മോശം മനുഷ്യരിൽനിന്ന് വരുന്ന ക്രൂരതകളേക്കാൾ അപകടകരം നല്ല മനുഷ്യരുടെ നിശ്ശബ്ദതയാണ് എന്നു പറഞ്ഞത് മാർട്ടിൻ ലൂഥർ കിങ് ജൂനിയറാണ്. കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് മോശം മനുഷ്യർ കാരണമാണ് എങ്കിൽ കുറ്റകൃത്യങ്ങളുടെ ആവർത്തനം സംഭവിക്കുന്നത് അവയിൽ ഉൾപ്പെടാത്ത മനുഷ്യരുടെ മൗനവും ഭയവും വിധേയത്വവും കൊണ്ടുകൂടിയാണ്. ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾക്ക് പൊലീസ് സംവിധാനം നിലവിൽ വന്ന കാലത്തിെൻറ അത്രതന്നെ പഴക്കമുണ്ട്. രാജൻ കേസ് പോലെയുള്ള അപൂർവാവസരങ്ങളിൽ മാത്രമാണ് പൊതുസമൂഹം പൊലീസിലെ ക്രിമിനലുകൾക്കു നേരെ തിരിയുകയും ഒച്ചവെക്കുകയും ചെയ്തത്. കേരളത്തിലടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി വ്യാജ ഏറ്റുമുട്ടൽ കൊലകളും ലോക്കപ്പ് മരണങ്ങളും കസ്റ്റഡിയിലെ കൊടുംക്രൂരതകളും സമീപകാലത്തായി സംഭവിച്ചപ്പോഴെല്ലാം കുറ്റകരമായ മൗനമാണ് പൊതുസമൂഹത്തിൽനിന്ന് ഉണ്ടായത്. മുെമ്പാന്നും ഇല്ലാത്തവിധം ഭയം നമ്മെയെല്ലാം ഗ്രസിച്ചുകൊണ്ടിരിക്കുന്നു. ഭയപ്പെടുത്തലുകൾക്കും വിധേയത്വങ്ങൾക്കും ഇടയിൽ നമ്മുടെയൊക്കെ നീതിബോധങ്ങൾക്കും തേയ്മാനം സംഭവിച്ചിരിക്കുന്നു.
അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലകളും കസ്റ്റഡി മരണങ്ങളും നമ്മുടെ നാട്ടിലേതിനേക്കാൾ എപ്പോഴും കൂടുതലാണ്. തെളിവുകൾ നശിപ്പിക്കുന്നതിലും കുറ്റവാളികളെ സംരക്ഷിക്കുന്നതിലും ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒരുമിച്ചുനിൽക്കുന്നു. മർദനമേറ്റ് മരണാസന്നനായ മനുഷ്യരെ പോലും പൂർണാരോഗ്യമുള്ളവർ എന്ന് അവിടത്തെ ഡോക്ടർമാർ പൊലീസിനെ പേടിച്ച് സർട്ടിഫിക്കറ്റ് നൽകുന്നു. പ്രതിയെന്ന മുദ്രകുത്തി മുന്നിൽ ഹാജരാക്കപ്പെടുന്ന മനുഷ്യരോട് നിങ്ങളെ പൊലീസ് എപ്പോഴാണ് കസ്റ്റഡിയിൽ എടുത്തതെന്നോ അതിനു ശേഷം ഉപദ്രവിച്ചോ എന്നോ ചോദിക്കാൻപോലും മറന്നുപോകുന്നു. പൊലീസ് പറയുന്നത് മാത്രം വിശ്വസിച്ച് അവർ റിമാൻഡ് ചെയ്യുന്ന പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ ദേഹത്തുനിന്ന് രക്തമിറ്റുന്നത് കണ്ടാൽ പോലും ജയിൽ അധികൃതർ എന്തേ ഇങ്ങനെ എന്ന് ചോദിക്കൻ കഴിയാത്ത അവസ്ഥയിലായി പോകുന്നു. നീതിനിർവഹണത്തിെൻറ സമസ്ത മേഖലകൾക്കും കോവിഡ് ബാധിച്ച അത്തരം ഒരു സംവിധാനത്തിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൂത്തുക്കുടി ജില്ലയിലെ സാത്താൻ കുളത്ത് സംഭവിച്ചത്. ലോക്ഡൗൺ കാലത്ത് മൊബൈൽ ഫോൺ കടയടക്കാൻ 10 മിനിറ്റ് വൈകി എന്ന കുറ്റത്തിൽ ഒരച്ഛനെയും മകനെയും പിടിച്ചുകൊണ്ടുവന്ന് ക്രൂരമായി പീഡിപ്പിച്ചു. ഡോക്ടറും മജിസ്ട്രേറ്റും ജയിൽ അധികൃതരും പൊലീസ് പറഞ്ഞത് അതേപടി വിഴുങ്ങിയപ്പോൾ ചികിത്സ കിട്ടാതെ ആ മനുഷ്യർ മരണത്തിന് കീഴടങ്ങി. സംഭവം പുറംലോകം അറിയാൻതന്നെ ഏറെ വൈകി. പ്രതിഷേധങ്ങൾ അൽപം വൈകിയെങ്കിലും പതിവില്ലാതെ തമിഴ്നാട്ടിനെ പിടിച്ചുകുലുക്കുന്നുണ്ട്. കമൽഹാസനും രജനീകാന്തും ഇടതുപക്ഷ പാർട്ടികളും ഡി.