ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് മതപണ്ഡിതന്മാർ. പള്ളിക്കമ്മിറ്റികൾക്കും പ്രാർഥനക്കെത്തുന്നവർക്കും ഇൗ വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. മതാനുഷ്ഠാനങ്ങളിൽ കാർക്കശ്യമില്ല എന്നതും സാഹചര്യങ്ങൾക്കനുസരിച്ച് പ്രായോഗികമായ ഇളവുകൾ മതം അനുവദിക്കുന്നുണ്ട് എന്നതും സർക്കാർനിർദേശങ്ങൾ നടപ്പാക്കുന്നതിന് എളുപ്പമാകുമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി വിളിച്ചുചേർത്ത മുസ്ലിം നേതാക്കളുടെ യോഗത്തിൽ െഎകകണ്ഠ്യേന അംഗീകരിച്ച കാര്യങ്ങളാണ് സർക്കാർ നിർദേശമായി വന്നിട്ടുള്ളത്. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. സർക്കാർ മാർഗനിർദേശപ്രകാരം 300 പേർക്ക് നമസ്കാര സൗകര്യമുള്ള പള്ളികളിൽ ഒരേസമയം 20 പേർക്കേ പ്രാർഥനക്ക് അനുമതിയുണ്ടാകൂ.
കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനാനുമതി ഉണ്ടാവില്ല എന്നതിനാൽ ശരാശരി മുപ്പത് ശതമാനം പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത് എന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായ സി. മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
സർക്കാർ നിർദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാതെ പള്ളികൾ തുറക്കരുതെന്നും തുറക്കുന്ന പള്ളികളിൽ എല്ലാ നിബന്ധനകളും ആരോഗ്യനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് പള്ളിക്കമ്മിറ്റി ഉറപ്പു വരുത്തണമെന്നും കോഴിക്കോട് പാളയം ജുമാമസ്ജിദ് ഇമാം ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ഈ നിർദേശങ്ങൾ പാലിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാത്ത പള്ളികൾ, പ്രത്യേകിച്ചും നഗരത്തിലുള്ളവ ഇപ്പോൾ തുറക്കണമെന്നില്ല. നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് അവ എപ്പോൾ തുറക്കാനാവുമെന്ന് അതത് പള്ളി ഭാരവാഹികൾക്ക് തീരുമാനിക്കാമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
രോഗവ്യാപനം തടയാൻ സർക്കാറും ആരോഗ്യവകുപ്പും നൽകുന്ന നിബന്ധനകൾ പാലിച്ചു മാത്രമേ ആരാധനാലയങ്ങൾ തുറക്കാവൂ എന്നാണ് മതവിധിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ആരാധനകാര്യങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് ഇളവുകളുള്ളതാണ്. യാത്രക്കാരന് നമസ്കാരം ചുരുക്കിയും ഒരുമിച്ചുമാക്കാം. കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യങ്ങളിലും രോഗികൾക്കും ഇളവുണ്ട്. സാമൂഹികതാൽപര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ മതമനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളിലെയും മുനിസിപ്പാലിറ്റികളിലെയും പള്ളികൾ വൈകി തുറക്കുന്നതാവും ഉചിതമെന്ന് വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് പറഞ്ഞു.
പ്രാർഥന സമയം പുനഃക്രമീകരിക്കും
കോവിഡ് മാർഗനിർദേശം പാലിച്ചാകും ആരാധനാലയങ്ങൾ തുറക്കുക. പ്രാർഥന ചടങ്ങുകളുടെ സമയം പുനഃക്രമീകരിക്കും. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശം അംഗീകരിച്ചും ആരാധനക്ക് എത്താൻ വിശ്വാസികളെ ബോധവത്കരിക്കും. സമൂഹത്തിെൻറ നന്മക്ക് വേണ്ടി നാം കാര്യങ്ങൾ ഉൾക്കൊണ്ടേ പറ്റൂ. ഇത്തരം വിഷയങ്ങളിൽ ഒരുപാട് നല്ല പ്രവൃത്തികൾ ചെയ്യാൻ വിശ്വാസികൾക്ക് കഴിയും.
