ഭാഷകളുടെ ഏകോപനംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ലോകത്തിലെ തന്നെ മൂന്നാമത്തെ പുസ്തകമേളയാണ് ഷാർജയിൽ 35 വർഷമായി നടന്നുവരുന്നത്. ഒരു ഭരണാധികാരി ലോകത്തിലെ വിവിധ ഭാഷകളോടും അതുൽപാദിപ്പിക്കുന്ന സാംസ്കാരിക ബഹുസ്വരതകളോടും കാണിക്കുന്ന ബഹുമാനം തന്നെയാണ് ഈ പുസ്തകോത്സവം. മനുഷ്യെൻറ ഭൗതിക ജീവിതപരിസരങ്ങൾ സമ്പന്നമാകുമ്പോൾ അവെൻറ ആന്തരിക ബോധമണ്ഡലങ്ങളും നിരന്തരമായി പരിവർത്തനം നടക്കേണ്ടതുണ്ട്. അതിന് അറിവാണ് ആയുധം.
അറബ് ദേശീയ സമൂഹങ്ങളിൽ യു.എ.ഇ പൗരന്മാർ സമാധാനവും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണ്. ഒപ്പം ഇവിടെ എത്തുന്ന വിദേശികൾക്കും അത്തരം ചുറ്റുപാടുകൾ ഒരുക്കാൻ ഭരണാധികാരികൾ ഇടപെടാറുണ്ട്. അതുകൊണ്ടുമാത്രം മനുഷ്യധർമങ്ങൾ പൂർത്തീകരിക്കപ്പെടുന്നില്ല എന്നൊരു ആഹ്വാനംകൂടി ഷാർജ ഭരണാധികാരി ലോകത്തോട് പങ്കുവെക്കു്ക്കുന്നുണ്ട്.
35 വർഷമായി (ഇത് മുപ്പത്താറാം വർഷം) ഷാർജയിൽ നടന്നുവരുന്ന ലോക പുസ്തകമേളക്ക് നേതൃത്വം നൽക്കുന്ന ഷാർജ ഭരണാധികാരിയായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി സമ്പന്നമായ അറിവിെൻറ ഉറവിടംകൂടിയാണ്. ഈ ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം പുസ്തകോത്സവം ഒരു ഭരണപരമായ നടപടി മാത്രമല്ല. മറിച്ച് എഴുത്തിനോടും വായനയോടും അദ്ദേഹം വെച്ചുപുലർത്തുന്ന സമീപനത്തിെൻറയും താൽപര്യത്തിെൻറയും ഭാഗംകൂടിയാണ്. ഭരണാധികാരി സാമ്പ്രദായിക അധികാരങ്ങൾക്ക് അപ്പുറം എഴുത്തിെൻറയും വായനയുടെയും അപാരസാധ്യതയിൽ അഭിരമിക്കുമ്പോൾ ആ സംസ്കാരിക ഊർജം രാജ്യത്തെ ജനങ്ങൾക്കുകൂടി അവകാശപ്പെട്ടതാക്കുന്നു. ഇന്നത് ലോകത്തിനുതന്നെ മാതൃകയാവുന്നു. കാരണം ഈ വർഷം നൂറിലധികം രാജ്യങ്ങളിൽനിന്ന് 1500ഒാളം പ്രസാധകരാണ് എത്തുന്നത്. ഒരിക്കൽ അദ്ദേഹം പറഞ്ഞത് തെൻറ ശേഖരത്തിലുള്ള പുരാതന ഗ്രന്ഥങ്ങളും കൈയെഴുത്ത് പ്രതികളും വഹിക്കാൻ 400 ട്രക്കുകൾ വേണ്ടിവരും എന്നാണ്. ഇത്രയധികം എഴുത്തിനെയും വായനയെയും നെഞ്ചോട് ചേർത്തുപിടിച്ച് അതിെൻറ ആവേശം സദാ നിലനിർത്താൻ വർഷംതോറും നടത്തുന്ന ഷാർജ പുസ്തകോത്സവത്തിെൻറ പ്രധാന സാരഥി മലയാളിയായ മോഹൻ കുമാറാണെന്ന കാര്യം മലയാളിക്ക് കിട്ടിയ മറ്റൊരു അംഗീകാരമാണ്. ഈ വ്യക്തിത്വ സാന്നിധ്യം മലയാളിയുടെ സാംസ്കാരിക പ്രവാസത്തിന് ശക്തി പകരുന്ന ഘടകമാണ്.
