നെഹ്റു കുടുംബത്തിലെ ഇളമുറക്കാരിയായ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭാരിച്ചൊരു ഉത്തരവാദിത്ത്വവും പേറിയാണ് ഉത്തർപ്രദേശിലുടനീളം സഞ്ചരിക്കുന്നത്. സംസ്ഥാനത്ത് 32 വർഷമായി അധികാരത്തിനു പുറത്തുനിൽക്കുന്ന പാർട്ടിയെ അതിശോചനീയമായ അവസ്ഥയിൽനിന്ന് കരകയറ്റുക എന്ന വലിയ ഒരു ദൗത്യം. അധികാരത്തിലേക്ക് തിരിച്ചെത്തുക പോയിട്ട് അതിനരികിലെങ്കിലും എത്തിക്കാൻ ഉടനെയെങ്ങാനും സാധിക്കും എന്നുകരുതാൻ ഒരു നിർവാഹവുമില്ല. എന്നാൽ, പ്രിയങ്ക നടത്തുന്ന കഠിനപ്രയത്നം തീരെ തളർന്ന് കിടപ്പിലായിപ്പോയ പ്രസ്ഥാനത്തെ ഒന്ന് എണീപ്പിച്ചു നിർത്താൻ തുണക്കുമെന്ന കാര്യത്തിൽ സംശയമില്ല. യു.പി നിയമസഭയുടെ അംഗസംഖ്യ 403 ആണ്; സംസ്ഥാനത്തെ ലോക്സഭ മണ്ഡലങ്ങൾ എൺപതും. പതിറ്റാണ്ടുകൾ യു.പി കുത്തകയാക്കിവെച്ചിരുന്ന കോൺഗ്രസിന് ഇവിടെ ആകെയുള്ളത് ഏഴ് എം.എൽ.എമാരും ഒരു ലോക്സഭാംഗവുമാണ്.
ഈ മാസം നാലിന് ലഖിംപുരിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിൽ ഇരകൾക്കായി ഇടപെട്ട അവർ, ഇന്നലെ ആഗ്രയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച വ്യക്തിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ടതിനും വൻ വാർത്താ പ്രാധാന്യം കൈവന്നു.നേരത്തേതന്നെ യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയാണവർ. അക്കാലത്ത് യു.പിയിൽ സ്ഥിരമായി താമസിച്ച് പ്രവർത്തിക്കുമെന്ന് വാഗ്ദാനം മുഴക്കിയിരുന്നെങ്കിലും സംസ്ഥാനത്തേക്ക് വരുന്നത് അത്യപൂർവമായിരുന്നു. യു.പിയുടെ മറ്റൊരു പകുതിയുടെ ചുമതലയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ഇവിടേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. അതിെൻറ ഫലം തെരഞ്ഞെടുപ്പ് റിസൽട്ട് വന്നപ്പോൾ പ്രകടമായി. സിന്ധ്യ പിന്നീട് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേക്കേറി.
അന്നു പറ്റിയ പറ്റിൽനിന്ന് പാഠമുൾക്കൊണ്ടാവണം, രണ്ടും കൽപ്പിച്ച മട്ടിൽത്തന്നെയാണ് പ്രിയങ്കയുടെ വരവ്. ഒരു തെരുവുപോരാളി കണക്കെ അവർ പ്രസരിപ്പിക്കുന്ന ഊർജവും ആർജവവും ഇൗയടുത്ത കാലത്തൊന്നും ഒരു കോൺഗ്രസ് നേതാവിലും കാണാത്ത മട്ടിലുള്ളതാണ്.കർഷകർ കൊല്ലപ്പെട്ട വിവരം പുറത്തുവന്നയുടനെ ലഖിംപുരിലെത്താൻ ആത്മാർഥമായി ശ്രമിച്ച ആദ്യ രാഷ്ട്രീയക്കാരിയും പ്രിയങ്കതന്നെ. ലഖ്നോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ യു.പി പൊലീസ് അവർക്കുമേൽ വിരിച്ച ചാരവലയെക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ ഞാൻ എഴുതിയിരുന്നല്ലോ. ലഖ്നോവിൽ അവർ തങ്ങിയ ബന്ധുവീടിനു സമീപവും ലഖിംപുർ യാത്ര തടയുക എന്ന ഉദ്ദേശ്യത്തോടെ അസംഖ്യം പൊലീസുകാർ തമ്പടിച്ചിരുന്നു.
താമസിച്ച ബംഗ്ലാവിെൻറ പിറകിലെ ഗേറ്റിലൂടെ പുറത്തുകടന്ന അവർ അര കിലോമീറ്റർ നടന്ന് ഒരു കാറിൽ കയറി. വിരിച്ച വലകൾ ഭേദിച്ചെന്ന് തിരിച്ചറിഞ്ഞയുടനെ പൊലീസ് പ്രിയങ്കയെ കണ്ടെത്താൻ ദേശീയപാത 24ൽ ഗതാഗതം തടഞ്ഞ് വാഹന പരിശോധന തുടങ്ങി. അവർ പൊലീസിനെക്കാൾ മിടുക്കു കാട്ടി. സഞ്ചരിച്ച എസ്.യു.വിയിൽനിന്ന് ഒരു ചെറു കാറിലേക്ക് മാറി. എസ്.യു.വികളും വലിയ കാറുകളും തടഞ്ഞ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്, ദേശീയപാതയിൽനിന്ന് ഉൾറോഡുകളിലേക്ക് മാറി പ്രിയങ്കയുടെ കുഞ്ഞുകാർ മുന്നോട്ട് കുതിച്ചു. ഒടുവിൽ കണ്ടുപിടിച്ച് സീതാപുർ െഗസ്റ്റ് ഹൗസ് എന്ന 'താൽക്കാലിക ജയിലിൽ' തടവിൽ വെച്ചെങ്കിലും അവിടെയും തളരാതെനിന്നത് പ്രവർത്തകർക്ക് ആവേശമായി. ഒടുവിൽ സർക്കാറിന് വഴങ്ങേണ്ടിയുംവന്നു. സീതാപുർ െഗസ്റ്റ് ഹൗസ് അടിച്ചുവാരുന്ന വിഡിയോ വൈറലായതിനുപിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ തരംതാണ പ്രസ്താവനക്ക് തകർപ്പൻ മറുപടി നൽകാനും അവർ മടിച്ചില്ല.
