ഫ്രാങ്സ്വ ഒാലൻഡിനെ ‘മുൻ ഫ്രഞ്ച് പ്രസിഡൻറ്’ എന്നു മാത്രമായി വിശേ ഷിപ്പിക്കാൻ വരെട്ട. യൂറോപ്പിൽ വേരറ്റുകൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിെൻറ അമരക്കാരൻകൂടിയല്ലേ അദ്ദേഹം. അങ്ങനെയൊരാൾ മോദിയെ ‘കള്ളനെ’ന്ന് വിളിക്കുേമ്പാൾ അത് അവിശ്വസിക്കേണ്ട കാര്യമുണ്ടോ? വിശ്വസിക്കാൻ പാകത്തിൽ സാഹചര്യത്തെളിവുകൾ പലതും നിരന്നുകിടക്കുന്നു. വിമാനം ഒന്നിന് 526 കോടിക്ക് തരാമെന്ന് നേരത്തേ പറഞ്ഞുറപ്പിച്ച കരാറാണ്. ഇത്രയും ചെറിയ തുകക്ക് രാജ്യത്തിെൻറ അഭിമാനമായേക്കാവുന്ന പോർവിമാനങ്ങൾ വാങ്ങുന്നതെങ്ങനെ? അതിനാൽ, വിലയൊരൽപം കൂട്ടണമെന്ന് അങ്ങോട്ടുചെന്ന് ആവശ്യപ്പെട്ടു. ആ വകയിൽ ഒരു വിദേശയാത്രയും തരപ്പെടുത്തി. അന്തിമ കരാറായപ്പോൾ വിമാന വിലയൊന്നിന് 1500 കോടിയിലും കവിഞ്ഞത് അങ്ങനെയാണ്. കുറെകാലമായി ഇക്കാര്യം പറഞ്ഞ് രാഹുലും സംഘവും പാർലമെൻറിനകത്തും പുറത്തും കുറെ ഒച്ചവെച്ചതാണ്. അതിനിടക്കാണ് ഒാലൻഡ് കയറിവന്നത്. അതോടെ, വിഷയം കുറച്ചുകൂടി കളറായി.
പക്ഷേ, ആരെന്തു പറഞ്ഞാലും പവാർ ഇൗ കള്ളക്കഥ വിശ്വസിക്കില്ല. റഫാൽ ഇടപാടിൽ മോദിജിയുെട ഉദ്ദേശ്യശുദ്ധിയെ ജനങ്ങൾ ചോദ്യംചെയ്യുമെന്ന് ആരു കരുതുമെന്നാണ് പവാറിെൻറ ചോദ്യം. ആ ചോദ്യം പൊട്ടിത്തെറിയായി മാറി. 20 വർഷമായുള്ള വിശ്വസ്തർ ഒാരോന്നായി കൂടൊഴിഞ്ഞുപോവുകയാണ്. ആ വക ഭീഷണിക്കൊന്നും വഴങ്ങില്ലെന്ന് പണ്ടേ തെളിയിച്ച ആളാണ്. അല്ലെങ്കിലും മോദി വെച്ചുനീട്ടിയ പത്മവിഭൂഷണ് ഇൗ പ്രതിസന്ധിഘട്ടത്തിലല്ലേ കൂറുകാണിക്കേണ്ടത്?
തെരഞ്ഞെടുപ്പ് കാലമാണ് വരാൻപോകുന്നത്. ഭരണപക്ഷത്തെ മറിച്ചിടാൻ ഇപ്പോഴുള്ള െഎക്യമൊന്നും പോരെന്ന് രാഹുലിന് നന്നായി അറിയാം. അതിനാൽ, കഴിയാവുന്നത്ര മോദി വിരുദ്ധരെ കൂട്ടി സഖ്യം വിശാലമാക്കുക മാത്രമാണ് പോംവഴി. കുറച്ചുകാലമായി അത് വിജയകരമായി മുന്നേറുകയായിരുന്നു. അതിെൻറ പേരിൽ ഒരു പ്രതിപക്ഷ മഹാസഖ്യവും അദൃശ്യമായി രൂപപ്പെട്ടുവന്നതാണ്. അങ്ങനെയാണ് കർണാടകയിൽ കുമാരസ്വാമിക്ക് മുഖ്യമന്ത്രി യോഗമുണ്ടായത്. അന്ന് സത്യപ്രതിജ്ഞക്ക് കുമാരസ്വാമിയെ ആശീർവദിക്കാനെത്തിയവരിൽ മായാവതിയും പവാറുമൊക്കെയുണ്ടായിരുന്നു. ബംഗളൂരുവിൽ രൂപപ്പെട്ട മഹാസഖ്യം പാർലമെൻറ് തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിക്കുമെന്നൊക്കെയാണ് അന്ന് രാഷ്ട്രീയ വിശാരദന്മാർ തട്ടിവിട്ടത്. കാര്യത്തോടടുത്തപ്പോൾ മായവതി കളം വിട്ടു. ഛത്തിസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് ബഹൻജി പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാസഖ്യത്തിലെ ആദ്യ വിള്ളലിെൻറ വേദന മാറുംമുമ്പ് മറാത്ത ദേശത്തുനിന്നിതാ മറ്റൊരു പവാർ സ്ട്രോക്ക്; ശരദ് േഗാവിന്ദറാവു പവാർ പുതിയൊരു കളിക്കൊരുങ്ങുകയാണോ?
‘സാധാരണക്കാരുടെ േനതാവെ’ന്ന് കീർത്തികേട്ട യശ്വന്ത്റാവു ചവാനാണ് രാഷ്ട്രീയത്തിൽ ഗുരു. ഉള്ളതു പറഞ്ഞാൽ, ഗുരുവിെൻറ ഗുണവിശേഷങ്ങളൊന്നും അവകാശപ്പെടാനില്ല. തനിക്കും കുടുംബത്തിനുമുള്ള കസേരയുറപ്പിക്കലാണ് ആത്യന്തിക പ്രത്യയശാസ്ത്രം; അതും മുൻസീറ്റിൽതന്നെ ഇരിക്കണമെന്ന് നിർബന്ധമുണ്ട്. അരനൂറ്റാണ്ട് മുമ്പ്, ആദ്യമായി നിയമസഭയിലെത്തിയപ്പോൾ മുതലേ അങ്ങനെയാണ്. പിൻസീറ്റ് നിശ്ചയിക്കപ്പെട്ടാൽ പിന്നെ പാർട്ടി വിടുകയാണ് പതിവ്. നമ്മുടെ നാട്ടിൽ കേരള കോൺഗ്രസിെൻറ സഖ്യമാറ്റത്തെപ്പോലെയാണ് പവാർ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്നതും മറുകണ്ടംചാടുന്നതുെമല്ലാം. പക്ഷേ, ഇതൊക്കെ നേട്ടമായി പരിവർത്തിപ്പിച്ചിട്ടുണ്ട്. പണ്ട് ഇന്ദിരയോട് തെറ്റിപ്പിരിഞ്ഞ് ജനത പാർട്ടിയുമായി ചേർന്നപ്പോഴാണ് ആദ്യമായി മുഖ്യമന്ത്രി കസേര ലഭിച്ചത്. മഹാരാഷ്ട്രയിൽ ശിവസേന വലിയ ശക്തിയായപ്പോൾ ഒറ്റക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും കോൺഗ്രസിലേക്ക്. ‘സംസ്ഥാനത്തെ കോൺഗ്രസ് സംസ്കാരത്തെ രക്ഷപ്പെടുത്താ’നാണ് പാർട്ടിയിലേക്ക് തിരിച്ചുവന്നിരിക്കുന്നതെന്നാണ് പറഞ്ഞ ന്യായം. നോക്കണേ, അതേ കോൺഗ്രസ് പാർട്ടി നിലനിൽപ് ഭീഷണി നേരിടുേമ്പാഴാണ് ടിയാൻ മോദിസ്തുതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജീവിന് ശേഷം, പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നതാണ്. പക്ഷേ, റാവുവിനാണ് നറുക്ക് വീണത്. അന്നുമുതൽ വീണ്ടും കോൺഗ്രസ് വിരോധമായി. 20 വർഷം മുമ്പ്, വിദേശിയായ സോണിയയെ പാർട്ടിതലപ്പത്ത് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചാണ് വീണ്ടും പാർട്ടി വിട്ടതും എൻ.സി.പി രൂപവത്കരിച്ചതും. ഇൗ കൂടുമാറ്റങ്ങൾക്കിടെ മൂന്നുതവണ സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയായി. കേന്ദ്രത്തിൽ പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തു. അതിനുശേഷം രണ്ട് യു.പി.എ സർക്കാറുകളിലും കാബിനറ്റ് അംഗവുമായി. 2014 ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ ചാഞ്ചാട്ടമാണ്. സാേങ്കതികമായി പ്രതിപക്ഷത്താണെങ്കിലും കൂറ് മോദിയോടാണ്. പലപ്പോഴും അത് തെളിയിച്ചിട്ടുമുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇൗ റഫാൽ സ്ട്രോക്ക്.
