സെപ്റ്റംബര്‍ ഒന്നിലെ മന്ത്രിസഭായോഗത്തില്‍ വിഷയം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കി. ധനകാര്യ നയങ്ങള്‍ ഉറപ്പുവരുത്തുന്ന തീരുമാനങ്ങളും കൈക്കൊണ്ടു.
ഇവിടെ നമ്മുടെ പ്രധാനമന്ത്രി മുസോളിനിയെ കടത്തിവെട്ടുന്ന സ്വേച്ഛാധിപത്യമാണ് കാട്ടിയത്. മന്ത്രിസഭയറിഞ്ഞില്ല, പാര്‍ലമെന്‍റുമറിഞ്ഞില്ല. ജനാധിപത്യത്തിന്‍െറ പെരുമ്പറ മുഴക്കുന്ന ഇവിടെയോ? കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എല്ലാ ഒത്താശയും ചെയ്തുകൊടുത്തിട്ട് സാധാരണജനങ്ങള്‍  നിത്യനിദാന ചെലവുകള്‍ക്കായി കരുതിവെക്കുന്ന പണം പോലും ചെലവാക്കാനാകാത്ത നിരോധനം. ഇറ്റലിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന സമാന്തര ധനകാര്യശക്തികളെ ഉന്മൂലനം ചെയ്യുമെന്ന് മുസോളിനി പ്രഖ്യാപിക്കുന്നുണ്ട്.   ജൂതന്മാരെയാണ് മുസോളിനി ലക്ഷ്യമിട്ടതെങ്കില്‍ ഇവിടെ കള്ളപ്പണവും കള്ളനോട്ടുകളുമാണ് തീവ്രവാദത്തെ സഹായിക്കുന്നത് എന്ന പരാമര്‍ശത്തിലൂടെ മോദി ഉന്നംവെക്കുന്നത് മുസ്ലിംകളെയാണ്.

ലിറയുടെ മൂല്യത്തകര്‍ച്ചക്കും സാമ്പത്തികമായ വിപത്തിനും ഇറ്റാലിയന്‍ ജനതയെ താനൊരിക്കലും വിധേയമാക്കില്ളെന്ന് പ്രഖ്യാപിക്കുന്ന മുസോളിനിയുടെ സ്ഥാനത്ത് മോദി നരകയാതനകള്‍ മുഴുവന്‍ അടിച്ചേല്‍പിച്ചിരിക്കുന്നത് ഇന്ത്യന്‍ ജനതക്കുമേലാണ്. ഐ.എം.എഫിനെയും ലോകബാങ്കിനെയും ഉദ്ധരിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മിന്നിത്തിളങ്ങുകയാണെന്ന് മേനിനടിക്കുന്ന മോദി ഗുജറാത്തിലെ ആനന്ദിലും സൂറത്തിലും പാല്‍ നടുറോഡിലൊഴുക്കി പ്രതിഷേധിക്കുന്ന ക്ഷീരകര്‍ഷകരെ കണ്ടില്ളെന്ന് നടിക്കുന്നു. മുസോളിനിയാകട്ടെ തന്‍െറ പ്രഖ്യാപനത്തിനുശേഷം നികുതി ഏര്‍പ്പെടുത്തലില്‍ വ്യാപകമായ ലളിതവത്കരണം നടത്തി. മിതവ്യയവും ധനമിടപാടുകളിലെ സുതാര്യതയും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിച്ചു. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണെങ്കിലും അഴിമതിപ്പട്ടികയില്‍ രാജ്യം ഉയര്‍ന്ന നിലയിലാണെന്ന് വിലപിക്കുന്നതോടൊപ്പം അഭിമാനിക്കുകയും ചെയ്യുന്ന മോദിയുടെ സംഘ്പരിവാരമാണ്  പുരക്ക് തീ കത്തുമ്പോള്‍ വാഴവെട്ടുന്നപോലെ ബിഹാറില്‍ ഭൂമികുംഭകോണം നടത്തുന്നത്.

