പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ മുൻഗണന നൽകുന്ന പ്രധാനമേഖലകളിലൊന്നാണ് ഉന്നതവിദ്യാഭ്യാസം എന്ന് പറഞ്ഞിരുന്നു. സാമൂഹികനീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്ന ഇടപെടൽ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം പരാമർശങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് അക്കാദമിക സമൂഹം വീക്ഷിക്കുന്നത്.
കഴിഞ്ഞ ഇടതു സർക്കാർ അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ന്യൂനപക്ഷ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. മലപ്പുറം ജില്ലയിലെ വാഴയൂർ സാഫി കോളജ് സ്ഥലം വിട്ടുനൽകിയെങ്കിലും ഇതുവരെ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടില്ല. മറ്റൊരു വാഗ്ദാനമായ അറബി സർവകലാശാലയും പൂർണമായും ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. ഇങ്ങനെ പാഴായിപ്പോയ വാഗ്ദാനങ്ങൾ നിരവധിയുള്ളതുകൊണ്ട് പുതിയ പ്രഖ്യാപനങ്ങളെ കുറിച്ച് സന്ദേഹങ്ങളുമുണ്ട്.
ഉന്നത വിദ്യാഭ്യാസമേഖലയിലും മറ്റുമുള്ള ആനുകൂല്യങ്ങളും അവസരങ്ങളും മുസ്ലിംകൾ അന്യായമായും കൂടുതലായും നേടുന്നു എന്ന വംശീയവും മുൻവിധിയോടെയുമുള്ള അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇപ്പോൾ സ്കോളർഷിപ്പുകളുടെ 80:20 അനുപാതവുമായി ബന്ധപ്പെട്ട കോടതിവിധിയിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭ്യമായിരുന്ന പരിമിതമായ ആനുകൂല്യങ്ങൾപോലും റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. സാമൂഹികനീതിയുടെ നിലനിൽപിനെ അപകടത്തിലാക്കുന്ന വ്യാജപ്രചാരണങ്ങളുടെ വസ്തുതകൾ സർക്കാർ പുറത്തുവിടുകയും പരിഹാര പദ്ധതികൾ യഥാവിധം നടപ്പാക്കുകയും വേണം. പുതിയ കോടതിവിധി മൂലം നഷ്ടം സംഭവിക്കുന്ന നിരവധി വിദ്യാർഥികളുണ്ട്. അടിയന്തരമായി പ്രശ്ന പരിഹാരത്തിനായി നിയമനിർമാണം നടത്താനും സർക്കാർ തയാറാവണം.
ഒപ്പം പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ സ്ഥിതി പഠിക്കുകയും അർഹമായ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുകയും വേണം. 1982 മുതൽ തന്നെ പരിവർത്തിത ക്രിസ്ത്യൻ വികസന കോർപറേഷൻ നിലവിലുണ്ടെങ്കിലും ഇപ്പോഴും സാമൂഹികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായുമെല്ലാം ഈ ജനത പിന്നാക്കം തന്നെയാണ്.
2020 ഒക്ടോബർ രണ്ടിന് ശ്രീനാരായണഗുരുവിെൻറ പേരിലെ ഓപൺ സർവകലാശാല പ്രഖ്യാപിക്കപ്പെെട്ടങ്കിലും യു.ജി.സി അംഗീകാരം, കോഴ്സുകൾ എന്നീ പ്രാഥമിക കാര്യങ്ങൾപോലും വഴിമുട്ടി നിൽക്കുകയാണ്. അവ്യക്തതകൾ നീക്കി സർവകലാശാല പ്രവർത്തനം കുറ്റമറ്റ രീതിയിൽ ഉടൻ ആരംഭിക്കണം. ഏറ്റവും കൂടുതൽ പേർ വിദൂരവിദ്യാഭ്യാസം വഴി പഠിക്കുന്ന ജില്ലകൾ എന്ന നിലയിൽ മലബാർ മേഖലയിൽ യൂനിവേഴ്സിറ്റിക്ക് റീജ്യനൽ സെൻറർ തുടക്കം മുതൽതന്നെ അനുവദിക്കണം.
ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയെത്തുന്ന വിദ്യാർഥികൾക്ക് റെഗുലറായി പഠിക്കാനാവശ്യമായ സ്ഥാപനങ്ങളോ സീറ്റുകളോ ലഭ്യമാക്കാൻ സംസ്ഥാന സർക്കാറിന് കഴിയാത്തതിനാലാണ് വിദ്യാർഥികൾക്ക് ഓപൺ സർവകലാശാലക്കു കീഴിൽ പഠിക്കേണ്ടി വരുന്നത്. വസ്തുത ഇതായിരിക്കെ മറ്റു സർവകലാശാലകളിൽനിന്ന് നേടുന്ന ബിരുദവും സംസ്ഥാന ഓപൺ സർവകലാശാല സർട്ടിഫൈ ചെയ്യുന്ന ബിരുദവും വ്യത്യസ്ത ഗ്രേഡിങ്ങിലാവുക നീതിയാവില്ല. അതിനാൽ കേവലം ഒരു ഓപൺ സർവകലാശാല എന്നതിനപ്പുറത്ത് ഇന്ദിര ഗാന്ധി ഓപൺ സർവകലാശാല പോലെ (ഇഗ്നോ) മികച്ച ഗുണനിലവാരവും മൂല്യവുമുള്ള സർവകലാശാലയായി ഇതിനെ ഉയർത്താനാവശ്യമായ കർമപദ്ധതികൾക്ക് ആദ്യമേ രൂപം നൽകണം.
ഒരു യൂനിവേഴ്സിറ്റിക്ക് കീഴിൽ 100 കോളജുകൾ എന്നതാണ് യു.ജി.സി കണക്ക്. എന്നാൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ 480ഒാളം കോളജുകൾ ഉണ്ട്. അതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ, മൂല്യനിർണയം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ കാര്യങ്ങളിൽ കാലിക്കറ്റിൽ കാലതാമസവും മറ്റു പ്രശ്നങ്ങളും തുടർക്കഥയാണ്.
എം.ജി യൂനിവേഴ്സിറ്റിക്കു കീഴിലും 277 അഫിലിയേറ്റഡ് കോളജുകളുണ്ട്. കാലിക്കറ്റ്, എം.ജി യൂനിവേഴ്സിറ്റി എന്നിവ പുനഃക്രമീകരിച്ച് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് പുതിയ യൂനിവേഴ്സിറ്റികൾ ആരംഭിക്കണം. സംസ്ഥാനത്തുടനീളം സർക്കാർ/എയ്ഡഡ് കോളജുകളും കോഴ്സുകളും ആരംഭിക്കണം. സർവകലാശാലകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കണം.
ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ സംവേദനക്ഷമതയുള്ളതാക്കുന്ന പുതിയ പദ്ധതികൾ ആവിഷ്കരിക്കണം. കഴിഞ്ഞ 14 മാസത്തെ ഓൺലൈൻ ക്ലാസുകളെ മുൻനിർത്തി വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ സർവേ/ഓഡിറ്റ് നടത്തുകയും പരിഹാരനിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കുകയും വേണ്ട മാറ്റങ്ങൾക്ക് നടപടികൾ സ്വീകരിക്കുകയും വേണം.
മലബാറിലെ ഹയർസെക്കൻഡറി മുതൽ ഉന്നതവിദ്യാഭ്യാസരംഗം വരെയുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് എൽ.ഡി.എഫ് മാനിഫെസ്റ്റോയിൽ വാഗ്ദാനമുണ്ട്. പാലോളി കമീഷൻ റിപ്പോർട്ട് മുതൽ നിരവധി നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സർക്കാർതലത്തിൽ തന്നെ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു സമഗ്ര മലബാർ പാക്കേജ് ഉണ്ടാക്കി ഉടൻ നടപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.