കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പതിപ്പിച്ച ടി ഷർട്ടണിഞ്ഞ സ്റ്റാൻഡപ് കൊമേഡിയൻ അതുൽ ഖത്രി

വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയും വിധിന്യായത്തിലെ പ്രശ്നങ്ങളും

ജഡ്ജിമാർക്ക് അവരിൽ രൂഢമൂലമായ പക്ഷപാതങ്ങളുണ്ടായേക്കാമെന്നത് അംഗീകൃതമായ നിയമശാസ്ത്രമാണ്. സവർണ-പുരുഷ മനോഗതി നിഴലിക്കാറുണ്ടെന്ന വിമർശനം സമ്മതിച്ചാൽതന്നെ അടുത്ത കാലംവരെ, ഇന്ത്യൻ ഉന്നത ജുഡീഷ്യറിയിൽ ജഡ്ജിമാരുടെ പക്ഷപാതങ്ങൾ ഒരുപരിധി വരെ ഭരണഘടനക്കും നിയമത്തിനും വിധേയമായിരുന്നു. നാം യോജിച്ചാലും ഇല്ലെങ്കിലും, നിയമപരമായ ഒരു ദൃഢത ജുഡീഷ്യൽ പ്രഖ്യാപനങ്ങളിൽ നിലനിന്നിരുന്നു. അതിലുമുപരിയായി, വിധി പുറപ്പെടുവിക്കുന്ന കാലയളവും അതിെൻറ രാഷ്ട്രീയ പ്രത്യാഘാതങ്ങളും എന്തുതന്നെയായിരുന്നാലും അത് എല്ലായ്പോഴും നിയമത്തിനുള്ളിൽ വേരൂന്നിയതായിരുന്നു.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ, വിശാലമായ തത്ത്വങ്ങളുടെ പരിണാമത്തിന് കാരണമായ ശക്തമായ നിയമയുക്തിയുടെ ചരിത്രമാണ് ഇന്ത്യൻ നിയമശാസ്ത്രത്തിനുള്ളത്. തങ്ങളുടെ മൗലികാവകാശത്തിെൻറ ഭാഗമായി, വിശ്വാസത്തെ അടിസ്ഥാനമാക്കി, ദേശീയഗാനം ആലപിക്കാനാവില്ലെന്ന യഹോവ സാക്ഷികളുടെ അവകാശം, ജസ്റ്റിസ് ചിന്നപ്പ റെഡ്ഢി അംഗീകരിച്ചതുപോലെ വൈവിധ്യങ്ങളെ മാനിക്കാൻ പര്യാപ്തമായിരുന്നു അത്.

എന്നാൽ, ഭരണതലത്തിലെ ഹിന്ദുത്വ വേരോട്ടം ശിക്ഷയിൽനിന്ന് സുരക്ഷ ലഭിക്കുമെന്ന മനോഗതി ഉന്നത നീതിന്യായ മേഖലയിലേക്കും വ്യാപിക്കാനിടയാക്കിയിരിക്കുന്നു. തൽഫലമായി ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂടിന്​ പുറത്തുള്ള തീർപ്പുകളുമുണ്ടാവുന്നു. 'ലവ് ജിഹാദ്' മുതൽ സ്വത്തുതർക്കങ്ങൾ വരെ ദൈവത്തിന് അനുകൂലമായി തീർപ്പാക്കപ്പെടുന്നതും ന്യായാധിപന്മാരുടെ വ്യക്തിപരമായ രാഷ്ട്രീയം പ്രകടമാകുന്നതുമായ വിവിധ സംഭവങ്ങൾക്ക് ഇത് കാരണമായി. പുരോഗമന പ്രസ്ഥാനങ്ങളുമായി ആഭിമുഖ്യം പുലർത്തിയിരുന്നെങ്കിലും ജസ്റ്റിസ് കൃഷ്ണയ്യർപോലും ഒരിക്കലും ജുഡീഷ്യൽ ആക്ടിവിസത്തെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നില്ല.

