ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ‘ഹിന്ദു പാകിസ്താൻ’ ആവുമെന്ന എെൻറ അഭിപ്രായ പ്രകടനത്തിനെതിരെ ടെലിവിഷൻ ചാനലുകൾ ഹിസ്റ്റീരിയ ബാധിച്ചവരെപോലെ പ്രതികരിക്കുന്നത് വിചിത്രമാണ്. ഇൗ അഭിപ്രായപ്രകടനം ഞാൻ നേരത്തേയും നടത്തിയതാണ്. 2013ൽ തന്നെ ഞാൻ ഇൗ രീതിയിൽ ട്വീറ്റ് ചെയ്തത് മറക്കരുത്. എന്നെ ദേശവിരുദ്ധനും ഹിന്ദുവിരുദ്ധനും ആക്കാൻ ചാനലുകൾ മണിക്കൂറുകൾ ചെലവിടുന്നു. പറഞ്ഞ കാര്യങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു.
നമ്മുടെ ദേശീയ പ്രസ്ഥാനം രണ്ടു ചിന്താധാരകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. മതസ്വത്വം രാഷ്ട്രനിർമിതിയുടെ ആധാരമാകണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ വിശ്വാസം ഏതായാലും എല്ലാ വിഭാഗങ്ങൾക്കും തുല്യപദവി ലഭിക്കുന്ന രാജ്യമാണ് വേണ്ടതെന്ന് മറുവിഭാഗം ന്യായമായും ആവശ്യപ്പെട്ടു. ആദ്യത്തെ കൂട്ടർ പാകിസ്താൻ എന്ന ആശയവും രണ്ടാമത്തെ വിഭാഗം ഇന്ത്യ എന്ന ആശയവുമാണ് മുന്നോട്ടുവെച്ചത്. മതത്തിന് പ്രാമുഖ്യമുള്ള രാഷ്ട്രമായാണ് പാകിസ്താൻ രൂപവത്കരിച്ചത്. അവിടെ ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ത്യ എന്ന രാഷ്ട്രത്തിെൻറ സ്വഭാവം മറ്റൊന്നായിരുന്നു. ദേശീയ പ്രസ്ഥാനം തന്നെ എല്ലാവർക്കും വേണ്ടിയായിരുന്നുവെന്നും രാജ്യവും അങ്ങനെതന്നെ ആയിരിക്കുകയും വേണമെന്ന നിലപാടായിരുന്നു അവർക്ക്.
ന്യൂനപക്ഷത്തെ പാർശ്വവത്കരിക്കുന്ന പാകിസ്താെൻറ പ്രതിബിംബം ആയിരിക്കണം ഇന്ത്യ എന്നതാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും ആശയം. ‘ഹിന്ദുത്വപാകിസ്താൻ’ എന്ന് ഇതിനെ വിളിക്കാം. വൈദേശികർക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിെൻറ അന്തഃസത്ത ഇതായിരുന്നില്ല. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതും ഇതല്ല.ബി.ജെ.പി മുന്നോട്ടുവെക്കുന്ന ആശയമല്ല ന്യൂനപക്ഷത്തിെൻറ കാര്യത്തിൽ അവലംബിക്കേണ്ടത്. എല്ലാ വിശ്വാസധാരകളെയും ഉൾക്കൊള്ളുന്ന ഇന്ത്യയെ പരിപോഷിപ്പിക്കണമെന്നാണ് ഞാനടക്കമുള്ള പല ഹിന്ദുകളും ആഗ്രഹിക്കുന്നത്. പാകിസ്താനാകെട്ട, അസഹിഷ്ണുതയിൽ അധിഷ്ഠിതമായ ഏക മത രാഷ്ട്രമാണ്. വിശ്വാസത്തിലെ വൈരുധ്യം സ്വീകരിക്കണമെന്നാണ് സ്വാമി വിവേകാനന്ദൻ പഠിപ്പിക്കുന്നത്. ഹിന്ദുത്വം ഹിന്ദൂയിസമല്ല. ഹിന്ദൂയിസം മതപരമായ ഒന്നല്ല മറിച്ച്, രാഷ്ട്രീയ സിദ്ധാന്തമാണ്. ‘ഹിന്ദു പാകിസ്താൻ’ എന്നത് ഹിന്ദു തത്ത്വസംഹിതയല്ല. മറിച്ച്, സംഘ്പരിവാറിെൻറ ഹിന്ദുത്വ രാഷ്്ട്രമാണ്. നാം സ്നേഹിക്കുന്ന ഇന്ത്യയെ നമുക്ക് സംരക്ഷിേക്കണ്ടതുണ്ട്. നമ്മുടെ പ്രിയപ്പെട്ട രാജ്യം പാകിസ്താെൻറ ഹിന്ദുത്വപതിപ്പ് ആവരുത്.
