‘നെക്സ്റ്റ്’ ഏല്‍പിക്കുന്ന തിരുമുറിവുകള്‍

എം.ബി.ബി.എസിനുശേഷം ഒരു ലൈസന്‍സിങ് പരീക്ഷ  പരക്കെ അംഗീകരിക്കപ്പെടാനിടയില്ല. അതിനാലാവണം, നാലു വ്യത്യസ്ത ഉപയോഗങ്ങളുള്ള ‘നെക്സ്റ്റ്’ (NEXT) പരീക്ഷയെക്കുറിച്ച് മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നത്. എന്നാല്‍, ‘നെക്സ്റ്റി’ന്‍െറ പ്രധാന പോരായ്മയും ഇതുതന്നെ. ഒറ്റപ്പരീക്ഷയിലൂടെ പരിശോധിക്കുന്ന കാര്യങ്ങള്‍ ഇവയാണ്:

ഒന്ന്, ഇന്ത്യയിലെ എം.ബി.ബി.എസ് ബിരുദധാരികള്‍ക്ക് പ്രാക്ടിസിനുള്ള നൈപുണ്യമുണ്ടോ?
രണ്ട്, വിദേശരാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദവുമായത്തെുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടിസ് ചെയ്യാന്‍ പ്രാവീണ്യമുണ്ടോ?
മൂന്ന്, ബിരുദാനന്തര പഠനകോഴ്സുകളില്‍ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് ഉണ്ടാക്കുക.
നാല്, ഇന്ത്യന്‍ സര്‍ക്കാറിന്‍െറ മെഡിക്കല്‍ സര്‍വിസില്‍ ജോലി നേടാനുള്ള യോഗ്യത മാനദണ്ഡം.

എം.ബി.ബി.എസ് ബിരുദധാരിക്കിനി അനേകം പരീക്ഷകള്‍ ഒഴിവാക്കി ഒറ്റപ്പരീക്ഷയിലൂടെ പ്രാക്ടിസിനുള്ള അനുമതിയോ ഉന്നതവിദ്യാഭ്യാസമോ ജോലിയോ കരസ്ഥമാക്കാം. ഒറ്റനോട്ടത്തില്‍ വളരെ നല്ലതെന്നു തോന്നുന്ന ആശയം വിദ്യാര്‍ഥികളെയും സമൂഹത്തെയും മുറിപ്പെടുത്തുമെന്ന ആശങ്കയുയരുന്നു. അതുകൊണ്ടാണ് ‘നെക്സ്റ്റ്’ എതിര്‍ക്കപ്പെടുന്നതും. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഒന്നും രണ്ടും ദൗത്യങ്ങള്‍ സഫലമാവുന്നത് ‘നെക്സ്റ്റ്’ മെഡിക്കല്‍ വിദ്യാര്‍ഥി പഠനവും പരിശീലനവും കഴിഞ്ഞു പ്രാക്ടിസിന് തയാറെടുക്കുമ്പോഴാണ്. സമൂഹത്തിന് അവശ്യം വേണ്ട പ്രായോഗിക പരിജ്ഞാനമാണിവിടെ പരീക്ഷിക്കപ്പെടേണ്ടത്. സ്കില്‍ അഥവാ നൈപുണ്യം ഒരു സെറ്റ് എം.സി.ക്യു വഴി പരിശോധിക്കാനാകില്ല. പ്രായോഗിക പരിജ്ഞാനം പരിശോധിക്കാന്‍ യുക്തമായ പരീക്ഷകള്‍ മാത്രമാണ് വഴി. ഓര്‍മയും അറിവും ഒരു പരിധിവരെ യുക്തിചിന്തയും ടെസ്റ്റ് ചെയ്യപ്പെടുന്ന എം.സി.ക്യു പ്രായോഗിക നൈപുണ്യം പരീക്ഷിക്കാനൊരു മാര്‍ഗമല്ല എന്നതാണ് കാതലായ പ്രശ്നം. വിദ്യാര്‍ഥികളുടെ നൈപുണ്യം രാജ്യമെമ്പാടും ഒറ്റപ്പരീക്ഷയിലൂടെ കണ്ടത്തൊനുള്ള അതിവിപുലമായ സംവിധാനം മെഡിക്കല്‍ കൗണ്‍സിലിനില്ല.