എം.കെയും കോൺഗ്രസും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം തുടർച്ചയായി ഇടപെട്ട് വിഷയം ദേശീയശ്രദ്ധയിൽ കൊണ്ടുവന്നു. മദ്രാസ് ഹൈകോടതി അന്വേഷണത്തിൽ നേരിട്ട് ഇടപെട്ടതോടെ നാല് പ്രധാന പ്രതികൾ പിടിയിലായി. ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുന്നു. സാത്താൻകുളം പൊലീസ് സ്റ്റേഷനും തൂത്തുക്കുടിയിലെ മൊത്തം പൊലീസ് സംവിധാനവുംതന്നെ കസ്റ്റഡി പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും കുപ്രസിദ്ധി ആർജിച്ചതാണ്. സമീപനാളുകളിൽ പോലും ഇവിടെ ആളുകൾ ക്രൂരമായി മർദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കള്ളക്കേസിൽ അകത്താക്കുമെന്ന പൊലീസ് ഭീഷണിക്കു മുന്നിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾ മൗനം പാലിച്ചപ്പോൾ എല്ലാം തേഞ്ഞുമാഞ്ഞു പോയി.
എന്നാൽ, പതിവിൽനിന്നു വിപരീതമായി ഒരു വലിയ കാര്യം സാത്താൻകുളത്ത് സംഭവിച്ചു. ഒരുപക്ഷേ, രാജ്യത്തെ കസ്റ്റഡിമരണങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെയും ഭാവിയിലെ കസ്റ്റഡി മരണങ്ങളുടെ ആവർത്തനങ്ങൾ ഇല്ലാതാക്കാൻ പോന്നതുമായ ഒരു സംഭവം. കിരാതമായ ക്രൂരകൃത്യങ്ങൾ ലോക്കപ്പിൽ നടക്കുമ്പോൾ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഹെഡ് കോൺസ്റ്റബ്ൾ എസ്. രേവതിയുടെ ധീരനടപടിയാണത്. ഇന്ത്യൻ പൊലീസിെൻറ ചരിത്രത്തിൽ തന്നെ അവർ വേറിെട്ടാരു അധ്യായം രചിച്ചിരിക്കുന്നു. കസ്റ്റഡി മരണങ്ങൾക്ക് ഉത്തരവാദികളായ സഹപ്രവർത്തകർക്കെതിരെ അവർ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകി. നേർസാക്ഷിയായ അവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചാർത്തി അറസ്റ്റ് ചെയ്യാൻ മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് ഉത്തരവിട്ടത്. ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥ കസ്റ്റഡി മരണക്കേസിൽ സഹപ്രവർത്തകർക്ക് എതിരെ മൊഴി നൽകുന്നതും അതിൽ ഉറച്ചുനിൽക്കുന്നതും. സംസ്ഥാന മുഖ്യമന്ത്രി എടപ്പാടി പളനി സാമിയും കൂട്ടരും കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ആവുന്ന മട്ടെല്ലാം കിണഞ്ഞു ശ്രമിക്കുമ്പോഴാണ് കേവലം പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മുപ്പത്തെട്ടുകാരി ഈ ധീരത കാണിക്കുന്നത്. അതിെൻറ പ്രത്യാഘാതവും അവർക്ക് ഇപ്പോൾ നേരിടേണ്ടിവരുന്നു. തനിക്കും കുടുംബത്തിനും നേരെയുള്ള കടുത്ത ഭീഷണികൾക്കിടയിൽ അവർക്ക് വീട്ടിൽ അടച്ചിരിക്കേണ്ടിവരുന്നു. ഹൈകോടതി ഇടപെട്ട് അവർക്ക് ഒരു മാസം ശമ്പളത്തോടു കൂടിയ അവധി അനുവദിച്ചിട്ടുണ്ട്. വീടിന് പൊലീസ് കാവലും ഏർപ്പെടുത്തി. രണ്ട് ഹൈകോടതി ജഡ്ജിമാർ അവരോട് ഫോണിൽ സംസാരിക്കുകയും ഒരു കാരണവശാലും പേടിക്കേണ്ടതില്ലെന്നും ജീവനോ തൊഴിലിനോ കുടുംബത്തിനോ ഒരു ഹാനിയും വരില്ലെന്നും ഉറപ്പുകൊടുത്തിട്ടുമുണ്ട്.