അമ്പതു പിന്നിട്ട മലയാളിയുടെ ഗൾഫ് കുടിയേറ്റത്തെ ഇപ്പോൾ പ്രതിനിധാനം ചെയ്യുന്നത് പുതിയ തലമുറയാണ്. അവർക്ക് അറിവ് വിരൽത്തുമ്പിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ ചെറുതും വലുതുമായ 90 ശതമാനം പ്രസാധകരും ഷാർജയിൽ അവരുടെ ഇടം സ്ഥിരപ്പെടുത്തുന്നത്. കണക്ക് നോക്കിയാൽ അറിയാം ഓരോ വർഷവും മലയാള പ്രസാധകർ കൂടിവരുകയാണ്. ഈ വർഷം ഇന്ത്യയിനിന്ന് നൂറിലധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്. അതിൽ 70 ശതമാനവും കേരളത്തിൽ നിന്നാവാനാണ് സാധ്യത. കാരണം നവംബർ ഒന്നുമുതൽ പതിനൊന്ന് വരെ നടക്കുന്ന പുസ്തകമേളയിൽ എഴുപതിലധികം മലയാള പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. അത്രമാത്രം മലയാളത്തിെൻറ സാന്നിധ്യമുണ്ട് അറേബ്യൻ മണ്ണിൽ നടക്കുന്ന ഈ പുസ്തകമേളക്ക്.
ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി
ഗൾഫിന് പുറത്തുനിന്നുള്ള മലയാളികൾ ഇവിടെ വന്ന് പുസ്തകങ്ങൾ വാങ്ങുകയില്ല. അപ്പോൾ ഇവിടത്തെ മലയാളി സാന്നിധ്യം ഗൾഫ് മലയാളികൾതന്നെ. വിശേഷിച്ചും ഒമ്പതു ലക്ഷം വരുന്ന യു.എ.ഇ മലയാളികൾ. അവരുടെ ഭാഷയോടുള്ള അഭിനിവേശമാണ് വായനയിലൂടെ പ്രകടമാകുന്നത്. ഇതിനെ കേരളത്തിന് സാംസ്കാരിക പ്രവാസം എന്നു വിളിക്കാം.
ഗൾഫ് കുടിയേറ്റത്തിെൻറ പ്രാഥമിക ലക്ഷ്യം തൊഴിലാണ്. അതിനപ്പുറം അത് വികാസംപ്രാപിക്കുന്നത് ഓരോ പ്രവാസിയുടെയും ജീവിത പരിതസ്ഥിതിയുമായി ബന്ധപ്പെട്ടാണ്. തൊഴിൽ, വരുമാനം, യാത്ര എന്നിവയൊക്കെ ഇതിെൻറ ഭാഗമാണ്. എല്ലാ പ്രവാസികൾക്കും ഇത്തരം സൗകര്യങ്ങൾ ലഭ്യവുമല്ല. എന്നാൽ, ഇത്തരം പരിമിതികളെ അതിജീവിക്കുന്നുണ്ട് മലയാളിയുടെ സാംസ്കാരിക പ്രവാസം. ഭാഷയോടുള്ള പൊള്ളയായ അക്കാദമിക താൽപര്യത്തെ മറികടന്ന് ജൈവികമായ സ്വത്വപ്രകടനമാണ് പ്രവാസിയുടെ ഭാഷാസ്നേഹം. അവർ പുസ്തകങ്ങൾ കാഴ്ചക്കുവെക്കാൻ മനോഹരമായ ഷെൽഫ് നിർമിക്കുന്നില്ല. മൂന്നടി വീതിയുള്ള ഇരുമ്പ് കട്ടിലിൽ തലയണക്കു സമീപം പുസ്തകങ്ങളെ തൊട്ടാണ് അവൻ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്.
വായന മനുഷ്യെൻറ ആന്തരിക പ്രകൃതിയിൽ ഒരുക്കിക്കൂട്ടുന്ന അനുഭൂതി ഒരു തരം ലഹരിതന്നെയാണ്. പഴയ കാലത്ത് അത് ഗൃഹാതുരത്വത്തിെൻറ വേലിക്കെട്ടിൽ കിടന്ന് ഞെരിപിരികൊണ്ടെങ്കിൽ ആ സാമ്പ്രദായിക വായനരീതി സാംസ്കാരിക പ്രവാസം പാടെ തകർത്തിരിക്കുന്നു. അതുകൊണ്ടാണ് മലയാളത്തിലെ മികച്ച രചനകളുടെ തിരഞ്ഞെടുപ്പ് ഓരോ വർഷവും ഷാർജ പുസ്തകോത്സവത്തിൽ നടക്കുന്നത്- അവിടെ സ്ഥിരപ്രതിഷ്ഠരായ എഴുത്തുകരെ പലപ്പോഴും മറികടന്ന് പുതിയ എഴുത്തുകാരുടെ മികച്ച പുസ്തകങ്ങളെ സാംസ്കാരിക പ്രവാസം തിരഞ്ഞെടുക്കുന്നു.
