ഒരു രാജ്യത്തിെൻറ പ്രൗഢിയും ജനങ്ങളുടെ ദേശസ്നേഹവും വിളിച്ചോതുന്ന പ്രതീകമായിരിക്കും ആ രാജ്യത്തിെൻറ ദേശീയപതാകയും ദേശീയഗാനവും. ദേശീയ പതാകയെയും ദേശീയഗാനത്തെയും ആദരിക്കേണ്ടത് ഏതു പൗരെൻറയും കടമയാണ്. ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാ ജോലികളും ഉപേക്ഷിച്ച് എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കേണ്ടത് കക്ഷിരാഷ്ട്രീയ-ജാതി-മത-ഭാഷാഭേദമന്യേ ഓരോ പൗരെൻറയും ഭരണഘടനപരമായ ചുമതലയാണ്. 1976ലെ 42ാം ഭേദഗതിയെ തുടർന്ന് ഭരണഘടനയിൽ പുതുതായി കൂട്ടി ച്ചേർത്ത 4 എ എന്ന അധ്യായമുണ്ട്. പൗരെൻറ ചുമതലകളിൽ പരമപ്രധാനം ഭരണഘടനയെ അനുസരിക്കുകയും അതിെൻറ ആദർശങ്ങൾ, സ്ഥാപനങ്ങൾ, ദേശീയപതാക, ദേശീയ ഗാനം എന്നിവയെ ആദരിക്കുകയുമാണെന്ന് അതിൽ പറയുന്നു.
കർണാടക നിയമസഭയിൽ വിശ്വാസ വോട്ടിനെ നേരിടാതെ പ്രസംഗം പൂർത്തിയാക്കി സഭ പിരിയുംമുമ്പ് നിയമസഭാംഗങ്ങൾ എഴുന്നേറ്റുനിന്ന് ദേശീയ ഗാനം ആലപിക്കാൻ ആരംഭിച്ചപ്പോൾ അതിന് തടസ്സമുണ്ടാക്കും വിധം സഭാതലം വിട്ടിറങ്ങിയ മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടി നിയമവിരുദ്ധവും ഉന്നത ഭരണഘടന പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നതുമല്ല.
അതുപോലെത്തന്നെ കർണാടക ഗവർണർ വജുഭായി വാല ദേശീയഗാനം ആലപിച്ചു കൊണ്ടിരിക്കുന്ന സദസ്സ് വിട്ടിറങ്ങിയ നടപടിയും നിയമവിരുദ്ധമാണ്. ഭരണഘടന പദവികൾ വഹിക്കുന്ന സ്ഥാനീയരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം നടപടികൾ ഏതൊരു ഇന്ത്യക്കാരനും ഞെട്ടലോടുകൂടിയേ ദർശിക്കാൻ കഴിയൂ. ദേശീയഗാനം കേൾക്കുമ്പോൾ അഭിമാനപുളകിതരാകേണ്ടവർ ദേശീയഗാനത്തെ അവജ്ഞയോടും പുച്ഛത്തോടുംകൂടി കേട്ടില്ലെന്ന ഭാവത്തോടെ അവഗണിക്കുന്നത് ഒരിക്കലും നിസ്സാരമായി കാണരുത്.