ബി.ജെ.പിക്കാരുടെ ആക്രോശത്തിനിടയിൽ എെൻറ വാദഗതികൾ സമർഥിക്കാൻ ചാനലുകൾ ആർക്കും സമയം നൽകിയില്ല എന്നതാണ് ഏറ്റവും ഖേദകരം. ഹിന്ദു രാഷ്ട്രം എന്ന സ്വപ്നം ഉപേക്ഷിക്കാൻ ബി.ജെ.പി തയാറുണ്ടോ എന്ന എെൻറ ലളിതമായ ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. ഭരണഘടനയാണ് തെൻറ വിശുദ്ധപുസ്തകമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിശകലനം ചെയ്യുന്നതിൽനിന്ന് ഒാടിയൊളിക്കാൻ സർക്കാർ അനുകൂല ശബ്ദങ്ങൾക്ക് അവസരം നൽകി. പ്രധാനമന്ത്രിയുെട പ്രസ്താവന ഗവർണർ തഥാഗത റോയ് മുതൽ കേന്ദ്രമന്ത്രി അനന്തകുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വളച്ചൊടിച്ചിട്ടുള്ള കാര്യം മറക്കരുത്. ഭരണഘടന പരിഷ്കരിക്കാനാണ് ബി.ജെ.പി അധികാരത്തിൽ വന്നതെന്നാണ് അവർ പറയുന്നത്. സമീപഭാവിയിൽ അതുണ്ടാവുമെന്നും അവർ വ്യക്തമാക്കുന്നു. രാജ്യത്തിന് വേണ്ടി പുതിയ ഹിന്ദുത്വ ഭരണഘടന ഉണ്ടാക്കാൻ താൻ ഇതിനകം ജോലി തുടങ്ങിയിട്ടുണ്ടെന്നാണ് ആർ.എസ്.എസ് ആചാര്യൻ ഗോവിന്ദാചാര്യ വെളിപ്പെടുത്തിയിരിക്കുന്നത്.
ഭരണഘടന ഭേദഗതി ചെയ്യാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നാണ് ബി.ജെ.പി വക്താക്കൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാന ഘടന മതേതരത്വമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാൽ ഹിന്ദുത്വ പാകിസ്താൻ എന്ന ആശയം അസാധ്യമാണെന്ന് ബി.ജെ.പി ഇതര നിര പറയുന്നു. ബി.ജെ.പിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പാർലമെൻറിെൻറ ഇരുസഭകളുടെയും മൂന്നിൽ രണ്ട് ഭാഗവും പകുതി സംസ്ഥാനങ്ങളുടെയും ഭൂരിപക്ഷം ലഭിക്കാൻ അവർക്ക് സാധ്യതയില്ലെന്നതാണ് വസ്തുത. 20 സംസ്ഥാനങ്ങൾ സ്വന്തമായും രണ്ടെണ്ണം മുന്നണി ബന്ധത്തിലൂടെയും ഭരിക്കുന്ന ബി.ജെ.പിക്ക് അഞ്ചു വർഷത്തിനിടയിൽ രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ തങ്ങളുടെ സ്വപ്നം പൂവണിയിക്കാൻ ബി.ജെ.പി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുക്കും.
വകതിരിവില്ലാതെ പ്രസംഗിക്കുന്നതിൽ പേരുകേട്ടവരാണ് ഹെഗ്ഡെയെയും റോയിയെയും പോലുള്ള നേതാക്കൾ. പറഞ്ഞ വാക്ക് മാറ്റുന്നതിൽ അവർക്ക് മടിയില്ല. ഭരണഘടന രാജ്യത്തിെൻറ അടിസ്ഥാന ശിലയാണെന്നതിനെ വിമർശിക്കുന്ന ഹിന്ദുത്വ വാദികളുടെ ആശയവും വിശ്വാസവും ഹിന്ദു രാഷ്ട്രമാണ്. നാഗരികമായ ദേശീയതക്കും രാജ്യത്തിെൻറ ഭരണഘടനയുടെ പരിപാവനതക്കും എതിരാണത്.
ഭരണഘടന രാജ്യം അംഗീകരിച്ച സമയത്തുതന്നെ അന്നത്തെ ആർ.എസ്.എസ് സംഘചാലകും ആശയ വിശാരദനുമായ എം.എസ്. ഗോൾവാൾക്കർ അതിനെ വിമർശിക്കുകയായിരുന്നു. 1947ൽ കോളനി ഭരണത്തിൽ നിന്ന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിെൻറ വാദം. പുതിയ നേതാക്കൾക്ക് ദേശീയതയെക്കുറിച്ച് വികലമായ കാഴ്ചപ്പാടാണ് ഉള്ളതെന്നാണ് ഇതിന് കാരണമായി ഗോൾവാൾക്കർ ചൂണ്ടിക്കാട്ടിയത്. ഇന്നത്തെ ഹിന്ദുത്വ പ്രസ്ഥാനത്തിെൻറ മുഖ്യ ആശയ പ്രചാരകനായ ദീൻദയാൽ ഉപാധ്യായയും ഇതു തന്നെയാണ് പറഞ്ഞിരുന്നത്. ഗോൾവാൾക്കറിന് എല്ലാ ആദരവും നൽകുന്നതിന് ബി.ജെ.പി സർക്കാർ ദിനംപ്രതി ശ്രമിച്ചുവരുകയാണ്. ഇതിനായി പ്രധാനമന്ത്രി എല്ലാ മന്ത്രാലയങ്ങളിലും സെമിനാറുകൾ നടത്തി വരുകയാണ്. ഇന്ത്യക്കാരുടെ ജീവിത രീതിയുമായി ബന്ധമില്ലാത്ത, പാശ്ചാത്യരെ അനുകരിക്കുന്ന ഭരണഘടനയാണ് നമ്മൾ എഴുതിയുണ്ടാക്കിയതെന്ന് അദ്ദേഹം വാദിച്ചു.
പുരാതന ഭാരതീയതക്ക് ഉതകുന്ന രീതിയിൽ ഹിന്ദു രാഷ്ട്രീയ തത്ത്വശാസ്ത്രമായിരിക്കണം ഭരണഘടനയെന്നായിരുന്നു ഗോൾവാൾക്കറിെൻറ പക്ഷം. ഇന്ത്യൻ ദേശീയത എന്നാൽ, ഒരു ഭൂപ്രദേശത്തിൽ ചുരുക്കുന്ന പക്ഷം ജനങ്ങൾ വഴിതെറ്റി പോകുമെന്ന് അദ്ദേഹം സമർഥിച്ചു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനായി അദ്ദേഹം നിലവിലുള്ളവ പാടേ നിരാകരിക്കുകയായിരുന്നു.ഭരണഘടനയെ നിരാകരിക്കാനുള്ള തെൻറ വാദത്തിന് ഉപോദ്ബലകമായി ഗോൾവാൾക്കർ പറഞ്ഞത്, തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുന്ന ഒരു ക്ലബ് പോലെയല്ല രാജ്യം എന്നാണ്. കോടിക്കണക്കിന് ജനങ്ങൾ പ്രമേയം പാസാക്കി സൃഷ്ടിക്കാനുള്ളതല്ല, രാജ്യം. അതിലെ അംഗങ്ങൾക്ക് ഒരു പൊതു പെരുമാറ്റ ചട്ടവും ഭൂഷണമല്ല. ഒരു വൻ ജനവിഭാഗത്തിന് പൈതൃകമായ ലക്ഷ്യമുണ്ട്.
ഇത് ഹിന്ദു സനാതന ധർമമാണെന്നായിരുന്നു ഗോൾവാൾക്കർ പറഞ്ഞത്.
ഭരണഘടനയുടെ ആധികാരികതയെ തന്നെ അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു രാഷ്ട്രമല്ലാത്ത ഭരണഘടന സ്വീകാര്യമല്ലെന്ന് ഗോൾവാൾക്കർ തുറന്നടിച്ചു. ഇന്നത്തെ അദ്ദേഹത്തിെൻറ ആശയക്കാരാകെട്ട, പ്രധാനമന്ത്രി മുതൽ താഴെ തട്ടിലുള്ളവർവരെ കൂടുതൽ ഉത്സാഹത്തോടെ തങ്ങളുടെ ആചാര്യെൻറ വാക്കുകൾ എടുത്തു കാട്ടുന്നു. ഉപാധ്യായയെ സംസ്കരിച്ചിരുന്നില്ലെങ്കിൽ, തെൻറ അനുയായികൾ ഇന്ന് ഭരണഘടനയെ വാഴ്ത്തുന്നത് കാണുേമ്പാൾ അദ്ദേഹം ശവക്കല്ലറയിൽ ഉരുണ്ടു കളിക്കുമായിരുന്നു. ഭരണഘടനയിൽ അധിഷ്ഠിതമായ ജനാധിപത്യത്തോട് മോദി സർക്കാറിന് എന്ത് നിലപാടാണുള്ളതെന്ന് ചാനൽ ചർച്ചകളിലെ ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി തന്നിരിക്കുകയാണ്. മതേതരത്വവും ന്യൂനപക്ഷാവകാശവും ഉൾക്കൊള്ളുന്ന, സുപ്രീംകോടതി നിർവചിച്ചതുപോലെ അടിസ്ഥാന ഘടനയുള്ള ഭരണഘടന നിലനിർത്തുന്നതിന് നിശ്ചയമായും നാം പ്രതിജ്ഞാബദ്ധമായിരിക്കണം. ദീൻ ദയാൽ ഉപാധ്യായയോട് ബഹുമാനമുണ്ടെങ്കിലും ഭരണഘടനയുടെ കാര്യത്തിൽ അദ്ദേഹവുമായി തനിക്ക് വിയോജിപ്പുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.
തരൂർ തിരുവനന്തപുരത്ത് പറഞ്ഞത്
രാജ്യത്തിെൻറ ഭാവിയെക്കുറിച്ച് ആലോചിക്കുേമ്പാൾ എല്ലാവർക്കും അറിയാം ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും ഭാവി അപകടത്തിലാണെന്ന് എന്നു പറഞ്ഞുകൊണ്ടാണ് ഡോ. ശശി തരൂർ എം.പി പ്രസംഗിച്ചു തുടങ്ങിയത്. ‘ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിലായിരുന്നു ‘ജനസംസ്കാര’ എന്ന സംഘടന തിരുവനന്തപുരം പ്രസ് ക്ലബിൽ ഇക്കഴിഞ്ഞ 11ന് പ്രഭാഷണം സംഘടിപ്പിച്ചത്.
ഇന്ത്യ ഒരിക്കലും മതവാദത്തെ അംഗീകരിച്ചിട്ടില്ല. രാജ്യം മതത്തിെൻറ പേരിൽ വിഭജിക്കപ്പെട്ടപ്പോഴും ഇന്ത്യയും രാജ്യത്തെ നേതാക്കളും അതിനെ ശക്തമായി എതിർത്തു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സ്വാതന്ത്ര്യമാണ് ദേശീയ നേതാക്കൾ ആഗ്രഹിച്ചത്. നമ്മുടെ ഭരണഘടന തയാറാക്കിയതും അങ്ങനെത്തന്നെയാണ്. ഇന്ത്യ എല്ലാവരുടെയും രാജ്യമാണ് എന്നതാണ് സങ്കൽപം. മതം, ജാതി, വേഷം, ഭാഷ തുടങ്ങിയ വേർതിരിവൊന്നും കൂടാതെ ഇന്ത്യക്കാർക്ക് തുല്യ അവകാശം നൽകുന്നു. പക്ഷേ, ഹിന്ദു രാഷ്ട്രവാദം ഉയർത്തിയിരുന്ന ആർ.എസ്.എസിനും ജനസംഘത്തിനും ഇത് സ്വീകാര്യമായിരുന്നില്ല. ആർ.എസ്.എസ് മേധാവിയായിരുന്ന എം.എസ്. ഗോൾവാൽക്കറും ദീൻ ദയാൽ ഉപാധ്യായയും ഇന്ത്യൻ ഭരണഘടനയെ എതിർത്തു. രണ്ട് കാരണങ്ങളാണ് അവർ ഉന്നയിച്ചത്. ഒന്ന്, പാശ്ചാത്യ അഭിഭാഷകർ ചേർന്ന് ഇംഗ്ലീഷിൽ എഴുതിയ പാശ്ചാത്യ ആശയങ്ങളാണ്. മറ്റൊന്ന് ഹിന്ദുത്വ ആശയങ്ങൾ ഉൾക്കൊള്ളുന്നില്ല. തെറ്റായ ആശയങ്ങളാണ് ഭരണഘടനയിലുള്ളത്.
അന്ന് ഭരണഘടനയെ എതിർത്തവരെ മഹാപുരുഷന്മാരായി അംഗീകരിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഉപാധ്യായയുടെ ചിന്തകൾ പ്രചരിപ്പിക്കാൻ കേന്ദ്ര മന്ത്രിമാർ മത്സരിച്ച് സെമിനാറുകൾ നടത്തുകയാണ് ഒരു ഭാഗത്ത്. തെൻറ മാതൃകാ പുരുഷനാണ് ദീനദയാലെന്ന് പ്രധാനമന്ത്രി മോദി പറയുേമ്പാൾ തന്നെ മറുഭാഗത്ത് ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും പ്രഖ്യാപിക്കുന്നു. ഉപാധ്യായ തനിക്ക് മാതൃകയാണ്, എന്നാൽ, അദ്ദേഹം ഭരണഘടനയെ എതിർത്തതിനോട് വിേയാജിപ്പുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞാൽ മനസ്സിലാക്കാം. അതുണ്ടാകുന്നില്ല.
