അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിന് ഇന്ന് ശിലാന്യാസം നടത്തുമ്പോള്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാകുന്നത് എഴുതിയ ജഡ്ജിയുടെ പേരുപോലും രേഖപ്പെടുത്താത്ത വിധിപ്രസ്താവത്തിലൂടെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രമാദമായ തര്‍ക്കത്തിന് മോദിസര്‍ക്കാര്‍ കൊതിച്ച തീര്‍പ്പ് കൽപിച്ച മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ്.
രാമക്ഷേത്ര വിധിക്ക് പ്രത്യുപകാരമായി ബി.ജെ.പി രാജ്യസഭയിലെത്തിച്ച രഞ്ജന്‍ ഗൊഗോയിയെയാണ് ശിലാന്യാസത്തിൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കേണ്ടതെന്ന് വാജ്പേയി സര്‍ക്കാറിലെ മന്ത്രിയായിരുന്ന മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞത് വെറുതെയല്ല. ഇന്ത്യ എന്ന ആശയത്തോളം പഴക്കമുള്ള തർക്കമെന്ന് പറഞ്ഞുതുടങ്ങുന്ന വിധിന്യായത്തിലൂടെ തങ്ങൾ ക്രിമിനൽ കൃത്യം എന്ന് വിശേഷിപ്പിച്ച ആരാധനാലയം തകർക്കലിന് നേതൃത്വം നൽകിയവർക്ക് ആ ഭൂമി വിട്ടുകൊടുത്ത് ആ ആശയത്തിെൻറതന്നെ കടക്കൽ കത്തിവെച്ചത് അദ്ദേഹമായിരുന്നല്ലോ.
ബാബരിഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി 'രാം ലല്ല വിരാജ്മാ'െൻറ പേരില്‍ കക്ഷിചേര്‍ന്ന ഹിന്ദുത്വകക്ഷിയായ വിശ്വഹിന്ദു പരിഷത്തിന് വിട്ടുകൊടുക്കുകയാണ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചെയ്തത്. അലഹബാദ് ഹൈകോടതി കേസിലെ കക്ഷികളായി കണ്ട സുന്നി വഖഫ് ബോര്‍ഡിനെയും നിര്‍മോഹി അഖാഡയെയും ഒഴിവാക്കിയായിരുന്നു ഏകപക്ഷീയമായ ആ വിധി.
അതേസമയം, എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ട തീര്‍പ്പ് കോടതിവിധിയായി അംഗീകരിക്കാമെന്ന് പറഞ്ഞിട്ടുപോലും വഞ്ചനയില്‍ വ്രണിതരായ മുസ്ലിം ന്യൂനപക്ഷത്തോട് അവരുടെ മുറിവുണക്കി ഒൗചിത്യം കാണിക്കാന്‍ ആക്രമണോത്സുകതയില്‍ വിശ്വസിക്കുന്ന ഹിന്ദുത്വ ഭരണകൂടം തയാറല്ല. കാരണം ഒരു മതേതര ജനാധിപത്യ രാജ്യമായിരുന്ന ഇന്ത്യയെ കഴിഞ്ഞ ആറുവര്‍ഷമായി ഹിന്ദുത്വരാഷ്ട്രമാക്കി പരിവര്ത്തിപ്പിക്കുന്നതിെൻറ പ്രധാന കാര്യപരിപാടിയാണ് മോദി സര്‍ക്കാറിന് രാമക്ഷേത്ര നിര്‍മാണം.
അതുകൊണ്ടാണല്ലോ ഹിന്ദുക്കളുടെ വിശ്വാസത്തിെൻറ ഭാഗമാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടുതന്നെ ഹിന്ദുത്വത്തിെൻറ രാഷ്ട്രീയ അജണ്ടയാക്കി തര്‍ക്ക സ്ഥലത്ത് രാജീവ്ഗാന്ധി നടത്തിയ ആദ്യ ശിലാന്യാസം പോരാഞ്ഞ് അതിനെ മറികടക്കാന്‍ മറ്റൊരു ശിലാന്യാസം സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത്.
കെ.കെ. നായരുടെ കര്സേവഏറ്റെടുത്ത രാജീവ് ഗാന്ധി
ഇന്ന് രണ്ടാം ശിലാന്യാസം നടക്കുന്ന രാമക്ഷേത്രത്തിെൻറ ആദ്യ കര്സേവകന് ഒരു മലയാളിയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നത് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ നോക്കിനിന്ന മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിെൻറ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗോഡ്ബോലെയാണ്. ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുന്നതിന് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഒരു തര്‍ക്കത്തെ സ്വതന്ത്ര ഇന്ത്യയില്‍ രാമക്ഷേത്ര അജണ്ടയാക്കി പരിവര്‍ത്തിപ്പിച്ചത് ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചു കയറി വിഗ്രഹം കൊണ്ടുവെക്കാന്‍ നേതൃത്വം നല്കിയ മലയാളിയായ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ. നായരാണ്.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുണ്ടായ ഒരു ഭൂമി തര്‍ക്കത്തെ ഹിന്ദുത്വരാഷ്ട്ര നിര്‍മിതിക്കുള്ള രാമക്ഷേത്രപ്രസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കാന്‍ 1949 ഡിസംബറിലെ അതിക്രമത്തിലൂടെ അടിത്തറയിടുകയായിരുന്നു കെ.കെ. നായര്‍. അതിക്രമിച്ചു കയറി പള്ളിക്കകത്ത് സ്ഥാപിച്ച വിഗ്രഹം നീക്കം ചെയ്യാന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നല്കിയ നിര്‍ദേശം ധിക്കരിച്ച നായരെയും ഭാര്യയെയും ഹിന്ദു മഹാസഭയും ജനസംഘവും പ്രത്യുപകാരമായി പാര്ലമെൻറിലെത്തിച്ചു.
തര്‍ക്കമുടലെടുത്തതിനെ തുടര്‍ന്ന് പള്ളിയില്‍ നമസ്കാരത്തിന് അധികൃതർ വിലക്കേര്‍പ്പെടുത്തി പള്ളി അടച്ചുപൂട്ടി. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ മുഹമ്മദ് ഹാഷിം അന്‍സാരിയെ ക്രമസമാധാനലംഘനത്തിന് അറസ്റ്റ് ചെയ്തു. ബാബരി മസ്ജിദിനടുത്ത് പോയി ബാങ്ക് വിളിച്ചുവെന്ന കുറ്റത്തിന് ഫൈസാബാദ് കോടതി 1952ല്‍ അന്‍സാരിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. 1961ല്‍ അന്‍സാരി മറ്റ് ആറ് പേരോടൊപ്പം ചേര്‍ന്നാണ് ബാബരി മസ്ജിദിനുവേണ്ടി സുന്നി സെന്‍ട്രല്‍ വഖഫ്ബോര്ഡിനൊപ്പം നിയമയുദ്ധം നടത്തിയത്.
ബാബരി മസ്ജിദ് ധ്വംസനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിയമലംഘനവും ഹിന്ദുത്വ പ്രീണനവും ഒരുപോലെ നടത്തിയെന്ന് വിശ്വസിക്കുന്ന മാധവ് ഗോഡ്ബോലെ അത് പൂജക്കായി 1986ല്‍ തുറന്നുകൊടുക്കുകയും പിന്നീട് തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താന്‍ അനുമതി നല്‍കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയാണ് രണ്ടാം കര്സേവക്കാരനായി കാണുന്നത്. രാജീവ് ഗാന്ധിക്ക് പിറകെയുള്ള മറ്റൊരു കര്‍സേവകനാണ് നരസിംഹറാവുവെന്നും ബാബരിധ്വംസനത്തെ തുടര്‍ന്ന് സിവില്‍ സര്‍വിസില്‍നിന്ന് രാജിവെച്ച മാധവ് ഗോഡ്ബോലെ പറയുന്നു.
കോണ്‍ഗ്രസിെൻറ താവഴിയും ഇടതുപക്ഷത്തിെൻറ നിലപാടും
അയോധ്യയിൽ കർസേവകർ ബാബരിമസ്ജിദ് തകർക്കുന്ന നിർണായകവേളയിൽ പൂജാമുറിയിലേക്കു പോയ അന്നത്തെ പ്രധാനമ്രന്തി പി.വി. നരസിംഹറാവു അത് തകർത്തുകഴിഞ്ഞുവെന്ന് ഉറപ്പാക്കി പുറത്തുവന്ന ശേഷം ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയത് അനുസ്മരിച്ചത് അന്തരിച്ച മാധ്യമപ്രവർത്തകൻ കുൽദീപ് നയാറാണ്.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള ആ വിളി റാവുവിെൻറയും കോൺഗ്രസ് സർക്കാറിെൻറയും വലിയ പാതകം പ്രതിരോധിക്കാനായിരുന്നു. തനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നും സൈന്യം അവിടെ എത്താൻ വൈകിയെന്നും റാവു പറഞ്ഞപ്പോൾ താങ്കളീ പറയുന്നത് ശരിയായിരുന്നുവെങ്കിൽ അവിടെ കേന്ദ്രത്തിെൻറ അർധസൈനിക വിഭാഗങ്ങളുണ്ടായിരുന്നില്ലേ എന്ന് ആ വാദം ഖണ്ഡിച്ചത് കുൽദീപ് നയാറായിരുന്നു.