ഉന്നതരുടെ അനാദരം
ഭൂരിപക്ഷമില്ലാത്ത ഒരു കക്ഷിയെക്കൊണ്ട് ഗവർണറെ ഉപയോഗിച്ച് സർക്കാർ രൂപവത്കരിക്കാൻ കേന്ദ്രഭരണകൂടവും ഭരണകക്ഷിയും നടത്തിയ ഭരണഘടന വിരുദ്ധമായ പ്രവൃത്തിയെ രാഷ്ട്രീയ പരിവേഷം നൽകി ഗവർണറുടെ വിവേചനാധികാരം എന്നൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും, ദേശീയ ഗാനത്തെ ആദരിക്കേണ്ടവർതന്നെ അതിനെ പരസ്യമായി അനാദരിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
ദേശീയഗാനം ആലപിക്കുന്നത് ബോധപൂർവം തടസ്സം ചെയ്യുന്നതും ഏതെങ്കിലും സദസ്സിൽ ദേശീയഗാനം ആലപിക്കുന്നത് തടസ്സമുണ്ടാകത്തക്ക വിധമുള്ള ഏതു പ്രവൃത്തിയും 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഓണർ ആക്ട് മൂന്നാം വകുപ്പനുസരിച്ച് മൂന്നു വർഷം വരെ തടവോ, പിഴയോടുകൂടിയോ അല്ലാതെയോ, അല്ലെങ്കിൽ രണ്ടുമായോ ശിക്ഷ വിധിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഒരുതവണ മേൽ വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെട്ട വ്യക്തി കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തിൽ കുറയാത്ത ഏറ്റവും ചുരുങ്ങിയ ശിക്ഷയാക്കി നിയമം 2003ൽ വാജ്പേയിയുടെ നേതൃത്വത്തിലെ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത് കർശനമാക്കി. ഭരണഘടനയും ദേശീയ പതാകയും ദേശീയ ഗാനവും അനാദരിക്കപ്പെടുന്നത് തടയാൻ ലക്ഷ്യംവെച്ചുണ്ടാക്കിയ പ്രസ്തുത നിയമം ലംഘിക്കുന്നവർക്കെതിരെ വ്യാപകമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ദേശീയഗാനത്തെയും ദേശീയപതാകയെയും ഭരണഘടനയെയും അനാദരിക്കുന്ന കുറ്റം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിൽ 1996ൽ കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ദേശീയ പതാക, ദേശീയ ഗാനം, ഭരണഘടന എന്നിവയെ അനാദരിച്ചതിെൻറ പേരിൽ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഓണർ ആക്ട് 1971 അനുസരിച്ച് ശിക്ഷിക്കപ്പെട്ടവർ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിൽ മോചിതനായ ദിവസം തൊട്ട് ആറു വർഷക്കാലം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാണ്.
ഇൗയിടെ ജമ്മു -കശ്മീരിലെ അതിർത്തി ജില്ലയായ രജൗറിയിലെ ബാബാ ഗുലാം ഷാ ബാദ്ഷാ സർവകലാശാലയിൽ ഒരുകൂട്ടം വിദ്യാർഥികൾ ദേശീയഗാന ആലാപന സമയത്ത് എഴുന്നേറ്റുനിന്നില്ലെന്നാരോപിച്ച് ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന കുറ്റം ചുമത്തി പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഓണർ ആക്ട് മൂന്നാം വകുപ്പനുസരിച്ച് പൊലീസ് സ്വമേധയാ കേസെടുത്തത് വാർത്തയായിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോൾ കുട്ടികൾ എഴുന്നേറ്റു നിൽക്കാതെ മൊബൈൽ ഫോണിൽ കൂടി സെൽഫിയെടുക്കുന്ന ചിത്രം കാമറയിൽ പതിഞ്ഞത് പകർത്തിയാണ് പൊലീസ് കേസെടുത്തത്.
അമേരിക്കയിൽ ദേശീയ ഗാനം ആലപിക്കപ്പെടുമ്പോൾ എഴുന്നേറ്റുനിന്ന് വലത്തെ കൈ നെഞ്ചോടടുപ്പിച്ചുവെച്ച് ആദരവ് കാണിക്കണമെന്നാണ് കീഴ്വഴക്കം. കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ സദസ്യർ ദേശീയ ഗാനം ആലപിച്ചപ്പോൾ വിശിഷ്ടാതിഥിയായി പങ്കെടുത്ത അന്നത്തെ കേന്ദ്രമന്ത്രി ശശി തരൂർ അമേരിക്കൻ മാതൃകയിൽ വലത്തെ കൈ നെഞ്ചോടടുപ്പിച്ചുവെച്ചു.
ഇത് ദേശീയ ഗാനത്തോടുള്ള അനാദരവാണെന്നാരോപിച്ച് ഒരു സ്വകാര്യ വ്യക്തി ബോധിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തരൂരിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് ഹൈകോടതി ശശി തരൂരിനെതിരെയുള്ള കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്.