‘‘ഞാൻ അസാധാരണമായ ധീരതയൊന്നും കാണിച്ചിട്ടില്ല. സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തവുമുള്ള ഏതു പൗരനും ചെയ്യേണ്ട കാര്യമാണ് ഞാൻ ചെയ്തത്. നിയമവാഴ്ചയിൽ വിശ്വസിക്കുന്നവർ ചെയ്യേണ്ട കാര്യമാണത്. ഞാൻ എെൻറ മനഃസാക്ഷിയനുസരിച്ചു പ്രവർത്തിച്ചു’’ -ഫോണിൽ ബന്ധപ്പെട്ടപ്പോൾ രേവതി പറഞ്ഞു. ‘‘പൊലീസ് സംരക്ഷണം കിട്ടിയതിൽ ആശ്വാസം ഉണ്ട്. മജിസ്ട്രേറ്റിനു മുന്നിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അത് മറ്റെവിടെ ആവർത്തിക്കേണ്ടിവന്നാലും ആവർത്തിക്കും’’ -അവർ തുടർന്നു. കോവിൽപ്പട്ടി മജിസ്ട്രേറ്റ് എം.എസ്. ഭാരതീദാസനു മുമ്പാകെ രഹസ്യമൊഴിയാണ് അവർ നൽകിയത്. എന്നാൽ, പൊലീസുകാരുടെയും അവരെ സഹായിക്കുന്ന കോടതി ഉദ്യോഗസ്ഥരുടെയും ശ്രമത്തിൽ അത് ചോർന്നു.
15 വർഷം മുമ്പാണ് രേവതി പൊലീസിൽ ചേരുന്നത്. അതിനായി മൂന്നുവട്ടം പരീക്ഷയെഴുതി. െപാലീസ് ഉദ്യോഗസ്ഥയാവുകയായിരുന്നു ലക്ഷ്യം. സ്വന്തമായി ജോലി ചെയ്തു പഠിച്ചാണ് അവർ ഈ നിലയിലെത്തിയത്. കടുത്ത സമ്മർദങ്ങളിലും രേവതിയുടെ കൂടെ ഉറച്ചുനിൽക്കുകയാണ് ഭർത്താവ് സന്തോഷും രണ്ടു പെൺമക്കളും. ‘‘ജീവിതത്തിൽ ആയാലും തൊഴിലിലായാലും രേവതി സത്യസന്ധതയും ആത്മാർഥതയും എന്നും കാണിച്ചിട്ടുണ്ട്. ഇപ്പോഴും അതുതന്നെയാണ് ചെയ്യുന്നത്. അവൾ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും’’ -സന്തോഷ് ഫോണിൽ പറഞ്ഞു. കഴിഞ്ഞ ജൂൺ 19ന് രാത്രി ഡ്യൂട്ടിയായിരുന്നു രേവതിക്ക്. തെൻറ സഹപ്രവർത്തകർ ആരെയോ പിടിച്ചുകൊണ്ടുവന്ന് തല്ലിച്ചതക്കുന്നതായി രേവതി രാത്രി എട്ടരയോടെ ഭർത്താവിനെ വിളിച്ചുപറഞ്ഞിരുന്നു. രാത്രി 10 മണിയോടെ ആദ്യം കൊണ്ടുവന്നയാളുടെ മകനെ കൂടി പിടിച്ചുകൊണ്ടുവന്നതായും രണ്ടുപേരെയും ക്രൂരമായി മർദിക്കുന്നതായും വിളിച്ചുപറഞ്ഞു. അവരിലൊരാൾ വെള്ളം ചോദിച്ചപ്പോൾ രേവതി എടുത്തുകൊടുക്കുകയും ചെയ്തു. രണ്ടു ദിവസത്തിനകം അവർ ഇരുവരും ആശുപത്രിയിൽ മരിച്ചപ്പോൾ അത് രേവതിയെ പിടിച്ചുകുലുക്കി. ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടാലും താൻ സത്യം പറയും എന്നവർ തീരുമാനിച്ചു. അങ്ങനെ രേവതിയുടെ തീരുമാനം രാജ്യത്തെ പൊലീസ് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമായി മാറുന്നു. തമിഴകം മൊത്തം അവരുടെ ധീരതയെ പ്രകീർത്തിക്കുകയാണ്.