ഇന്ത്യയുടെ കരുത്ത് മതേതരത്വവും രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുമാണ്. സെക്കുലറിസമെന്നാൽ, പാശ്ചാത്യരാജ്യങ്ങളിൽ മതങ്ങളിൽനിന്നുള്ള അകൽച്ചയോ മതരഹിതമോ ആണ്. ഫ്രാൻസിൽ മതചിഹ്നമുള്ള വേഷമോ അടയാളങ്ങളോ ആയി സർക്കാർ സ്കൂളുകളിലോ ഒാഫിസുകളിലോ പോകാൻ കഴിയില്ല. അതാണ് അവിടുത്തെ സെക്കുലിറസം. എന്നാൽ, ഇന്ത്യയിൽ ആർക്കും എതു മതത്തിലും വിശ്വസിക്കാൻ ഭരണഘടന ഉറപ്പു നൽകുന്നു. ഏതുമതത്തിെൻറ വേഷവും ചിഹ്നവും ധരിച്ച് ആർക്കും എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. മുസ്ലിമിനേക്കാൾ പശുവിന് സംരക്ഷണം ലഭിക്കുന്നു.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ബി.ജെ.പിക്ക് ഇനിയും ഭൂരിപക്ഷം ലഭിച്ചാൽ ജനാധിപത്യ ഭരണഘടന ഇല്ലാതാകുമെന്നതാണ്. ലോക്സഭയിൽ ഇപ്പോഴത്തെ ഭൂരിപക്ഷവുമായി മടങ്ങിവന്നാൽ, ഭരണഘടന മാറ്റിയെഴുതുന്നതിനുള്ള ശ്രമം തുടങ്ങും. ഇപ്പോഴത്തെ സാഹചര്യത്തിൽ നാലഞ്ച് വർഷത്തിനകം രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കും. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി സഖ്യമാണ് അധികാരത്തിൽ. ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. നമ്മുടെ ഭരണഘടനശില്പികളായ ഡോ. അംബേദ്കറും നെഹ്റുവും പട്ടേലും ആസാദുമൊക്കെ മുൻകൈയെടുത്ത് നാനാജാതി മതസ്ഥർക്ക് തുല്യനീതിയും തുല്യ അവകാശങ്ങളും അവസരസമത്വവുമൊക്കെ ഉറപ്പാക്കിയ ഭരണഘടനയാണ് നിലവിലുള്ളത്. ഗാന്ധിജിയും നെഹ്റുവും പട്ടേലും ആസാദും സ്വപ്നം കാണാത്തതാണ് ഹിന്ദുരാഷ്ട്ര വാദം.
രാജ്യം അടുത്തിടെയാണ് അടിയന്തരാവസ്ഥയുടെ വാർഷികം ആഘോഷിച്ചത്. ബി.ജെ.പി നേതാക്കൾ കോൺഗ്രസിനെ കുറ്റപ്പെടുത്തി ലേഖനങ്ങളെഴുതി. എന്നാൽ, രാജ്യത്ത് നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെ കുറിച്ച് അവർ ശബ്ദിക്കുന്നില്ല. നേതാക്കളെ അറസ്റ്റ് ചെയ്യുന്നില്ലെന്നതും മാധ്യമങ്ങൾക്ക് സെൻസർഷിപ്ഏർപ്പെടുത്തുന്നില്ലെന്നതും ഒഴിച്ചാൽ, പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണ് ഇന്ത്യയിൽ. നേതാക്കളെ അറസ്റ്റ് ചെയ്യാതെതന്നെ നിശ്ശബ്ദരാക്കുന്നു. സെൻസർഷിപ്പ് ഇല്ലാതെ മാധ്യമങ്ങളെയും വരുതിയിലാക്കുന്നു. മാധ്യമ സ്വാതന്ത്ര്യമെന്നത് ചിലർക്ക് വ്യാപാര, നികുതി താൽപര്യങ്ങളാണ്. ബി.ജെ.പി നേതാക്കൾക്ക് എതിരെ വരുന്ന വാർത്തകൾ പിറ്റേന്നുതന്നെ വെബ്സൈറ്റിൽ തിരുത്തുന്നത് ഇതു കൊണ്ടാണ്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഇന്ത്യയെക്കുറിച്ചാണ് പറഞ്ഞത്. എന്നാൽ, എന്താണ് പുതിയ ഇന്ത്യയെന്നും അത് എങ്ങനെ സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞില്ല. 2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നിലനിൽപിനെ തന്നെ ബാധിക്കുന്നതാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിൽക്കണമെന്ന് ചിന്തിക്കുന്നവരുടെതാണ് അടുത്ത തെരഞ്ഞെടുപ്പ്.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.