പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തിൽ

കേരളത്തിൽ ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷമുണ്ടായ പെരുവെള്ളപ്പൊക്കം മലയാളികളെ ആകെ പിടിച്ചുലച്ച സംഭവമാണ്. എന്നാൽ, ഈ വെള്ളപ്പൊക്കം എത്രമാത്രം ഭയാനകവും വിനാശകരവും ആയിരുന്നെങ്കിലും അതിനെ നേരിടുന്നതിൽ മലയാളി സമൂഹം കാട്ടിയ ത്യാഗബുദ്ധിയും ധീരതയും ഐക്യവും ആരെയും വിസ്മയിപ്പിക്കാൻ പോന്നവിധം മാനുഷിക ഗുണങ്ങളുടെ ഔന്നത്യത്തെ ഉദാഹരിക്കുന്നതായിരുന്നു. കേരളീയജീവിതത്തി​​​​െൻറ ധാർമികത്തകർച്ചയെക്കുറിച്ച് സമീപകാലത്ത് ഉയർന്നുവന്ന കടുത്ത ആശങ്കകളെ മുഴുവൻ അസ്ഥാനത്താക്കുന്നതായിരുന്നു മലയാളിസമൂഹം നടത്തിയ നിസ്വാർഥവും നിർഭയവുമായ ഇടപെടലുകൾ. ഔദ്യോഗിക ദുരിതാശ്വാസ പ്രവർത്തനങ്ങളെ കവച്ചു​െവച്ച്​ രംഗത്തുവന്ന മത്സ്യത്തൊഴിലാളികൾ അടക്കമുള്ള കീഴാള ബഹുജനതയുടെ ഇടപെടലുകൾ ലോകശ്രദ്ധ പിടിച്ചെടുക്കാൻ പോന്നവിധം ധീരവും സ്നേഹനിർഭരവുമായി.

എന്നാൽ, പ്രകാശവും പ്രതീക്ഷയും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾകൊണ്ട് ഉരുണ്ടുകൂടാൻ തുടങ്ങിയ ഇരുട്ട് നമ്മെ ആശങ്കയിൽ ആഴ്ത്താൻ തുടങ്ങിയിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനം സംബന്ധിച്ച കോടതിവിധിയുമായി ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതിയ സംഭവങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി സംഘ്​പരിവാർ ശക്തികൾക്കു മുന്നിൽ അവരുടെ സങ്കുചിത ഹൈന്ദവരാഷ്​ട്ര സങ്കൽപത്തെ ചെറുത്ത്​ ഇന്ത്യൻ മതനിരപേക്ഷതയുടെയും ജനാധിപത്യമൂല്യങ്ങളുടെയും കീഴടക്കാനാവാത്ത ഒരു കോട്ടയായി നിലകൊണ്ട കേരളത്തിൽ ഫാഷിസ്​റ്റ്​ രാഷ്​ട്രീയം പരസ്യമായ ഏറ്റുമുട്ടലിന് തയാറായി രംഗത്തെത്തിയിരിക്കുന്നു. ബാബരി മസ്ജിദ് തകർത്തതുപോലെ രാഷ്​ട്രീയ നേട്ടത്തിനുവേണ്ടി കേരളീയ ജനാധിപത്യ രാഷ്​ട്രീയ സംസ്കാരത്തി​​​​െൻറ ഉന്നതമാതൃക തകർക്കാനുള്ള ചുവടുവെപ്പായി ഇതിനെ കാണണം. പ്രളയക്കെടുതിക്ക്‌ സമാനമായ ഒരു ഭീഷണിയായി തന്നെയാണ് കേരളം ഇന്ന് ഇതിനെ അഭിമുഖീകരിക്കുന്നത്.

