മുഞ്ഞ, തണ്ടുതുരപ്പൻ, ഇലചുരുട്ടി തുടങ്ങിയ കീടങ്ങളാണ് കർഷകരുടെയും കൃഷിയുടെയും പരമ്പരാഗത ശത്രുക്കളായി വിലയിരുത്തിപ്പോരുന്നത്. എന്നാൽ, അതിലേറെ നാശം വരുത്തുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവർക്ക് കുടപിടിക്കുന്നവരുമാണ്. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാറില്ലെന്നുമാത്രമല്ല,
സർക്കാർ പദ്ധതികൾ നടപ്പാക്കാതെ പണാപഹരണം നടത്തിയ ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിന് അവാർഡ് നൽകിയ മാതൃകയുമുണ്ട് കൃഷി വകുപ്പിൽ. ഓഫിസുകളിലിരുന്ന് കടലാസ് കണക്കുണ്ടാക്കി വകുപ്പിനെയും സർക്കാറിനെയും കബളിപ്പിച്ച വയനാട്ടിലെ ഉദ്യോഗസ്ഥരിലൊരാൾക്കാണ് അവാർഡുകൾ ലഭിച്ചത്.
2016-17ലെ പച്ചക്കറി വികസന പദ്ധതിയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും 2014-15ൽ ഒന്നാംസ്ഥാനവും 2015-16ൽ പച്ചക്കറി വികസനം ശക്തിപ്പെടുത്തിയതിന് രണ്ടാം സ്ഥാനവും ഇദ്ദേഹത്തിനായിരുന്നു. കൃത്രിമ കണക്കുകൾ തയാറാക്കി, പദ്ധതികൾ സാമ്പത്തിക ലക്ഷ്യം കൈവരിച്ചതായി കാണിച്ചാണ് അവാർഡുകൾ സ്വന്തമാക്കിയത്.
തിരൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിനുകീഴിെല മംഗലം, പുറത്തൂർ കൃഷിഭവനുകളിൽ പച്ചക്കറി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി സംബന്ധിച്ച് മലപ്പുറം ജില്ല ധനകാര്യ പരിശോധന വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് നിരവധി തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നിരുന്നു.
രണ്ടു കൃഷി ഭവനുകളിലും മാർഗനിർദേശങ്ങൾ പാലിക്കാതെയും ശരിയായ ഫീൽഡ് പരിശോധന നടത്താതെയുമാണ് സബ്സിഡി അനുവദിച്ചത്. സബ്സിഡി വാങ്ങുന്നവർ കൃഷി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ല. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതിൽ കൃഷിഭവൻ അധികൃതരുടെ അലംഭാവം ഗുരുതരമാണ്.
ഒട്ടുമിക്ക അപേക്ഷകളിലും ഗുണഭോക്താക്കളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഫയലിൽ ഇല്ല. സൈറ്റ് സന്ദർശിച്ച് വിലയിരുത്തിയശേഷം സബ്സിഡി അനുവദിക്കുന്നതു സംബന്ധിച്ച് കൃഷി അസിസ്റ്റൻറ് നൽകിയ ശിപാർശയില്ല. തുക അനുവദിച്ച കൃഷി ഓഫിസറുടെ ഉത്തരവില്ല. ഫീൽഡ് പരിശോധന നടത്താതെയാണ് ധനസഹായം അനുവദിച്ചതെന്ന് വ്യക്തം.
പച്ചക്കറി കർഷകർക്ക് സ്വയം വിളവെടുത്ത് കുറഞ്ഞ ചെലവിൽ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന സംഭരണ ഉപകരണമാണ് സീറോ എനർജി കൂൾ ചേംബർ. ഇഷ്ടിക, മണൽ, പുല്ല്, വൈക്കോൽ, ചാക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്.
പുറത്തെ താപനിലയേക്കാൾ 10- 15 ഡിഗ്രി തണുപ്പ് അറക്കുള്ളിൽ നിലനിർത്താൻ കഴിയും. 2017-18ൽ 15,000 രൂപ ഇതിന് സബ്സിഡി നൽകി. പുറത്തൂർ കൃഷിഭവനുകീഴിൽ നടത്തിയ പരിശോധനയിൽ പലയിടത്തും കൂൾ ചേംബർ ഉപയോഗശൂന്യമായി കിടക്കുന്നതാണ് കണ്ടത്.