പണമിടപാടുകള്‍ സുഗമമാക്കുന്നതിനും ബജറ്റിന് അയവ് നല്‍കുന്നതിനുമായി മുസോളിനി ദി ലിറ്റോറിയോ എന്ന പേരില്‍ ഒരു വായ്പ പദ്ധതിയും ഏര്‍പ്പെടുത്തി. മോദിയാകട്ടെ കള്ളപ്പണം സാധൂകരിക്കുന്നതിന് ഗരീബികല്യാണ്‍  എന്ന പുതിയൊരു നിക്ഷേപ പദ്ധതിയാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
1926ലെ പെസോറ പ്രസംഗത്തിലൂടെ മുസോളിനി പണവിതരണത്തില്‍ ഗണ്യമായ കുറവുവരുത്തി. പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു. ഈ ഫാഷിസ്റ്റ് നയങ്ങള്‍ ഇറ്റലിയെ കോര്‍പറേറ്റ് സ്റ്റേറ്റ് പദവിയിലേക്കാണ് നയിച്ചത്. ഫാഷിസ്റ്റേതര ട്രേഡ് യൂനിയനുകളെ സ്റ്റേറ്റിന്‍െറ നിയന്ത്രണത്തില്‍ കൊണ്ടുവന്നു.    തൊഴിലാളിസമരങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. വ്യാപകമായതോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതേ നയങ്ങള്‍ തന്നെയാണ് മോദിയും പിന്‍തുടരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.

മോദിയുടെ പ്രസംഗത്തില്‍ ഒൗദാര്യപൂര്‍വം ചൂണ്ടിക്കാട്ടുന്നത്, രാജ്യത്തിന്‍െറ പൊതു-സാമ്പത്തിക ജീവിതത്തിന് ഭീഷണിയായ കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ പൗരന്മാര്‍ക്കും പങ്കെടുക്കാനുള്ള അവസരമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
പൗരധര്‍മം അനുശാസിക്കുന്നതുപോലെ രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഓരോ പൗരന്‍െറയും കടമയാണ്. പലപ്പോഴും ഈ കടമ നേരിട്ട് നിര്‍വഹിക്കുന്നതിനുള്ള പരിമിതികളെ മറികടക്കാനാണ് ജനാധിപത്യസംവിധാനത്തില്‍ സര്‍ക്കാറുകളുണ്ടാക്കുന്നത്. ഇത$പര്യന്തമുള്ള സര്‍ക്കാര്‍ സംവിധാനം പൂര്‍ണപരാജയമടഞ്ഞു എന്നതിന്‍െറ കുറ്റസമ്മതമാണ് മോദി നടത്തിയിരിക്കുന്നത്.

സാമ്പത്തികമാന്ദ്യത്തിലൂടെ പൊതുജീവിതം മരവിപ്പിക്കാനാണ് മുസോളിനി ലക്ഷ്യംവെച്ചത്. ഇത് തന്‍െറ പരമാധികാരത്തിനും ഫാഷിസത്തിന്‍െറ ശാശ്വതവത്കരണത്തിനും ഇടയാക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇതേ പ്രതീക്ഷയാണ് മോദിയും പങ്കുവെക്കുന്നതെന്ന് മനസ്സിലാക്കാം.
ഹിന്ദുത്വത്തിന്‍െറ അടിവേരുറപ്പിക്കാനുള്ള ഭൗതികസാഹചര്യങ്ങള്‍ സ്വരുക്കൂട്ടിയെടുക്കാനുള്ള യജ്ഞശാലകള്‍ ഉണര്‍ന്നുകഴിഞ്ഞുവെന്ന് സാരം. അതുകൊണ്ടാണ് മുസോളിനിയുടെ പെസോറ മാതൃക പൊടിതട്ടിയെടുത്ത് ഇവിടെ പരീക്ഷണവിധേയമാക്കുന്നത്. ഇറ്റലിയില്‍ ജൂതന്മാരെയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളെയും മുസോളിനി ഉന്നംവെച്ചപ്പോള്‍ മുസ്ലിംകളെയും കമ്യൂണിസ്റ്റ്-ജനാധിപത്യ പ്രസ്ഥാനങ്ങളെയുമാണ് മോദി ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ഈ വേളയില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളുടെ അഗ്നിനാമ്പുകള്‍ ഏറ്റുവാങ്ങി അധികാരികള്‍ അരങ്ങുവാഴുന്ന കോട്ടകൊത്തളങ്ങളില്‍ ഹോമകുണ്ഡം തീര്‍ത്തില്ളെങ്കില്‍, ചരിത്രം കുറ്റക്കാരെന്ന് വിധിച്ച് പിന്നാമ്പുറങ്ങളില്‍ പ്രതിപക്ഷത്തെ സ്ഥാനനിര്‍ണയം നടത്തും.

Tags:    
News Summary - pm modi like mussolini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT