ജയിലില്‍ ജീവിതം ഹോമിച്ചവരുടെ ഒത്തുചേരല്‍

അഞ്ചും പത്തും ഇരുപതും കൊല്ലം വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞശേഷം നിരപരാധികളെന്ന് തെളിയിക്കപ്പെട്ട് വിട്ടയക്കപ്പെട്ട നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാടിന്‍െറ നാനാഭാഗങ്ങളിലുണ്ട്. കാരാഗൃഹം കാര്‍ന്നുതിന്ന യൗവനത്തിന്‍െറ ശേഷിപ്പുമായി ജീവിതം വഴിമുട്ടിനില്‍ക്കുന്ന നിസ്സഹായരായ നിരപരാധരാണവരിലേറെ പേരും. നിര്‍ദയമായ നിയമവ്യവസ്ഥ കശക്കിയെറിഞ്ഞ അത്തരം ഏതാനും ചെറുപ്പക്കാര്‍ ഇന്ന് കോഴിക്കോട്ട് ഒത്തുകൂടി തങ്ങളുടെ ദുരന്തകഥകള്‍ സമൂഹവുമായി പങ്കുവെക്കുന്നു. ഇന്നസെന്‍സ് നെറ്റ്വര്‍ക് ഇന്ത്യ സംഘടിപ്പിക്കുന്ന പീപ്ള്‍സ് ട്രൈബ്യൂണലിലാണ് ‘ഭീകരാക്രമണ’ കേസുകളിലെ നിരപരാധികള്‍ സംഗമിക്കുന്നത്.

ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍, ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്, പീപ്ള്‍സ് വാച്ച്, ആള്‍ട്ടര്‍നേറ്റിവ് ലോ ഫോറം, സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍റൈറ്റ്സ് ഡോക്യുമെന്‍േറഷന്‍ സെന്‍റര്‍, ജസ്റ്റീഷ്യ, ഇന്‍സാഫ്, എ.പി.സി.ആര്‍ പീപ്ള്‍സ് സോളിഡാരിറ്റി കണ്‍സേണ്‍സ്, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്, രിഹായി മഞ്ച് എന്നീ മനുഷ്യാവകാശ സംഘടനകളും നിയമസഹായവേദികളും നേതൃത്വം നല്‍കുന്ന പീപ്ള്‍സ് ട്രൈബ്യൂണല്‍ സംഘടിപ്പിക്കുന്നത് സോളിഡാരിറ്റിയാണ്. കേരള ഹൈകോടതിയിലെ റിട്ട. ജസ്റ്റിസ് കെ. സുകുമാരന്‍, മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വക്കറ്റ് രവിവര്‍മകുമാര്‍, ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.എസ്. സുബ്രഹ്മണ്യന്‍, പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി.എസ്. നാരായണന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. വസുധ നാഗരാജ്, ഡോക്ടര്‍ ടി.ടി. ശ്രീകുമാര്‍, മനീഷാസേഥി തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍.

ഡല്‍ഹിയിലായിരുന്നു പ്രഥമ ട്രൈബ്യൂണല്‍. മുന്‍ സുപ്രീംകോടതി ജഡ്ജിയും 20ാം നിയമ കമീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് എ.പി. ഷാ ആയിരുന്നു ആദ്യ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയത്. അതില്‍ എട്ടുപേര്‍ ജൂറി അംഗങ്ങളായുണ്ടായിരുന്നു. നിരപരാധികളെ നിയമനടപടികള്‍ക്കിരയാക്കി അവരുടെ ജീവിതം നശിപ്പിച്ചത് പൊലീസിന് സംഭവിച്ച അബദ്ധങ്ങളല്ളെന്നും ബോധപൂര്‍വം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും അസന്ദിഗ്ധമായി തെളിയിക്കുന്ന റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു.

കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്‍ കോളജ് ഓഫ് ഫാര്‍മസിയില്‍ ഡി.ഫാം ഫൈനല്‍ പരീക്ഷക്ക് ഒരുങ്ങിക്കൊണ്ടിരിക്കെയാണ് ഗുല്‍ബര്‍ഗ മുഹമ്മദ് നിസാറുദ്ദീന്‍ അഹ്മദിനെ ഗുല്‍ബര്‍ഗ നാഷനല്‍ ഹൈവേയിലൂടെ നടന്നുപോകവെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. 1994 ജനുവരി 15ന് അറസ്റ്റ് ചെയ്തെങ്കിലും 43 ദിവസം അനധികൃതമായി താമസിപ്പിച്ചശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. മുഖത്തും കാലിലും വയറിലും വടികൊണ്ടടിക്കുക, ബോധം നഷ്ടപ്പെടുവോളം കമ്പികൊണ്ട് കുത്തുക, വൈദ്യുതി ഷോക്ക് ഏല്‍പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. എല്ലാം വെള്ള പേപ്പറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന് പ്രതികാരമായി ഹൈദരാബാദില്‍ സ്ഫോടനം നടത്തി എന്നതായിരുന്നു ആരോപിക്കപ്പെട്ട ആദ്യകുറ്റം. ഗുല്‍ബര്‍ഗയില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന നിസാറുദ്ദീന്‍ ഹൈദരാബാദില്‍ പോയിട്ടുപോലുമുണ്ടായിരുന്നില്ല. പിന്നീട്, ഒപ്പിട്ടുകൊടുത്ത വെള്ളക്കടലാസില്‍ 6.12.1993ന് എ.പി എക്സ്പ്രസില്‍ നടന്ന ബോംബ് സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കെ.കെ എക്സ്പ്രസില്‍ ബോംബ്വെക്കാന്‍ പരിപാടി ഉണ്ടായിരുന്നതായും അനാരോഗ്യംകാരണം അത് നടത്താന്‍ കഴിഞ്ഞില്ളെന്നുമൊക്കെ സമ്മതിച്ചതായും രേഖപ്പെടുത്തി. പിന്നീട് മുംബൈ, അജ്മീര്‍ സ്ഫോടനക്കേസുകളില്‍കൂടി പ്രതിചേര്‍ത്തു.

23 വര്‍ഷത്തെ ജയില്‍ജീവിതത്തിനുശേഷം കഴിഞ്ഞ കൊല്ലമാണ് നിരപരാധിത്വം തെളിയിച്ച് മോചനംനേടിയത്. അപ്പോഴേക്കും കേസ് നടത്തിപ്പിനായുള്ള നെട്ടോട്ടത്തിനിടയില്‍ പിതാവ് മരണപ്പെട്ടു. സ്ഥലവും വീടിന്‍െറ ഒരു ഭാഗവും വില്‍ക്കേണ്ടിവന്നു. അതോടൊപ്പം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാന്‍ ചെന്ന ജ്യേഷ്ഠ സഹോദരന്‍ സഹീറുദ്ദീന്‍ അഹ്മദും അറസ്റ്റ് ചെയ്യപ്പെട്ടു. എന്‍ജിനീയറായ അദ്ദേഹത്തിന് 16 കൊല്ലം കാരാഗൃഹത്തില്‍ കഴിയേണ്ടിവന്നു. കയറില്‍ കെട്ടിത്തൂക്കി, നിര്‍ത്താതെ മര്‍ദിച്ചവശനാക്കിയതോടെ പൊലീസ് പിടികൂടി 13ാം ദിവസം സഹീറുദ്ദീനും വെള്ള പേപ്പറുകള്‍ ഒപ്പിട്ടുകൊടുത്തു. അതോടെ, കോട്ട, ഹൈദരാബാദ്, കാണ്‍പുര്‍, മുംബൈ സ്ഫോടനക്കേസുകളിലെല്ലാം പ്രതിചേര്‍ത്തു.