ഈ അസ്വാസ്ഥ്യജനകവും ഭരണഘടനാപരമായി അപകടകരവുമായ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ശ്രദ്ധയിൽപെട്ടത് കേരള ഹൈകോടതിയിൽനിന്നാണ്; 2021 ഡിസംബർ 21ന് പീറ്റർ മൈലിപ്പറമ്പിൽ വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ കേസിൽ വിധിപറഞ്ഞ കേരള ഹൈകോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനിൽനിന്ന്. കോടതിയുടെ മുമ്പാകെയുള്ള ചോദ്യം ലളിതമായിരുന്നു-കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ഹർജിക്കാരന്‍റെ (അല്ലെങ്കിൽ ഏതെങ്കിലും പൗരന്‍റെ) അവകാശങ്ങൾ ലംഘിക്കുന്നുണ്ടോ? കോടതിയിൽ ഹാജരാക്കിയ വാദങ്ങളെ അഭിസംബോധന ചെയ്യാനും നിലവിലുള്ള നിയമ ചട്ടക്കൂടിെൻറ വെളിച്ചത്തിൽ അത് പരിശോധിക്കുന്നതിനുപകരം, ബഹുമാനപ്പെട്ട ജഡ്ജി, ദേശീയത സംബന്ധിച്ച തന്‍റെ ആഖ്യാനം ഉയർത്തിപ്പിടിച്ച് ഹരജിക്കാരനെ പരസ്യമായി ശാസിക്കുകയും ഒരു ലക്ഷം രൂപ പിഴയായി ചുമത്തുന്നതായി ഉത്തരവിടുകയും ചെയ്തു.

ജവഹർലാൽ ലീഡർഷിപ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസ്ഥാനതല പരിശീലകനായി ജോലിചെയ്യുന്ന ഹരജിക്കാരനെയും അദ്ദേഹത്തിെൻറ സ്വകാര്യ വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെവരുന്ന ജഡ്ജിയുടെ നിലപാട് വ്യക്തമാണ്. അവ്യക്തമായ ഗവേഷണത്തെ ആശ്രയിച്ചാണ് ന്യായവിധി രചിച്ചിരിക്കുന്നതെന്നും കാണാം. ഉദാഹരണത്തിന്, വിധിന്യായത്തിെൻറ 15ാം ഖണ്ഡികയിൽ, ബഹുമാനപ്പെട്ട ജഡ്ജി പറയുന്നു: ''ഹരജിക്കാരൻ ചരിത്രം പഠിക്കണം. ഇന്ത്യൻ ജനാധിപത്യത്തിെൻറ സൗന്ദര്യം നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മനോഹരമായി വിവരിച്ചിരിക്കുന്നു. ഇൻറർനെറ്റിൽ ലഭ്യമായ ഒരു പൊതു പ്രഭാഷകന്‍റെ പ്രസംഗത്തിൽനിന്നാണ് ഞാൻ ഈ കഥ കേട്ടത്. ജനാധിപത്യത്തിെൻറ നിർവചനം എന്താണെന്ന് ഒരു കൊച്ചുകുട്ടി ബാപ്പുജിയോട് ചോദിച്ചപ്പോൾ, ജനാധിപത്യം ഒരു ഓട്ടമത്സരമാണെന്നും ഒന്നാമതെത്തുന്നയാൾ രാജ്യത്തെ നയിക്കുമെന്നും ബാപ്പുജി കുട്ടിയോട് മറുപടി പറഞ്ഞു. ഒപ്പംതന്നെ പരാജിതനില്ലെങ്കിൽ വിജയിയില്ലെന്നും, വിജയി എപ്പോഴും ഇക്കാര്യം ഓർക്കണമെന്നും ബാപ്പുജി ഓർമിപ്പിച്ചു". ന്യായാധിപൻ തന്‍റെ വാദത്തെ ബലപ്പെടുത്താൻ ഇൻറർനെറ്റിൽനിന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളെ ആശ്രയിക്കുന്നു! എെൻറ അഭിപ്രായത്തിൽ, ഒരു സുപ്രധാന ഭരണഘടനാചോദ്യം പരിശോധിക്കാനുള്ള അവസരമാണ് ആ ജഡ്ജിക്ക് നഷ്ടമായത്.

മേൽപറഞ്ഞ വിധിയുടെ പ്രശ്നകരമായ സ്വഭാവം കണക്കിലെടുത്ത്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിലെ പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടാക്കുന്ന ഭരണഘടനാപരവും ജനാധിപത്യപരവുമായ പ്രത്യാഘാതങ്ങൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്. തീർച്ചയായും, ദർശനശാസ്ത്രം ഒരു പ്രധാന പങ്കുവഹിക്കുന്ന ഒരു ജനാധിപത്യത്തിൽ, പ്രത്യയശാസ്ത്രപരമായ പ്രേരണകൾ പരിഗണിക്കാതെ ഓരോ സർക്കാറുകളും തങ്ങളെയും തങ്ങളുടെ പ്രകടനത്തെയും പരസ്യപ്പെടുത്താൻ പരമാവധി ശ്രമിക്കും. ഒരു പൗരന്‍റെ അല്ലെങ്കിൽ 'വിഷയ'ത്തിന്റെ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം ഈ പരസ്യം നുഴഞ്ഞുകയറുന്നത് പ്രശ്നമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും അത്തരം കടന്നുകയറ്റങ്ങൾ സർക്കാറിെൻറ മറ്റ് ശാഖകളിൽ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുകയും, അവയെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് ജുഡീഷ്യറിയുടെ ജോലിയാണ്.