പച്ചക്കറി സംഭരിക്കേണ്ട ആവശ്യം വരുന്നില്ല എന്നായിരുന്നു കർഷകരുടെ മറുപടി. സബ്സിഡി ലഭിച്ചതാകട്ടെ വളരെ കുറച്ച് വിളവെടുക്കുന്നവർക്കും. ഈ രീതിയിലും വകുപ്പിന് കോടികൾ പാഴായി.
ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ സോഷ്യൽ ഓഡിറ്റ് കേരളത്തിൽ നടപ്പാക്കാൻ കഴിയുന്നില്ലെന്നാണ് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഒരിക്കൽ പറഞ്ഞത്. സംസ്ഥാനത്തെ ചില ഐ.എ.എസ് ഉദ്യോഗസ്ഥർ ഇടങ്കോലിടുന്നതുതന്നെ കാരണം.
വയനാട്ടിൽ നടന്ന തട്ടിപ്പുകൾ സോഷ്യൽ ഓഡിറ്റിെൻറ അഭാവത്തിലേക്കാണ് വിരൽചൂണ്ടുന്നത്. വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് സംവിധാനത്തിെൻറ പ്രവർത്തനം കടലാസിലാണ്. ധനകാര്യ പരിശോധന വിഭാഗമോ സി.എ.ജിയോ മാത്രം കണ്ടെത്തുന്ന വസ്തുതകൾ ആഭ്യന്തര വിജിലൻസിെൻറ കണ്ണിൽപെടുന്നില്ല.
രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തില് കൃഷിയുടെ പങ്കിൽ കുറവ് വരുന്നുണ്ടെങ്കിലും അനേക ദശലക്ഷം ജനങ്ങള്ക്ക് ഭക്ഷണം, ജീവനോപാധി എന്നിവ നല്കുന്നതില് കാർഷികവൃത്തിയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. ഇതു തിരിച്ചറിഞ്ഞ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട വകുപ്പിലാണ് അങ്ങേയറ്റത്തെ അനാസ്ഥ അരങ്ങേറുന്നത്.
മറ്റെല്ലാ വകുപ്പുകളിലും എന്നതുപോെല കൃഷി വകുപ്പിലും ആഭ്യന്തര പരിശോധന വിഭാഗമുണ്ട്. ഇവർ തയാറാക്കി നൽകുന്ന റിപ്പോർട്ടുകൾ ഒരു നടപടിയുമില്ലാതെ പൊടിപിടിച്ച് കിടക്കുന്നതാണ് അഴിമതി വ്യാപനത്തിന് പ്രധാന കാരണം.
വിവിധ പദ്ധതികൾക്കായി നല്ല ലക്ഷ്യത്തോടെ കോടികളാണ് കൃഷി വകുപ്പ് വകയിരുത്തുന്നത്. പല അസി. ഡയറക്ടർ ഓഫിസുകളിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 50- 60 കോടിയിലധികം രൂപയുടെ സാമ്പത്തിക വിനിമയം നടന്നിട്ടുണ്ട്. മാനന്തവാടിയിൽ ഒരു അക്കൗണ്ടിൽനിന്ന് കോടിയോളം രൂപയുടെ ചോർച്ച നടന്നിട്ടും വകുപ്പിലെ ഉന്നതർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
നിലവിൽ ധനകാര്യ വകുപ്പിൽനിന്ന് വിജിലൻസ് ഓഫിസർ, സീനിയർ ഫിനാൻസ് ഓഫിസർ എന്നിവർ കൃഷി ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര ഓഡിറ്റ് സംവിധാനം സീനിയർ ഫിനാൻസ് ഓഫിസറുടെ നിയന്ത്രണത്തിലുമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാര്യക്ഷമമായി പരിശോധന നടത്താൻ ഈ ഉദ്യോഗസ്ഥന് സാധിക്കാറില്ല.
നിലവിലുള്ള ആഭ്യന്തര പരിശോധന സംവിധാനം പഴുതുകൾ അടച്ച് ശക്തിപ്പെടുത്തിയാൽ ഒരു പരിധിവരെ അഴിമതിയും ധൂർത്തും തടയാൻ കഴിയും. എങ്കിൽ മാത്രമേ കാർഷിക പദ്ധതികൾ ലക്ഷ്യം കൈവരിക്കൂ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.