രാഹുലും ഹിജാബും ലിബറൽ കേരളവും

ലോക്​സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പ​ങ്കെടുത്ത് സമ്പന്നന്‍റെയും ദരിദ്രന്‍റെയും രണ്ട്​ ഇന്ത്യകളെ കുറിച്ച്​ നടത്തിയ പ്രസംഗം വൈറലായതിന്‍റെ രണ്ടാം നാളിലാണ്​​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ഹിജാബ്​ (ശിരോവസ്​ത്രം) ധരിക്കാനുള്ള മുസ്​ലിം പെൺകുട്ടികളുടെ പോരാട്ടത്തെ പിന്തുണച്ച്​ രംഗത്തുവന്നത്​. വിദ്യാർഥികളുടെ ഹിജാബിന്റെ പേരിൽ ​അവരുടെ വിദ്യാഭ്യാസം തടയുന്നതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവിയാണ്​ കവർന്നെടുക്കുന്നതെന്ന്​ അദ്ദേഹം ഓർമിപ്പിച്ചു.

വിദ്യതരുന്ന സരസ്വതീദേവി അതിൽ വിവേചനം കാണിക്കി​ല്ലെന്നുകൂടി പറഞ്ഞായിരുന്നു കർണാടകയിലെ വിവാദത്തിലേക്കുള്ള ബസന്തി പഞ്ചമിയുടെയും സരസ്വതി പൂജയുടെയും വേളയിൽ രാഹുലിന്‍റെ കടന്നുവരവ്​. ഒരു മൗലികാവകാശ പ്രശ്നം എന്ന തലത്തിൽനിന്ന്​ ഹിജാബിനെ മതമൗലികവാദ പ്രശ്നമാക്കി അവതരിപ്പിക്കാൻ കേരളത്തിൽ പോലും ശ്രമം നടക്കവേയാണ്​ ഈ ഇടപെടൽ എന്നത്​ ശ്രദ്ധേയമാണ്​. ആ തരത്തിൽ അതിന്​ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

​ചേർത്തുനിർത്തുന്ന ബഹുസ്വര മാതൃക

തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ശക്തിയാർജിച്ചതോടെ ഹിന്ദുമത ചിഹ്നങ്ങളും ചടങ്ങുകളും രൂഢമൂലമായിക്കൊണ്ടിരിക്കുന്ന​ ഇന്ത്യൻ സമൂഹത്തിൽ രാഹുൽ സരസ്വതി ദേവിയെ കൂട്ടുപിടിച്ചത്​ സമൂഹമാധ്യമങ്ങളിൽ പലരും ചോദ്യംചെയ്തത്​ കണ്ടു​. സ്വന്തം മതത്തിന്‍റെ വിശേഷദിവസങ്ങളിൽ സഹോദര മതസ്ഥരെ ചേർത്തുപിടിക്കുന്ന ഇന്ത്യ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുകയാണ്​ രാഹുൽ ചെയ്തത്​.

അദൃശ്യരാക്കിയും അരികുവത്കരിച്ചും മാറ്റിനിർത്തപ്പെടുന്ന ഒരു ന്യൂനപക്ഷ സമുദായത്തെ ചേർത്തുനിർത്തണമെന്ന്​ വർഗീയവിഷം ഉള്ളിൽകയറാത്ത ഭൂരിപക്ഷ സമുദായത്തെ ഉണർത്താൻ രാഹുലിന്‍റെ ട്വീറ്റിന്​ കഴിഞ്ഞുവെന്നതാണ്​ നേര്​. ഹിജാബ്​ വിലക്കിനെതിരെ ആദ്യം രംഗത്തുവന്ന കോൺഗ്രസ്​ നേതാവല്ല രാഹുൽ ഗാന്ധി. എന്നാൽ, രാഹുൽ ഗാന്ധി തന്നെ അർഥശങ്കക്കിടയില്ലാത്ത വിധം നിലപാട്​ വ്യക്തമാക്കിയ സ്ഥിതിക്ക്​ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിക്കും അതിന്‍റെ നേതാക്കൾക്കും ഹിജാബിന്‍റെ കാര്യത്തിൽ ഇനി മറിച്ചൊരു നിലപാട്​ എടുക്കുക സാധ്യമല്ലാതെ വരും.