നാം ഇന്ന് നേരിടുന്നത് ഒരു വശത്ത് ആരെയും വിസ്മയിപ്പിക്കും വിധം കേരളത്തില്‍ ഉയര്‍ന്നുവന്ന മാനവികതയുടെ ഒരു പുതിയ മുഖത്തെയും മറുവശത്ത് സ്ത്രീകളെ തെരുവിലിറക്കി സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്ന സംഘ്​പരിവാര്‍ രാഷ്​ട്രീയത്തെയുമാണ്. ഈ വൈപരീത്യത്തി​​​​െൻറ കാരണങ്ങള്‍ കണ്ടെത്താതെ നമ്മുടെ നാട്ടില്‍ രൂപം കൊണ്ടിരിക്കുന്ന നവ മാനവികതയുടെ പൊരുളിനെ വളര്‍ത്തിക്കൊണ്ടുവരാനാകില്ല. ഇത്തരം ഒരന്വേഷണത്തിന് ആദ്യമായി വേണ്ടത് വെള്ളപ്പൊക്കകാലത്ത് ഉയര്‍ന്നുവന്ന നവമാനവികതയുടെ രാഷ്​​ട്രീയമായ വേരുകളും ഗുണപരമായ അന്തരവും കണ്ടെത്തുകയാണ്. അതിന്​, ഇന്ന് ഉയര്‍ന്നുവന്ന നവമാനവികത, കേരളീയ നവോത്ഥാനത്തില്‍ പ്രവര്‍ത്തിച്ച ചൂഷിത കീഴാളജനതയുടെ സ്വാതന്ത്ര്യവാഞ്​ഛയുടെ ചരിത്രത്തില്‍ എങ്ങനെ വേരോടി നില്‍ക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ കേരളത്തില്‍ സംഘ്​പരിവാറി​​​​െൻറ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന പ്രതിലോമശക്തികളുടെ രാഷ്​ട്രീയചരിത്രവും പുറത്തു കൊണ്ടുവരേണ്ടതുണ്ട്.

അതായത്, കേരളത്തില്‍ ആധുനിക മുതലാളിത്ത പൗരസമൂഹ വളര്‍ച്ചയോടൊപ്പം ശക്തിപ്രാപിച്ച, അതി​​​​െൻറ സ്വാര്‍ഥങ്ങളില്‍ അധിഷ്ഠിതമായ മൂല്യസങ്കൽപങ്ങളും നവസവർണവത്​കരണ തൃഷ്ണകളും ഒരു വശത്തും അധഃകൃതരും പാർശ്വവത്കൃതരും മറ്റ്​ അധ്വാനിക്കുന്ന ദരിദ്രജനതയും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളും അവരുടെ നിസ്വാർഥതയിലും സ്നേഹത്തിലും അധിഷ്ഠിതമായ സ്വാതന്ത്ര്യതൃഷ്ണകള്‍ മറുവശത്തുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നതി​​​​െൻറ ചരിത്രം പരിശോധിക്കണം. ‘പുന്നപ്ര-വയലാര്‍’ സമരവും ‘വിമോചനസമര’വും ആ ഏറ്റുമുട്ടലി​​​​െൻറ ചില ഉയര്‍ന്ന ഘട്ടങ്ങളായിരുന്നു. ആ ഏറ്റുമുട്ടലി​​​​െൻറ പുതിയൊരു ഘട്ടത്തിലാണ് നമ്മള്‍. യുവജനതയും സ്ത്രീകളും അധ്വാനിക്കുന്ന ബഹുജനതയും ഉയര്‍ത്തിപ്പിടിക്കുന്ന നവ മാനവികതയുടെ മൂല്യങ്ങളും സംഘ്​പരിവാര്‍ രാഷ്​ട്രീയത്തി​​​​െൻറ സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമായ നവ സവർണ യാഥാസ്ഥിതിക മൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണത്.