നിലം തൂത്തുവാരാനല്ലാതെ അവളെ ഒന്നിനും കൊള്ളിെല്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക്, നിലം തൂത്തുവാരൽ നിന്ദ്യ കർമമായി കരുതുന്ന യോഗിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് വെളിപ്പെടുന്നതെന്നായിരുന്നു പ്രതികരണം. വലിയ വായിൽ സംസാരിക്കുന്ന മുഖ്യമന്ത്രിയെ താൽക്കാലികമായെങ്കിലും മിണ്ടാട്ടം മുട്ടിക്കാൻ ആ മറുപടി കാരണമായി. എന്നാൽ, പ്രിയങ്ക അവിടെയും നിർത്തിയില്ല. മൂന്നു നാൾ കഴിഞ്ഞ് ലഖ്നോവിൽ തിരിച്ചെത്തിയ അവർ പ്രാദേശിക ദലിത് കോളനിയിൽ പോയി അവിടത്തെ വാൽമീകി ക്ഷേത്രത്തിെൻറ നിലവും തൂത്തുവൃത്തിയാക്കി. എല്ലാ ജില്ലകളിലും കോൺഗ്രസ് നേതാക്കൾ അവിടത്തെ ദലിത് പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനം നടത്തുമെന്ന പ്രഖ്യാപനവും അവർ നടത്തി. മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ മിന്നലൊളികൾ കാണാനുണ്ടായിരുന്നു ആ ഇടപെടലുകളിലെല്ലാം.
യു.പിയിലെ പാർട്ടി അണികൾ ഉഗ്രൻ ഫോമിലാണിപ്പോൾ. പക്ഷേ പ്രശ്നം അവർക്ക് പ്രവർത്തിക്കാൻ പറ്റുന്ന ഒരു സംഘടന സംവിധാനം അവിടെ അവശേഷിക്കുന്നില്ല എന്നതാണ്. അത് പുനഃസൃഷ്ടിക്കുക എന്ന കഠിനപ്രയത്നമാണ് ഇപ്പോൾ പ്രിയങ്ക നടത്തുന്നത്.പ്രവർത്തകരിൽ ജീവൻ പകരാൻ പ്രിയങ്ക കണ്ടെത്തിയ ഒരു വഴി കൗതുകകരമാണ്. ലളിതമായ ഉള്ളടക്കത്തിൽ നാല് ചെറു പുസ്തകങ്ങൾ അവർ പുറത്തിറക്കി. വർഷങ്ങളായി ബി.ജെ.പി-ആർ.എസ്.എസ് കേന്ദ്രങ്ങൾ കോൺഗ്രസിനും നേതൃത്വത്തിനുമെതിരെ അഴിച്ചുവിടുന്ന അപവാദ ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് അവയുടെ ഉദ്ദേശ്യം.
ദുഷ്പ്രചാർ ഔർ സച്ച് (കുപ്രചാരണങ്ങളും യാഥാർഥ്യവും) എന്ന പുസ്തകം സ്വാതന്ത്ര്യപ്പോരാട്ടത്തിൽ പങ്കുവഹിച്ച കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള വിവരണമാണ്. ഭാരത് ഔർ ഭാരതീയതാ കി ഖിലാഫ് ആർ.എസ്.എസ് ഔർ ബി.ജെ.പി ( ഇന്ത്യക്കും ഇന്ത്യ എന്ന ആശയത്തിനുമെതിരെ ആർ.എസ്.എസും ബി.ജെ.പിയും) എന്ന പുസ്തകം കാവിപ്പാളയത്തിലെ നേതാക്കൾ രാജ്യത്തിെൻറ അടിസ്ഥാന പ്രമാണങ്ങൾക്കെതിരെ നടത്തിയ ചെയ്തികളിലേക്ക് വെളിച്ചം വീശുന്നു. സിമ്മേദാർ കോൻ? (ആരാണ് ഉത്തരവാദി) എന്ന പുസ്തകം കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ വരുത്തിയ കൊടിയ പരാജയം തുറന്നുകാട്ടുന്നു. കിസ്നേ ബിഗാഡാ ഉത്തർ പ്രദേശ് (യു.പിയെ വികൃതമാക്കിയതാര്) എന്ന പുസ്തകം ബി.ജെ.പി സർക്കാറുകളുടെ കാലത്തെ കുംഭകോണങ്ങളും കർഷകർ, യുവജനങ്ങൾ, ദുർബല സമൂഹങ്ങൾ എന്നിവർക്കെതിരായ നയങ്ങളും വിശദമാക്കുന്നു.അടുത്ത മാർച്ചിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിെക്ക ഈ പ്രയത്നങ്ങളെല്ലാം ഏറെ വൈകിപ്പോയി എന്നു പറയേണ്ടിവരുമെങ്കിലും ഇക്കാലമത്രയും ഒരു കോൺഗ്രസ് നേതാവും ഇവ്വിധത്തിൽ ഒരു പരിശ്രമവും ഇവിടെ നടത്തിയിട്ടില്ല എന്നകാര്യം നിഷേധിക്കാനാവില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.