എന്നാല്‍, കൗണ്‍സിലിന് സാധിക്കുന്ന മറ്റൊന്നുണ്ട്. മെഡിക്കല്‍കോളജുകളിലെ ക്രമാനുഗത പരിശോധനകള്‍ കാര്യക്ഷമമാക്കിയാല്‍  എം.ബി.ബി.എസ് അധ്യാപനവും വിദ്യാര്‍ഥികളിലെ നൈപുണ്യനിലവാരവും ഉറപ്പുവരുത്താം. സ്റ്റാഫിനെയും കെട്ടിടങ്ങളും പരിശോധിച്ച് കോളജുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പരിപാടി ഉപേക്ഷിച്ച് വിശദമായ ചെക്ക്ലിസ്റ്റ് വഴി പഠനനിലവാരം പരിശോധിക്കുന്ന രീതിയിലേക്ക് വരണം.

‘നെക്സ്റ്റി’ന്‍െറ മൂന്നാമത്തെ ധര്‍മം ബിരുദാനന്തര പഠനത്തിനൊരു പ്രവേശനപരീക്ഷ എന്ന രീതിയിലാണ്. ഇവിടെ അറിവ്, ചിന്തിക്കാനുള്ള കഴിവ്, ക്ളിനിക്കല്‍സാഹചര്യങ്ങളില്‍ വിചിന്തനം നടത്താനും ലഭ്യമായ വിവരങ്ങള്‍വെച്ച് വ്യാഖ്യാനിക്കാനുമുള്ള കാര്യക്ഷമത എന്നിവയാണ് പരിശോധിക്കേണ്ടത്. ശ്രമകരമാണെങ്കിലും എം.സി.ക്യു വഴി സാധ്യമാണ്. എം.ബി.ബി.എസ് പഠനത്തിനുള്ളതിന്‍െറ ചെറിയ ശതമാനം മാത്രം സീറ്റുകളാണ് ബിരുദാനന്തര പഠനത്തിനുള്ളത്. അതിനാല്‍ ഉന്നത മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശന പരീക്ഷ കുറച്ചു വിദ്യാര്‍ഥികളെ പരിമിതമായ സീറ്റുകളിലേക്ക് തെരഞ്ഞെടുക്കുക എന്നതുമാത്രമല്ല, ഏതാണ്ടത്രയും തന്നെ വിദ്യാര്‍ഥികളെ നേരിയ വ്യത്യാസത്തില്‍ തുടര്‍ വിദ്യാഭ്യാസത്തില്‍നിന്നു നിരാകരിക്കുക എന്നതുകൂടിയാണ് ചെയ്യുന്നത്. ഇവിടെ പ്രവേശനം ലഭിക്കാത്ത എത്രയെങ്കിലും പേര്‍ അമേരിക്കയിലും യൂറോപ്പിലും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നുണ്ട്. ഇത്തരം പരാധീനതകളുണ്ടെങ്കിലും മെച്ചപ്പെട്ട മറ്റൊരു മാര്‍ഗം കണ്ടത്തെുന്നതുവരെ എം.സി.ക്യു പരീക്ഷ തന്നെയാണ് യുക്തം.

