ലോകത്തിലെ ഏറ്റവും ശക്തമായതെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ അറിയാനുള്ള അവകാശ നിയമത്തിെൻറ അന്ത്യംകുറിക്കുന്ന നടപടിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തുടങ്ങിവെച്ചിരിക്കുന്നത്. 2005 ഒക്ടോബർ 12ന് രാജ്യത്ത് നടപ്പായ വിവരാവകാശ നിയമത്തിെൻറ ചിറകുകളരിയുന്ന നിയമവ്യാഖ്യാനങ്ങൾ ജുഡീഷ്യറി നൽകിക്കൊണ്ടിരിെക്കയാണ് നിയമത്തെതന്നെ ഇല്ലായ്മചെയ്യുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്ക് കേന്ദ്ര സർക്കാർ മുതിരുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമീഷനുകളുടെ പദവിയും സേവനവ്യവസ്ഥകളും കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിൽ കൊണ്ടുവരുകയാണ് പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിലെ കാര്യപരിപാടിയിൽ ‘വിവരാവകാശ നിയമ’ ഭേദഗതിയും ഉൾപ്പെടുത്തിയതിെൻറ ഉദ്ദേശ്യം. വിവരാവകാശ കമീഷണർമാരുടെ പദവിയെ ഇകഴ്ത്തി നിയമത്തെതന്നെ അപ്രസക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
നിലവിലുള്ള വ്യവസ്ഥ
വിവരാവകാശ നിയമത്തിെൻറ 13ാം വകുപ്പനുസരിച്ച് കേന്ദ്ര കമീഷനിലെ മുഖ്യ വിവരാവകാശ കമീഷണർക്ക് അഞ്ചുവർഷത്തെ ഒൗദ്യോഗിക കാലാവധി ഉറപ്പുവരുത്തുന്നു. 65 വയസ്സുവരെയാണ് സേവന കാലാവധിയായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. വിവരാവകാശ കമീഷണർമാർക്കും ഇതേ വ്യവസ്ഥയാണ് ബാധകമായിട്ടുള്ളത്. ആർ.ടി.െഎ നിയമത്തിലെ 16ാം വകുപ്പനുസരിച്ച് സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമീഷണർക്കും വിവരാവകാശ കമീഷണർമാർക്കും സമാന വ്യവസ്ഥകളുടെ സംരക്ഷണമുണ്ട്. 13ാം വകുപ്പിലെ അഞ്ചാം ഉപവകുപ്പിൽ കേന്ദ്ര കമീഷണർമാർക്കു നൽകേണ്ട ശമ്പളം, ബത്ത, മറ്റാനുകൂല്യങ്ങൾ എന്നിവ പ്രതിപാദിക്കുന്നു. കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമീഷണർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പദവിക്ക് തുല്യമാണെന്ന് വ്യവസ്ഥ ചെയ്യുന്നു. കമീഷണർമാരുടെ പദവി തെരഞ്ഞെടുപ്പ് കമീഷണറുടേതിനോട് സമാനമാക്കിയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആർ.ടി.െഎ നിയമത്തിലെ 16ാം വകുപ്പിെൻറ അഞ്ചാം ഉപവകുപ്പുപ്രകാരം സംസ്ഥാനത്തെ കമീഷണർമാരുടെ ശമ്പളം, ബത്ത, മറ്റു സേവനവ്യവസ്ഥകൾ എന്നിവ നിർണയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമീഷണറുടെ പദവി ഇലക്ഷൻ കമീഷണറുടേതിനു സമാനമാണ്. കമീഷണർമാരുടെട പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവിക്ക് തുല്യമായും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇൗ വ്യവസ്ഥകളെ മാറ്റിമറിച്ചു അധികാരം മുഴുവനും കേന്ദ്ര സർക്കാറിന് പ്രയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇപ്പോൾ തയാറാക്കിയ കരട് ഭേദഗതി.
വിവാദ ഭേദഗതിയിലെ നിർദേശങ്ങൾ
മുഖ്യ വിവരാവകാശ കമീഷണർ, വിവരാവകാശ കമീഷണർമാർ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും സേവനം സംബന്ധിച്ചുള്ള മറ്റു നിബന്ധനകളും ഇനി കേന്ദ്ര-സർക്കാറിെൻറ തീരുമാനങ്ങൾക്ക് വിധേയമായിരിക്കും. കമീഷണർമാർ ചുമതല ഏറ്റെടുക്കുന്ന അന്നുമുതൽ അഞ്ചു വർഷത്തേക്ക് എന്നതാണ് നിലവിലെ സേവന കാലാവധിയെങ്കിൽ നിർദിഷ്ട ബില്ലിൽ കാലപരിധി ഇനി കേന്ദ്ര സർക്കാർ തീരുമാനിക്കും. മുഖ്യ വിവരാവകാശ കമീഷണർക്കും മറ്റു കമീഷണർമാർക്കും നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യഥാക്രമം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടേതിനും തെരഞ്ഞെടുപ്പ് കമീഷണറുടേതിനോടും സമാനമാക്കിയ വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ അപാകതയുണ്ടെന്നാണ് നിയമം നിർമിച്ച് ഒരു വ്യാഴവട്ടം പൂർത്തിയായപ്പോൾ കേന്ദ്ര സർക്കാർ കണ്ടെത്തിയത്. അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്, സുപ്രീംകോടതി ജഡ്ജിയുടെ ശമ്പളവും അലവൻസും മുഖ്യ വിവരാവകാശ കമീഷണർമാർക്കും ലഭിക്കും എന്നതാണ്.