അധികാരം മനുഷ്യനെ ദുഷിപ്പിക്കും; പരമാധികാരം പരമമായി ദുഷിപ്പിക്കും എന്നാണല്ലോ. ഇൗ ‘അബ്സല്യൂട്ട് കറപ്ഷൻ തിയറി’ പവാറിനുവേണ്ടി തയാറാക്കിയതാണോ എന്ന് തോന്നിപ്പോകും. അത്രക്കുണ്ട് വന്നുപതിച്ച അഴിമതി ആരോപണങ്ങൾ. പണ്ട്, മുംബൈയിലെ ക്രിമിനലുകളുമായുള്ള ബന്ധത്തിൽ തുടങ്ങിയതാണ്. ദാവൂദ് ഇബ്രാഹീമിെൻറ അടുത്ത അനുയായി മുൽ ചന്ദ്ഷാ എന്ന ചോക്സിയിൽനിന്ന് 72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. രാഷ്ട്രീയക്കാരും മാഫിയകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച വോറ കമ്മിറ്റി പവാറിെനയൊക്കെ പലതവണ പരാമർശിച്ചിട്ടുണ്ട്. സ്റ്റാമ്പ് പേപ്പർ കുംഭകോണം, ഗോതമ്പ് ഇറക്കുമതി വിവാദം, ഭൂമി കുംഭകോണം, െഎ.പി.എൽ നികുതി വെട്ടിപ്പ് തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ആരോപണങ്ങളുണ്ട്. പ്രമാദമായ 2ജി ഇടപാടിൽ നീരാ റാഡിയ സി.ബി.െഎക്ക് കൊടുത്ത മൊഴിയിൽ പവാറിെൻറ പേരുമുണ്ട്. അതിെൻറ പേരിൽ ജന്തർമന്തറിൽ അണ്ണാ ഹസാരെ നിരാഹാരം കിടന്നതോടെയാണ് അഴിമതിക്കെതിരായ മന്ത്രിതല സമിതിയിൽനിന്ന് രാജിവെക്കേണ്ടിവന്നത്.
1940 ഡിസംബർ 12ന് പുണെ ജില്ലയിലെ ബരാമതിക്കടുത്തുള്ള കറ്റേവാഡിയിൽ ജനനം. കർഷക ദമ്പതികളായ ഗോവിന്ദ്റാവു പവാറിെൻറയും ശാരദാഭായിയുടെയും 11 മക്കളിലൊരാൾ. ബ്രിഹാൻ മഹാരാഷ്ട്ര കോളജിൽനിന്ന് ബിരുദം. വിദ്യാർഥി കാലഘട്ടം മുതലേ രാഷ്്ട്രീയത്തിൽ സജീവം. യശ്വന്ത് റാവുവിെൻറ ഇഷ്ട ശിഷ്യരിലൊരാളായതിനാൽ, 27ാം വയസ്സിൽതന്നെ നിയമസഭയിലെത്തി. ഇപ്പോൾ രാജ്യസഭാംഗം. ഭാര്യ പ്രതിഭ പവാർ. ഏകമകൾ സുപ്രിയ സുലെ ബരാമതിയുടെ പാർലമെൻറ് അംഗമാണ്. രാഷ്ട്രീയത്തെ കളിയായിട്ടാണ് കാണുന്നതെങ്കിലും കളിയെ ഗൗരവത്തിലെടുക്കുന്നവരുടെ കൂട്ടത്തിലാണ്. ക്രിക്കറ്റും കബഡിയും വലിയ ദൗർബല്യങ്ങളാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ വരെ അമരക്കാരനായിട്ടുണ്ട്. ഏഷ്യൻ കബഡി ഫെഡറേഷനിലും അംഗമായിരുന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.