‘നെക്സ്റ്റി’ന്‍െറ നാലാമത്തെ ഉപയോഗം കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വിസ് എക്സാമിനേഷന്‍ ആയി പരിഗണിച്ചു നിയമനം നടത്താം എന്നതാണ്. നിയമനത്തിനും പഠനത്തിനും ലൈസന്‍സിങ്ങിനും ഒക്കെ ഒരേ പരീക്ഷ മതിയെന്ന നിലപാടിലേക്ക് നാമത്തെുന്നു. നിയമനത്തിനാകട്ടെ, ഉദ്യോഗസംബന്ധിയായ പല യോഗ്യതയും ഉദ്യോഗാര്‍ഥിയുടെ നിലപാടുകളും പ്രാധാന്യമര്‍ഹിക്കുന്നു. ഇതെല്ലാം വിഭാവനംചെയ്യുന്ന ഒറ്റപ്പരീക്ഷ എങ്ങനെ സാധ്യമാകും? മാത്രമല്ല, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വിസ് പരീക്ഷ നാളിതുവരെ യു.പി.എസ്.സിയാണ് നടത്തുന്നത്. 2017ലെ പരീക്ഷയുടെ ഷെഡ്യൂള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കാന്‍ നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞു. യു.പി.എസ്.സി നടത്തുന്ന പരീക്ഷ ഏകപക്ഷീയമായി മെഡിക്കല്‍ കൗണ്‍സിലിന് ഏറ്റെടുത്തുനടത്താനാകുമോ എന്ന് നിയമവിദഗ്ധര്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ലൈസന്‍സിങ്ങിനു വിദ്യാര്‍ഥി കോഴ്സ് കഴിഞ്ഞു ഒരുവര്‍ഷത്തെ ആശുപത്രി ട്രെയിനിങ് കഴിഞ്ഞശേഷം മാത്രമേ എഴുതാനാകൂ. യു.പി.എസ്.സി പരീക്ഷയാകട്ടെ, എം.ബി.ബി.എസ് പരീക്ഷ പാസായാല്‍ മതി, ട്രെയിനിങ് ജോലിക്കു ചേരുംമുമ്പ് പൂര്‍ത്തിയാക്കണമെന്നേയുള്ളൂ. അപ്പോള്‍   ഹൗസ് സര്‍ജന്‍സി നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ഥി ‘നെക്സ്റ്റ്’ പരീക്ഷ പാസായി ജോലി ലഭിച്ചുകഴിഞ്ഞാല്‍  അയാള്‍ ലൈസന്‍സിനുവേണ്ടി വീണ്ടും പരീക്ഷയെഴുതേണ്ടിവരുമോ?

ഇപ്പോള്‍ നടക്കുന്ന ബിരുദാനന്തര കോഴ്സ് പ്രവേശന പരീക്ഷയില്‍നിന്ന് വളരെ വ്യത്യസ്തമാണ് യു.പി.എസ്.സി പരീക്ഷ. ബിരുദാനന്തര കോഴ്സുകള്‍ക്ക് എം.ബി.ബി.എസിന്‍െറ ഉയര്‍ന്ന നിലവാരം ടെസ്റ്റ് ചെയ്യപ്പെടുമ്പോള്‍ യു.പി.എസ്.സി ഉദ്യോഗാര്‍ഥി സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവാര്‍ജിച്ചിട്ടുണ്ടോ എന്ന് നോക്കുന്നു. പരസ്പരം സമരസപ്പെടാത്ത ദൗത്യങ്ങളാണ് ‘നെക്സ്റ്റ്’ സാക്ഷാത്കരിക്കേണ്ടത്. അതിനുവേണ്ട വിശദ പഠനങ്ങള്‍ നടന്നതായി അറിയുന്നില്ല.

ഇത്ര വിപുലമായ സാധ്യതകളുമായി നടത്തുന്ന പരീക്ഷ തീര്‍ച്ചയായും പരീക്ഷ ബിസിനസിന് പുത്തനുണര്‍വേകും. എം.ബി.ബി.എസ് കോഴ്സ് പൂര്‍ത്തിയാക്കുന്ന ഏതൊരാളും ‘നെക്സ്റ്റ്’ വഴി പോകേണ്ടതിനാല്‍ അതില്‍ ഉയര്‍ന്ന റാങ്ക് നേടുക നിര്‍ണായകമാകുന്നു. കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വിസ്, പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ വര്‍ഷത്തില്‍ ഒന്ന് മതിയെങ്കിലും ലൈസന്‍സിങ് പരീക്ഷ രണ്ടാവര്‍ത്തി വേണ്ടിവരുമല്ളോ. വാര്‍ഷിക പരീക്ഷ മാത്രമായി ചുരുക്കിയാല്‍, സെപ്റ്റംബറില്‍ പാസാകുന്ന അഡീഷനല്‍ വിദ്യാര്‍ഥികള്‍ ലൈസന്‍സിങ്ങിനുവേണ്ടി ആറുമാസം കാത്തിരിക്കേണ്ടിവരും. പരീക്ഷമേഖലയാകെ അസ്വസ്ഥമാക്കാന്‍ ഇതു  കാരണമാകുമെന്നതില്‍ സംശയംവേണ്ട.