സൈദ്ധാന്തികമായി, ഭരണഘടനാപരമായ കാര്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ, ഇന്ത്യൻ പൗരജനങ്ങളെ പ്രതിനിധാനംചെയ്യാനും ഈ ദേശത്തിെൻറ ഭരണത്തിന് നേതൃത്വം നൽകാനും നിശ്ചിതകാലത്തേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പൊതുപ്രവർത്തകനാണ് പ്രധാനമന്ത്രി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രധാനമന്ത്രിപദം കാലാവധിക്ക് വിധേയമായ ഭരണഘടന ഓഫിസാണ്, ഇന്ത്യൻ ഭരണഘടനയോ ജനാധിപത്യത്തിെൻറ ഏതെങ്കിലും തത്ത്വമോ അതിനപ്പുറം ഏതെങ്കിലും തരത്തിലുള്ള പവിത്രതയോടെ ഈ സ്ഥാനത്തെ അംഗീകരിക്കുന്നില്ല.

അധികാര കാലയളവിൽ പ്രധാനമന്ത്രിയുടെ ഛായാചിത്രം ഓഫിസ് ചുമരുകളിൽ പ്രദർശിപ്പിക്കുകയും അധികാരം മാറുമ്പോൾ അത് മാറ്റുകയും ചെയ്യുമെങ്കിലും തന്‍റെ ഭരണകാലത്ത് രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാവുന്ന വ്യക്തിപരമായ തിരിച്ചറിയൽ രേഖയിൽ, തന്‍റെ ചിത്രം അച്ചടിക്കണമെന്ന് ഒരു പ്രധാനമന്ത്രി നിർബന്ധിക്കുന്നത് യാഥാർഥ്യബോധമില്ലാത്തതും അതിശയകരവുമായ നടപടിയാണ്. തന്‍റെ ഭരണകാലത്ത് അച്ചടിച്ച എല്ലാ കറൻസി നോട്ടുകളിലും തന്‍റെ ഛായാചിത്രം ഉണ്ടായിരിക്കണമെന്ന് ഓരോ പ്രധാനമന്ത്രിയും നിർബന്ധിച്ചിരുന്നുവെങ്കിൽ അത് എത്രമാത്രം അസംബന്ധവും സാമാന്യബുദ്ധിക്ക്​ നിരക്കാത്തതുമായിപ്പോയേനെ. ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ വിശ്വസിക്കുന്നതുപോലെ, പ്രധാനമന്ത്രിയുടെ ഓഫിസിനോടുള്ള ബഹുമാനക്കുറവുമായോ വോട്ടർമാരുടെ രാഷ്ട്രീയ ഇച്ഛാശക്തിയുമായോ ഇതിന് ഒരു ബന്ധവുമില്ല. നേരെമറിച്ച്, ഇത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളെക്കുറിച്ചാണ്.

ജവഹർലാൽ നെഹ്റു സർവകലാശാലയുടെ വിസിറ്റർ എന്നനിലയിൽ സർവകലാശാല നൽകുന്ന എല്ലാ സർട്ടിഫിക്കറ്റുകളിലും തന്‍റെ ഛായാചിത്രം പ്രസിദ്ധീകരിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, നിർബന്ധിച്ചാലുള്ള ആശയക്കുഴപ്പം സങ്കൽപിക്കുക! കോവിഡിന് ശേഷമുള്ള ലോകത്ത്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒരു സുപ്രധാന യാത്രാരേഖയായി മാറിയിരിക്കുന്നു.

സാധുവായ പാസ്പോർട്ടും വിസയും ഉണ്ടെങ്കിൽപോലും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് മിക്ക രാജ്യങ്ങളും പ്രവേശനം നിഷേധിക്കുന്നു. ഇതിനർഥം വാക്സിനേഷൻ സർട്ടിഫിക്കറ്റ് പാസ്പോർട്ട്, ഡ്രൈവിങ്​ ലൈസൻസ് അല്ലെങ്കിൽ, ആധാർ കാർഡ് പോലെയുള്ള ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നു എന്നാണ്. തിരിച്ചറിയൽ രേഖകളിൽ സ്റ്റേറ്റിെൻറ ചിഹ്നങ്ങളും കൂടാതെ/അല്ലെങ്കിൽ ഡോക്യുമെൻറ് ഉടമയുടെ ചിത്രവും ആവശ്യമാണ്. എന്നാൽ, പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റെയോ രാഷ്ട്രപിതാവിെൻറ പോലുമോ ചിത്രം അതിൽ വേണമെന്ന് നിഷ്കർഷിക്കുന്നത് യുക്തിയെ നിരാകരിക്കലാണ്.