എന്തുകൊണ്ടാണ് കേന്ദ്രത്തിെൻറ സ്വന്തം നിയന്ത്രണത്തിലുള്ള ആ സേനകളൊന്നും ചെയ്യാതിരുന്നതെന്നും അതിനെക്കാളുപരിയായി താങ്കളൊരു പ്രധാനമന്ത്രിയല്ലേയെന്നും ബാബരി മസ്ജിദിന് ചുറ്റിലും ടാങ്കുകൾ നിരത്തി കവചമൊരുക്കാൻവരെ താങ്കൾക്ക് സാധിക്കുമായിരുന്നില്ലേ എന്നും നയാർ ചോദിച്ചപ്പോൾ റാവു പ്രതിരോധത്തിലായി.
പള്ളി പൊളിച്ചതിനുമേൽ താൽക്കാലിക ക്ഷേത്രം കെട്ടാൻ അനുവദിച്ചത് റാവുവിെൻറ ഭാഗത്തുനിന്നുണ്ടായ ഏറ്റവും മോശമായ നടപടിയായി ചൂണ്ടിക്കാട്ടിയ കുൽദീപ് നയാർ ഇക്കാര്യത്തിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞേ തീരൂ എന്ന് വാശിപിടിച്ചു.
''ബാക്കി താങ്കൾ പറഞ്ഞതൊക്കെ ഞങ്ങൾ സമ്മതിക്കാം. താങ്കൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞതും വിശ്വസിക്കാം. എന്നാൽ, ഇക്കാര്യത്തിൽ താങ്കൾ ഇനിയെന്ത് നടപടിയെടുക്കും?'' -നയാർ ചോദിച്ചു. ബലപ്രയോഗത്തിലൂടെ പള്ളിപൊളിച്ച് കർസേവകർ കെട്ടിയുണ്ടാക്കിയ ആ ക്ഷേത്രം ദീർഘകാലമുണ്ടാകില്ലെന്നും താന്‍ അത് നീക്കം ചെയ്യുമെന്നുമായിരുന്നു റാവുവിെൻറ മറുപടി.
ആ സ്ഥലത്ത് ക്ഷേത്രമുണ്ടാകില്ല എന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാമെന്ന് നരസിംഹറാവു അന്ന് ഉറപ്പുനൽകി. എല്ലാ മുതിർന്ന മാധ്യമപ്രവർത്തകരും ആ ഉറപ്പിന് സാക്ഷികളാണ്. എന്നാൽ, അതിനുശേഷം നിരവധി തവണ റാവുവിനെ കണ്ടപ്പോൾ ഈ വാക്കു പാലിക്കാത്തത് ചോദ്യം ചെയ്തിട്ടുണ്ടെന്നും നിരവധി തവണ അദ്ദേഹത്തിന് എഴുതിയെന്നും ഒരു ഫലവുമുണ്ടായില്ലെന്നും കുൽദീപ് നയാർ പറഞ്ഞിട്ടുണ്ട്. കോൺഗ്രസിനകത്ത് എന്നും ഹിന്ദുത്വ അനുകൂലികളും പ്രതികൂലികളുമുണ്ടായിട്ടുണ്ട് എന്നുപറഞ്ഞ നയാർ രാജ്യത്ത് ശരിക്കും മതേതരത്വമുണ്ടായിരുന്നുവെങ്കിൽ ബാബരി മസ്ജിദ് സുരക്ഷിതമായി നിലനിന്നിരുന്നേനെ എന്നും അന്ന് ചേർത്തുപറഞ്ഞു.
മുൻ പ്രധാനമന്ത്രി നരസിംഹ റാവു അടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കൾ മാത്രമല്ല ഇന്നത്തെ കോൺഗ്രസ്നേതാക്കൾപോലും ബാബരി മസജിദിെൻറ പതനം ഒരു അനുഗ്രഹമെന്ന നിലയിലാണ് കാണുന്നതെന്ന് തെളിയിക്കുന്നതാണ് കമൽനാഥിൽ തുടങ്ങി ഇപ്പോൾ പ്രിയങ്കയിലെത്തി നിൽക്കുന്ന രാമക്ഷേത്രത്തിനുള്ള െഎക്യദാർഢ്യ പ്രഖ്യാപനങ്ങൾ.