സുപ്രീംകോടതി ജഡ്ജിമാരും തെരഞ്ഞെടുപ്പ് കമീഷനും ഭരണഘടന സ്ഥാപനമാണെന്നും അവരുടെ പദവിയും കർത്തവ്യങ്ങളും വിവരാവകാശ കമീഷണർമാരുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നും കേന്ദ്ര സർക്കാർ കണ്ടെത്തിയിരിക്കുന്നു. ചുരുക്കത്തിൽ, ഭരണഘടന പദവി വഹിക്കുന്നവരും നിയമപരമായ പദവി വഹിക്കുന്നവരും തമ്മിലുള്ള അന്തരം നിലനിൽക്കുന്നതിനാൽ ഇൗ പദവികളെ സമാനമാക്കുന്നത് യുക്തിസഹമല്ല എന്നതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഭേദഗതി നിർദേശവുമായി രംഗത്തെത്തിയത്. കേന്ദ്ര വിജിലൻസ് കമീഷൻ നിയമവും ലോക്സഭ പാസാക്കിയ ലോക്പാൽ നിയമവും വായിച്ചുനോക്കിയാൽ ഇക്കാര്യം ബോധ്യമാകും.
ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന കാര്യത്തിൽ ലോക്പാലിെൻറ അധ്യക്ഷെൻറ പദവി സുപ്രീംകോടതി ചീഫ് ജസ്റ്റിസിേൻറതിനു സമാനമാണെന്ന ലോക്പാൽ നിയമത്തിലെ ഏഴാം വകുപ്പിലെ വ്യവസ്ഥയിലെ യുക്തി എന്തുകൊണ്ടാണ് കേന്ദ്ര സർക്കാറിെൻറ നിയമവിദഗ്ധർ പരിശോധിക്കാൻ വിട്ടുപോയത്? ലോക്പാലിലെ അംഗങ്ങളെ സുപ്രീംകോടതി ജഡ്ജിമാർക്ക് സമമായാണ് നിയമം കാണുന്നതും. കേന്ദ്ര വിജിലൻസ് കമീഷൻ നിയമപ്രകാരം കേന്ദ്ര വിജിലൻസ് കമീഷണറുടെ പദവി യു.പി.എസ്.സി അധ്യക്ഷെൻറ പദവിക്കും വിജിലൻസ് കമീഷണറുടേത് യു.പി.എസ്.സി അംഗത്തിെൻറ പദവിക്കും സമാനമാക്കിയ വ്യവസ്ഥയാണ് നിലവിലുള്ളത്. ഭരണഘടനപദവിയും നിയമപദവിയും തമ്മിലുള്ള വൈരുധ്യം നമ്മുടെ നിയമവിദഗ്ധർ എന്തുകൊണ്ടാണ് ഇൗ പദവികളിൽ കാണാൻ കഴിയാതെ പോയത്?
പാർലമെൻറിലെ ചർച്ചകൾ
വിവരാവകാശ കമീഷണറുടെ പദവിയും കർത്തവ്യവും സംബന്ധിച്ച സൂക്ഷ്മവും വിശദവുമായ ചർച്ചകൾ എല്ലാം നിയമനിർമാണ വേളയിൽതന്നെ പാർലമെൻറിൽ നടന്നതാണ്. നിയമത്തിൽ കമീഷെൻറ പ്രാധാന്യവും സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും എല്ലാം പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഇൗ ശിപാർശ സ്വീകരിച്ചുകൊണ്ടാണ് പാർലമെൻറ് വിവരാവകാശ നിയമം പാസാക്കിയത്. പ്രക്ഷുബ്ധമായ സഭയിൽ രാജ്യത്തിെൻറ ബജറ്റുപോലും മുട്ട പൊരിക്കുന്ന വേഗത്തിൽ ചുെട്ടടുത്തു ശീലിച്ചവർക്ക് സഭയിൽ കേമ്പാടുകമ്പ് ചർച്ചചെയ്ത വ്യവസ്ഥകളുടെ പ്രാധാന്യം അറിയണമെന്നില്ല.