ഇതിനിടെ, നാം മറന്നുപോകുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്. എം.സി.ക്യു  എന്ന പരീക്ഷാരീതി ഒരുപറ്റം അപേക്ഷകരെ താരതമ്യംചെയ്യാനുള്ള ഉപകരണമാണ്. ഒരു വ്യക്തി മറ്റുള്ളവരില്‍നിന്ന് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കാട്ടുന്നതാണ് ഇത്.  അപേക്ഷകരെ റാങ്ക് അടിസ്ഥാനത്തില്‍ വിന്യസിക്കാന്‍ ഇത് ഉതകുന്നു. 1000 പേരുടെ ലിസ്റ്റില്‍നിന്ന് 300 പേരെ തെരഞ്ഞെടുക്കണമെങ്കില്‍ എം.സി.ക്യു രീതി ഫലപ്രദമാകും. എന്നാല്‍, ജയപരാജയങ്ങളെ കൃത്യമായി കണ്ടത്തൊന്‍ ഈ രീതി അത്ര ഫലവത്തല്ല. വിജയത്തിന്‍െറയും പരാജയത്തിന്‍െറയും വേര്‍തിരിവ് രേഖ എന്ത് മാര്‍ഗമവലംബിച്ചാലും വസ്തുനിഷ്ഠമാവില്ല.

ഇങ്ങനെ സങ്കീര്‍ണതകളുള്ള ഓരോ പരീക്ഷ സമ്പ്രദായം നടപ്പാക്കുംമുമ്പ് കുറേക്കൂടി ലളിതമായ മറ്റു മാര്‍ഗങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പി.ജി എന്‍ട്രന്‍സ്, മെഡിക്കല്‍ സര്‍വിസ് എന്നീ പരീക്ഷകള്‍ അതത് ഇടങ്ങളില്‍ നിലനിര്‍ത്തി മെഡിക്കല്‍ കോളജുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചയാവാമല്ളോ. മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതിമൂലമാണ് പല കോളജുകളിലും നിലവാരത്തകര്‍ച്ച ഉണ്ടായത് എന്നതില്‍ രണ്ടഭിപ്രായമില്ല. മെഡിക്കല്‍ കോളജുകള്‍ നടത്തുന്നവര്‍ കൗണ്‍സില്‍ നിര്‍ദേശിച്ച കരിക്കുലം നടപ്പാക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളില്‍ പ്രായോഗിക പരിജ്ഞാനവും നൈപുണ്യവും ഉറപ്പാക്കേണ്ടതുണ്ട്. ഇതുണ്ടായില്ളെങ്കില്‍ ഇത്തരം കോളജുകളെ നിയന്ത്രിക്കുന്ന ഏജന്‍സികള്‍ എന്ത് ചെയ്തുവെന്ന ചോദ്യമുദിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വിഭാഗം, യൂനിവേഴ്സിറ്റി എന്നിവര്‍ക്കും ഉത്തരവാദിത്തമില്ല എന്നുവരുമോ? ഈ മൂന്നു ഏജന്‍സികളും സംസ്ഥാന സര്‍ക്കാര്‍ പരിധിയില്‍ വരുന്നതിനാല്‍ ഇതിലേക്കൊരു അന്വേഷണം എളുപ്പമായിരിക്കും.

ഉദാഹരണത്തിന്, സ്വകാര്യ കോളജുകളിലെ ഇന്‍േറണല്‍ മൂല്യനിര്‍ണയം മാത്രം പരിശോധിച്ചാല്‍ മതി, നിലവാരത്തകര്‍ച്ച എന്തുകൊണ്ടെന്ന് മനസ്സിലാകും. വര്‍ഷാന്ത പരീക്ഷകള്‍ സര്‍വകലാശാല നേരിട്ട് നടത്തുന്നതാണ്. പരീക്ഷകരെ നിശ്ചയിക്കുന്നതും ക്ളിനിക്കല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുന്നതും കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തുന്നതുമെല്ലാം മെഡിക്കല്‍ കൗണ്‍സിലിന്‍െറ പൊതുനയങ്ങള്‍ക്ക് വിധേയമായി യൂനിവേഴ്സിറ്റിതന്നെ. വിപുലമായ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന പരീക്ഷ കണ്‍ട്രോളര്‍ ഓഫിസ് ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിലൊന്നും മെഡിക്കല്‍ കൗണ്‍സില്‍ ഇടപെടുന്നില്ല താനും. എന്നിട്ടും നിലവാരത്തകര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍വ മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പുറത്തു മൊത്തമായി കെട്ടിവെക്കുന്നതില്‍ അപാകതയുണ്ട്.