ഒന്നിലധികം കുർബാന പരിഗണനയിൽ
നിശ്ചിത അകലം പാലിക്കണമെന്ന നിർദേശം ചെറിയ പള്ളികളിൽ എങ്ങനെ നടപ്പാക്കുമെന്ന് ആശങ്കയുണ്ട്. ചെറിയ പള്ളി, വലിയ പള്ളി എന്നിങ്ങനെ തരംതിരിച്ച് വിശ്വാസികളുടെ എണ്ണം നിശ്ചയിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞത് 10 വിശ്വാസികളെയെങ്കിലും പ്രവേശിപ്പിച്ച് പള്ളികളിൽ ആരാധനക്ക് സൗകര്യമൊരുക്കണം. കൂടുതൽ വിശ്വാസികളെ ഉൾപ്പെടുത്താൻ ഒന്നിലധികം കുർബാനകളെന്ന ആശയവും പരിഗണിക്കുന്നു. 65 കഴിഞ്ഞ വൈദികരെ ഒഴിവാക്കണമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സംസ്ഥാന സർക്കാറിെൻറ നിർദേശങ്ങൾ കൂടി വന്ന ശേഷമേ സഭയുടെ തീരുമാനമുണ്ടാവൂ.
നിർദേശം പാലിക്കും
പ്രസാദ വിതരണം പാടില്ലെന്ന നിർദേശം കുർബാന നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കും. വി. കുർബാന സ്വീകരിച്ചാലേ ദിവ്യബലി പൂർണതയിലെത്തൂ. ഇത്തരം തടസ്സങ്ങൾ കുർബാനയെ ബാധിക്കും. എങ്കിലും സമൂഹത്തിെൻറ നന്മയെ കരുതി സർക്കാർ നിർദേശങ്ങൾ പാലിക്കും.
മാർഗ നിർദേശങ്ങളനുസരിച്ച് ക്ഷേത്രങ്ങൾ തുറക്കും
സർക്കാർ മാർഗനിർദേശങ്ങളനുസരിച്ച് ക്ഷേത്രങ്ങൾ തുറക്കും. ക്ഷേത്രത്തിന് സമീപത്തെ പാർക്കിങ് സ്ഥലത്ത് കൂട്ടം കൂടാൻ അനുവദിക്കില്ല. ലോക്ഡൗണിെൻറ സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങൾ പഴയതുപോലെ തുറക്കുേമ്പാൾ ഇതിൽ സർക്കാർ നിർദേശാനുസരണമുള്ള മാറ്റം വരുത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം. അതിനനുസരിച്ച് ഉച്ചപൂജ, അത്താഴപൂജ എന്നിവയുടെ സമയത്തിലും മാറ്റം വരുത്തും. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തേക്കിറങ്ങുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കും.
ചർച്ച ചെയ്ത് തീരുമാനിക്കും
സംസ്ഥാന സർക്കാറിെൻറ നിർദേശം എത്തിയ ശേഷമേ ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ എന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.ബി. മോഹനൻ. ഒരേ മാനദണ്ഡങ്ങൾ എല്ലാ ക്ഷേത്രത്തിലും പ്രയോഗിക്കാൻ പറ്റില്ലല്ലോ. അക്കാര്യങ്ങൾ ചർച്ചചെയ്യേണ്ടി വരും. ഏതായാലും രണ്ട് ദിവസത്തിനകം തീരുമാനമെടുത്ത് പ്രഖ്യാപിക്കും.
ഗുരുവായൂരിലും വെർച്വൽ ക്യൂ ഉചിതം – ദേവസ്വം ചെയർമാൻ
സർക്കാർ നിർദേശമനുസരിച്ച് ഒമ്പതാം തീയതി ഗുരുവായൂർ ക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്. അതിനുമുമ്പ് ശുചീകരിക്കാൻ നടപടി സ്വീകരിച്ചുവരുകയാണ്. തൃശൂർ കലക്ടറും പൊലീസ് കമീഷണറും ശനിയാഴ്ച ഗുരുവായൂരിലെത്തും. അവരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ശബരിമലയിലേതുപോലെ വെർച്വൽ ക്യൂ തന്നെയാണ് നടപ്പാക്കാൻ ഉചിതമെന്ന് തോന്നുന്നു. അതിനുള്ള സംവിധാനമാകും വരെ എങ്ങനെ ഭക്തരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് ശനിയാഴ്ച തീരുമാനമെടുക്കും.
പാളയം മസ്ജിദ് തൽക്കാലം തുറക്കില്ല
തിരുവനന്തപുരം: പാളയം ജുമാ മസ്ജിദ് തൽക്കാലം ആരാധനക്ക് തുറക്കേണ്ടതില്ലെന്ന് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കോവിഡ് നിയന്ത്രണം പാലിച്ച് ആരാധനക്കെത്തുന്നവർക്ക് സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.