കശ്മീര്‍ ജനതയുടെ ചിറകരിഞ്ഞ് ഇന്ത്യന്‍ ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിെൻറ വാര്‍ഷികത്തില്‍ ആര്.എസ്.എസ് മറ്റൊരു സുപ്രധാന അജണ്ട നടപ്പാക്കുമ്പോള്‍ കശ്മീര്‍വിഷയത്തില്‍ ഒപ്പം നിന്ന ഇടതുപക്ഷമടക്കമുള്ളവര്‍ പോലും രാമക്ഷേത്ര നിര്‍മാണം വന്നപ്പോള്‍ ന്യൂനപക്ഷങ്ങള്ക്കൊപ്പമില്ല. ബാബരിപള്ളി തകര്‍ത്ത സ്ഥലത്തെ രാമക്ഷേത്രനിർമാണം ട്രസ്റ്റിന് വിട്ടേക്കൂ എന്നു പറയുന്നതില്‍ പരിമിതപ്പെടുന്നു വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിെൻറ പ്രതിഷേധം.
സ്വയം മുന്നിട്ടിറങ്ങുന്ന മുസ്ലിം ന്യൂനപക്ഷം
ഇന്ത്യൻ റിപ്പബ്ലിക്കിനെ ആര്.എസ്.എസിെൻറ കാര്‍മികത്വത്തില്‍ ഒരു ഹിന്ദുത്വരാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള പരസ്യപ്രഖ്യാപനമായി രാമക്ഷേത്ര ശിലാന്യാസത്തെ മാറ്റുമ്പോള്‍ സ്വന്തം കര്‍തൃത്വം വെളിപ്പെടുത്തുകയും അസ്തിത്വം സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നിടത്തേക്ക് ഇന്ത്യന്‍ മുസ്ലിംകള് വളര്‍ന്നുവെന്നതാണ് ബാബരി മസ്ജിദിനായുള്ള അവരുടെ പോരാട്ടത്തിെൻറ ബാക്കിപത്രം.
പരമോന്നത കോടതികളില്നിന്നുപോലും നീതി പ്രതീക്ഷിക്കാന്‍ കഴിയാത്ത ഒരു സമൂഹമെന്ന പരിമിതിക്കിടയിലാണ് ഈയൊരു വളര്‍ച്ച. അതിെൻറ ഫലമാണ് സ്വന്തം പൗരത്വം സ്ഥാപിച്ചെടുക്കുന്നതിന് നിയമപോരാട്ടം പോലും കാത്തുനില്‍ക്കാതെ തെരുവുകളിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും പ്രാപ്തമാക്കിയതും. ഒരു സമുദായമെന്ന നിലക്ക് ഇന്ത്യയിലെ മുസ്ലിംകള് സ്വയം ആര്‍ജിച്ചെടുത്ത ഈ ആത്മവിശ്വാസവും പോരാട്ടവീര്യവും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയും വിധം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള മതേതരകക്ഷികളൊന്നും വളര്‍ന്നില്ല എന്നതാണ് ഇന്ത്യയുടെ വലിയ ദുര്യോഗം.
തങ്ങള്‍ക്കൊക്കെ തരം പോലെ ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാവുന്ന ഒരു കാലത്തുനിന്നു രാജ്യത്തെ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും കാത്തുനില്‍ക്കാതെ സ്വന്തം അവകാശപ്പോരാട്ടങ്ങള്‍ക്കായി സ്വയം മുന്നിട്ടിറങ്ങുന്ന തരത്തില്‍ അവര്‍ ഉയര്‍ന്നുവരുന്നു. സ്വന്തം അസ്തിത്വത്തേക്കാള്‍ വലുതായൊന്നുമില്ലെന്ന തിരിച്ചറിവിൽ അതിെൻറ സംരക്ഷണത്തിന് ആരെയും കാത്തുനിൽക്കാതെ അവർ സ്വയം ഇറങ്ങിത്തിരിക്കുേമ്പാൾ മൃദുഹിന്ദുത്വ കളികളിലൂടെ കുത്തിയൊലിച്ചുപോകുന്നത് കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ളവരുടെ കാലിനടിയിലെ മണ്ണാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.