സംസ്ഥാന സര്‍ക്കാറുകളുടെ നിയമസംവിധാനങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യമാനേജ്മെന്‍റുകളെ നിയന്ത്രിക്കാനാവില്ല എന്ന തോന്നല്‍ തെറ്റാണ്. താക്കീതു മുതല്‍ അഫിലിയേഷന്‍ റദ്ദാക്കല്‍ വരെ നടപടികളുണ്ട്.  ഇന്ത്യയിലെ പല സ്വകാര്യ മെഡിക്കല്‍കോളജുകളിലെയും ഗൗരവമായ പ്രശ്നം സുഗമമായ പഠനം നടക്കാനാവശ്യമായ രോഗികളെ ലഭിക്കുന്നില്ല എന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാനം രോഗികളെ നേരിട്ടുകണ്ട് പഠിക്കുക എന്നായിരിക്കെ രോഗികളെ സ്ഥാപനങ്ങളില്‍ എത്തിക്കേണ്ടതെങ്ങനെ എന്നതിനാണ് ഉത്തരം കണ്ടെത്തേണ്ടത്.      പല സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കാതലായ പ്രശ്നം ഇതായിരിക്കെ, ലൈസന്‍സിങ് പരീക്ഷ ഒരിക്കലോ അനേകം തവണയോ എഴുതിയാല്‍ വിദ്യാര്‍ഥിക്ക് നൈപുണ്യം ഉണ്ടാകുമെന്നു കരുതാനാവില്ലല്ളോ. വിദഗ്ധരായ ഡോക്ടര്‍മാരുടെ സ്ഥിരമായ സാന്നിധ്യം, ചികിത്സക്ക് വേണ്ട ഭൗതിക സൗകര്യങ്ങള്‍, രോഗികള്‍ക്ക് താങ്ങാനാവുന്ന ബില്ലിങ് പദ്ധതി എന്നിവ ഉറപ്പാക്കിയാലല്ളേ ലൈസന്‍സിങ് പരീക്ഷക്ക് സാംഗത്യമുണ്ടാവൂ.

‘നെക്സ്റ്റ’് പരീക്ഷ സംബന്ധിച്ച സര്‍ക്കാര്‍രേഖയില്‍ വ്യക്തമാകാത്ത മറ്റൊന്നുകൂടിയുണ്ട്. പ്രാക്ടിസ് ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കാന്‍ നെക്സ്റ്റ് പാസാകണം. മെഡിക്കല്‍ ബിരുദം നേടുന്ന എല്ലാവരും സമൂഹത്തില്‍ പ്രാക്ടിസ് ചെയ്തുകൊള്ളണമെന്നില്ല. സിവില്‍ സര്‍വിസ്, ഗവേഷണം, നോണ്‍ക്ളിനിക്കല്‍ അധ്യാപനം, മെഡിക്കല്‍ ടെക്നോളജിയില്‍ ഉപരിപഠനം തുടങ്ങിയ മേഖലകളിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ പോയിത്തുടങ്ങിയിരിക്കുന്നു. അവര്‍ സമൂഹത്തില്‍ പ്രാക്ടിസ് ചെയ്യാനിടയില്ലാത്തതിനാല്‍ ലൈസന്‍സ് ഇല്ലാത്ത ഡിഗ്രി ലഭിക്കേണ്ടതല്ളേ?

സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് അതിലളിതമായ ഉത്തരങ്ങള്‍ കണ്ടത്തെുന്നത് ശരിയല്ല. വിദ്യാര്‍ഥികളുടെയും സമൂഹത്തിന്‍െറയും ഭാവിയും ആശങ്കകളും മുന്നില്‍ കണ്ടുവേണം നിലപാടുകള്‍ സ്വീകരിക്കാന്‍.

 

Tags:    
News Summary - problems in next exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.