ഷാർജ പുസ്തകോത്സവത്തിെൻറ മറ്റൊരു സവിശേഷത അവിടെയെത്തുന്ന എഴുത്തുകാരെ കേൾക്കാൻ എപ്പോഴും അക്ഷരസ്നേഹികൾ ഉണ്ടാവും എന്നതാണ്. അറബ്, ഇംഗ്ലീഷ് എഴുത്തുകാരെ കേൾക്കാൻ മലയാളി മുന്നിൽ തന്നെ ഇരിപ്പിടം ഉറപ്പിച്ചിരിക്കും. വെറും കേൾവിക്കു പുറമെ സംവാദങ്ങളിൽ മലയാളിയുടെ ഇടപെടൽ അറബികളെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത അറിവിെൻറ വാക്സ്ഥലിയിലൂടെ മലയാളി നടത്തുന്ന വായനസഞ്ചാരമാണ് ഇതിെൻറ കാരണം. തൊഴിൽ തേടിയാണ് വന്നതെങ്കിലും ഓരോ മലയാളിയിലും സദാ ഉണർന്നിരിക്കുന്ന സാംസ്കാരിക ബോധമാണ് ഇത്തരം ഇടപെടലിെൻറ മറ്റൊരു കാരണം. ഭാഷ എന്നത് ജനിച്ചുവളർന്ന നാടിെൻറ സാംസ്കാരികവും രാഷ്ട്രീയവുമായ ഇടങ്ങളിലേക്കുള്ള ഇടപെടലിെൻറ സാധ്യത തുറന്നുതരുമ്പോൾ അതിനെ എന്നും ഗൗരവത്തിൽ തന്നെയാണ് സാംസ്കാരിക പ്രവാസം കാണുന്നത്. മലയാളത്തിൽനിന്നുള്ള എഴുത്തുകാരെ കാത്തിരിക്കുന്നത് തിങ്ങിനിറഞ്ഞ ജനക്കൂട്ടമാണ്. അവരോട് എഴുത്തുകാർ തുറന്നുപറയുന്ന ഒരു സത്യമുണ്ട്. സാഹിത്യത്തെ ഏറ്റവും കൂടുതൽ ഗൗരവത്തിൽ കാണുന്നതും ചർച്ചചെയ്യുന്നതും പ്രവാസികളാണ് എന്ന്. സത്യമാണത്. സ്വന്തം ദേശത്തുനിന്ന് ദീർഘകാലമായി മാറിനിൽക്കുമ്പോൾ ഉണ്ടാകുന്ന സാംസ്കാരിക ഇടപെടലിെൻറ അസാന്നിധ്യമാണ് അതിെൻറ ഒരു കാരണം. മറ്റൊന്ന് സങ്കര സാംസ്കാരിക പരിസരങ്ങളിൽ ജീവിക്കുമ്പോൾ സ്വന്തം സംസ്കാരങ്ങളോട് തോന്നുന്ന വൈകാരിക പ്രകടനമാണ്. ഇതെല്ലാം എല്ലാ പ്രവാസികൾക്കും അനുഭവിക്കാൻ കഴിയുന്നതല്ല. ആഗ്രഹിച്ചിട്ടും ഇഷ്ടപ്പെട്ട എഴുത്തുകാരെ കാണാൻ കഴിയാത്ത നൂറുകണക്കിന് പ്രവാസികളുണ്ട്. ജോലിക്കുള്ളിൽ ഇത്തരം അവസരങ്ങൾ നഷ്ടമാവുന്നവർ. അത്തരക്കാരും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ എങ്ങനെയെങ്കിലും വാങ്ങിയിരിക്കും. ഇതൊക്കെക്കൊണ്ടു തന്നെയാണ് ഷാർജ പുസ്തകോത്സവത്തിൽ മലയാളിയുടെ സംസ്കാരിക പ്രവാസം എക്കാലത്തും അടയാളപ്പെട്ടുവരുന്നത്.
കേരളത്തിനു പുറത്ത് മറ്റൊരു കേരളത്തിെൻറ സാംസ്കാരിക പരിസരങ്ങളെ നിർമിച്ചെടുക്കുന്നതിൽ ഗൾഫ് പ്രവാസികൾ വഹിക്കുന്ന പങ്ക് വലുതാണ്. അവിടെ ഭാഷ ഭക്ഷണത്തിനു മുമ്പേ വിളമ്പാൻ മലയാളി തയാറാണ്. നൂറുകൂട്ടം മാനസിക പിരിമുറുക്കങ്ങളും സമ്മർദങ്ങളുംകൊണ്ട് വർത്തമാനകാല ഗൾഫ് പ്രവാസം പ്രയാസത്തിലാണ്. അപ്പോഴും യാത്രപറഞ്ഞ നാടിെൻറ സാംസ്കാരിക ചിഹ്നങ്ങളെ ഉയർത്തിപ്പിടിക്കാൻ മലയാളികളുടെ സാംസ്കാരിക പ്രവാസം തയാറാവുന്നു. അത് ഓരോ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളികൾ രേഖപ്പെടുത്തുന്നുണ്ട്. നമുക്ക് അതിനെ സാംസ്കാരിക പ്രവാസം എന്നു വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.