കഴിഞ്ഞ പെരുവെള്ളപ്പൊക്കത്തിൽ കേരളത്തിൽ തെളിഞ്ഞുവന്ന നൂതന മാനവികതയെ മൗലികവും ഭിന്നവുമാക്കുന്ന സവിശേഷതകൾ എന്തെന്നു നോക്കാം. ഒന്നാമതായി ഇത് പുതിയതരം മാനവികതയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ ലിബറൽ മുതലാളിത്ത മാനവികതയിൽനിന്ന് തീർത്തും ഭിന്നഗുണങ്ങളോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹികശക്തിയാണത്. പഴയ ലിബറൽ മാനവികത സ്വകാര്യത്തെയും പൊതുകാര്യത്തെയും, അതായത് വ്യക്തിപരമായതിനെയും രാഷ്​ട്രീയത്തെയും വിരുദ്ധമണ്ഡലങ്ങളിലേക്ക്​ വേർതിരിച്ചു നിർത്തുന്ന ആധുനിക മുതലാളിത്ത പൗരസമൂഹത്തി​​​​െൻറ മാനവികതയാണ്. ആത്യന്തികമായി സ്വകാര്യസ്വത്തിലും സ്വകാര്യവ്യക്തിയിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥയുടെ മാനവികതയാണ്. ഇൗ നവമാനവികത ഇന്ന് ലോകമാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില അഗാധ രാഷ്​ട്രീയ പരിവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്. വിവിധരീതികളിലും വിവിധ ജീവിതതലങ്ങളിലും ആഗോള മുതലാളിത്ത മൂലധനത്തി​​​​െൻറ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഐ.ടി തൊഴിലാളികൾ മുതൽ പാർശ്വവത്കൃതരും സ്ത്രീകളും അടങ്ങുന്ന ബഹുജനത വിവിധരൂപങ്ങളിൽ നടത്തുന്ന ചെറുത്തുനിൽപുകളിൽനിന്നാണ് ഈ പരിവർത്തനങ്ങൾ സംഭവിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ നവമാനവികത യൂറോപ്യൻ മനുഷ്യനെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന പാശ്ചാത്യമുതലാളിത്ത മുഖ്യധാരാ ആധുനികതയുടെ മനുഷ്യപ്രകൃതി വിരുദ്ധത സങ്കൽപത്തെയും വംശമഹത്ത്വവാദങ്ങളെയും മറികടക്കുന്ന മാറുന്ന ജീവിതബന്ധരൂപങ്ങളിൽനിന്നാണ് വരുന്നത്. അതിനാൽ, ഈ പുതിയ ജീവിതബന്ധരൂപങ്ങൾക്ക് പഴയ ലിബറൽ മുതലാളിത്ത പൗരസമൂഹത്തിലെ സ്വകാര്യവും പൊതുകാര്യവും തമ്മിൽ, സ്ത്രീയും പുരുഷനും തമ്മിൽ, വ്യക്തിയും സമൂഹവും തമ്മിൽ, നിലനിന്ന വൈപരീത്യങ്ങളെ അപ്രസക്തമാക്കുന്ന ഒരു പുതിയ ധാർമിക ജീവിതലോകം അനിവാര്യമായിത്തീരുന്നു. കേരളത്തിൽ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൂർണമായ സമർപ്പണത്തോടെ പ്രവർത്തിച്ച യുവതീ യുവാക്കളും തൊഴിലാളികളും മീൻപിടിത്തക്കാരും പഴയ മുതലാളിത്ത സിവിൽ സമൂഹത്തിൽ വ്യക്തി-സമൂഹ താൽപര്യങ്ങളുടെയും ലിംഗഭേദത്തി​​​​െൻറയും വിരുദ്ധതകളെ അവഗണിച്ചവരായിരുന്നു. യുവതികളും യുവാക്കളും ഇടകലർന്ന് രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച ഈ സന്ദർഭങ്ങളിൽ ഒന്നും സാധാരണ കേൾക്കാറുള്ളതുപോലെ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പ്രശ്നവും ഉയർന്നുവന്നില്ല. ആൺ-പെൺ വിഭജനത്തിനപ്പുറമുള്ള സൗഹൃദത്തി​​​​െൻറ മറ്റൊരു ലോകത്തേക്ക് കടക്കാൻ അനായാസം നമ്മുടെ യുവാക്കൾക്ക് കഴിഞ്ഞു.

വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ സ്വന്തം പണിയായുധങ്ങളുമായി എത്തിയ മീൻപിടിത്തക്കാർ അടക്കമുള്ളവർ എന്തെങ്കിലും സ്വാർഥതാൽപര്യങ്ങളെ മുൻനിർത്തിയല്ല വിശ്രമമില്ലാതെ പണിയെടുത്തത്. ഇങ്ങനെ താരപദവിയും പണവുമടക്കമുള്ള എന്തെങ്കിലും ബാഹ്യലക്ഷ്യങ്ങളോ സ്വാർഥതാൽപര്യങ്ങളോ ഇല്ലാതെ മനുഷ്യധാർമികതയുടെ അന്തഃസ്ഥിതത്വത്തെ തെളിയിക്കുകയാണവർ ചെയ്തത്‌. ദുരിതാശ്വാസ ക്യാമ്പുകളിലും കുടുംബത്തി​​​​െൻറയും ജാതിയുടെയും മതത്തി​​​​െൻറയും സമ്പത്തി​​​​െൻറയും പദവിയുടെയും മുതലാളിത്ത പൗരസമൂഹ ശ്രേണീ ബന്ധങ്ങളെ തകർക്കുന്ന ഒരു പുതിയ ജീവിതമാതൃകയോട് മലയാളികൾ വേഗത്തിൽ പൊരുത്തപ്പെടുന്നത്‌ കാണാമായിരുന്നു. നാശനഷ്​ടങ്ങളുടെയും ദുരിതങ്ങളുടെയും നടുവിലും പല ക്യാമ്പുകളിലും എല്ലാവരും ചേർന്നാഘോഷിക്കുന്ന വിവാഹങ്ങൾപോലും നടക്കുകയുണ്ടായി.