അര്‍ബുദം ബാധിച്ച് അവശനായെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ല. 16 കൊല്ലത്തിനുശേഷമാണ് നിരപരാധിയെന്ന് കണ്ടത്തെി കോടതി വെറുതെവിട്ടത്. മഹാരാഷ്ട്രയിലെ ശുഐബ് ജഗിദാര്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് മക്ക മസ്ജിദ് സ്ഫോടനക്കേസിലാണ്. ഹിന്ദുത്വതീവ്രവാദികളാണ്  അത് സംഘടിപ്പിച്ചതെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടത് മുസ്ലിം ചെറുപ്പക്കാരായിരുന്നു. പിന്നീട് പല കുറ്റങ്ങളും ചുമത്തപ്പെട്ട ശുഐബ് ഏഴു വര്‍ഷത്തിനുശേഷമാണ് നിരപരാധിത്വം തെളിയിച്ച് ജയില്‍മോചിതനായത്. ഡല്‍ഹി സ്വദേശി മുഹമ്മദ് ആമിര്‍ ഖാന്‍ 1996-97 കാലത്ത് ഡല്‍ഹിയില്‍ നടന്ന സ്ഫോടനങ്ങളുടെ പേരിലാണ് പിടികൂടപ്പെട്ടത്. നിരപരാധിയായ ഈ ചെറുപ്പക്കാരന് താന്‍ കുറ്റക്കാരനല്ളെന്ന് തെളിയിച്ച് ജയിലില്‍നിന്ന് പുറത്തുവരാന്‍ 14 കൊല്ലം വേണ്ടിവന്നു. 19 കേസുകളിലാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നത്.
ഒൗറംഗാബാദില്‍ തീവ്രവാദികളുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ്ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ ബീഡ് സ്വദേശി അബ്ദുല്‍ അസീമിനും തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ 10 വര്‍ഷവും മൂന്നുമാസവും കാരാഗൃഹത്തില്‍ കഴിയേണ്ടിവന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പിടികൂടപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിക്കും കുറ്റമുക്തി നേടി പുറത്തുവരാന്‍ 10 വര്‍ഷത്തോളം വേണ്ടിവന്നു. കര്‍ണാടകയില്‍വെച്ച് അറസ്റ്റ്ചെയ്യപ്പെട്ട കേരളീയനായ യഹ്യ കമ്മുക്കുട്ടിയും ഏഴുകൊല്ലം ജയിലില്‍ കഴിഞ്ഞശേഷമാണ് നിരപരാധിയാണെന്നു കണ്ട് കോടതി വിട്ടയച്ചത്. ഈവിധം കുറ്റക്കാരല്ളെന്ന് കോടതിയില്‍ തെളിയിച്ച് പുറത്തുവന്ന അനേകം പേര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ട്. വിദ്യാഭ്യാസം മുടങ്ങിയവരും ജോലി നഷ്ടപ്പെട്ടവരും ഉറ്റവര്‍ മരണപ്പെട്ടവരും സ്വത്തൊക്കെയും നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്.

തീവ്രവാദം-ഭീകരത-രാജ്യദ്രോഹം പോലുള്ള കുറ്റങ്ങള്‍ ചുമത്തി യു.എ.പി.എ നിയമമനുസരിച്ച് എടുത്ത കേസുകളില്‍ അഞ്ചില്‍ നാലും കെട്ടിച്ചമച്ചതാണ്.
ഭരണകൂടം കള്ളക്കേസുകളുണ്ടാക്കി നിരപരാധികളെ പിടികൂടി ജയിലിലടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, കേസുകള്‍ കോടതികളിലത്തെുമ്പോള്‍ സര്‍ക്കാറിന് കുറ്റം തെളിയിക്കാന്‍ കഴിയാതെവരുന്നു. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തിറക്കുന്ന ‘ക്രൈം ഇന്ത്യ റിപ്പോര്‍ട്ട്’ പ്രകാരം 2014 ലെ കണക്കനുസരിച്ച് ഭീകരവിരുദ്ധ നിയമപ്രകാരം പിടികൂടപ്പെട്ട 141 പേരില്‍ 123 പേരും നിരപരാധികളാണെന്ന് തെളിയിക്കപ്പെടുകയുണ്ടായി. അവശേഷിക്കുന്ന 18 പേരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മേല്‍കോടതിയെ സമീപിച്ചിരിക്കുകയാണ്.  

കേരളത്തില്‍ മാത്രം കഴിഞ്ഞ 10 വര്‍ഷത്തിനകം 160 യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അന്യായമായി അറസ്റ്റുചെയ്യപ്പെട്ട് ജീവിതത്തിന്‍െറ നല്ലഭാഗം ജയിലില്‍ കഴിച്ചുകൂട്ടി നിരപരാധിത്വം തെളിയിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനായി ജനകീയാവശ്യം ഉയര്‍ത്താന്‍ ‘ഇന്നസെന്‍സ് നെറ്റ്വര്‍ക് ഇന്ത്യ’യുടെ പീപ്ള്‍സ് ട്രൈബ്യൂണലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു; അതോടൊപ്പം നമ്മുടെ നാടിന്‍െറ നീതിബോധത്തിനും മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും പൗരാവകാശ വിചാരങ്ങള്‍ക്കും കരുത്തുപകരാനും.

Tags:    
News Summary - prisoners in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT