ആരോ നേരത്തെ കരുതിവെച്ചതാകാം ഇങ്ങനെയൊക്കെ. അല്ലെങ്കിൽ വർഷങ്ങൾക്കുമുമ്പ് തീരുമാനിച്ചു നടക്കാതെപോയ കാര്യം ഒരു നിയോഗംപോലെ സംസ്ഥാന ആസ്ഥാനത്തുവെച്ച്, അതും രാജ്ഭവനിൽവെച്ച് നടക്കുമോ? ഒരു രാഷ്ട്രത്തലവന് ഉതകുന്ന രൂപത്തിലുള്ള ജനകീയ പരിപാടിയാണ് ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഒാണററി ഡോക്ടറേറ്റ് ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാനിരിക്കുന്നത്. കേരള ഗവർണറും കാലിക്കറ്റ് യൂനിവേഴ്സിറ്റി ചാൻസലറുമായ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രോ ചാൻസലറും വിദ്യാഭ്യാസ മന്ത്രിയുമായ പ്രഫ. രവീന്ദ്രനാഥ്, വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ എന്നിവരും സെനറ്റ്-സിൻഡിക്കേറ്റ് അംഗങ്ങളും അക്കാദമിക വിദഗ്ധരും യൂനിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടറി ഒാഫിസർമാരും വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരുമടങ്ങുന്ന പ്രൗഢസദസ്സിനെ സാക്ഷിയാക്കിയായിരിക്കും ‘സംസ്കാരങ്ങളുടെ രാജകുമാര’നായ സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിക്ക് യൂനിവേഴ്സിറ്റിയുടെ ഡിലിറ്റ് നൽകുക.
ശൈഖ് മുഹമ്മദ് ബിൻ സഖറിെൻറയും ശൈഖ മറിയമിെൻറയും പുത്രനായി 1939 ജൂലൈ രണ്ടിന് ഷാർജയിലാണ് സുൽത്താൻ അൽഖാസിമിയുടെ ജനനം. ഷാർജ, ദുബൈ, കുവൈത്ത് എന്നിവിടങ്ങളിൽ പ്രാഥമിക സെക്കൻഡറി പഠനം. കൈറോ യൂനിവേഴ്സിറ്റിയിൽ അഗ്രികൾചറിൽ ഉപരിപഠനം. 1965 മുതൽ ഷാർജ മുനിസിപ്പാലിറ്റി മേയർ. യു.എ.ഇ നിലവിൽവന്നപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി. 1972 ജനുവരി 26 മുതൽ ഷാർജ ഭരണാധികാരി. രാജവംശത്തിലെ 18ാമത് കിരീടാവകാശി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗം. 1985ൽ യു.കെ.യിലെ എക്സ്റ്റർ യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡി ബിരുദം. 1999ൽ ദുർഹം യൂനിവേഴ്സിറ്റിയിൽനിന്ന് ‘ഗൾഫ് പൊളിറ്റിക്കൽ ജ്യോഗ്രഫിയിൽ’ രണ്ടാം പിഎച്ച്.ഡി.
സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച വ്യക്തി എന്ന നിലയിലും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ മാനങ്ങളുള്ള സാംസ്കാരിക വിനിമയ പദ്ധതികൾ നടപ്പാക്കുന്നതിെൻറ നേതൃത്വമേെറ്റടുത്തതിനും വിവിധ രാജ്യങ്ങളിലെ 20ഒാളം യൂനിവേഴ്സിറ്റികൾ അദ്ദേഹത്തിന് ഡിലിറ്റുകളും വിവിധ സംഘടനകൾ ബഹുമതികളും കീർത്തിമുദ്രകളും നൽകി ആദരിച്ചിട്ടുണ്ട്. വേൾഡ് തിയറ്റർ അവാർഡും 2002ലെ കിങ്ൈഫസൽ അവാർഡും ഫ്രഞ്ച് ഗവൺമെൻറ് കീർത്തിമുദ്രയും ശൈഖ് ഫൈസൽ ബിൻ ജാസിം ൈപതൃക വ്യക്തിത്വ അവാർഡുമൊക്കെ അവയിൽ ചിലതു മാത്രം. അറബ് പേഴ്സനാലറ്റി ഒാഫ് ദ ഇയർ (2013), മെറിറ്റ് അവാർഡ് ഫോർ കൾചർ, പ്രസിഡൻറ് സയിദ് സാഹിത്യ സമ്മാൻ (2012), യുെനസ്കോയുടെ ഹ്യൂമൻ റൈറ്റ്സ് അവാർഡ് (2003), ഗ്ലോബൽ പെർഫോമിങ് ആർട്സ് അവാർഡ് എന്നിവയാണ് സുൽത്താൻ അൽഖാസിമിയുടെ ബഹുമുഖങ്ങളായ സേവനങ്ങളെ അധികരിച്ച് നൽകപ്പെട്ട മറ്റു സമ്മാനങ്ങളും ആദരവുകളും.
പ്രായോഗികവാദിയായ വിദ്യാഭ്യാസ വിചക്ഷണൻ, കൈയടക്കമുള്ള ആത്മകഥാകാരൻ, കലോപാസകനായ പൈതൃക സംരക്ഷൻ, സത്യാന്വേഷിയായ ചരിത്രകാരൻ, പുസ്തകങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരി, പരിസ്ഥിതി ബോധമുള്ള ഭൂമിശാസ്ത്രജ്ഞൻ, പഴമയിൽ പുതുമ ദർശിക്കുന്ന മ്യൂസിയോളജിസ്റ്റ്, നാടകകൃത്ത്, പരിപ്രജാ ക്ഷേമതൽപരനായ ഭരണാധികാരി ഇങ്ങനെ ബഹുമുഖ പ്രാഗല്ഭ്യത്തിെൻറ അസാധാരണ പ്രതീകമാണ്. വരുമാനത്തിലോ എണ്ണയുൽപാദനത്തിലോ ഭൂവിസ്തൃതിയിലോ ഗൾഫ് മേഖലയിലെ ഒന്നാം നമ്പർ രാജ്യമൊന്നുമല്ല ഷാർജ. എമിറേറ്റുകളിലും ഷാർജ ഒന്നാമനല്ല. എന്നാൽ, ദൗത്യപൂർണമായ പദ്ധതികളിലൂടെയും പഴുതടച്ച നിർവഹണത്തിലൂടെയും നിശിതമായ വിലയിരുത്തലുകളിലൂടെയും നേതൃപരമായ സ്ഥാനം ഷാർജക്ക് നേടിയെടുക്കാനായത് ദീർഘദൃക്കായ അൽഖാസിമി ഭരണാധികാരിയായ ശേഷമാണ്. മേഖലയുടെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാകാൻ അനേകശതം സ്കൂളുകളും ഉന്നതവിദ്യാഭ്യാസം ലക്ഷ്യമാക്കി കോളജുകളും സ്ഥാപിച്ചുകൊണ്ടാണ് അൽഖാസിമി മാതൃകയായത്. അമേരിക്കൻ യൂനിവേഴ്സിറ്റി ഒാഫ് ഷാർജ, ഷാർജ യൂനിവേഴ്സിറ്റി, അൽഖാസിമി യൂനിവേഴ്സിറ്റി എന്നിവയുടെ സംസ്ഥാപനം ക്രാന്തദർശിയായ ഒരു വിദ്യാഭ്യാസ വിചക്ഷണെൻറ കൈയൊപ്പ് പതിഞ്ഞ സംഭാവനകളാണ്. ഇസ്ലാമിക വിജ്ഞാനീയങ്ങൾ, ദർശനം, ഇസ്ലാമിക നിയമശാസനകൾ, അറബിഭാഷാപഠനം, സംസ്കാര പഠനം, വിശ്വാസസംഹിത പഠനം എന്നിവക്കു പുറമെ സാമ്പത്തികശാസ്ത്രം, വാസ്തുവിദ്യ എൻജിനീയറിങ്, മീഡിയ പഠനം, മുതലായവക്കുകൂടി സൗകര്യമുള്ള ഖാസിമിയ യൂനിവേഴ്സിറ്റിയിലും ഷാർജ യൂനിവേഴ്സിറ്റിയിലും േകരളത്തിൽനിന്നടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അനേകം വിദ്യാർഥികൾ അമീറിെൻറ സ്കോളർഷിപ് പദ്ധതിയിലൂട പഠനം നടത്തുന്നുണ്ട്.
ആധുനികലോകെത്ത സാഹിത്യകാരനായ ഭരണാധികാരി, ഖാസിമി പാരമ്പര്യത്തിലെ എഴുത്തുകാരനായ സുൽത്താൻ എന്നീ ഖ്യാതികൾകൂടി അൽഖാസിമിക്ക് സ്വന്തം. അദ്ദേഹത്തിെൻറ സാഹിത്യസേവനങ്ങളെ വിശകലന സൗകര്യത്തിനായി പഠനഗവേഷണ പ്രബന്ധങ്ങൾ, ചരിത്രകൃതികൾ, പ്രഭാഷണ സമാഹരങ്ങൾ, ആത്മകഥ, നാടകം എന്നിങ്ങനെ ഒതുക്കിപ്പറയാവുന്നതാണ്. അറബ്നാടുകളിലെ വൈദേശിക അധിനിവേശത്തെ ചരിത്രപരമായി വിശകലനം ചെയ്യുന്ന ബൃഹദ് ഗ്രന്ഥങ്ങളായ അധിനിവേശത്തിെൻറ കൊടിക്കീഴിൽ, ഒമാൻ സാമ്രാജ്യത്തിെൻറ തകർച്ച, അറബ് കടൽക്കൊള്ളക്കാർ എന്ന മിത്ത്, ഏദനിലെ ബ്രിട്ടീഷ് അധിനിവേശം, ഖാസിമികളും ബ്രിട്ടീഷ് വിദ്വേഷവും എന്നിവ ജർമനും ഫ്രഞ്ചും അടക്കം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വസ്തുതകളെ അത്യന്തം സൂക്ഷ്മതയോടും ചരിത്രബോധത്തോടും കൂടിയാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്. ഡേവിഡ്ഡിറ്റണിെൻറ ഒാർമക്കുറിപ്പുകൾ, ഫ്രഞ്ച് ആർക്കൈവ്സിലെ അറബ് ഒമാൻ രേഖകൾ, ഇബ്നുമാജിദ് -ചരിത്രകാരന്മാർക്ക് ഒരു കുറിപ്പ്, അറേബ്യൻ ഗൾഫിെൻറ ഭൂരേഖകൾ എന്നീ ചരിത്ര ഭൂമിശാസ്ത്ര രേഖകളുടെ ശേഖരണവും അദ്ദേഹത്തിേൻറതായിട്ടുണ്ട്. സമകാലിക ലോകക്രമത്തെ ചരിത്രവുമായി വിളക്കിച്ചേർക്കുന്ന എട്ട് നാടകങ്ങൾ അദ്ദേഹത്തിെൻറ തൂലികയിൽനിന്ന് പിറന്നുവീണിട്ടുണ്ട്. തർഗൂത്ത്, ഹുലാഗുവിെൻറ മടക്കം, അഹങ്കാരിയായ സാംസൺ, നംറൂദ് എന്നിവയാണ് അവയിൽ പ്രധാനം.
ഇൗ കാലഘട്ടത്തിലെ സാംസ്കാരിക നായകന്മാരിൽ ഒരാളായി സുൽത്താൻ അൽഖാസിമി ഗണിക്കപ്പെടുന്നതിെൻറ മുഖ്യ കാരണങ്ങളിലൊന്ന്, ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെയും ദേശീയ കലാമേളയുടെയും തുടർച്ചയായ സംഘാടനമാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പ്രസാധകരെയും എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും പെങ്കടുപ്പിച്ച് സംഘടിപ്പിക്കുന്ന ഷാർജ ബുക്ക്ഫെയർ സാംസ്കാരിക പ്രവർത്തനത്തിൽ ഭരണാധികാരികളുടെ നേതൃപരമായ പങ്കിെൻറ മഹത്തായ ഉദാഹരണമാണ്. ബുക്ക്ഫെയറിെൻറ കാലത്ത് എല്ലാ ദിവസവും ഉപദേശ നിർദേശങ്ങളും മേൽനോട്ടവുമായി സുൽത്താൻ അൽഖാസിമിയുണ്ടാകുമെന്ന് അദ്ദേഹത്തിെൻറ ഫിനാൻസ് കൺസൽട്ടൻറ് സെയ്ദ് മുഹമ്മദും ഷാർജയിലെ സാംസ്കാരികപ്രവർത്തകൻ അഡ്വ. റഹീമും വ്യക്തമാക്കുന്നു. 1998ൽ ഷാർജയെ അറബ് സംസ്കാരത്തിെൻറ തലസ്ഥാനമായി യുെനസ്കോ പ്രഖ്യാപിച്ചതിെൻറ മുഴുവൻ ഖ്യാതിയും അൽഖാസിമിക്ക് അവകാശപ്പെട്ടതാണ്. ആ കൊച്ചുരാജ്യത്ത് 32ഒാളം മ്യൂസിയങ്ങളും മറ്റു സംസ്കാരനിലയങ്ങളും വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്നു. അറബ് പൈതൃകത്തിെൻറയും ഇസ്ലാമിക സംസ്കാരത്തിെൻറയും ആസ്ഥാനമായി ഷാർജ വാഴ്ത്തപ്പെടുന്നു. എം.എഫ്. ഹുൈസൻ, കെ.പി. കേശവമേനോൻ, എസ്.കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീർ, കമലാ സുരയ്യ, എം.ടി. വാസുദേവൻ നായർ, ജസ്റ്റിസ് കൃഷ്ണയ്യർ തുടങ്ങിയവർക്ക് ഇതിനകം വാഴ്സിറ്റി ഡിലിറ്റ് നൽകുകയുണ്ടായി. വിദേശ പൗരന്മാരായ അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ യൂനിവേഴ്സിറ്റി ആദരിക്കുന്നത് ഇതാദ്യമാണ്. സുൽത്താൻ അൽഖാസിമിക്ക് ഡി.ലിറ്റ് നൽകുന്നതിലൂടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചൊവ്വാഴ്ച ആ മാതൃകക്കുകൂടി തുടക്കമിടുകയാണ്.
(സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജുക്കേഷൻ ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.