ഹിജാബ്​ വിലക്കാൻ കൃത്രിമമായ ബൈനറി

ഉഡുപ്പി സർക്കാർ പി.യു കോളജിൽ തുടങ്ങിയ ഹിജാബ്​ വിലക്ക്​ കർണാടകയിലെ നിരവധി കോളജുകളിലേക്ക്​ പടർന്നുകൊണ്ടിരിക്കുകയാണ്​. ഉഡുപ്പി കോളജിൽ ആറു​ പെൺകുട്ടികൾ തുടരുന്ന സമരവും ഹിജാബ്​ വിലക്കിയ മറ്റു കോളജുകളി​ലേക്കും പടരുകയാണ്​. പൗരത്വസമരകാലത്ത്​ രാജ്യമെങ്ങും പ്രകടമായ സ്ത്രീമുന്നേറ്റം ഓർമപ്പെടുത്തുന്നതാണ്​ ഹിജാബിന്‍റെ പേരിൽ പുറത്താക്കപ്പെട്ട മുസ്​ലിം പെൺകുട്ടികൾ സംഘ്​ പരിവാറിന്‍റെ സർക്കാർ ഭരിക്കുന്ന കർണാടകയിൽ തങ്ങളുടെ മൗലികാവകാശത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തുന്ന ചെറുത്തുനിൽപ്​.

പകരം മുസ്​ലിം പെൺകുട്ടികളുടെ ശിരോവസ്ത്രത്തിനോട്​ ​പ്രതിഷേധമെന്നപേരിൽ കാവി ഷാളണിഞ്ഞെത്തി​ മുസ്​ലിംകളുടെ ഹിജാബും ഹിന്ദുക്കളുടെ കാവിഷാളും എന്ന ബൈനറി കൃത്രിമമായി സൃഷ്ടിക്കാനുള്ള പ്രോപഗണ്ട യുദ്ധത്തിലാണ് സംഘ്​പരിവാർ. ഹിജാബ്​ സ്ഥാപനത്തിന്‍റെ അച്ചടക്കത്തിനും ക്രമസമാധാനത്തിനും ഭംഗം വരുത്തുമെന്ന വ്യാജ ആഖ്യാനം സൃഷ്ടിക്കുന്നതിനുപുറമെ ഇന്ന്​​ ഹിജാബിനായി രംഗത്തുവന്നവർ നാളെ ശരീഅത്ത്​ നിയമം നടപ്പാക്കണമെന്നാവശ്യപ്പെടുമെന്നും പ്രചാരണമഴിച്ചുവിടുന്നു അവർ​.

രാഹുലും തരൂരും കാണാത്ത വിലക്ക്​​

രാഹുൽ ഗാന്ധി നിലപാട്​ പ്രഖ്യാപിക്കുന്നതിനുമുമ്പേ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ്​ ​നേതാക്കളെല്ലാം ഹിജാബ്​ ധരിക്കാനുള്ള കർണാടകയിലെ പെൺകുട്ടികളുടെ അവകാശത്തിനായി രംഗത്തുവന്നിരുന്നു. കേരളത്തിൽനിന്നുതന്നെയുള്ള കോൺഗ്രസ്​ എം.പി ഡോ. ശശി തരൂർ കർണാടകയിലെ ഹിജാബ്​ വിലക്കിൽ ​പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ആഗ്രഹിക്കുന്ന വസ്ത്രം ധരിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുള്ളതായിരുന്നു ഇന്ത്യയുടെ കരുത്ത്​ എന്നും തരൂർ ഓർമിപ്പിച്ചു. ഹിജാബിന്​ നിരോധനമാണെങ്കിൽ സിഖുകാരുടെ തലപ്പാവിന്‍റെയും ഹിന്ദുക്കളുടെ നെറ്റിയിലെ തിലകത്തിന്‍റെയും ക്രൈസ്​തവർ അണിയുന്ന കുരിശിന്‍റെയും കാര്യമെന്താണെന്നും തരൂർ ചോദിച്ചു. ഹിജാബ്​ വിലക്കിയ കോളജിന്‍റെ ചായ്​വ്​ ചപലമാണെന്നും പെൺകുട്ടികളെ പ്രവേശിപ്പിച്ച്​ പഠിക്കാൻ അനുവദിക്കണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു. സ്ഥാപനങ്ങളുടെ യൂനിഫോമിൽ വിശ്വാസത്തിന്​ സ്ഥാനമില്ല എന്നവർ ആരും തന്നെ പറഞ്ഞില്ല.