കേന്ദ്ര സർക്കാറിെൻറ അടിയന്തര ശ്രദ്ധയിൽ വരേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. വിവരാവകാശ കമീഷണർമാരുടെ നിരവധി ഒഴിവുകൾ നിലവിലുണ്ട്. യോഗ്യരായവരെ നിയമിച്ച് കമീഷെൻറ പ്രവർത്തനം ഫലപ്രദമാക്കണം. വിവരാവകാശ പ്രവർത്തകരും വിസിൽ േബ്ലാവേഴ്സും ആയവർ കൊല്ലപ്പെടുകയും നിരവധി പേർ ആക്രമിക്കപ്പെടുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് പാർലമെൻറ് പാസാക്കിയ വിസിൽ േബ്ലാവേഴ്സ് നിയമം രാജ്യത്ത് നടപ്പാക്കാത്തത്?
നിയമ ഭേദഗതികളുടെ നാൾവഴി
വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം നടാടെയല്ല ഉണ്ടായിട്ടുള്ളത്. നിയമത്തിെൻറ ഒന്നാം വാർഷികാഘോഷത്തിൽതന്നെ നിയമം നിർമിച്ച യു.പി.എ സർക്കാർ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ആർ.ടി.െഎ നിയമപരിധിയിൽനിന്ന് ഫയൽ കുറിപ്പിനെ ഒഴിവാക്കാനായിരുന്നു കേന്ദ്ര കാബിനറ്റിെൻറ ആ തീരുമാനം. അന്ന് വിവരാവകാശപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും ശക്തമായ ചെറുത്തുനിൽപിനു മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നു.
രണ്ടാം യു.പി.എ സർക്കാർ പിന്നെയും ഭേദഗതി നിർദേശം മുന്നോട്ടുവെച്ചു. വ്യക്തികളുടെ സ്വകാര്യത ലംഘനം തടയാനെന്നായിരുന്നു അതിനുള്ള കാരണം. പക്ഷേ, അതും നടപ്പാക്കാൻ അവർക്കും കഴിഞ്ഞില്ല. രാജ്യത്തെ ആറ് ദേശീയ പാർട്ടികൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽവരുമെന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവിനെ മറികടക്കാനായിരുന്നു പിന്നീടുണ്ടായ നിയമ ഭേദഗതി നിർദേശിക്കപ്പെട്ടത്. 2013 ജൂൺ മൂന്നിന് കമീഷൻ പുറപ്പെടുവിച്ച ഇൗ ഉത്തരവിനെ അസ്ഥിരപ്പെടുത്താൻ 2013ൽ ആർ.ടി.െഎ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിെച്ചങ്കിലും അത് പാസാക്കിയെടുക്കാനായില്ല.
നിയമം ഭേദഗതി ചെയ്യാനുള്ള ഇത്തരം ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കരട് ചട്ടത്തിലെ ചില ഭേദഗതികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ പൂർണമായ ഭേദഗതിക്ക് സാധിച്ചില്ലെങ്കിലും വിവരം തേടാനുള്ള നടപടികളെ സങ്കീർണമാക്കാനുള്ള പരിഷ്കാരം നടത്തി സർക്കാർ ഭാഗികമായി വിജയിച്ചു.
ഭേദഗതി വന്ന വഴി
നിയമം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ അവലംബിച്ച രീതി നേരും നെറിയുമില്ലാത്തതാണ്. 2014ലെ ‘പ്രീ-ലെജിസ്ലേറ്റിവ് കൺസൽേട്ടഷൻ പോളിസി’യുടെ ലംഘനമാണ് ഇതിലൂടെ സർക്കാർ നടത്തിയത്. കരടു നിയമങ്ങൾ പാർലമെൻറിൽ കൊണ്ടുവരേണ്ടത് പിൻവാതിലിലൂടെയല്ല. പൊതുജനങ്ങെള ഉൾപ്പെടുത്തിയുള്ള ചർച്ചക്ക് അവസരം നൽകണമെന്ന വ്യവസ്ഥയാണ് അട്ടിമറിച്ചത്. വർഷകാല പാർലമെൻറ് സമ്മേളനം ആരംഭിക്കുന്നതിെൻറ തലേ ദിവസം മാത്രമാണ് ഇൗ വിവരം പുറത്തുവിടുന്നത്.
