ഉരുൾ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയുടെ ഭൗമസവിശേഷതകൾ വിവരിക്കുന്നു
പുത്തുമല, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതിദുരന്തങ്ങൾക്ക് കാലവർഷക്കാലത്തെ മഴയുടെ സ്വഭാവം നിർണായക ഘടകമായിട്ടുണ്ട്. ജൂൺ ആദ്യവാരം ആരംഭിച്ച കാലവർഷം ഇതുവരെ നാല്-അഞ്ച് ഘട്ടമായാണ് ലഭിച്ചത്. ഓരോ തവണയും രണ്ടോ മൂന്നോ ദിവസം ശക്തമായ മഴയും തുടർന്ന് നാലഞ്ചുദിവസം വളരെ നേരിയമഴയും. എന്നാൽ, ഓരോ തവണയും മഴയുടെ അളവ് കൂടി വന്നു.
തുടക്കത്തിൽ ഉയർന്ന മഴ 120 മില്ലീ മീറ്റർ ആയിരുന്നെങ്കിൽ പിന്നീടത് 180 മി.മീ വരെയെത്തി. ഉരുൾപൊട്ടലിന്റെ തലേന്ന്, ജൂലൈ 29ന് 200.20 മില്ലീ മീറ്ററും 30ന് 377 മില്ലീ മീറ്ററും മഴ രേഖപ്പെടുത്തി. തുടർച്ചയായി 48 മണിക്കൂറിൽ 577 മില്ലീ മീറ്റർ. ചുരുങ്ങിയ സമയദൈർഘ്യത്തിൽ അതിതീവ്രമഴ പെയ്യുന്നത് മണ്ണിനെ ദുർബലപ്പെടുത്തി സ്ഥാനഭ്രംശത്തിന് വഴിവെക്കും. ഉരുൾപൊട്ടൽ പ്രഭവകേന്ദ്രവും സമീപ സ്ഥലങ്ങളും വൃക്ഷ നിബിഡമായിരുന്നത് ഉയർന്ന നിരക്കിലുള്ള ജലാഗിരണത്തിന് ഇടയാക്കി.
കളിമണ്ണ് കലർന്ന കറുത്ത ലാറ്ററൈറ്റ് മൺതരമാണിവിടെ. ചെറു സുഷിരങ്ങൾ ധാരാളമുള്ളതിനാൽ ജലാഗിരണം കൂടുതലായിരിക്കും. തീവ്രമഴ പെയ്യുമ്പോഴുള്ള അതി മർദത്താൽ മണ്ണിൽ സംഭരിച്ച വെള്ളം അതിവേഗം താഴേക്ക് തള്ളപ്പെടും. അതോടെ താഴെയുള്ള ഉറച്ച പ്രതലത്തിൽനിന്ന് മേൽ മണ്ണിന് സ്ഥാനഭ്രംശം സംഭവിക്കും.
കാറ്റിൽ ഉലഞ്ഞ് മരങ്ങൾ മറിഞ്ഞാൽ മണ്ണ് തെന്നിമാറുന്നത് വേഗത്തിലാകും. മണ്ണ് ദുർബലപ്പെട്ട് സ്ഥാനഭ്രംശം സംഭവിക്കുന്ന വേളയിൽ മലയിൽ സംഭരിച്ച വെള്ളവും ജലബോംബ് കണക്കെ പൊട്ടിത്തെറിച്ച് പുറം തള്ളും. ഇത്തരമൊരു പ്രതിഭാസമാണ് മുണ്ടക്കൈയിൽ സംഭവിച്ചത്.
(വയനാട് ജില്ല മുൻ മണ്ണു സംരക്ഷണ ഓഫിസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.