എന്നാൽ, ഇതിനെയെല്ലാം ഒറ്റയടിക്ക് റദ്ദുചെയ്യുന്ന ഒരു രാഷ്​ട്രീയ കടന്നാക്രമണമാണ് ഇപ്പോൾ കേരളത്തിൽ സംഘ്​പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളം നവോത്ഥാനത്തി​​​​െൻറ യഥാർഥ മൂല്യങ്ങളിൽനിന്ന് വളരെ പിന്നോട്ടുപോയ ഒരു പ്രതീതിയാണ് ഇപ്പോൾ കേരളത്തിൽ അവർ സൃഷ്​ടിച്ചുകൊണ്ടിരിക്കുന്നത്. ഇതി​​​​​െൻറ മറ്റൊരു അപകടം ലിബറൽ മുതലാളിത്തത്തി​​​​െൻറ രേഖീയവും പാശ്ചാത്യവുമായ ചരിത്ര സങ്കൽപങ്ങൾക്കും കാലഹരണപ്പെട്ട ലിബറൽ മാനവികത സങ്കൽപങ്ങൾക്കും മടങ്ങിവരാനുള്ള അന്തരീക്ഷവും നിലവിൽവന്നിരിക്കുന്നു എന്നതാണ്. അനിവാര്യമായും ഘട്ടം ഘട്ടമായി വികസിക്കുന്ന ചരിത്രത്തെ കുറിച്ചുള്ള സങ്കൽപവും അതിൽ കോർത്തിട്ട യാന്ത്രിക പുരോഗമനവാദവും യുക്തിവാദവും ശാസ്ത്രവാദവുംകൊണ്ട് സംഘ്​പരിവാറിനെ നേരിടാമെന്നാണ് അവർ കരുതുന്നത്. എന്നാൽ, ഈ വാദങ്ങളെല്ലാം ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളായ ഇന്ത്യൻ ഗ്രാമീണ ജനതയെ സംഘ്​പരിവാറി​​​​െൻറ ആധുനിക കപടമത വാദങ്ങളിലേക്ക് തള്ളിയിടാനാണ് സഹായിച്ചിട്ടുള്ളത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ അനുഭവപാഠം അതാണ്.

ഇവിടെയാണ് ഒരു ചെറിയ ഇടവേളയിൽ ഒരു ചെറുനാളം പോലെയാണെങ്കിലും ഉയർന്നുവന്ന നവമാനവികതയുട സ്ഫുരണങ്ങളെ നാം ഗൗരവപൂർവം കാണേണ്ടതി​​​​െൻറ പ്രാധാന്യം. ഇത്തരം അനന്യ സംഭവങ്ങളിലൂടെയാണ് ഒരു രാജ്യത്തി​​​​െൻറ ചരിത്രം ഒരു ഘട്ടത്തിൽനിന്ന് മറ്റൊരു ഘട്ടത്തിലേക്ക് ഗുണകരമായി മാറുന്നത്. മുതലാളിത്ത ആധുനികതയുടെ യാന്ത്രികവാദങ്ങളെയും അവയിൽനിന്ന് പരോക്ഷമായി ഊർജം വലിച്ചെടുക്കുന്ന ആധുനിക നവസവർണ സങ്കീർണതകളെയും ഒറ്റയടിക്ക് നിഷേധിച്ച്​ കേരളത്തിൽ ഉയർന്നുവന്നിരിക്കുന്ന നവമാനവികത സംഘ്​പരിവാർ എത്ര പരിശ്രമിച്ചാലും മായ്ചുകളയാൻ ആകാത്ത അത്തരമൊരു അനന്യ രാഷ്​​ട്രീയ സംഭവമാണ്.

നാളെ:
അട്ടിമറിക്കപ്പെട്ട കീഴാള നവോത്ഥാനം

Tags:    
News Summary - Sabarimala issue after kerala flood-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.