ഭേദഗതി ബില്ലിെൻറ പൂർണരൂപവും പുറത്തുവിട്ടത് സമ്മേളനത്തിെൻറ തലേന്നാൾ മാത്രം. ഇൗ ലേഖകൻ ഉൾപ്പെടെയുള്ളവർ ആർ.ടി.െഎ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും ഒൗദ്യോഗികമായി സർക്കാർ ഇക്കാര്യം സമ്മതിച്ചതുമില്ല. ബില്ലിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്താതെ രഹസ്യമാക്കിവെച്ചതിെൻറ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്. ലക്ഷക്കണക്കിന് വിവരാവകാശികൾക്ക് ബില്ലിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാതാക്കി ഒട്ടും സുതാര്യതയില്ലാതെയാണ് സുതാര്യതാനിയമത്തിെൻറ കഥകഴിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചത് എന്ന കാര്യത്തിൽ ഒരുവിധ സംശയവും ഇല്ല.
ഭേദഗതിയോടെ സംഭവിക്കുന്നത്
ജനങ്ങളുടെ അറിയാനുള്ള മൗലികമായ അവകാശത്തിന് കടിഞ്ഞാണിടുക തന്നെയാണ് ഇൗ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിർദിഷ്ട ഭേദഗതി പാസായാൽ വിവരാവകാശ കമീഷെൻറ പ്രവർത്തനസ്വാതന്ത്ര്യത്തിന് സാരമായ ഇടർച്ച സംഭവിക്കും. സ്വയംഭരണാവകാശം ഇല്ലാതാകും. സർക്കാറിെൻറ ഇഷ്ടത്തിനു തുള്ളുന്ന പാവകളായി മാറും കമീഷണർമാർ. ഇതിലൂടെ ജനങ്ങളുടെ വിലപ്പെട്ട അവകാശം നിഷേധിക്കപ്പെടുകയും ചെയ്യും.
സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതിനായാണ് ഉന്നത പദവി നിയമാനുസൃതം അവർക്ക് നൽകിയതും കമീഷണർമാരുടെ കാലാവധി നിയമപ്രകാരം സുരക്ഷിതമാക്കിയതും. ഇൗ കാലാവധി സർക്കാർ തീരുമാനിക്കുന്നതോടെ സെക്രേട്ടറിയറ്റിെൻറ അനുബന്ധമായി വിവരാവകാശ കമീഷനുകളും അധഃപതിക്കും.
സംസ്ഥാന കമീഷണർമാരുടെ ‘ഒൗദ്യോഗിക ആയുസ്സും’ ഇനി കേന്ദ്ര സർക്കാർ തീരുമാനിക്കും എന്നാണ് നിർദിഷ്ട വ്യവസ്ഥ. പൊലീസ് മേധാവി നിയമനം സംസ്ഥാനം നൽകുന്ന പട്ടികയിൽനിന്നും ചുരുക്കപ്പട്ടിക ഉണ്ടാക്കി യു.പി.എസ്.സി നൽകണമെന്നും അതിൽനിന്നൊരാളെ സംസ്ഥാന സർക്കാർ പൊലീസ് മേധാവിയായി നിയമിക്കണമെന്നുമുള്ള സുപ്രീംകോടതി വിധിയെ അതിരൂക്ഷമായി വിമർശിച്ച സംസ്ഥാന സർക്കാറിെൻറ വക്താക്കൾ പക്ഷേ, കേന്ദ്ര സർക്കാറിെൻറ ഇൗ ജനവിരുദ്ധ നീക്കത്തെ കേട്ടതായിപോലും ഭാവിച്ചില്ല! ഫെഡറലിസത്തിെൻറ വക്താക്കൾ ഏതാണ്ട് പൂർണമായും നിശ്ശബ്ദരാണ്. സംസ്ഥാനത്ത് ജനപക്ഷത്തുനിന്നും പ്രതികരിച്ചത് സി.പി.െഎ മാത്രമാണ് എന്നതും പരാമർശിക്കപ്പെട്ടതുതന്നെയാണ്. ഭരണഘടന പദവിയും നിയമപരമായി രൂപവത്കരിക്കപ്പെട്ട സ്ഥാപനവും തമ്മിൽ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന കാര്യത്തിൽ താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ല എന്ന കേന്ദ്രസർക്കാർ വാദം തന്നെ വിവേകശൂന്യവും നിരർഥകവുമാണ്.
ലോക്പാൽ 2013ൽ പാർലമെൻറ് പാസാക്കിയിട്ടും എന്തുകൊണ്ടാണ് നിലവിൽ വരാത്തത്? അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പറയുന്നവർ, അതിൽ ആത്മാർഥതയുണ്ടെങ്കിൽ അഴിമതിവിരുദ്ധ നിയമങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്. അതിനുപകരം നിലവിലുള്ള നിയമങ്ങളെപ്പോലും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതു കാണുേമ്പാൾ ജനങ്ങൾക്കു മുമ്പാകെ അനാവരണം ചെയ്യപ്പെടുന്നത് ഭരണകൂടത്തിെൻറ യഥാർഥ മുഖംതന്നെയാണ് എന്ന കാര്യം വിസ്മരിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.