എം.ഐ. ഷാനവാസ് ഇനിയില്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം നാലു ദശാബ്ദങ്ങളോളം നീണ്ടതാണ്. 1970കളുടെ അവസാനം ഞാൻ കെ.എസ്.യു ഭാരവാഹിയായിരുന്നപ്പോൾ തുടങ്ങിയ സഹോദരതുല്യമായ ബന്ധം അവസാന നിമിഷം വരെയും തുടർന്നു. ഒരു ജ്യേഷ്ഠസഹോദരനും സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു എനിക്കെന്നും. ഞാൻ എപ്പോഴും അദ്ദേഹത്തെ ഷാജി എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ദിവസങ്ങൾക്കുമുമ്പ് ചെന്നൈയിലെ ഡോ. റെയ്ലാ ആശുപത്രിയിൽ കാണാനെത്തുമ്പോൾ മരുന്നുകൾ നൽകിയ മയക്കത്തിലായിരുന്നു. എന്നാൽ, എെൻറ ശബ്ദം കേട്ടയുടനെ കണ്ണുതുറന്നു. കൈകൾ എനിക്കുനേരെ നീട്ടി. ഞാൻ തിരിച്ചുവരും എന്ന സന്ദേശത്തോടെ എെൻറ കൈകളിൽ മുറകെപ്പിടിച്ചു. അതായിരുന്നു എന്നും. അടിമുടി പോരാളിയായിരുന്നു.
1978ൽ കോൺഗ്രസ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഞാനും ഷാനവാസും ജി. കാർത്തികേയനും ലീഡർ കരുണാകരെൻറ നേതൃത്വത്തിൽ ഇന്ദിരാജിക്കു പിന്നിൽ അടിയുറച്ചുനിന്നു. മറ്റൊരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും ഞങ്ങൾ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നു. അത് കേരള രാഷ്ട്രീയത്തിെൻറ ഗതിയെയും മാറ്റി. അതിശക്തമായ ദേശീയബോധമുള്ള, കോൺഗ്രസിെൻറ അടിസ്ഥാന ആദർശങ്ങളിലും പ്രത്യയശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ദൃഢമായ മതേതര ബോധ്യമുള്ള ഒരു നേതാവായിരുന്നു. മതന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും എക്കാലത്തെയും വലിയ ആശാകേന്ദ്രമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസെന്നും. കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരുക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമെന്നും ഷാനവാസ്
ഉറച്ചുവിശ്വസിച്ചിരുന്നു. ഒരു കോൺഗ്രസ് നേതാവ് എന്നതിനെക്കാൾ പാർട്ടിയുടെ കാവൽഭടൻ എന്ന് സ്വയം വിളിക്കാനായിരുന്നു എന്നും ഇഷ്ടം. ന്യൂനപക്ഷ വിഭാഗങ്ങളെ കോൺഗ്രസിൽ ഉറപ്പിച്ചുനിർത്തി മതഫാഷിസത്തിനെതിരെ ഉജ്ജ്വല പോരാട്ടം കാഴ്ചെവക്കാൻ എന്നും മുന്നിൽ നിന്നു. കേരളത്തിൽ ഒതുങ്ങിനിന്നാണ് പ്രവർത്തിച്ചതെങ്കിലും ശരിക്കും ഒരു ദേശീയ നേതാവിെൻറ തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ഒരു ശങ്കയുമില്ലാതെ പറയാൻ കഴിയുമായിരുന്നു. തെൻറ അഭിപ്രായങ്ങളെ ആരുടെ മുന്നിലും മൂടിവെക്കാൻ തയാറായിരുന്നില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്നതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ നേതാവായിരുന്നു. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് അതുല്യമായിരുന്നു.
മികച്ച വാഗ്മി കൂടിയായിരുന്ന അദ്ദേഹം മണിക്കൂറുകളോളം പ്രസംഗിക്കുമായിരുന്നു. ഞാൻ കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി എന്നോടൊപ്പം ഒമ്പതു വർഷം പ്രവർത്തിച്ചു. കോൺഗ്രസിെൻറ സംഘടന സംവിധാനത്തെ മുന്നോട്ടുനയിക്കുന്നതിൽ അതുല്യമായ നേതൃശേഷിയാണ് പ്രകടിപ്പിച്ചത്. ആ കാലഘട്ടങ്ങളിലൊക്കെ നൽകിയ ശക്തമായ പിന്തുണ ഇന്നും എെൻറ മനസ്സിൽ പച്ചപിടിച്ച് നിൽക്കുകയാണ്. പ്രയാസകരമായ ഘട്ടങ്ങളിൽ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഉപദേശങ്ങൾ എന്നെ ചെറുതായിട്ടല്ല സഹായിച്ചിരുന്നത്.
