സഖാക്കളേ എന്ന സംബോധന സഹോദരൻ അയ്യപ്പൻ ആണ് കേരളഭാഷയിൽ അവതരിപ്പിച്ചത്. 1917 ലെ റഷ്യൻവിപ്ലവത്തെ തുടർന്ന് എഴുതിയ ഈഴവോൽബോധനം എന്ന കവിത അവസാനിക്കുന്നത് “രചിപ്പിൻ വേഗം നിങ്ങളിവിടെ സഖാക്കളേ ശ്രവിക്കിൽ രോമം ചീർക്കും താദൃശചരിത്രങ്ങൾ” എന്ന വരികളോടെയാണ്. എഡിറ്റർപോലുമറിയാതെ ആ വരികൾ വെട്ടിനീക്കിയാണ് ഇടക്കാലത്ത് ഒരു പതിപ്പിറങ്ങിയത്. സഹോദരനും കുമാരനാശാനും പണ്ഡിറ്റ് കറുപ്പനും മുമ്പ് കേരളഭാഷയിലെ ആധുനികകാലത്തെ ആദ്യ അവർണകവിയായി അംഗീകരിക്കപ്പെട്ട മുതിർന്ന ഗുരുശിഷ്യൻ മൂലൂരിനും ഈ ദുര്യോഗമുണ്ടായി.
ഓമനശിഷ്യനായ സഹോദരനോട് നാരായണ ഗുരുവിന് പുത്രതുല്യ സ്നേഹമായിരുന്നു. ഗുരുവാക്യത്തെ ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട മനുഷ്യന്, വേണം ധർമം എന്നു വിമർശനാത്മകമായി വ്യാഖ്യാനിച്ച സഹോദരൻ ജാതിവർണവ്യവസ്ഥിതിയെ ഇല്ലാതാക്കുന്ന അടിത്തട്ടിലേക്കുള്ള ഇറക്കം സാക്ഷാത്കരിച്ചു. പുലയസമുദായത്തിലെ അയ്യരും മകൻ കണ്ണനുമായി കലർന്നാണ് സഹോദരൻ 1917ലെ ജാതിയെ ദഹിപ്പിച്ച ചെറായി പന്തിഭോജനം സാധ്യമാക്കിയത്.
പുലയനയ്യപ്പനെന്ന വിളിപ്പേരദ്ദേഹം സാമൂഹികബിരുദമായി കണക്കാക്കി. സഹോദരനെ തമസ്കരിക്കാനായിരുന്നു സവർണസാംസ്കാരികാധികാരത്തിനു താല്പര്യം. കേരള സാഹിത്യസാംസ്കാരിക മേഖലയിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ദലിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും പ്രവേശിച്ചപ്പോഴാണ് അദ്ദേഹം തിരികേവന്നത്. 2012ലാണ് അദ്ദേഹത്തിന്റെ പദ്യകൃതികളുടെ വിവർത്തനവും ജീവചരിത്രവും Sahodaran Ayyappan: Towards A Democratic Future എന്ന പേരിൽ ലോകസമക്ഷമവതരിപ്പിക്കാൻ എനിക്കവസരമുണ്ടായത്.
യാന്ത്രികമായ യുക്തിവാദമല്ല സത്യത്തിനും നീതിക്കും സാഹോദര്യത്തിനും ജനായത്ത പ്രാതിനിധ്യത്തിനുംവേണ്ടിയുള്ള സമുദായവും സമതയും നിറഞ്ഞ യുക്തിയുക്തമായ നൈതികവാദമാണ് സഹോദരനിസം. കേരളബുദ്ധനായി കണ്ട തൻഗുരുവിൻ കാരുണികമായ അരുളൻപനുകമ്പാവാദത്തിൽ നിന്നും ബുദ്ധന്റെ അനിത്യവാദത്തിൽനിന്നുമാണ് സഹോദരൻ അതു വികസിപ്പിക്കുന്നത്.
സഹോദരസംഘവും യുക്തിവാദിസംഘവും മിശ്രവിവാഹസംഘവും ജാതിനശീകരണപ്രസ്ഥാനവും നവബുദ്ധവാദപ്രസ്ഥാനവും മനുഷ്യാവകാശപ്രസ്ഥാനവും 1945ലെ മനുഷ്യാവകാശപ്രഖ്യാപനവും പൗരാവകാശപ്രക്ഷോഭവും പ്രായപൂർത്തി വോട്ടവകാശ പ്രക്ഷോഭവും സാമുദായികപ്രാതിനിധ്യവാദ ജനായത്തപ്രസ്ഥാനവും തൊഴിലാളിപ്രസ്ഥാനവുമെല്ലാം കേരളത്തിലും ഇന്ത്യയിലുമെല്ലാം ആദ്യമായി രൂപംകൊള്ളുന്നതും സഹോദരനിലൂടെയാണ്. വാടപ്പുറം ബാവയുമായിച്ചേർന്ന് ആലപ്പുഴയിലെ തൊഴിലാളികളെ ആദ്യമായി സംഘടിപ്പിക്കാനായിരുന്നു ‘വേലക്കാരൻ’ പ്രസിദ്ധീകരണം.
ഗാന്ധിവിമർശനവും ദേശീയവാദവിമർശനവും വിവിധ സമഗ്രാധിപത്യങ്ങളുടേയും വരേണ്യ കുത്തകഭരണമായ ഒളിഗാർക്കിയുടേയും ജനായത്തപരമായ വിമർശവും അദ്ദേഹം ധീരമായി മുന്നോട്ടുവെച്ചു. 1929ൽ തിരുനക്കരവെച്ചു രാമമന്ത്രം ജപിക്കാനാഹ്വാനംചെയ്ത മദൻമോഹൻ മാളവ്യയോട് ശംബൂകനേയും ബാലിയേയുമടക്കം വൈദികവർണാശ്രമത്തിനായി അന്യായമായിക്കൊന്ന രാമൻ ദൈവംപോയിട്ട് മനുഷ്യൻപോലുമാകുന്നില്ല എന്നുവിളിച്ചുപറയാനും സഹോദരനു കഴിഞ്ഞു. വാമനാദർശം വെടിഞ്ഞിടേണമെന്നും പ്രാക്തന ജനായത്തമായ മാബലിവാഴ്ച വരുത്തിടേണമെന്നുമദ്ദേഹം ഓണപ്പാട്ടിലെഴുതി.
കേരളാധുനികതയേയും ജനായത്ത നൈതികതയേയും ഇതുപോലെ അടിത്തട്ടിൽനിന്ന് സ്നേഹസാഹോദര്യങ്ങളോടെ കരുപ്പിടിപ്പിച്ച മറ്റൊരു ജൈവബുദ്ധിജീവിയേയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജനനേതാവിനേയും കാണുക പ്രയാസം. ഭീഷണമായ ജനായത്ത ഭരണഘടനാ അട്ടിമറികളും വംശഹത്യാപരമായ വർഗീയവംശീയ ഭീകരതകളും നേരിടുന്ന ഈ സന്ദർഭത്തിലെങ്കിലും സാഹോദര്യപാതയേയും മാനവിക മുഖത്തേയും ഉൾക്കൊണ്ടും പ്രതിനിധാനംചെയ്തും നവദേശീയ വിദ്യാഭ്യാസനയമടക്കമുള്ള ആധുനികജനായത്ത ഇന്ത്യയെ ഇല്ലാതാക്കുന്ന സംസ്കാര ദേശീയവാദ അജണ്ടകളെ ചെറുക്കാൻ കേരളത്തിനാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.