പ്രശസ്ത സംവിധായകൻ വെട്രിമാരൻ പറയുന്നത് തനിക്ക് നാട്ടിലെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുത്തുതന്നത് രേവതിയാണ് എന്നാണ്. നടന്മാരായ കമൽഹാസനും രജനീകാന്തും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ രേവതിയുടെ ഇടപെടലുകൾക്ക് പിന്തുണ പ്രഖ്യാപിച്ചു. മധുരയിലെ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ഹെൻട്രി തിഫാഗ്നെ പറയുന്നത് നാലു ദശകങ്ങളിൽ രാജ്യവ്യാപകമായി താൻ നടത്തിയ അന്വേഷണത്തിൽ പൊലീസ് ക്രൂരതകൾക്ക് എതിരായി മുന്നോട്ടുവന്ന ഏക പൊലീസ് കോൺസ്റ്റബ്ൾ രേവതി ആണെന്നാണ്. വിചാരണയുടെ അന്ത്യം വരെയും അതിനുശേഷവും പിടിച്ചുനിൽക്കാനും തൊഴിലിൽ തുടരാനും നിർഭയം സത്യം വിളിച്ചുപറയാനും രേവതിക്ക് അവസരമൊരുക്കാൻ സർക്കാർ നടപടികൾ ഉണ്ടാകണം എന്ന് മദ്രാസ് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകയായ സുധാ മഹാലിംഗം ആവശ്യപ്പെട്ടു.
പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഹൈകോടതി നിയോഗിച്ച കോവിൽപ്പട്ടി മജിസ്ട്രേറ്റ് എം.എസ്. ഭാരതീദാസനെ പോലും പുലഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് കോവിൽപ്പട്ടി സ്റ്റേഷനിൽ പൊലീസുകാർ സ്വീകരിച്ചത്. അതദ്ദേഹം തെൻറ റിപ്പോർട്ടിൽ എഴുതിയിട്ടുമുണ്ട്. എന്നിട്ടും രേവതി പിടിച്ചുനിൽക്കുന്നു എന്നതാണ് വിസ്മയം.
കടകൾ നേരത്തേ അടക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ കടയുടമ ജയരാജ് പൊലീസിനെതിരെ നടത്തിയ ചില പരാമർശങ്ങൾ ഒരു ഓട്ടോ ഡ്രൈവർ സ്റ്റേഷനിൽ പോയി പറഞ്ഞിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. പറഞ്ഞ സമയത്തിൽനിന്ന് 10 മിനിറ്റ് വൈകി കടയടച്ചു എന്നാരോപിച്ച് ജയരാജിനെ പിടിച്ചുകൊണ്ടുപോയി മർദിച്ചു. വിവരം അറിഞ്ഞു സ്റ്റേഷനിൽ എത്തിയ മകൻ ബെന്നിക്സ് പിതാവിനെ തല്ലുന്നത് ചോദ്യംചെയ്തപ്പോൾ അയാളെയും മർദിച്ചു. രണ്ട് സബ് ഇൻസ്പെക്ടർമാരടക്കം 13 പേരാണ് മർദിച്ചത്. ജൂൺ 19നു രാത്രി മുഴുവൻ മർദിച്ച ശേഷം പിറ്റേന്ന് ആശുപത്രിയിൽ കൊണ്ടുപോയി. ഇരുവരുടെയും വസ്ത്രങ്ങൾ രക്തത്തിൽ കുളിച്ചിരുന്നു എങ്കിലും അവിടത്തെ ഡോക്ടർ അസാധാരണമായി ഒന്നും കാണാത്ത മട്ടിൽ റിപ്പോർട്ട് എഴുതി. സ്ഥലം മജിസ്ട്രേറ്റ് ആകട്ടെ, ഇരുവരെയും റിമാൻഡ് ചെയ്തു. സബ് ജയിലിലും അവരുടെ ദേഹത്തെ പരിക്കുകളും ആവശ്യമായ അവസ്ഥയും സംബന്ധിച്ച് ചോദ്യം ഉയർന്നില്ല. 22ാം തീയതി വൈകീട്ടാണ് അവശരായ രണ്ടുപേരെയും വീണ്ടും ആശുപത്രിയിലാക്കുന്നത്. വൈകാതെ ഇരുവരും മരിച്ചു.
നീതിയെക്കുറിച്ചും പൊലീസിെൻറ ശിക്ഷാവിധികളെക്കുറിച്ചും ജനാധിപത്യ സമൂഹത്തിൽ കാക്കിക്കുള്ളിലെ കാട്ടാളന്മാർ അഴിഞ്ഞാടുന്നതിനെ സംബന്ധിച്ചും എല്ലാം വലിയ ചോദ്യങ്ങളാണ് സാത്താൻകുളം ഉയർത്തുന്നത്. ഒപ്പം അപൂർവമായ മനഃസാക്ഷിയുടെ ശബ്ദമായി രേവതിയും.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.