ഇരട്ടത്താപ്പ്
2014ൽ തിരുവനന്തപുരത്തെ ഒരു സിനിമ തിയറ്ററിൽ ദേശീയ ഗാനം ആലപിക്കപ്പെട്ടപ്പോൾ എഴുന്നേറ്റുനിൽക്കാത്തതിെൻറ പേരിൽ 25 വയസ്സുള്ള സൽമാൻ എന്ന വിദ്യാർഥിക്കെതിരെ ജീവപര്യന്തം തടവുശക്ഷ വരെ വിധിക്കാവുന്ന ഇന്ത്യൻ ശിക്ഷനിയമം 124 എ വകുപ്പനുസരിച്ച് ദേശേദ്രാഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് അതേ വിദ്യാർഥിക്കെതിരെ കമ്പ്യൂട്ടറിൽകൂടി വിധ്വംസക സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 66 എ വകുപ്പനുസരിച്ച് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. സൽമാനെതിരെയുള്ള പൊലീസ് നടപടിയെ അപലപിച്ച് ആംനസ്റ്റി ഇൻറർനാഷനൽ എന്ന ആഗോള മനുഷ്യാവകാശ സംഘടന രംഗത്തുവന്നു.
രജൗറിയിലെ വിദ്യാർഥികൾക്കെതിരെയും തിരുവനന്തപുരത്തെ സൽമാനെതിരെയും കേന്ദ്ര മന്ത്രിയായിരിക്കെ ശശി തരൂരിനെതിരെയും ദേശീയ ഗാനത്തെ അനാദരിച്ചുവെന്നാരോപിച്ച് തേടിയെത്തിയ നിയമത്തിെൻറ ദണ്ഡ് എന്തുകൊണ്ട് നിയമത്തിെൻറ മുന്നിൽ എല്ലാവരും സമന്മാരാണെന്ന വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ ദേശീയഗാനാലാപനം തടസ്സപ്പെടുത്തും വിധം അനാദരിച്ചു നിയമസഭയിൽനിന്ന് പുറത്തേക്കിറങ്ങിയ, യെദിയൂരപ്പയെ കാണുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം. ക്രിമിനൽ േപ്രാസിക്യൂഷനിൽനിന്നു സംസ്ഥാന ഗവർണർക്കു ലഭിക്കുന്ന ഭരണഘടനപരമായ പരിരക്ഷ കേന്ദ്രഭരണകൂടത്തിെൻറ സ്വന്തക്കാരനായി എന്ന കാരണത്താൽ മാത്രം യെദിയൂരപ്പക്ക് എങ്ങനെ ലഭിക്കും? നിയമം ചിലന്തിവലയെപ്പോലെയാണ്; ചെറിയ പ്രാണികൾ അതിൽ കുടുങ്ങും, വലിയ കടന്നലുകളും വണ്ടും അത് പൊട്ടിച്ചു പുറത്തുകടക്കും എന്ന് പരിഹസിച്ച 16ാം നൂറ്റാണ്ടിലെ പ്രശസ്ത ഇംഗ്ലീഷ് ആക്ഷേപ ഹാസ്യ കവി ജോനാഥൻ സ്വിഫ്റ്റിെൻറ വാക്കുകൾ അർഥപൂർണമാക്കുന്ന വിധമാണ് യെദിയൂരപ്പക്കെതിരെ നടപടിക്ക് മടിക്കുന്ന കർണാടക പൊലീസിെൻറ സമീപനം. നിയമവാഴ്ച നിലനിൽക്കുന്ന ഇന്ത്യയിൽ ഒരിക്കലും നിയമത്തിന് ചിലന്തിവലയാവാൻ സാധിക്കില്ല. എത്ര ഉയർന്നവരാണെങ്കിലും നിയമം അവനു മുകളിലാണെന്ന യാഥാർഥ്യം മനസ്സിലാക്കി ജനാധിപത്യം പുനഃസ്ഥാപിച്ചതിൽ സമാശ്വസിക്കുന്ന കർണാടകയിലെ പുതിയ സർക്കാർ യെദിയൂരപ്പയുടെ കാര്യത്തിൽ നിയമത്തെ അതിെൻറ വഴിക്കു വിട്ടേ തീരൂ.
മുൻ കേരള ഡയറക്ടർ ജനറൽ ഓഫ്
േപ്രാസിക്യൂഷൻസ് ആണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.