കേരളത്തിലെ സ്റ്റുഡന്‍റ് ​പൊലീസ്​ കാഡറ്റി(എസ്​.പി.സി)ൽ ഹിജാബ്​ ധരിച്ച മുസ്​ലിം പെൺകുട്ടികളെ വിലക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയ അതേ സമയത്താണ് കർണാടകയിലെ ഹിജാബ് വിവാദവും.

ഭരണഘടന അനുവദിച്ച മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഒരുപോലെ ഹനിക്കുന്ന നടപടിക്ക്​ ബി.ജെ.പി നയിക്കുന്ന കർണാടക സർക്കാറും സി.പി.എം നയിക്കുന്ന കേരള സർക്കാറും നിരത്തിയ ന്യായങ്ങൾ തമ്മിലും വലിയ അന്തരമില്ല. എന്നാൽ, കേരളത്തിൽ എസ്​.പി.സി ഹിജാബ്​​ വിലക്കിയപ്പോൾ അതിൽ ഇട​പെട്ട്​ ആ വിഷയം ഏറ്റെടുക്കാനുള്ള മനസ്സ്​ കേരളത്തിലെ അറിയപ്പെടുന്ന കോൺഗ്രസ്​ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ല.

ഹിജാബിനോട്​ കേരളം ചെയ്തത്​

തന്‍റെ മതവിശ്വാസത്തിൽനിന്ന്​ പുറത്തുപോകാതെ സ്റ്റുഡന്‍റ്​ പൊലീസ്​ കാഡറ്റാകാനുള്ള ആഗ്രഹത്താൽ അപേക്ഷയുമായി മുന്നിൽവന്നുനിന്ന ഒരു മുസ്​ലിം പെൺകുട്ടിയുടെ ആവലാതി തീർപ്പാക്കാതെ വിവേചനത്തിന്‍റെ നിരവധി ആക്ഷേപങ്ങൾ പേറുന്ന ആഭ്യന്തരവകുപ്പിന്​ മുന്നിലേക്ക്​ അയച്ച​ ഹൈകോടതി പോലും നീതിയല്ല കാണിച്ചത്.

ഒരു മതത്തിന്‍റെ അവിഭാജ്യ ഘടകമായ ഹിജാബിനെ മൗലികാവകാശമായി കണ്ട്​ പടിഞ്ഞാറൻ രാജ്യങ്ങളും കോടതികളുമെല്ലാം ഇൻക്ലൂസിവ്​ സൊസൈറ്റിക്കായി നിലകൊള്ളവെ, ഹിജാബ്​ ധരിച്ചവർക്കുള്ള എസ്​.പി.സി വിലക്കിൽ കേരളീയ സമൂഹം ഒന്നടങ്കം മൗനം പാലിച്ചു​. 'ലവ്​ ജിഹാദ്​' എന്ന വിദ്വേഷ പ്രചാരണം ഉത്തരേന്ത്യക്ക്​ സംഭാവന ചെയ്തപോലെ കേരളം എസ്​.പി.സിയിൽ ഹിജാബ്​ വിലക്കിയ ഉത്തരവിലൂടെ മറ്റൊരു മുസ്​ലിം വിരുദ്ധ നടപടിക്കുകൂടി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക്​ മുന്നേ നടന്ന്​ തെറ്റായ മാതൃക സൃഷ്ടിച്ചുവെന്ന്​ പറയുന്നതിൽ വിഷമം തോന്നിയാലും അതാണ്​ വസ്​തുത.

Tags:    
News Summary - Rahul, Hijab and Liberal Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.