വാക്സിനേഷൻ യജ്ഞത്തിെൻറ ആദ്യ നാളുകളിൽ ഒരു യൂറോപ്യൻ നഗരത്തിലേക്ക് യാത്രചെയ്ത ഒരു സൃഹൃത്ത് അവിടത്തെ ഇമിഗ്രേഷൻ വിഭാഗത്തിൽ തടഞ്ഞുവെക്കപ്പെട്ടു. കാരണം, അയാൾ കൈവശം വെച്ചിരിക്കുന്നത് മറ്റൊരാളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആണെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയിച്ചുപോയതാണ്. സുഹൃത്തിെൻറ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മറ്റൊരാളുടെ ചിത്രമുണ്ടാവുക എന്നത് വിശ്വസിക്കാൻ അവർ (സ്വാഭാവികമായും) വിസമ്മതിച്ചു-അത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽപോലും. ഇന്ത്യയിൽ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഛായാചിത്രമാണ് ഉൾക്കൊള്ളിക്കുന്നതെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് ഇന്ത്യൻ കോൺസുലേറ്റിനെ വിളിക്കേണ്ടിവന്നു. പറഞ്ഞുവരുന്നത്, ഈ രീതി നിയമപരമായി തെറ്റാണെന്നതിനൊപ്പം തന്നെ, വലിയൊരു നാണക്കേടുമാണ്.

ഈ കേസിന്റെ തുടക്കംമുതൽ, ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ഹരജിയോട് പ്രതികൂലമായി ഇടപെടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാദത്തിനിടെ കേസിെൻറ നിസ്സാരത ചൂണ്ടിക്കാട്ടി ഹരജിക്കാരന്റെ അഭിഭാഷകനെ വാക്കാൽ ശാസിച്ചുവെന്നും, ആ ശാസനയുടെ ഒരുഭാഗം വിധിയിൽ പരാമർശിച്ചിട്ടുണ്ടെന്നും ആരോപിക്കപ്പെടുന്നു. ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം ഹരജിക്കാരൻ പാഴാക്കുന്നുവെന്നും അത് ഫലപ്രദമായി ഉപയോഗിക്കാമായിരുന്നുവെന്നും ബഹുമാനപ്പെട്ട ജഡ്ജി ശക്തമായ നിലപാട് സ്വീകരിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ വീക്ഷണങ്ങളും ജുഡീഷ്യൽ സമയത്തെക്കുറിച്ചുള്ള ആശങ്കയും കണക്കിലെടുക്കുമ്പോൾ, ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ എന്തുകൊണ്ടാണ് കോടതി ചെലവുകളോടെയോ അല്ലാതെയോ ഹരജി തുടക്കത്തിൽതന്നെ തള്ളിക്കളയാത്തത് എന്ന് ഞാൻ അത്ഭുതപ്പെടുന്നു!

എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് കടന്നുകയറ്റങ്ങൾ പരിശോധിക്കുന്നത് ജുഡീഷ്യറിയുടെ ഭരണഘടനാനുസൃത കടമയാണ്. പക്ഷേ, ജുഡീഷ്യറി സ്വന്തം യുക്തി പ്രയോഗിക്കാതെ എക്സിക്യൂട്ടിവിെൻറ നടപടികളെ അഭിനന്ദിക്കുന്നുവെങ്കിൽ, അത് ഇതിനകംതന്നെ അകപ്പെട്ടുകൊണ്ടിരിക്കുന്ന അവിശ്വാസ്യതയുടെ പടുകുഴിയിലേക്ക് അതിവേഗം വഴുതിവീഴും. ജുഡീഷ്യറിയിലുള്ള പൊതുവിശ്വാസം നഷ്ടപ്പെടുക എന്നത് ഒരു ഭരണഘടനാദുരന്തത്തിനുള്ള ശക്തമായ ചേരുവയാണ്. എല്ലാത്തിനുമുപരി, ബാബാസാഹേബ് അംബേദ്കർ നമുക്ക് നൽകിയ മുന്നറിയിപ്പ് മറക്കരുത്: ''എത്ര നല്ല ഭരണഘടനയാണെങ്കിലും, അത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമായി മാറും. എന്നാൽ, ഭരണഘടന എത്ര മോശമായാലും അത് നടപ്പിലാക്കുന്നവർ നല്ലവരാണെങ്കിൽ അതും നല്ലതായി ഭവിക്കും''

(ആക്ടിവിസ്റ്റും കേരള ഹൈകോടതി അഭിഭാഷകനുമാണ് ലേഖകൻ)

Tags:    
News Summary - Prime Minister on Vaccine Certificate And issues of judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.