കേരളം കണ്ട ഏറ്റവും മികച്ച പാർലമെേൻററിയന്മാരിൽ ഒരാളായിരുന്നു ഷാനവാസ് എന്ന് നിസ്സംശയം പറയാൻ കഴിയും. പാർലമെൻറ് സമ്മേളനം തുടങ്ങുന്നതിനുമുമ്പ് തന്നെ വളരെ വിശദമായി കാര്യങ്ങൾ അദ്ദേഹം പഠിക്കുമായിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ഈ തയാറെടുപ്പ് വലിയ ഗുണം ചെയ്തിട്ടുമുണ്ട്.
രാത്രികാല യാത്രനിരോധനം നീക്കുന്ന വിഷയത്തിൽ തീരുമാനം ഉണ്ടാക്കാൻ എന്നെയും കൂടെക്കൂട്ടിയാണ് അദ്ദേഹം ബംഗളൂരുവിലേക്ക് പോയത്. വയനാട്ടിൽ എയിംസിെൻറ ശാഖ സ്ഥാപിക്കുന്ന കാര്യത്തിനായി ഡൽഹിയിലും പലതവണ ഞങ്ങൾ ഒരുമിച്ച് പോയി. തെൻറ നിയോജക മണ്ഡലത്തിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തിയിരുന്ന ഡൽഹി യാത്രകളിലും ഞാൻ കൂടെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിെൻറ പുരോഗതിയും വളർച്ചയും എന്നും മുൻഗണനകളായിരുന്നു. പരാജയങ്ങൾ ഒരിക്കലും തളർത്തിയിരുന്നില്ല. പോരാളിയുടെ ജന്മം പോരാടാനുള്ളതാണെന്ന നെപ്പോളിയൻ സങ്കൽപമാണ് എന്നും െവച്ചുപുലർത്തിക്കൊണ്ടിരുന്നത്.
കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങൾക്കു വേണ്ടിയും എന്ന കോൺഗ്രസുകാരൻ വിട്ടുവീഴ്ചയില്ലാതെ പോരാ ടി. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ജന്മം നൽകിയ ഏറ്റവും പ്രഗല്ഭരായ നേതാക്കളുടെ പട്ടികയിൽ എെൻറ ആത്മസുഹൃത്ത് പ്രധാന പേരുകാരനായിരിക്കും. കെ.എസ്.യുവിെൻറയും യൂത്ത് കോൺഗ്രസിെൻറയും കെ.പി.സി.സിയുടെയും നേതൃനിരയിൽ ഏതാണ്ട് നാലു ദശാബ്ദക്കാലം നിറഞ്ഞുനിന്നു. ഒരു മുതിർന്ന സഹോദരനെപ്പോലെ എനിക്ക് പലപ്പോഴും ഉപദേശങ്ങളും നിർദേശങ്ങളും നൽകി. എന്നും എെൻറ നന്മ മാത്രമാണ് ആ മനസ്സ് ആഗ്രഹിച്ചിരുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉറക്കെപ്പറയുമ്പോഴും ഹൃദയത്തിൽ എന്നും സ്നേഹം മാത്രം നിറച്ചുെവച്ച മനുഷ്യനായിരുന്നു അദ്ദേഹം.
നാലു ദശാബ്ദക്കാലം കേരള രാഷ്ട്രീയത്തിലെ ഗതിവേഗങ്ങളിൽ ഒരുമിച്ചുണ്ടായിരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. പൊതുപ്രവർത്തനത്തിലെ വിഷമതയേറിയ കാലഘട്ടത്തിലും ഏറ്റവും സംതൃപ്തി നിറഞ്ഞ കാലഘട്ടത്തിലും എന്നോടൊപ്പമുണ്ടായിരുന്നു. ആറുവർഷം മുമ്പ് അസുഖം കൂടിയപ്പോൾ ഇടപ്പള്ളി അമൃത ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് കൊണ്ടുപോയപ്പോഴും ഞാൻ കൂടെയുണ്ടായിരുന്നു. എെൻറ സാമീപ്യം അത്രക്കാഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ അനിവാര്യമായ വിധിക്ക് എെൻറ പ്രിയസുഹൃത്തും കീഴടങ്ങി. നമ്മളെ ഇഷ്ടപ്പെടുന്നവർ, നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർ കടന്നുപോകുമ്പോൾ വലിയ ശൂന്യതയാണ് അനുഭവപ്പെടുക. കാർത്തികേയൻ നേരേത്ത പോയി. ഇപ്പോൾ ഷാനവാസും. മറ്റുള്ളവരെ സ്നേഹിക്കാനും അവരെ ഉൾക്കൊള്ളാനുമുള്ള മനസ്സ് എന്നും ഉണ്ടായിരുന്നു.
പ്രിയപ്പെട്ട ഷാനവാസിെൻറ ഓർമകൾക്ക് മുന്നിൽ പ്രണമിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.